മണിമുഴങ്ങുന്നത് ആർക്കുവേണ്ടി
രണ്ടായിരങ്ങളുടെ തുടക്കത്തിൽ ടെലിവിഷൻ വാർത്താ പ്രൊഡക്ഷൻ കുറേക്കൂടി ബുദ്ധിമുട്ടേറിയതായിരുന്നു. തൽസമയ സംപ്രേക്ഷണസംവിധാനങ്ങൾ ഇത്ര സാധാരണമായിരുന്നില്ല. സൂര്യ ന്യൂസ് തിരുവനന്തപുരത്തു നിന്നും വാർത്താ സംപ്രേഷണം ആരംഭിച്ച കാലം. ഏഷ്യാനെറ്റ് വാർത്തകൾ സിംഗപ്പൂരിൽ നിന്നും ചെന്നൈ വരെ എത്തിയിട്ടേയുള്ളു. ന്യൂസ് ചാനലുകൾ തിരനോട്ടം നടത്തിയിട്ടില്ല. അന്നൊക്കെ വ്യക്തികളുടെയും സംഭവങ്ങളുടെയും ദൃശ്യ ശേഖരമടങ്ങിയ ലൈബ്രറി മാനേജ്മെൻ്റും അതിവേഗത്തിലുള്ള വിഷ്വൽ എഡിറ്റിംഗുമൊക്കെ ഏതൊരു ടി.വി വാർത്താമുറികൾക്കും അതിപ്രധാനമായിരുന്നു. ന്യൂസ് ഡെസ്ക് എഡിറ്റുചെയ്ത് സ്റ്റുഡിയോയിലേക്കയക്കുന്ന വാർത്തകൾ വായിപ്പിക്കുന്നതു തൊട്ടുള്ള ചുമതലകൾ അന്നു ന്യൂസ് പ്രൊഡ്യൂസർമാരുടേതായിരുന്നു. ഈ ജോലികളൊക്കെ ഭംഗിയായി കോ ഓർഡിനേറ്റു ചെയ്യാനും വേണ്ടി വന്നാൽ ഒറ്റയ്ക്കു ചെയ്യാനും കെൽപ്പുള്ളൊരു യുവാവ് അന്നു സൂര്യയ്ക്കുണ്ടായിരുന്നു.
കക്ഷി പ്രൊഡക്ഷനിൽ ഉണ്ടെങ്കിൽ വാർത്ത സ്മൂത്തായി പൊയ്ക്കൊള്ളും എന്നതായിരുന്നു സ്ഥിതി. അത്യപാരമായ വേഗത വേണ്ടുന്ന എഡിറ്റിംഗ് ജോലിയിൽ പരിചയക്കുറവുള്ള പുതിയ വീഡിയോ എഡിറ്റർമാരടക്കം എല്ലാവർക്കും ആൾക്കൊപ്പം ജോലി ചെയ്യാൻ പരമ സന്തോഷം. ജോലി സമയം കഴിഞ്ഞാലുടൻ ഓഫീസ് വിട്ടു പോകുന്ന പലരെപ്പോലെയുമല്ല കക്ഷി. ഫയൽ മാനേജ്മെൻ്റും ലൈബ്രറി അപ്ഡേഷനുമെല്ലാം കിറുകൃത്യം. ആരോടും പരാതിയോ പരിഭവമോ ഇല്ല. പാരയും പരിദേവനവുമില്ല. സഹപ്രവർത്തകരുടെ ഭാഷയിൽ 99 ശതമാനം മാന്യനും ശുദ്ധനുമായ വ്യക്തി. തനിത്തങ്കം. ഇതെല്ലാമാണെങ്കിലും മിച്ചമുള്ള ഒരു ശതമാനം കുഴപ്പവുമുണ്ടായിരുന്നു കക്ഷിക്ക്. വല്ലപ്പോഴും ഒരൽപ്പം മദ്യം കഴിക്കും. അത് എന്നുമൊന്നുമില്ല. എന്നും വേണമെന്നുമില്ല. പക്ഷേ കഴിച്ചാൽ ഒരു ഫുള്ളു കഴിഞ്ഞാൽ അടുത്തത്. അതു തീരും മുന്പ് അടുത്തത് എന്നതാണു കണക്ക്. അതു ചിലപ്പോൾ ദിവസങ്ങളോളം നീളും. പെരുപ്പായാൽ ആ മര്യാദാരാമൻ ആരുടെയും മെക്കിട്ടുകേറും. ആരെയും തല്ലും. തൊണ്ണൂറ്റൊന്പതു ശതമാനം നല്ലഗുണങ്ങളും ആ ഒരൊറ്റ ശതമാനത്തിൽ ഇല്ലാതെയാകും. അതാണ് മദ്യത്തിന്റെ അത്ഭുത ശക്തി.
മലയാളത്തിന്റെ വരദാനമായിരുന്ന കലാഭവൻ മണിയെന്ന അതുല്യ കലാകാരന്റെ അകാലത്തിലെ അന്ത്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തൽസമയന്മാരടക്കം മാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണീർ സീരിയലുകളിൽ കുരുങ്ങിക്കിടന്ന തരുണീമണികളെയും ന്യൂസ് ചാനലന്മാർ റാഞ്ചിയിരിക്കുന്നു. തുടർ കാഴ്ചക്കുള്ള കൗതുക ചേരുവകൾ ആവശ്യത്തിനു ചേർത്ത വാർത്താശകലങ്ങൾ എപ്പീസോഡുകണക്കിൽ പുറത്തു വന്നുകൊണ്ടിരിക്കുന്പോൾ വാസ്തവത്തിൽ ഉപമിക്കാൻ തോന്നുന്നത് തുടക്കത്തിൽപ്പരാമർശിച്ച പ്രൊഡ്യൂസറുടെ കഥ തന്നെയാണ്. വാക്കും പാട്ടും അഭിനയ മികവുമൊക്കയായി തെന്നിന്ത്യ നിറഞ്ഞു നിന്ന മണി മണ്ണിലൂന്നിയ കാലുകളും കനിവു മിറഞ്ഞ മനസുമായി സമൂഹത്തിലെ തന്നെപ്പോലെ ഭാഗ്യം ലഭിക്കാത്ത ഒരുപാടുപേരുടെ കണ്ണീരൊപ്പി. അവർക്കു കൈത്താങ്ങായി. ഇതെല്ലാമായിരിക്കുന്പോഴും മദ്യമെന്ന മഹാവിപത്തിനു മുന്നിൽ ആ പ്രതിഭ തോറ്റുകൊടുത്തു. കൊടുത്തതായാലും തനിയെയെയാലും ആ ജീവിതമവസാനിപ്പിച്ച കൊടും വിഷം ആ അനുഗ്രഹീത ശരീരത്തിലേക്കു കടന്നു ചെല്ലാൻ വഴിവെച്ചത് മദ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. മദ്യത്തെ സ്വന്തം ജീവിതത്തിൽ നിന്നകറ്റി നിർത്തിയിരുന്നെങ്കിൽ ആ ദുരന്തം ഇങ്ങനെ ഒരിക്കലും ഉണ്ടാവുമായിരുന്നില്ല. ഭൂമിമലായാളത്തിനു മുകളിൽ നിഴൽ വിരിച്ചു നിൽക്കുകയാണ് മദ്യവിപത്തെന്ന കൊടിയ ശാപം. അകാലത്തിലണഞ്ഞിട്ടും അവസാനിക്കാത്ത ആ മണിമുഴക്കം ആ വിപത്തിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ഒരുപാടുപേർക്കുള്ള മുന്നറിയിപ്പും.