കയ്യേറ്റവും കാടിറക്കവും
ആ സിംഹവും മനുഷ്യനും അടുത്ത ചങ്ങാതിമാരായിരുന്നു. അവരങ്ങനെ
നടക്കുന്നതിനിടെയാണ് മനുഷ്യൻ അവന്റെ സ്വതസിദ്ധമായ അഹന്തയോടെ സിംഹത്തോടു പറഞ്ഞത്: “ശരിക്കും ചങ്ങാതീ, ഈ മനുഷ്യൻ എത്ര അനുപമമായ സൃഷ്ടിയാണ് അല്ലേ?”
“അതേ ചങ്ങാതീ, താങ്കൾ പറഞ്ഞത് ശരിയാണ്.” സിംഹം പ്രതിവചിച്ചു.
സിംഹത്തിന്റെ അനുകൂല പ്രതികരണം കേട്ടതും മനുഷ്യൻ തള്ളൽ ശക്തമാക്കി: “രണ്ടു കാലിൽ എഴുന്നേറ്റു നിന്നു നേരേ നടക്കാനും ചിരിക്കാനുമുള്ള ശേഷി.”
“അതേയതേ. കരുത്തരാണെങ്കിലും ഞങ്ങൾ സിംഹങ്ങൾക്ക് ഒന്ന് രണ്ടുകാലിൽ എഴുന്നേറ്റു നിൽക്കണമെങ്കിൽ എന്തു പ്രയാസമാണ്!”. സിംഹം പറഞ്ഞു.
നടപ്പു തുടരുന്നതിനിടെ നെഞ്ചും വിരിച്ച് മനുഷ്യൻ ആത്മപ്രശംസ അതിന്റെ പരകോടിയിലേയ്ക്കു കൊണ്ടുപോവുകയാണ്: “ദൈവത്തെപ്പോലെ പലതും സൃഷ്ടിക്കാൻ ശേഷിയുള്ള മനുഷ്യനാണ് ലോകത്തെ ഏറ്റവും ഉദാത്തമായ ജീവി.” ഇതു പറയുന്നതിനിടെ ഗ്രീക്കു ദേവനായ ഹെർക്കുലീസ് സിംഹത്തെ വെറും കൈയുമായി പോരാടി പരാജയപ്പെടുത്തുന്നതിന്റെ മനോഹര ശിൽപ്പത്തിനടുത്ത് അവരെത്തി.
“നോക്കൂ, മനുഷ്യ ശരീരത്തിന്റെ ശക്തിയും അഴകുമൊക്കെ.” മനുഷ്യൻ അഭിമാന പുളകിത ഗാത്രനായി തന്റെ വാദങ്ങൾക്ക് ഒരു തെളിവു കിട്ടിയ സന്തോഷത്തോടേ അതി മനോഹരമായ ആ ശിൽപ്പത്തിൽ തൊട്ടുഴിഞ്ഞുകൊണ്ടു സുഹൃത്തായ സിംഹത്തോടു പറഞ്ഞു: “ഇതു മാത്രമല്ല ഭാരതീയ പുരാണങ്ങളിലും ഇതിനു സമാനമായ രംഗങ്ങളുണ്ട്.”
“അതെയോ?” എന്ന് സിംഹം.
അതോടേ മനുഷ്യൻ ആവേശഭരിതനായി: “ഭാരതമെന്ന പേരിനു കാരണം പുരാണ പ്രസിദ്ധയായ ശകുന്തളയുടെയും ദുഷ്യന്തന്റേയും പുത്രനായ ഭരതനായിരുന്നു. ശകുന്തളയുമായി പിരിഞ്ഞ ദുഷ്യന്തൻ വർഷങ്ങൾക്കു ശേഷം നായാട്ടിനിടെ ഭരതനെ കാണുന്ന രംഗവും ഇതേ പോലെയാണ്. കാട്ടിൽ സിംഹക്കുഞ്ഞുങ്ങളുടെ വായ് പൊളിച്ച് പല്ലെണ്ണുകയായിരുന്നു അപ്പോൾ ബാലനായ ഭരത കുമാരൻ.”
സംഗതി എല്ലാ സീമകളും താണ്ടിപ്പോവുകയാണെന്ന് സിംഹത്തിനു മുന്നേ മനസ്സിലായതാണ്. എവിടം വരെ പോകും എന്നു നോക്കാനാണ് ഇതുവരെ എതിരഭിപ്രായമൊന്നും പറയാതിരുന്നത്. ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല. പ്രത്യേകിച്ച് മനുഷ്യൻ തന്രെ സുഹൃത്തായ സ്ഥിതിക്ക്. അല്ലെങ്കിൽ ഈ വങ്കത്തം അയാൾ വല്ലയിടത്തുമൊക്കെ കൊണ്ടെ എഴുന്നള്ളിക്കും. അത് തനിക്കും അപമാനമാണ്. നമ്മുടെ സുഹൃത്തുക്കളെ തിരുത്താനുള്ള ധാർമ്മിക ബാദ്ധ്യത നമുക്കുണ്ട്. അതുകൊണ്ട് അപ്രിയ സത്യമാണെങ്കിലും അവനെ നമ്മൾ തന്നെ തിരുത്തുകയാണ് ഉത്തമം.
“സുഹൃത്തേ ഈ ശിൽപ്പങ്ങളും കഥകളുമൊക്കെ മനോഹര സൃഷ്ടികളാണ് എന്ന കാര്യത്തിൽ തർക്കമില്ല.” സിംഹം പറഞ്ഞു.
“അത് അങ്ങനെ വരാതെ തരമില്ലല്ലോ.” മനുഷ്യൻ ഞെളിഞ്ഞു.
“പക്ഷേ അവയൊക്കെ സൃഷ്ടിച്ചത് മനുഷ്യനാണ്. സിംഹങ്ങൾക്ക് ഇത്തരം സൃഷ്ടികൾ അസാദ്ധ്യമാണ്. മനുഷ്യൻ സൃഷ്ടിച്ചതാവട്ടെ അവന്റെ മാത്രം ആഗ്രഹമോ ഭാവനയോ പക്ഷമോ ഒക്കെയാണ്. ഇത്തരമൊരു ശിൽപ്പം സൃഷ്ടിച്ചതുകൊണ്ടു മാത്രം ഒരു ജീവിയും മറ്റൊന്നിനെക്കാളും മേലെയാകുന്നില്ല. ഇതേ സ്ഥാനത്ത് ഇത്തരം സൃഷ്ടികൾ നടത്താൻ സിംഹങ്ങൾക്കായിരുന്നു ശേഷിയെങ്കിൽ നമുക്ക് ഇവിടെയൊക്കെ കാണാൻ കഴിയുക മനുഷ്യ വർഗ്ഗത്തെതന്നെ കീഴടക്കുന്ന സിംഹ പ്രതിമകളായിരുന്നേനേ.”
“അല്ല, താങ്കൾക്ക് ഇനിയും ഇക്കാര്യത്തിൽ സംശയങ്ങൾ അവശേഷിക്കുന്നുണ്ടങ്കിൽ വെറും കൈയുമായി നമുക്കു രണ്ടാൾക്കും ഒരൽപ്പ നേരത്തേയ്ക്ക് പോരാടി നോക്കിയാലോ?” ഇതും പറഞ്ഞ് സിംഹം ഒന്നു മുരണ്ടതാടേ പാവം മനുഷ്യൻ ‘ലേലു അല്ലു.., ലേലു അല്ലു’ പരുവത്തിലായി എന്നു കഥാന്ത്യം.
‘വയനാട്ടിൽ കടുവയിറങ്ങി മൂന്നു പശുക്കളെ കൊന്നു.’
‘കർണ്ണാടകത്തിൽ നാലുപേരെ കൊന്ന കരടിയെ വെടിവച്ചു.’
‘ഇടുക്കിയിൽ ആനയിറങ്ങി. വൻ കൃഷിനാശം’... അടുത്തിടെ മാധ്യമങ്ങളിൽ വന്ന ഈ വാർത്തകളെ നമ്മൾമുകളിൽ കണ്ട കഥയുമായി ചേർത്തു വായിക്കണം. ഇതേ സംഭവങ്ങൾ വനരോദനം പത്രത്തിലോ മൃഗഭൂമിയിലോ ഒക്കെ വന്നിരുന്നെങ്കിൽ അതിന്റെ വീക്ഷണ കോൺ തികച്ചും വ്യത്യസ്ഥമായിരുന്നേനേ. വനം കയ്യേറിയ മനുഷ്യ അതിക്രമികളുടെ മൂന്നു പശുക്കളെ വീരൻ കടുവ പിടിച്ചെടുത്തു. ഇത് മനുഷ്യനുള്ള പിഴയായി കണക്കാക്കും എന്നായിരിക്കും ആദ്യ വാർത്ത. വനാതിർത്തി കയ്യേറാനെത്തിയ മൂന്നു മനുഷ്യ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ധീര കരടി രക്തസാക്ഷിയായി എന്നത് രണ്ടാമത്തെ വാർത്ത. ആനത്താരകൾ കയ്യടക്കിയ വനം കയ്യേറ്റക്കാരെ ഗജകേസരി ഒഴിപ്പിച്ചു. കയ്യേറിയ ആനത്താരകൾ പൂർണ്ണമായും ഒഴിപ്പിക്കും വരെ നടപടി തുടരും എന്നത് മൂന്നാമത്തെ വാർത്തയും.
വനാതിർത്തികളിലെ വന്യജീവിയാക്രമണം തുടർക്കഥയാവുകയാണ്. അവിടെയുള്ള പാവങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ മനുഷ്യൻ നടത്തിയ വനനശീകരണത്തിന്റെ പരിണിതഫലം മാത്രമാണ് വന്യജീവികളുടെ ഈ കാടിറക്കമെന്നതു മറക്കരുത്. അവരും നമ്മളെപ്പോലെ തന്നെ മഹത്തായ സൃഷ്ടികളാണ്. അവരുടെ ആവാസ വ്യവസ്ഥ തകർക്കാൻ ആരും നമുക്കു പ്രത്യേകാധികാരങ്ങൾ തന്നിട്ടില്ല. അങ്ങനെ ചെയ്യുന്പോൾ ഇല്ലാതെയാവുന്നത് മനുഷ്യ കുലത്തിന്റെ കൂടെ നിലനിൽപ്പു തന്നെയാണ്. അത് നമുക്കു മറക്കാതിരിക്കാം.