മാധ്യമ ജാഗ്രതയ്ക്കൊരു നല്ല പാഠം


നാട്ടിൽ എത്ര കടുത്ത വാഹന പരിശോധനകൾക്കിടെയും പ്രസ് സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ കണ്ടാൽ പരിശോധകർ ആ വാഹനങ്ങൾ കൈകാട്ടി കടത്തി വിടാറാണ് പതിവ്. പൊതു ജനങ്ങൾക്കു മുന്നിൽ അടയുന്ന പല വാതിലുകളും മാധ്യമ പ്രവർത്തകനു മുന്നിൽ തുറക്കുന്നത് നമുക്കൊക്കെ അനുഭവമാണ്. എവിടെയും കടന്നു ചെല്ലാനുള്ള ഒരു പ്രത്യേകാധികാരം മാധ്യമ പ്രവർത്തകനുണ്ട് എന്നു തോന്നിക്കും വിധമാണ് കാര്യങ്ങളുടെ കിടപ്പ്. അടഞ്ഞ പല വാതിലകളും മാധ്യമപ്രവർത്തകനു മുന്നിൽ തുറക്കപ്പെടുന്നു. ജനാധിപത്യത്തിനെ താങ്ങി നിർത്തുന്ന നാലു നെടും തൂണുകളിലൊന്നാണ് മാധ്യമങ്ങൾ. മാധ്യമ പ്രവർത്തകൻ അതിൻ്റെ കാവൽക്കാരനും. സാമൂഹ്യപ്രതിബദ്ധതയാണ് സാധാരണ മാദ്ധ്യമപ്രവർത്തകൻ്റെ മുഖമുദ്ര. വാർത്തകൾ ശേഖരിക്കുന്നതിലും അവയൊക്കെ വളച്ചൊടിച്ചും ഒടിക്കാതെയുമൊക്കെ പ്രസിദ്ധീകരിക്കുകയും മാത്രമല്ല മാധ്യമ പ്രവർത്തകൻ്റെ കർത്തവ്യം. സാമൂഹിക പ്രതിബദ്ധതയാണ്, ധൈര്യമാണ്, ചങ്കുറപ്പാണ് ഒരാളെ മികച്ച മാദ്ധ്യമപ്രവർത്തകനാക്കുന്നത്. ഓരോ സംഭവങ്ങളിലെയും സാഹചര്യങ്ങളിലെയും വാർത്താ സാദ്ധ്യത കണ്ടത്താൻ അവൻ സദാ ജാഗരൂകനായിരിക്കണം. സമൂഹത്തിലെ അനീതികൾക്കും അഴിമതികൾക്കും അസമത്വങ്ങൾക്കും അസഹിഷ്ണുതകൾക്കുമെതിരെ അവൻ ജാഗ്രത്തായിരിക്കണം. ആ ജാഗ്രത സമൂഹത്തിനു ഗുണകരവുമായിരിക്കണം. 

സ്വന്തം നേട്ടങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമായി മാധ്യമ പ്രവർത്തനമെന്ന മഹനീയ തൊഴിലിനെ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഏറുകയാണ്. അതുകൊണ്ടു തന്നെ സാമൂഹ്യ പ്രതിബദ്ധതയും നിതാന്ത ജാഗ്രതയുമൊക്കെ മാധ്യമ ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇതിന് അപവാദമായി ഈ മൂല്യങ്ങൾ ഇന്നും പുലർത്തുന്ന മാധ്യമപ്രവർത്തകർ നമുക്കൊപ്പമുണ്ട് എന്നത് ആശ്വാസകരമാണ്. അത്തരത്തിലൊരു മാധ്യമ പ്രവർത്തകൻ്റെ സജീവമായ ഇടപെടൽകൂടിയായിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ഫോർ പി.എം റിപ്പോർട്ടു ചെയ്ത ഒരു ബഹ്റിൻ പ്രവാസിയുടെ മടക്കയാത്രയുടെ കഥ. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി മേനി നടിക്കുന്ന പതിവു രാഷ്ട്രീയക്കാരുടേതിൽ നിന്നും വ്യത്യസ്ഥമായ ആത്മാർത്ഥത വിദേശകാര്യ മന്ത്രി സുഷ്മസ്വരാജ് കൂടി കാട്ടിയതോടെ കേട്ടും കണ്ടും മടുത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം പത്തിമടക്കുകയായിരുന്നു.

എൻ്റെ നാട്ടുകാരനും സുഹൃത്തുമാണ് അഭിലാഷ് ജി നായരെന്ന മാധ്യമപ്രവർത്തകൻ. ബഹ്റിനിൽ മെക്കാനിക്കൽ കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്ന കോട്ടയം പാന്പാടി വെള്ളൂർ സ്വദേശി അജിത്തിന്റെ ദുരവസ്ഥ അഭിലാഷ് ശ്രദ്ധയിൽപ്പെടുത്തിയത് കഴിഞ്ഞ മാസം പത്തിനായിരുന്നു. കന്പനിയിലെ മാനേജരായ മലയാളിയുടെ നടപടി ദോഷങ്ങൾ മൂലം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ അവസ്ഥയിലായിരുന്നു അജിത്ത്. അദ്ദേഹത്തിൻ്റെ യാത്ര വൈകിയതു മൂലം മകളുടെ വിവാഹ തിയതി ഒന്നിലധികം തവണ മാറ്റി വെയ്ക്കേണ്ടതായും വന്നു. കേരളീയ സമാജം മുൻ പ്രസിഡണ്ട് കെ.ആ‌ർ നായരടക്കം നിരവധി പേർ നേരിട്ടിടപെട്ടിട്ടും അജിത്തിൻ്റെ മോചനത്തിനു വഴിതെളിഞ്ഞില്ല. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയിലെ ചില‌ർ ഒത്തുകളിച്ചതായും ആരോപണമുയർന്നു. 

ഈ സാഹചര്യത്തിലാണ് ഫോർ പി.എം വാർത്തയടക്കം അഭിലാഷ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ‘ഇപ്പം ശര്യാക്കിത്തരാ’മെന്ന തരത്തിലുള്ള മന്ത്രയുടെ മറുപടി അപ്പോൾ തന്നെയെത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒന്നു കാത്തിരുന്നശേഷം അഭിലാഷ് ഇക്കാര്യം മന്ത്രിയെ വീണ്ടുമോർമ്മിപ്പിച്ചു. വീണ്ടും അന്വേഷിക്കാമെന്ന മന്ത്രിയുടെ മറുപടിയും കന്പിനിക്ക് അനുകൂലമായ ഒരു പ്രതികരണവും തുടർന്നെത്തി. ഇതോടെ എംബസിയിലെ ആരെങ്കിലും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്ന സംശയം ശക്തമായി. ഇതിനോട് മന്ത്രിയെത്തന്നെ വിമർശിച്ചുകൊണ്ട് ട്വീറ്റുചെയ്യാൻ തന്നെ നിർബന്ധിതനാക്കിയെന്ന് അഭിലാഷ് പറയുന്നു. അജിത്തിൻ്റെ അവസ്ഥ വ്യക്തമാക്കാൻ ഫോർ പി.എമ്മിൽ വന്ന വാർത്തയും തെളിവായയച്ചു. 

ഈ ട്വീറ്റ് ഉടക്കു കഴിഞ്ഞതോടേ എംബസിയുടെ നടപടികൾ തിടുക്കത്തിലുള്ളതായിരുന്നു. തെറ്റിദ്ധാരണകളെല്ലാം നീങ്ങി. രേഖകളെല്ലാം നിമിഷാർത്ഥങ്ങൾ കൊണ്ടു നേരെയായി. അജിതിൻ്റെ മടക്കം സാദ്ധ്യമായെന്നു വിദേശകാര്യ മന്ത്രിയുടെ ട്വീറ്റുമെത്തി. നന്ദിപ്രകാശനവും പ്രകോപിപ്പിച്ചതിനു ക്ഷമാപണവുമായി അഭിലാഷിൻ്റെ മറുപടി ട്വീറ്റുമെത്തി. ഇതിനായി നിരന്തരമായ ട്വീറ്റുകളാണ് അഭിലാഷ് ചെയ്തത്. ഈ മാസം അജിതിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ മകളുടെ വിവാഹം നടക്കും. കഴിഞ്ഞ ദിവസം തൻ്റെ മോചനത്തിനു ചുക്കാൻ പിടിച്ച അഭിലാഷിനെക്കാണാൻ അജിത്ത് എത്തുകയും ചെയ്തു. 

 

നിതാന്തമായ മാധ്യമ ജാഗ്രത സമുഹത്തിന് എങ്ങനെ ഗുണകരമാകും എന്നതിൻ്റെ ഉദാഹരണമാണ് അഭിലാഷ് നടത്തിയ ഈ ഇടപെടൽ. സമാനമായ അവസ്ഥയിൽ പ്രവാസ ലോകത്തു കുടുങ്ങിക്കിടക്കുന്ന ഒരുപാടു പേർക്ക് അജിത്തിൻ്റെ മോചനം പ്രതീക്ഷ പകരുന്നു.

You might also like

Most Viewed