വൈറ്റ് കോളർ വങ്കത്തം
തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാരിന് കാര്യമായൊന്നും ചെയ്യാനായില്ലെന്നും തൊഴിലവസരങ്ങളുണ്ടാക്കിയെന്നവകാശപ്പെട്ട് അവർക്ക് വേട്ടറന്മാരെ സമീപിക്കാനാവില്ലെന്നുമൊക്കെയുള്ള വാചകങ്ങളൊടെ ഏഷ്യാനെറ്റിൽ പ്രത്യേക തിരഞ്ഞെടുപ്പു പരിപാടിയുടെ പരസ്യം പോകുന്നു. സംസ്ഥാനം തിരിച്ചുള്ള തൊഴിലിലല്ലായ്മക്കണക്കിൽ ഭൂമി മലയാളം ദേശീയതലത്തിൽ തന്നെ മുന്പിലാണ് എന്നത് പുതിയ വർത്തമാനമല്ല. തിരഞ്ഞെടുപ്പു കാലങ്ങളിൽ ആരോപണങ്ങളുടെ രൂപത്തിലും വാഗ്ദാനങ്ങളുടെ രൂപത്തിലുമൊക്കെ പരാമർശ വിഷയമാകാറുണ്ടങ്കിലും മാറിമാറി നമ്മെ ഭരിച്ച സർക്കാരുകൾക്കൊന്നും തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാൻ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ആലങ്കാരികമായിപ്പറഞ്ഞാൽ 1500 സർക്കാർ തസ്തികകളിലേക്ക് അഞ്ചു ലക്ഷം അപേക്ഷകരുണ്ടാകുന്നതിനു സമാനമാണ് നമ്മുടെ സംസ്ഥാനത്തെ സ്ഥിതി. മികച്ച വിദ്യാഭ്യാസ നിലവാരമുള്ളതിനാലാണ് നമ്മുടെ നാട്ടിൽ അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരും കൂടുതലുണ്ടാകുന്നതെന്നാണ് നമ്മൾ ഇക്കാര്യത്തിൽ നമുക്കു നൽകുന്ന ആദ്യ വിശദീകരണം. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ 2012ലെ കണക്കനുസരിച്ച് തൊഴിലില്ലായ്മാ ശതമാനക്കണക്കിൽ നമുക്കൊപ്പം നിൽക്കുന്നത് ബിഹാറാണ്. ബിഹാറിലെ വിദ്യാഭ്യാസ നിലവാരം കേൾവികേട്ടതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അപ്പോൾ വിദ്യാഭ്യാസ നിലവാരം ഉയർന്നതു മാത്രമല്ല പ്രശ്നം എന്നു വ്യക്തം.
ആവശ്യത്തിനു തൊഴിലവസരങ്ങളുണ്ടാക്കാൻ ഇടതനു കഴിയുന്നില്ലെന്നു വലതനും വലതനു കഴിയുന്നില്ലെന്ന് ഇടതനും ഇരു പക്ഷത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാനത്ത് അക്കൗണ്ടു തുറക്കാൻ പെടാപ്പാടുപെടുന്ന കക്ഷിയുമൊക്കെ ആരോപണ ശരങ്ങളുതിർക്കുന്നു. പക്ഷേ പ്രശ്നത്തിൻ്റ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അതു പരിഹരിക്കാൻ ആർക്കും കഴിയുന്നുമില്ല. തൊഴിലവസരങ്ങളില്ലാത്തതിനാലാണ് മലയാളികളായ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നത് എന്ന വാദവും യുക്തിക്കു നിരക്കാത്തതാണ്. ബീഹാറിലും ബംഗാളിലുമൊക്കെ നിന്നുള്ള 30 ലക്ഷത്തിലധികം തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടന്നാണ് കണക്ക്. അതായത് നമ്മൾ അന്യസംസ്ഥാന ജോലിക്കാർക്കായി 30 ലക്ഷം തൊഴിലവസരങ്ങൾ തുറന്നു കൊടുക്കുന്നു എന്ന്. ഈ അവസരങ്ങൾ ബംഗാളിക്കും ബിഹാറിക്കുമൊക്കെ ദാനം ചെയ്തിട്ടാണ് മലയാളി യുവത്വം അന്യദേശങ്ങളിൽ പൊരിവെയിലത്തും മണൽക്കാട്ടിലുമൊക്കെ ചോര നീരാക്കി കഷ്ടപ്പെടുന്നത്.
മെച്ചപ്പെട്ട തൊഴിലും ശന്പളവും തേടിയാണ് മലയാളികൾ നാടു വിടുന്നത്. മെച്ചപ്പെട്ട തൊഴിലെന്നാൽ വൈറ്റ് കോളർ ജോലി തന്നെ. ഇടുന്നകുപ്പായത്തിൽ അഴുക്കും മെഴുക്കും പുരളാത്ത ഉദ്യോഗം. പണി പത്രാസുള്ളതായിരിക്കണം. ശന്പളം രണ്ടാമത്തെ വിഷയം മാത്രം. ശരാശരി മലയാളിയുടെ മനസ്ഥിതി ഇങ്ങനെ മാറിപ്പോയിരിക്കുന്നു. ഒപ്പം വ്യവസ്ഥിതിയെ കണ്ണും പൂട്ടി വിമർശിക്കുകയെന്ന ശൈലികൂടിയാവുന്പോൾ സംഗതി ക്ലീൻ. ആവശ്യത്തിനു മികച്ച തൊഴിലവസരങ്ങളുണ്ടാകുന്നില്ല എന്ന യാഥാർത്ഥ്യം അംഗീകരിച്ചാൽത്തന്നെ വൈറ്റ് കോളർ ജോലിക്കായുള്ള മലയാളിയുടെ ഈ കണ്ണടച്ചോട്ടം ശുദ്ധ ഭോഷ്കാണെന്നു പറയാതിരിക്കാനാവില്ല.
നവമാദ്ധ്യമങ്ങളിൽ പരക്കുന്ന ഈ കഥ ഇക്കാര്യത്തിനുള്ള ദൃഷ്ടാന്തമാണ്. നാട്ടിൻ പുറങ്ങളിൽ പോലും ഇന്നു ഫ്ളാറ്റുകൾ അന്യമല്ല. ഇങ്ങനെയുള്ള ഫ്ളാറ്റുകളിൽ പലതിലും വാച്ച്മാൻമാരുണ്ടാവും. ഈ കഥയിലെ ഫ്ളാറ്റ് സമുച്ചയത്തിൽ ഒരു ബംഗാളിയാണ് കാവൽക്കാരൻ. ഫ്ളാറ്റിലെ സാറന്മാരുടെയൊക്കെ കാറുകൾ കഴുകുന്നത് അയാളാണ്. കഥയിലെ ഫ്ളാറ്റിൽ മുന്നൂറോളം കാറുകളുണ്ട്. കാറൊന്നിനു മുന്നൂറു രൂപവച്ചാണ് കക്ഷിക്കു കൂലി കിട്ടുന്നത് എന്നതാണ് കഥയുടെ ഹൈലൈറ്റ്. അതായത് കൃത്യമായി പിരിഞ്ഞു കിട്ടിയാൽ ആകെ തൊണ്ണൂറായിരം (90,000) രൂപ. വാച്ച്മാൻ എന്ന നിലയിലെ ശന്പളം കൂടിയാവുന്പോൾ തുക ആറക്ക സംഖ്യയാകും. ആ വാച്ച്മാനെക്കാൾ പഠിപ്പും പത്രാസുമുള്ള ലക്ഷക്കണക്കിനു മലയാളി യുവാക്കൾക്ക് നാട്ടിൽ സ്വപ്നം കാണാനാവുന്നതിലും വലിയ തുക. ഇതൊരു കഥയാണ്. പക്ഷേ ഇങ്ങനെ സംഭവിച്ചു കൂടാഴികയില്ല.
കണക്കൊന്നു പരിശോധിച്ചാൽ നാട്ടിലേതിലും കൗതുകകരമാണ് പ്രവാസലോകത്തെ കാര്യം. നമ്മുടേതുമായി താരതമ്യം ചെയ്യുന്പോൾ 2 ദിനാറിലും കുറഞ്ഞ തുകയാണ് 300 രൂപ. ഇവിടെയാവട്ടെ 5 മുതൽ 10 ദിനാർ വരെയാണ് കാർക്ലീനിംഗിനു വാങ്ങുന്നത്. നാട്ടിലേതിലും കുറേക്കൂടി എളുപ്പമുള്ള ശൈലിയിലാണ് വൃത്തിയാക്കൽ. അതുകൊണ്ട് കഴുകുന്ന കാറുകളുടെ എണ്ണമേറും. കിട്ടുന്ന തുകയും സ്വാഭാവികമായും കൂടും. മുഷിഞ്ഞ വസ്ത്രം ധരിച്ച് സൈക്കിളിൽ കെട്ടിവച്ച ബക്കറ്റുമായി നമ്മളോടു ഭവ്യതയോടെ സലാം പറഞ്ഞു കാറുകൾ വൃത്തിയാക്കുന്ന ഈ ബംഗാളികളിൽ പലരും അതുവഴിയുണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഒരുപാടു മലയാളികൾ മാസശന്പളമായി സങ്കല്പിച്ചിട്ടു പോലുമില്ലാത്ത തുക. മാന്യമായി തൊഴിൽ ചെയ്തു മികച്ച വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം. പ്രതിസന്ധികളിലും വിട്ടൊഴിയാത്ത മിഥ്യാ ധാരണകളാണ്. ഈ വൈറ്റ് കോളർ വങ്കത്തം മാറ്റുകയാണ് പ്രശ്നപരിഹാരത്തിനായി ആദ്യം ചെയ്യേണ്ടത്. അത് പക്ഷേ ഒട്ടും എളുപ്പമല്ല.