വിധിയുടെ ബലിമൃഗങ്ങൾ
വിധിയുടെ ബലിമൃഗങ്ങൾ എന്നത് ജനപ്രിയ വാരികയായ മംഗളത്തിലെ പഴയൊരു കോളത്തിന്റെ ടൈറ്റിലാണ്. അജന്താലയം അജിത് കുമാറെന്ന പേരിൽ ഇന്നത്തെ പ്രമുഖ മാധ്യമ പ്രവർത്തകൻ, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ട് അജിത് കുമാറായിരുന്നു അതു തയ്യാറാക്കിയിരുന്നത്. ഇന്നു കണ്ണാടിയടക്കമുള്ള ദൃശ്യമാധ്യമ പരിപാടികളും ഒട്ടനവധി കോളങ്ങളുമൊക്കെ രംഗത്തെത്തും മുന്പ് ദുരിതമനുഭവിക്കുന്ന ഒരുപാടുപേരിലേയ്ക്ക് സമൂഹത്തിന്റെ കാരുണ്യം എത്തിച്ചേരാനുള്ള വഴിയൊരുക്കിയിരുന്നത് ആ പംക്തിയായിരുന്നു. നിരവധി ജീവിതങ്ങൾക്ക് ആ പരിപാടി കൈത്താങ്ങായി. പംക്തി ജനപ്രീതിയാർജ്ജിക്കുകയും ചെയ്തു. ഈ ജനപ്രീതിയും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെയായിരുന്നു പിന്നീടിങ്ങോട്ട് നമ്മുടെ മാധ്യമങ്ങളെല്ലാം അത്തരത്തിലുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകാൻ കാരണം.
സൂര്യ വാർത്താ വിഭാഗത്തിന്റെ നായകനായിരുന്ന കാലത്ത് ഇത്തരത്തിലുള്ള വാർത്തകൾ ആവുന്നതും കൊടുക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. അതിലൊന്നായിരുന്നു പത്തനംതിട്ടയിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ കഷ്ടതകളെക്കുറിച്ച് സൂര്യയുടെ പത്തനംതിട്ട പ്രതിനിധി, പ്രിയപ്പെട്ട ഷാജി അലക്സിന്റെ റിപ്പോർട്ട്. വാർത്ത കൊടുക്കുന്നതോടെ വാർത്താ വിഭാഗത്തിന്റെ ബാദ്ധ്യത തീർന്നെന്ന പതിവു രീതി വിട്ട് വാർത്തയിൽ പരാമർശിക്കപ്പെട്ട മിടുക്കിയുടെ സംരക്ഷണവും തുടർപഠനവും ഉറപ്പാക്കാൻ ആവുന്നതെല്ലാം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വാർത്തയോടുള്ള പ്രേക്ഷകരുടെ പ്രതികരണമായി ഭേദപ്പെട്ടൊരു തുക പിരിഞ്ഞു കിട്ടി. ഒപ്പം പത്തനംതിട്ടയിലെ ഒരു സന്നദ്ധ സംഘടന ആ കുടുംബത്തെ ഏറ്റെടുക്കാനും മുന്നോട്ടു വന്നു. സംഘടനയുടെ നായകനായ പുനലൂർ സോമരാജൻ തന്നെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. ഏറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കണമെന്ന അദ്ദേഹത്തിന്റെ സ്നേഹ നിർബന്ധങ്ങളിൽ തിരക്കുകൾക്ക് താൽക്കാലിക അവധി കൊടുത്ത് എത്തിയപ്പോഴാണ് പുനലൂർ സോമരാജനെന്ന മനുഷ്യസ്നേഹിയെ ആദ്യമായി കാണുന്നതും അടുക്കുന്നതും.
ചടങ്ങു കഴിഞ്ഞ് അദ്ദേഹത്തിന്റെ ഗാന്ധിഭവനെന്ന സ്ഥാപനത്തിലേക്കുള്ള സന്ദർശനം തികച്ചും വേറിട്ട അനുഭവമായിരുന്നു. നമ്മളധിവസിക്കുന്ന സമൂഹത്തിന്റെ തികച്ചും വേറിട്ടൊരു പരിച്ഛേദത്തിലേക്കായിരുന്നു ഞങ്ങൾ എത്തിപ്പെട്ടത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, കൂടെപ്പിറപ്പുകളുടെയും സ്വന്തം ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയുമൊക്കെ ദയാ രാഹിത്യത്തിന്റെ ഫലമായി അനാഥത്വത്തിലേയ്ക്കു നടതള്ളപ്പെട്ടവർ. ഒരൊറ്റ നിമിഷത്തെ ബുദ്ധിമോശം മൂലം കൊടും കുറ്റവാളികളായവർ. ലോകത്തെക്കുറിച്ചും സുഖ ജീവിതത്തെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ നിമിഷാർത്ഥങ്ങൾകൊണ്ട് പൊളിച്ചെഴുതപ്പെടുന്നു. സദാ നൂറു നൂറു കാരണങ്ങളുടെ പേരിൽ വിധിയെ പഴിക്കുന്ന നമ്മുടെ പ്രശ്നങ്ങളൊക്കെ അതി
നിസാരങ്ങളെന്ന് അവരുടെ ജീവിതങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.
സന്പത്തിന്റെ നടുവിൽപ്പിറന്ന് സകല സൗഭാഗ്യങ്ങളുമനുഭവിച്ചു വളർന്ന് വാർദ്ധക്യത്തിൽ അനാഥാലയത്തിന്റെ തണലിൽ അഭയം തേടേണ്ടി വന്ന പ്രൗഢയായ മുത്തശ്ശിയുടെ കണ്ണുകൾ അന്ന് എന്റെ കണ്ണുകളിൽ തേടിയത് അവരുടെ മകനെയോ മകളെയോ ഒക്കയാവും. ആ വെളുത്ത കൈകളുടെ തണുത്ത സ്പർശം ഇന്നും ഹൃദയത്തിനുള്ളിലെവിടെയോ അനുഭവ വേദ്യമാകുന്നു. മയക്കു മരുന്നിനടിമയായി നിരവധി കൊലപാതകങ്ങൾ നടത്തി തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ഒരു കൊടും കുറ്റവാളിയെയും അന്നവിടെ പരിചയപ്പെട്ടു. തുടക്കത്തിൽ ഇടപെടാൻ വിമുഖത കാട്ടിയ അയാളുമായുള്ള ദീർഘ സംഭാഷണവും മറക്കാനാകുന്നില്ല. വലിയ താഴിട്ടടച്ച ഒരു ഭീകര കോട്ട ഭേദിക്കും പോലുള്ള അനുഭവമായിരുന്നു അത്. അതിലുമെല്ലാം അപ്പുറമായിരുന്നു ഇരുപതുകാരിയായ ഒരു ആദിവാസി പെൺകുട്ടിയുടെ കഥ. സ്വന്തമച്ഛന്റെ മൂന്നു കുഞ്ഞുങ്ങളെപ്പെറ്റ ആ പാവം അന്ന് വിഭ്രാന്തമായ മനോ നിലയിലായിരുന്നു.
അവരെല്ലാം പക്ഷേ ഒരുതരത്തിൽ ഭാഗ്യം ചെയ്തവരായിരുന്നു. അവരെത്തിച്ചേർന്നത് സോമരാജനെന്ന മനുഷ്യ സ്നേഹിയുടെ കാരുണ്യത്തണലിലായിരുന്നു. പ്രതീക്ഷയറ്റ അനാഥർക്കു മാത്രമല്ല സോമരാജൻ ചേട്ടന്റെയും കുടുംബത്തിന്റെയും കൂടി വീടായിരുന്നു അന്ന് ഗാന്ധിഭവൻ. ഇന്നും അത് അങ്ങനെ തന്നെ. പലതരത്തിലും വിരുന്നു വന്നവരൊക്കെ അദ്ദേഹത്തിനു കുടുംബാംഗങ്ങളും. ആ കുടുംബത്തിലേക്കാണ് ഇപ്പോൾ ടി.പി മാധവനെന്ന പ്രമുഖനും എത്തിച്ചേർന്നിരിക്കുന്നത്. സൗഭാഗ്യങ്ങളുടെയും കുടുംബ മഹിമയുടെയുമൊക്കെ നിറവിൽ ജനിച്ച ടി.പി മാധവേട്ടന്റെ അവസ്ഥയെ വിധിയുടെ വിളയാട്ടമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. സിനിമയ്ക്ക് ഏറെ സംഭാവനകൾ ചെയ്ത ആ അച്ഛന്റെ മകൻ ഇന്ന് ബോളിവുഡ്ഡിലെ പ്രമുഖ സംവിധായകനാണെന്ന വാർത്ത പലരിലും ഞെട്ടലുണ്ടാക്കുന്നു.
ഓരോരുത്തർക്കും അവരവരുടേതായ ന്യായങ്ങളുണ്ടാവും. വിധിക്ക് അതിന്റേതായ പദ്ധതികളും. വേദനിക്കുന്ന കണ്ണുകളൊപ്പാൻ പുനലൂർ സോമരാജനെപ്പോലുള്ള സുമനസ്സുകൾ നമുക്കൊപ്പം അവശേഷിക്കുന്നുണ്ട് എന്നതാണ് ഏക ആശ്വാസം. ആവും വിധമൊക്കെ അവർക്കു കൈത്താങ്ങാവാൻ നമുക്കോരോരുത്തർക്കും പ്രതിജ്ഞാബദ്ധരുമാകാം.