ഹിലരി−-ട്രംപ്?

"Thank you, thank you, thank you Carolina" "നന്ദി കാരലിന, നന്ദി, നന്ദി, നന്ദി” സൗത്ത് കാരലിനയിലെ തിരഞ്ഞെടുപ്പു പ്രചാരണ കാര്യാലയത്തിൽ തിങ്ങിനിറഞ്ഞ അനുയായികളോടും മുഴുവൻ അമേരിക്കയോടുമായി ഇന്നു വെളുപ്പിന് ഹിലരി ക്ലിൻ്റൺ പറഞ്ഞത് ഹൃദയത്തിൽ തൊട്ടു തന്നെയാണ്. സൗത്ത് കാരലിന അവർക്കു സമ്മാനിച്ചത് തിളങ്ങുന്ന വിജയമാണ്. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥാനാർത്ഥിത്വത്തിനായുള്ള വോട്ടടുപ്പിൽ തൊട്ടടുത്ത സ്ഥാനാർത്ഥി ബേണി സാൻഡേഴ്സിനെതിരേ വ്യക്തവും ആധികാരികവുമായ വിജയമാണ് ഹിലരി ക്ലിൻ്റ
ണെന്ന മുൻ പ്രഥമ വനിത സ്വന്തമാക്കിയിരിക്കുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അവർക്ക് ഈ വിജയം ഏറെ ഗുണം ചെയ്യും. വരുന്ന ചൊവ്വാഴ്ച സൂപ്പർ റ്റ്യൂസ്ഡേ എന്നു വിശേഷിപ്പിക്കപ്പെടുന്ന മെയ് ഒന്നിന് നടക്കുന്ന 11 സംസ്ഥാനങ്ങളിലെ വോട്ടടുപ്പിൽ തീർച്ചയായും ഈ വിജയത്തിൻ്റെ പ്രതിഫലനമുണ്ടാകുമെന്നുറപ്പ്. ആകെ വോട്ടുകളുടെ വലിയൊരു ശതമാനം അന്ന് പോൾ ചെയ്യപ്പെടുമെന്നതിനാൽ സ്ഥാനാർത്ഥിത്വ കാര്യത്തിൽ തന്നെ അതോടെ തീരുമാനവുമാകും.
ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് കരോലിനയിലെ വിജയാഘോഷ വേളയിൽ ഇവിടുത്തെ വിജയം ദേശീയ തലത്തിൽ തന്നെയുള്ള തിരഞ്ഞെടുപ്പിൻ്റെ സൂചകമാണെന്ന് ഹിലരി പറഞ്ഞു വെച്ചത്. 76 ശതമാനത്തിനടുത്തു വോട്ടുകളാണ് കാരലിനയിൽ ഹിലരി ക്ലിൻ്റൺ സ്വന്തമാക്കിയത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാർത്ഥിത്വ കാര്യത്തിൽ തുടക്കത്തിൽ അതി ശക്തനായ എതിരാളിയെന്നു കരുതപ്പെട്ടിരുന്നത് ബേണി സാൻഡേഴ്സായിരുന്നു. ഇതുവരെ നടന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുകളിൽ ഒന്നിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. മറ്റു മൂന്നിടങ്ങളിലും ഹിലരിക്കായിരുന്നു വിജയം. കരലിനയിൽ സാൻഡേഴ്സിന് ആകെ പോൾ ചെയ്തതിൻ്റെ നാലിലൊരു ഭാഗം വോട്ടുകൾ മാത്രമാണ് നേടാനായത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് അദ്ദേഹത്തിൻ്റെ സാദ്ധ്യത മങ്ങിക്കുന്നു. സൂപ്പർ റ്റ്യൂസ്ഡേയ്ക്ക് ഇനി കേവലം രണ്ടു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. കരലിനയിലേറ്റ പരാജയത്തിൻ്റെ ആഘാതത്തിൽ നിന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ കരകയറാൻ സാൻഡേഴ്സിനാവില്ലെന്നുറപ്പ്. ഇതോടെ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മുൻ പ്രസിഡണ്ട് ബിൽ ക്ലിൻ്റൻ്റെ പത്നി, മുൻ േസ്റ്ററ്റ് സെക്രട്ടറി എന്നീ നിലകളിലൊക്കെ തിളങ്ങിയ ഹിലരി ക്ലിൻ്റൺ തന്നെ വരാനുള്ള സാദ്ധ്യത അതിശക്തമാവുകയാണ്. വരുന്ന ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പുകൾ ഇക്കാര്യത്തിൽ ഒരന്തിമ ചിത്രം നമുക്കു സമ്മാനിക്കും.
ദ്വികക്ഷി സന്പ്രദായം നിലവിലുള്ള അമേരിക്കൻ ഐക്യ നാടുകളെന്ന അമേരിക്കയിൽ ഹിലരിയുടെ എതിരാളി ആരെന്നു നിശ്ചയിക്കാനുള്ള വേട്ടെടുപ്പും പുരോഗമിക്കുകയാണ്. നിലവിലുള്ള പ്രസിഡണ്ട് ബറാക് ഒബാമയുടെ പല ഭരണ പരിഷ്കാരശ്രമങ്ങളുടെയും വഴിമുടക്കിയത് രാജ്യത്തെ റിപ്പബ്ലിക്കൻ കക്ഷിക്കാരായ ജനപ്രതിനിധികളാണ് എന്ന ആരോപണമുണ്ട്. പ്രസിഡണ്ടിനെ നേരിട്ടു തിരഞ്ഞെടുക്കുന്ന അമേരിക്കയിൽ ജന പ്രതിനിധി സഭയായ കോൺഗ്രസിൽ നിലവിൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻ കക്ഷിക്കാണ്. 541 അംഗങ്ങളുള്ള കോൺഗ്രസിൽ 535 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 100 അംഗങ്ങളുള്ള സെനറ്റാണ് ഉപരിസഭ. ഇരു സഭകളിലും ഇപ്പോൾ മേൽക്കൈ ഒബാമയുടെ എതിർപക്ഷക്കാരായ റിപ്പബ്ലിക്കൻമാർ തന്നെ. ജനപ്രതിനിധി സഭയിൽ 246 റിപ്പബ്ലിക്കന്മാരും 188 ഡെമോക്രാറ്റിക് കക്ഷി പ്രതിനിധികളുമാണുള്ളത്. സെനറ്റിൽ റിപ്പബ്ലിക്കൻ കക്ഷിക്ക് പത്തംഗങ്ങളുടെ മേൽക്കൈയുണ്ട്. ഈ മേധാവിത്വമാണ് സിറിയയടക്കമുള്ള വിഷയങ്ങളിൽ അതിശക്തമായൊരു നിലപാടെടുക്കുന്നതിൽ നിന്നും പ്രസിഡണ്ട് ഒബാമയെ വിലക്കുന്നതെന്ന ആരോപണമുണ്ട്. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലും വികസന കാര്യത്തിലും ഇരു പാർട്ടികളും നമ്മുടെ രാജ്യത്തേതുപോലെയുള്ള വൈര നിര്യാതന ബുദ്ധിയോടെയും പ്രതികാര വാഞ്ഛയോടെയുമുള്ള നിലപാടെടുക്കുന്നില്ല എന്നകാര്യം ശ്രദ്ധേയമാണ്.
കോൺഗ്രസിൽ ഭൂരിപക്ഷമുള്ള കക്ഷിയെ പ്രതിനിധീകരിക്കുന്ന വ്യക്തി തന്നെ പ്രസിഡണ്ട് സ്ഥാനത്തെത്തുന്നത് രാജ്യത്തെ കൂടുതൽ ശാക്തീകരിക്കുമെന്ന വാദത്തിൻ്റെ കൂടി പിൻബലത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക്കൻ കക്ഷിയുടെ പ്രചാരണത്തുടക്കം. ഇതു തിരിച്ചറിഞ്ഞാണ് ആ
കക്ഷിയുടെ പ്രസിഡണ്ട് നാമനിർദ്ദേശപട്ടികയിലെ പ്രമുഖനായ ഡൊണാൾഡ് ട്രംപിന്റെ തുടക്കം തൊട്ടുള്ള പ്രചാരണം. തുടക്കത്തിൽ കാര്യമായ സാദ്ധ്യത കൽപ്പിക്കപ്പെടാതിരുന്ന സ്ഥാനാർത്ഥിയായിരുന്നു സഹസ്രകോടീശ്വരനായ ട്രംപ്. എന്നാൽ കഴിഞ്ഞദിവസം നടന്ന നെവാഡ സംസ്ഥാനത്തെ തിരഞ്ഞെടുപ്പോടെ ട്രംപ് റിപ്പബ്ലിക്കൻ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത കൂടുതൽ ശക്തമായിരിക്കുന്നു.
കുറ്റങ്ങളും കുറവുകളും ഒരുപാട് ആരോപിക്കാമെങ്കിലും വ്യവസായത്തിലടക്കം വലിയ വിജയം നേടി സ്വയം തെളിയിച്ച വ്യക്തിത്വങ്ങളെ അക്കാദമിക് അളവുകോലുകൾ കൊണ്ടളന്ന് എഴുതിത്തള്ളുന്നത് പലപ്പോഴും മാധ്യമ, തിരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ പതിവാണ്. ഈ ധാർഷ്ട്യത്തിനേറ്റ തിരിച്ചടികൂടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ കുതിച്ചു കയറ്റം. സ്വതന്ത്രമെന്ന് ഉദ്ഘോഷിക്കുന്പോഴും വ്യക്തമായ മതസ്വാധീനമുള്ള രാജ്യം തന്നെയാണ് അമേരിക്ക. ചരിത്ര നായകനായ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ അടിമക്കച്ചവടം തുടച്ചു നീക്കിയെന്ന് ലോകത്തെ മൊത്തം പഠിപ്പിക്കുന്പോഴും തൊലി കറുത്തവൻ ഇന്നും കാരണമില്ലാതെ തെരുവിൽ നായ്ക്കളെപ്പോലെ സ്വന്തം പൊലീസിനാൽ വെടിവെച്ചു വീഴ്ത്തപ്പെടുന്നതിന്റെ കഥകൾ ഇക്കഴിഞ്ഞ വർഷവും അവിടെ നിന്നും നമ്മളെ തേടിയെത്തി. അങ്ങനെയുള്ള അമേരിക്കയിലെ തിരഞ്ഞടുപ്പിൽ മറ്റൊരു രാഷ്ട്ര നായകൻ കൂടിയായ ആഗോള കത്തോലിക്കാ സഭാ നായകൻ നേരിട്ട് അഭിപ്രായ പ്രകടനം നടത്തിയാലുണ്ടാവുന്ന സാധാരണ ഫലം നമുക്കൂഹിക്കാം. ഡൊണാൾഡ് ട്രംപിനെതിരേ പോപ് ഫ്രാൻസിസ് നടത്തിയ പ്രതികരണങ്ങൾ, അഥവാ ആരോപണങ്ങൾ അദ്ദേഹത്തിനു വലിയ തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. അത്തരം പ്രതികൂല ഘടകങ്ങളെയെല്ലാം തരണം ചെയ്യാൻ ഡൊണാൾഡ് ട്രംപിനു കഴിഞ്ഞിരിക്കുന്നു.
മത്സരാവസാനം വരം ട്രംപ് രംഗത്തുണ്ടാവുമോയെന്നു പോലും ശങ്കിച്ചവരുണ്ട്. അവരിൽ മുൻ നിര പത്രങ്ങളും അതി വിദഗ്ദ്ധ രാഷ്ട്രീയ നിരീക്ഷകരും ഒക്കെയുണ്ട്. ട്രംപ് ലോകത്തിനു തന്നെ ഭീഷണിയാകുമെന്നു പ്രചരിപ്പിച്ചവരുണ്ട്. എന്തിനേറെ പിറന്ന മതങ്ങളുടെ പേരിൽ മാത്രം ചില വിഭാഗങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ പോലും തുടക്കത്തിൽ അദ്ദേഹത്തിനു തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം മാറിയിരിക്കുന്നു. നാക്കിനു നിയന്ത്രണമില്ലാത്ത, അവസരം നോക്കാതെ പൊട്ടിത്തെറിക്കുന്ന, വ്യവസായിയായ ട്രംപ് തങ്ങളെ നയിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറുകയാണ്.
വിദഗ്ദ്ധരുടെ വലിയ പിന്തുണയുണ്ടായിരുന്ന ഫ്ളോറിഡ ഗവർണർ മാർക്കോ റൂബിയോ അടക്കമുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വ മോഹികൾ ഇപ്പോൾ ട്രംപിനു പിന്നിലാണ്. കാര്യങ്ങലുടെ ഗതി ഇങ്ങനെയാണെങ്കിൽ ഇത്തവണത്തെ അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ഹിലരി ക്ലിൻ്റണും റിപ്പബ്ലിക്കൻ പക്ഷത്തുനിന്നും ഡൊണാൾഡ് ട്രംപും തന്നെ ആകാനാണു സാദ്ധ്യത തെളിയുന്നത്.