ട്രാഫിക് നിലയ്ക്കുന്പോൾ

രോഗം ലിവർ സിറോസിസാണെന്നു കേൾക്കുന്പോഴേ പണ്ടൊക്കെ ഉണ്ടായിരുന്ന ക്ഷിപ്ര പ്രതികരണം “ആളു നല്ല കേറ്റാരുന്നു, അല്ലേ?” എന്നതായിരുന്നു. രോഗി മൂക്കറ്റം കുടിക്കുന്ന സ്വഭാവക്കാരനല്ലേ എന്നർത്ഥം. സംഭവത്തിൽ സത്യത്തിൻ്റെ അംശം കുറച്ചൊക്കെയുള്ളതുകൊണ്ട് ചോദ്യം കേൾക്കുന്ന മാത്രയിൽ “പിന്നേ, ഉറപ്പല്ലേ”യെന്നതായിരിക്കും ഇതിനുള്ള പ്രതികരണവും. കുടിയന്മാർ ഒരുപാടുപേർ ഈ രോഗം വന്നു മരിച്ചിട്ടുമുണ്ട്. മാത്രമല്ല ഒരു സഹജീവിയെ മോശക്കാരനായി ചിത്രീകരിക്കുന്നതിൽ ശരാശരി മലയാളിക്കു കിട്ടുന്ന സന്തോഷവും ഇതിനു പിന്നിലുണ്ട്.
പ്രമുഖ നടൻ കൊച്ചിൻ ഹനീഫ മരിച്ചത് കരൾ രോഗം ബാധിച്ചായിരുന്നു. എന്നാൽ അദ്ദേഹം മദ്യം കൈകൊണ്ടു തൊട്ടിരുന്നില്ല. ചെന്നൈ പരിചയങ്ങൾ വെച്ച് അക്കാര്യം ഒരു സുഹൃത്തിനോടു പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ഫലം. “പിന്നേ, ഗ്ലാസിലെടുക്കുന്പോൾ കൈ മദ്യത്തിൽ തൊടേണ്ട കാര്യമില്ലല്ലോ” എന്നായിരുന്നു സുഹൃത്തിൻ്റെ പ്രതികരണം. “ചിലപ്പോ കുപ്പിയിൽ നിന്നും നേരിട്ടായിരിക്കും അടി” എന്നും കൂടി ചേർത്തു പറഞ്ഞു അദ്ദേഹം. തർക്കിക്കാൻ പോയില്ല. ചില കാര്യങ്ങൾ അങ്ങനെയാണ്. തിരുത്താൻ ശ്രമിച്ചിട്ടു പ്രയോജനമില്ല. പലപ്പോഴും നേരിട്ട് ഒരു അനുഭവം വരും വരെ നമ്മളിൽ പലരും യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ മിനക്കെടാറില്ല. അങ്ങനെയൊരു അനുഭവത്തിലൂടെത്തന്നെയായിരുന്നു എനിക്കും ആ തിരിച്ചറിവുണ്ടായത്.
ബഹ്റിനിലെ ആദ്യ ഇന്ത്യൻ എഫ്.എം ആയ റേഡിയോ വോയ്സിൻ്റെ കേരള റിപ്പോർട്ടർ എന്ന നിലയിലെ എൻ്റെ പേര് ദേവൻ നായരെന്നായിരുന്നു. ചെറുപ്പം തൊട്ടേ എന്നെ ആ പേരിൽ വിളിച്ചിരുന്നത് അടുത്ത ബന്ധുമായ രവിച്ചേട്ടനായിരുന്നു. പഠനത്തിലും കലാകായികരംഗങ്ങളിലുമൊക്കെ മിടുക്കനും മാന്യനുമായിരുന്നു രവിച്ചേട്ടൻ. രവിച്ചേട്ടൻ്റെ മരണം കരൾ വീക്കം അഥവാ Liver Cirrhosis മൂലമായിരുന്നു. (സിറോസിസ് എന്നു കേട്ടു പഴകിയ വാക്കിൻ്റെ സ്പല്ലിംഗ് അങ്ങനെയാണ്). അദ്ദേഹമൊരിക്കലും ഒരു മുഴുക്കുടിയനോ കുടിയൻ എന്ന പേരിനർഹനോ ഒന്നുമായിരുന്നുമില്ല. കരൾ വീക്കത്തെക്കുറിച്ച് കുറേക്കാര്യങ്ങൾ കൂടി അറിയാൻ പക്ഷേ ആ മരണം കാരണമായി.
മദ്യപന്മാരെ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രോഗങ്ങളിലൊന്നാണ് കരൾ വീക്കം. മദ്യപാനം മൂലം ഏറ്റവം അധികം ദോഷം സംഭവിക്കുന്ന ശരീരഭാഗമാണ് കരൾ. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അതിജീവന ശേഷിയുള്ള കരളിന് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി എന്ന സ്ഥാനവുമുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ ദഹിച്ചാണ് നമുക്കാവശ്യമുള്ള ഊർജ്ജം ശരീരത്തിനു ലഭിക്കുന്നത് എന്നു നമുക്കെല്ലാവർക്കുമറിയാം. ഈ ദഹനപ്രക്രിയയിൽ അതിപ്രധാനമാണ് പിത്തരസം. പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. ഈ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ ദഹനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നു. മദ്യപാനം ഇതിന് ഏറ്റവും കൂടുതൽ വളം വെയ്ക്കുന്നു എന്നത് ശരിയാണ്. പക്ഷേ അതിലുമധികം കരളിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ക്രമമില്ലാത്ത ആഹാര രീതിയാണ് അതിൽ പരമ പ്രധാനം.
പ്രമുഖ സംവിധായക പ്രതിഭ രാജേഷ് പിള്ളയുടെ അന്ത്യകാരണവും കരൾ വീക്കമാണ്. അതിനെക്കുറിച്ചുള്ള സമൂഹത്തിൻ്റെ ആദ്യപ്രതികരണവും മദ്യാനുബന്ധം തന്നെയായിരിക്കും. പക്ഷേ ആദ്യ റിപ്പോർട്ടുകളിൽ തന്നെ അത് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് മൂലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, ജംഗ് ഫുഡ്ഡിൻ്റെ അമിതോപയോഗം എന്നിവയായിരുന്ന രാജേഷിനെ രോഗിയാക്കിയത്. ഒരു പാടു സ്വപ്നങ്ങളും ഒരുപാടൊരുപാട് നവീനാശയങ്ങളുമുള്ള പ്രതിഭയായിരുന്നു മലയാള സിനിമയിൽ ഒരു നവതരംഗത്തിനു തുടക്കം കുറിച്ച ട്രാഫിക്കിൻ്റെ സംവിധായകനായ രാജേഷ്. മികച്ച സൃഷ്ടികൾക്കിടെ സ്വന്തം ആരോഗ്യകാര്യങ്ങളെക്കുറിച്ച് കരുതൽ കാട്ടാൻ അദ്ദേഹം ശ്രമിച്ചില്ല.
രാജേഷിനെപ്പോലെ നമ്മിൽ പലരും തിരക്കുകളുടെ പേരുപറഞ്ഞ് ഇക്കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധ കാട്ടാറില്ല എന്നാതാണു വാസ്തവം. തിരക്കുകളുടെ ലോകത്തു നിന്നും രോഗങ്ങളെ ക്ഷണിച്ചു വരുത്തി തിരക്കിട്ടിറങ്ങിപ്പോകുന്നവരുടെ എണ്ണം ദിനം പ്രതി ഏറാൻ കാരണം ഈ അശ്രദ്ധ കൂടിയാണ്. രണ്ടായിരത്തി പതിനാറ് ഒരുപാടു പ്രശസ്തരുടെ വേർപാടിൻ്റെ വർഷമായിക്കൊണ്ടിരിക്കുന്നു. ഇതിൽ ഒരുപാടുപേർ അശ്രദ്ധമായ ജീവിതശൈലിയുടെ ഇരകളാണ്. അറിയപ്പെടാത്ത ഒരുപാടു പേരും നമ്മുടെയിടയിൽ നിന്നും ആയുസെത്താതെ യാത്ര അവസാനിപ്പിക്കുന്നു. ജീവിതയാത്ര എന്നെങ്കിലുമൊരിക്കൽ അവസാനിക്കുമെന്നുറപ്പാണ്. പക്ഷേ വേണ്ടപ്പട്ടവരുടെ നെഞ്ചിൽ വേദനയാകാൻ ഇട നൽകാതിരിക്കാൻ നമുക്കൊക്കെ ശ്രദ്ധിക്കാം. സ്വന്തം കാര്യങ്ങളിൽ കുറേക്കൂടി ശ്രദ്ധ നൽകാണമെന്ന കാര്യം നമ്മളെയൊക്കെ ഓർമ്മിപ്പിക്കുന്നതു കൂടിയാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയുടെ അകാല വിയോഗം.
മലയാള സിനിമയ്ക്കു പിറന്നേക്കാമായിരുന്ന ഏറെ ചിത്രങ്ങൾ നമുക്കു നഷ്ടമായിരിക്കുന്നു. വിട രാജേഷ്.