പൊങ്കാലയോർമ്മ

മാധ്യമങ്ങളിലൂടെ അറിയുന്നവർക്ക് ആറ്റുകാൽ പൊങ്കാല ഒരു വാർത്ത മാത്രമാണ്. ഒരു ആചാരം. അനന്തപുര വാസികൾക്കാവട്ടെ അതൊരു പ്രത്യേക അനുഭവമാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ട തിരുവനന്തപുര വാസക്കാലത്ത് അത് ആവോളമനുഭവിക്കാൻ ഭാഗ്യവുമുണ്ടായി. തമിഴന്റെ വീരാരാധനയുടെ മകുടോദാഹരണമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. തലൈവരെക്കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാട് ചെന്നൈയിലെത്തിയാൽ മാറുമെന്നൊരു പറച്ചിലുണ്ട്. അതിനു സമാനം കൂടിയാണ് പൊങ്കാലയും. ജനലക്ഷങ്ങൾ അഥവാ സ്ത്രീലക്ഷങ്ങൾ നോന്പുനോറ്റെത്തി നഗരി കീഴടക്കുന്ന പൊങ്കാല തലസ്ഥാന നഗരത്തിന്റെ സ്വസ്ഥജീവിതം ഏതാനും ദിവസത്തേയ്ക്ക് താറുമാറാക്കില്ലേയെന്ന് ആശങ്കപ്പെടുന്ന പലരെയും എനിക്കറിയാം. എന്നാൽ തലസ്ഥാനനഗര വാസികൾക്ക് പൊതുവേ ആ അഭിപ്രായമല്ല ഇക്കാര്യത്തിലുള്ളത്. ആ തിരക്കും അതു മൂലം സ്വാഭാവികമായുണ്ടാകാവുന്ന ബുദ്ധിമുട്ടുകളുമെല്ലാം നഗരവാസികളായ ബഹുഭൂരിപക്ഷമാൾക്കാരും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ചിരിക്കുന്നു.
ലീംഗഭേദം ഈ ആചാരാനുഷ്ഠാനത്തിൽ പ്രകടമാണ്. എന്നാൽ രാജ്യത്തെത്തന്നെ സംഘർഷഭരിതമാക്കുന്ന മതഭേദം ഇവിടെ പരാമർശ വിധേയമാകുന്നതേയില്ല. ആറ്റുകാലമ്മയ്ക്കു പൊങ്കാല നേദിക്കാനെത്തുന്നവരിൽ എല്ലാ ജാതിക്കാരുമുണ്ട്. അതിന്റെ നടത്തിപ്പിലും ജാതിമത ഭേദമില്ല. ചാലക്കന്പോളത്തിലെ കച്ചവടക്കാരും സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്നു വേണ്ട സകല രാഷ്ട്രീയ തട്ടകങ്ങളിലുമുള്ളവരും പൊങ്കാല ചടങ്ങിൽ തങ്ങൾക്കാവതെല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങുന്നു.
അനന്തപുരി വാസിയായിരുന്ന ഒരു ദശാബ്ദത്തിലേറെക്കാലവും ശാസ്തമംഗലത്തു താമസിച്ച ഞാൻ ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ശാസ്തമംഗലം വരെ പൊങ്കാലക്കലങ്ങളുടെ നിര നീളുന്നത് കണ്ടിരുന്നു. വർഷാവർഷം ആ ദൈർഘ്യം ഏറുകയാണ്.
പൊങ്കാലക്കായി സ്ത്രീജനങ്ങളെ നേരത്തേ നിശ്ചയിച്ചുറപ്പിച്ച ഇടങ്ങളിൽ എത്തിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നോട്ടവും ഭക്ഷണമടക്കമുള്ള കാര്യങ്ങൾ അന്നു സാധാരണ പുരുഷ പ്രജകളുടെ ചുമതലയാണ്. തലസ്ഥാന നഗരം അന്നു സ്ത്രീരത്നങ്ങളുടെയും ചൂട്ടിന്റെയും കൊതുന്പിന്റെയും ചുമന്ന പൊങ്കാലക്കലങ്ങളുടെയും നിറഞ്ഞ പുകയുടെയും പിടിയിലാകുന്നു. ആലങ്കാരികമായി പറഞ്ഞാൽ ഒരു പോരാട്ടം കഴിഞ്ഞ മൈതാനം പോലെയാവും പൊങ്കാല കഴിഞ്ഞ തിരുവനന്തപുരം നഗരം. പൊങ്കാലക്കാഴ്ചകളിൽ എനിക്കിഷ്ടം പക്ഷേ ഇതൊന്നുമല്ല. അത് പൊങ്കാല കഴിഞ്ഞുള്ള ശുദ്ധീകരണ പ്രക്രിയയാണ്. പൊങ്കാലയടുപ്പുകൾക്കുള്ള വെന്തതും വേകാത്തതുമായ ഇഷ്ടികകളടക്കമുള്ള അവശിഷ്ടങ്ങൾ മണിക്കൂറുകൾക്കുള്ളിലാണ് അവിടങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത്. ഈ യത്നത്തിൽ നഗര സഭയിലെ ശുചീകരണതൊഴിലാളികൾക്കൊപ്പം ക്ഷേത്ര ഭാരവാഹികളും സന്നദ്ധ പ്രപർത്തകരും എല്ലാം കൈയും മെയ്യും മറന്നു പ്രവർത്തിക്കുന്നു.
ഇത്തവണ ഈ ശുചീകരണ പരിപാടി സീറോ വെയ്സ്റ്റ് പരിപാടിയാക്കി ക്ലീൻ കേരള മിഷൻ മറ്റൊരു നല്ല മാതൃകകൂടി മലയാളിക്കു സമ്മാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭക്തർക്ക് ആഹാരവിതരണത്തിന് സമീപകാലത്ത് ഉപയോഗിച്ചുപോന്ന പ്ലാസ്റ്റിക് പ്ലേറ്റുകളുടെയും കപ്പുകളുടെയും സ്ഥാനത്ത് സ്റ്റീൽ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിച്ചതും അത്യന്തം പ്രശംസനീയമായ മാതൃക തന്നെ. ഇക്കാര്യത്തിൽ ക്ലീൻ കേരള മിഷൻ ഡയറക്ടർ ഡോക്ടർ വാസുകിയടക്കം നേരിട്ടു രംഗത്തെത്തുകയും ചെയ്തു.
ദൈവമുണ്ടോ, ക്ഷേത്രങ്ങൾ വേണോ എന്നൊക്കെ ആലോചിക്കുകയും ദൈവ വിശ്വാസത്തിനെതിരേ ആശയ പ്രചാരണം നടത്തുകയും വിശ്വാസാവിശ്വാസങ്ങൾക്കെതിരേ കണ്ഠക്ഷോഭം നടത്തുന്നവർക്കുമൊന്നും ഒരുകാലത്തും പഞ്ഞമില്ലാത്ത നാടാണു ഭൂമിമലയാളം. അതിന്റെ തലസ്ഥാന നഗരിയിൽ അക്ഷരാർത്ഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടു നടക്കുന്ന ഈ ആചാരത്തെ കക്ഷിഭേദമന്യേ സകലരും പിന്തുണയ്ക്കുന്ന കാഴ്ചകൂടിയാണ് ആറ്റുകാൽ പൊങ്കാല മുന്നോട്ടു വെയ്ക്കുന്നത്. പൊങ്കാലക്കെത്തുന്നവർക്ക് ആഹാരവും വെള്ളവും മറ്റു സഹായങ്ങളുമൊക്കെ ചെയ്തുകൊടുക്കാൻ എല്ലാ കക്ഷികളും ഇവിടെ മത്സരിക്കുന്നു.
എന്തിനേറെ ഇത്തവണ പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് അവിശ്വാസികളിൽ പ്രധാനിയായ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്.അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. പൊങ്കാലസഹായവുമായി പാർട്ടി സെക്രട്ടറി കൂടിയെത്തിയതോടെ പൊങ്കാലക്ക് ആകെപ്പാടെ ഒരു ചുവപ്പു നിറം കൈവന്നുവെന്നു പറയാതെ വയ്യ.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതിനാൽ തന്നെയാണ് സകല പാർട്ടിക്കാരുടെയും ഈ പ്രകട ഭക്തി എന്നു നാട്ടുകാർക്കെല്ലാം അറിയാം. കാര്യകാരണങ്ങളെന്തായാലും ചില കാര്യങ്ങളിലെങ്കിലും അഭിശപ്തമായ വർത്തമാന കാലത്തും നാടിനും നാട്ടുകാർക്കും നമ്മുടെ രാഷ്ട്രീയക്കാർക്കും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കാനാവുന്നു എന്നത് തികച്ചു ശുഭ സൂചനയാണ് നൽകുന്നത്.