നായ(ക) വിരുദ്ധം..!

പണ്ടു ടിവിക്കാലത്ത് വാരാന്ത്യലോകം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നെങ്കിൽ ഇപ്പോൾ ഒരു പത്തോ ഇരുപതോ തവണ ഇതിനിടെ അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പിനെ പറ്റി പരാമർശിച്ചു കഴിഞ്ഞേനേ. പല വാർത്തകൾ ഇടയ്ക്കു കയറി വന്നതിനാലും തിരഞ്ഞടുപ്പിന് ഇനിയും സമയമുണ്ട് എന്നതിനാലും ലോകജാലകത്തിലും ആ വിശേഷങ്ങൾക്ക് ഇടം കിട്ടാതെ പോയി. അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ പ്രമുഖ സ്ഥാനാർത്ഥികളിൽ മുന്പനാണ് ഡൊണാൾഡ് ട്രംപ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മൂത്ത കോൺഗ്രസ് ക്രമത്തിലോ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കമ്യൂണിസ്റ്റ് പാർട്ടി കാർഡ് എന്നിങ്ങനെ പടിപടിയായോ എ.ബി.വിപി, യുവമോർച്ച, ബി.ജെ.പി എന്നിങ്ങനെയുമൊക്കെ രാഷ്ട്രീയത്തിൽ സജീവമാകുന്നവരെയാണ് നമുക്ക് കണ്ടു ശീലം. മുഴുവൻ സമയ രാഷ്ട്രീയക്കാരെന്നോ ഭാഗിക രാഷ്ട്രീയമെന്നോ ഉള്ള വേർതിരിവും വ്യത്യാസവും നമുക്കില്ല. രാഷ്ട്രീയത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച് രാഷ്ട്രീയ ലാഭം കൊണ്ട് അതിസന്പന്നതയുടെ മടിത്തട്ടിൽ പരിലസിക്കുകയും ചെയ്തവരാണ് നമ്മുടെ നേതാക്കളിൽ ഏറെപ്പേരും. രാഷ്ട്രീയത്തിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തെ കുടുംബത്തൊഴിലും സ്ഥാനമാനങ്ങളെ കുടുംബ സ്വത്തും കുത്തകയുമൊക്കെയാക്കിയവർ.
ഡൊണാൾഡ് ട്രംപ് അങ്ങനെയല്ല. അമേരിക്കയിലെ വലിയ കോടീശ്വരന്മാരിൽ ഒരാളാണ് ട്രംപ്. വ്യവസായത്തിൽ സ്വന്തം മിടുക്കു തെളിയച്ചയാൾ. നേരായ വഴിയിലൂടെ സന്പാദിച്ച സ്വത്തായതുകൊണ്ട് അത് സംരക്ഷിക്കാനും നിയമ നടപടികളിൽ നിന്നും രക്ഷ നേടാനും സ്ഥാനമാനങ്ങളുടെ ആവശ്യവുമില്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് ഒറ്റയാനല്ല. രാഷ്ട്രീയം അവിടെ തൊഴിലല്ല എന്നതാണ് അതിന് കാരണം. രാഷ്ട്രീയം അവർക്ക് സാമൂഹ്യ പ്രവർത്തനത്തിനുള്ള ഒരുപാധി മാത്രമാണ്. ജീവിതോപാധിയായ തൊഴിൽ വേറെ, സാമൂഹ്യ സേവനത്തിനുള്ള ഉപാധി വേറെ. അതുകൊണ്ടുതന്നെ അവിടുത്തെ രാഷ്ട്രീയക്കാരിലും പൊതുസമൂഹത്തിലും അഴിമതിയുടെ അളവു കുറയുകയും ചെയ്യുന്നു.
അടുത്തിടെ കേരളത്തിൽ സന്ദർശനത്തിനെത്തിയ ഒരു അമേരിക്കൻ സാമൂഹ്യ പ്രവർത്തകൻ നമ്മുടെയൊരു പ്രാദേശിക നേതാവുമായി നടത്തിയ സംഭാഷണത്തെപ്പറ്റി ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവും. ഒരു പൊതു ചടങ്ങിനിടെ സൗഹൃദസംഭാഷണത്തിലേർപ്പെട്ട യുവനേതാവിനോട് അമേരിക്കക്കാരൻ സാമൂഹ്യ പ്രവർത്തകൻ ചോദിച്ചു:− “എന്താണു നമ്മുടെ തൊഴിൽ?”
“I am in politics... “(നമ്മളു രാഷ്ട്രീയത്തിലാണ്.)” തേച്ചു വടിയാക്കിയ കുപ്പായത്തിന്റെ കോളറിൽ ൈസ്റ്റലിൽ സ്വയം പിടിച്ചുകൊണ്ട് യുവനേതാവു പുഞ്ചിരിയോടെ പ്രതികരിച്ചു.
“നിങ്ങൾക്ക് രാഷ്ട്രീയപ്രവർത്തനമുണ്ടെന്നു മനസ്സിലായി. പക്ഷേ ജീവിക്കാൻ വേണ്ടി നിങ്ങളെന്താണ് ചെയ്യുന്നത്?”
ഒരു മണ്ടൻ ചോദ്യം കേട്ട ഭാവത്തിൽ യുവാവു പറഞ്ഞു:−” രാഷ്ട്രീയം തന്നെ.”
“ഇവിടെ രാഷ്ട്രീയക്കാർക്ക് സർക്കാർ ശന്പളം നൽകുന്നുണ്ടോ?”
“ഇല്ല.” നേതാവ് പരുങ്ങിത്തുടങ്ങി. സംഗതിയിൽ നിന്നുള്ള വരുമാനം വഴിവിട്ടുള്ള പണമാണെന്ന് സമ്മതിക്കേണ്ട ഘട്ടമെത്തിയെന്ന് കക്ഷിക്ക് മനസ്സിലായി. നമ്മുടെ സംവിധാനത്തിൽ രാഷ്ട്രീയപ്രവർകത്തകർക്ക് ശന്പളമില്ലെന്നും ജനപ്രതിനിധികൾക്ക് പോലും ഭേദപ്പെട്ട ശന്പളമില്ലെന്നുമുള്ള സത്യം നമുക്കെല്ലാമറിയാം. ഈ രംഗത്തുള്ളവരുടെയെല്ലാം വലിയ സാന്പത്തികാഭിവൃദ്ധിക്ക് പിന്നിൽ നഗ്നമായ അഴിമതി തന്നെയാണുള്ളത്. അതെല്ലാം മറന്ന് അവരെയെല്ലാം നെഞ്ചേറ്റാനും ചുമക്കാനും നമ്മൾ ശീലിച്ചിരിക്കുന്നു. ഇതിൽ നിന്നുള്ള ചെറുതെങ്കിലും അതിശക്തമായ ഒരു മാറ്റത്തിനാണ് പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ശ്രമിക്കുന്നത്. താലസ്ഥാന നഗരി സാക്ഷ്യം വഹിക്കുന്ന തൊരുവുനായ വിരുദ്ധ നിരാഹാര സമരം ഇതിനുള്ള മറ്റൊരു തെളിവാകുന്നു. രാഷ്ട്രീയം അദ്ദേഹത്തിന് ധനസന്പാദനത്തിനോ അഴിമതിയിൽ നിന്നുള്ള സംരക്ഷണത്തിനോ ഉള്ള ഉപാധിയല്ല. സാമൂഹ്യപ്രതിബദ്ധതയുള്ളൊരു ദീർഘദർശിയുടെ കടമ നിറവേറ്റൽ എന്ന തലത്തിലാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. കോഴകൾകൊണ്ട് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ആർക്കും വിലയ്ക്കു വാങ്ങാനാവില്ല. പേവിഷ മരുന്ന് വ്യാപാര കുത്തകകൾ എറിഞ്ഞുകൊടുക്കുന്ന കോടികളുടെ എച്ചിൽപ്പണത്തിന് വേണ്ടിയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ മനുഷ്യപ്രേമത്തക്കാൾ നായപ്രേമം കാട്ടുന്നതെന്ന ആരോപണമുണ്ട്. തിരുവനന്തപുരം കലക്ടർ തന്നെഇക്കാര്യം പരസ്യമായി സൂചിപ്പിച്ചും കഴിഞ്ഞു.
ഇതൊന്നും കൊണ്ട് നമ്മുടെ രാഷ്ട്രീയത്തിലെ മാലിന്യങ്ങൾ ഒറ്റയടിക്ക് ഇല്ലാതായേക്കില്ല. എന്നാൽ അങ്ങനെയൊരു സാധ്യത നമുക്കു മുന്നിലുണ്ട് എന്ന തിരിച്ചറിവ് പകരുന്നതാണ് ഇത്തരം മുന്നേറ്റങ്ങൾ. നായക്കെതിരെ മാത്രമല്ല പേ പിടിച്ച നായത്വങ്ങൾക്കെതിരെ കൂടിയുള്ളതാണ് ഈ സമരം.