നിത്യതയിലേയ്ക്കുള്ള വഴി

ചങ്കു പറിയുന്ന ചുമയാണ്. “ഒള്ള ബീഡിയെല്ലാങ്കൂടെ വലിച്ചു കേറ്റുന്നോണ്ടാ, ഈ മുടിഞ്ഞ ചൊമ”യെന്ന ധർമ്മദാരത്തിന്റെ ശാപവചന സമമായ പ്രസ്താവന കാരണമാണ് കറിയാച്ചൻ കാലത്ത് കുടയുമെടുത്തു വീട്ടിൽ നിന്നിറങ്ങിയത്. വൈദ്യശാലയിൽ പോയി ഒരിച്ചിര അരിഷ്ടവും ചൂർണ്ണവും സേവിച്ചാൽ ഒന്നൊന്നര ആഴ്ചകൊണ്ടു ചുമയും കുരയുമെല്ലാം പന്പകടക്കും. ചിലപ്പോ മരുന്ന് ഒരൽപ്പകാലം കൂടി കഴിക്കേണ്ടിയും വന്നേക്കാം. എന്നാലത് അത്ര പെട്ടെന്നു പോവില്ല എന്നതു കട്ടായം. അപ്പോ പിന്നെ ആ രണ്ടാഴ്ച കൂടെ പെന്പ്രന്നോളടെ പള്ളു വർത്താനം കേക്കണം. അവളു പറേന്നതൊക്കെ സത്യമാണെങ്കിലും എപ്പളും അതു സഹിച്ചു മിണ്ടാണ്ടാരിക്കാൻ പറ്റി എന്നു വരില്ല. സത്യത്തിൽ ഇപ്പോഴത്തെ ഒരുമാതിരി വല്ലാത്ത കാലാവസ്ഥയാണ് ഈ ചൊമയ്ക്കു കാരണം. എപ്പഴാ മഴേം വെയിലുമൊന്നും വരികാന്നു ദൈവം കർത്താവിനു പോലും നിശ്ചയമില്ലാതായിരിക്കുന്നു. മഴ വന്നാലായി. വെയിലു നിന്നാലായി. ഒന്നിനും ഒരു കണക്കും കാര്യവുമില്ല. കുഞ്ഞുന്നാളിലേ തൊടങ്ങിയതാണ് ബീഡിവലി. അന്നൊന്നുമില്ലാത്ത ചൊമ അതിന്റെ പേരിൽ മാത്രം വരില്ലെന്ന് ആരേ പറഞ്ഞു മനസ്സിലാക്കാൻ. ഇതൊക്കെക്കേട്ടു വാ തൊറന്നാലാണേൽ നല്ല പുളിച്ച വർത്തമാനമായിരിക്കും വരിക. പിന്നെ പിടിച്ചാൽ കിട്ടില്ല. അതു വേണ്ട. വയസ്സാം കാലത്ത് വഴക്കു വയ്യ. അപ്പോ പിന്നെ വല്ല അലോപ്പതി മരുന്നുമല്ലാതെ വേറേ വഴിയില്ല. ഈശ്വരാ വഴക്കില്ലല്ലോ.
നട്ടപ്പറ വെയിലത്തു നടന്നു നടന്ന് ആശുപത്രി വരാന്തേലെത്തുന്പോ അവിടെ പൊതുയോഗത്തിനുള്ള ആളുണ്ട്. രോഗങ്ങളാണു മൊത്തം. അസുഖക്കാരാണ് എല്ലാരും. ക്യൂനിന്നു വേണം ഡോക്ടറെ ഒന്നു കാണാൻ. പണ്ടത്തെപ്പോലെ മരുന്നിനും കഷായത്തിനും കുപ്പീംകൊണ്ടു പോകണ്ടന്ന് ഒരു ആശ്വാസമുണ്ട്. ക്യൂവും കാത്തിരുപ്പും കഴിഞ്ഞു ടോക്ടറുടെ മുന്നിലെത്തുന്പോഴും അഭംഗുരം നല്ല ബാസിലുള്ള ചുമ തുടരുകയാണ്. സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരൻ ഡോക്ടർ. ഭേദപ്പെട്ട തുക കൺസൾട്ടേഷൻ ഫീ വാങ്ങുന്നതുകൊണ്ടു മാത്രമല്ല അടിസ്ഥാനപരമായി മാന്യനായതുകൊണ്ടു കൂടി ആൾ സസ്നേഹം ചോദിച്ചു:−” എന്താണു പ്രശ്നം?”
അതറിയാനാണ് അങ്ങയെ മുഖം കാട്ടാൻ ഇങ്ങോട്ടെഴുന്നള്ളിയതെന്നാണ് ആദ്യം വായിൽ വന്നത്. അതൊരുമാതിരി ക്ലീഷെ ആകുമെന്നതിനാൽ ചുമയ്ക്കുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുണ്ട് എന്നു സവിനയം മറുപടി പറഞ്ഞു.
“പുക വലിയാണ് പ്രശ്നം.” കാലത്ത് അവളെക്കാണാതെ വലിച്ച തെറുപ്പു ബീഡിയുടെ നല്ല മണടിച്ചതുകൊണ്ടു തന്നെയാവാം കൂടുതൽ പരീക്ഷണങ്ങൾക്കൊന്നും കാത്തു നിൽക്കാതെ യുവ ഡോക്ടർ ഒറ്റയടിക്കു വിലയിരുത്തി. ഈ കണ്ടത്തൽ വീട്ടിലിരിക്കുന്ന പെന്പ്രന്നോർ എത്ര കാലം മുന്നേ നടത്തിയതാണ്. അതും തികച്ചും ഫ്രീയായി. ഇപ്പോഴിതാ വലിയ തുക ഫീസു വാങ്ങി ഡോക്ടറും അതു തന്നെ പറയുന്നു. കാശു പോകാനുള്ള ഓരോരോ വഴികൾ. ചുമയ്ക്കുള്ള എന്തെങ്കിലും മരുന്നോ മന്ത്രമോ കുറിച്ചിരുന്നെങ്കിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും അതും വാങ്ങി ഉച്ചയൂണും കഴിഞ്ഞൊരു ബീഡീം വലിച്ച് ഒന്നു മയങ്ങാമായിരുന്നു.
“ബീഡീം സിഗററ്റുമൊക്കെ ആളേക്കൊല്ലികളാണെന്ന് അച്ചായനറിയാമല്ലോ?” ഡോക്ടറു പയ്യന്റെ ചോദ്യമാണ് ആലോചനയിൽ നിന്നുണർത്തിയത്. അതംഗീകരിച്ചുകൊണ്ട് ഒരു ചെറിയ ചമ്മൽ ചിരിയോടേ തലയാട്ടി. സമ്മതിച്ചാൽ തീർന്നു. എതിർക്കാൻ നിന്നാലല്ലേ പ്രശ്നമുള്ളൂ. ഈശ്വരാ വഴക്കില്ലല്ലോ.
“ഒരു സിഗററ്റു വലിച്ചാൽ ഒരു മനുഷ്യന്റെ ആയുസ്സിൽ നിന്നുള്ള 11 മിനിറ്റാണ് കുറയുക എന്നറിയാമോ?”
“വായച്ചിട്ടുണ്ട്.” പയ്യൻ വിടുന്ന പ്രശ്നമില്ല.
“താങ്കളീ വലിക്കുന്നതുകൊണ്ട് താങ്കളുടെ വിലപ്പെട്ട ആയുസ്സിലെ എത്ര വർഷങ്ങളാണ് ഇല്ലാതാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?” ഇനി മറുപടി പറയാതെ തരമില്ല. “ഡോക്ടറേ പണ്ടു പാപ്പൻ കാടു വെട്ടിത്തെളിച്ച കാലത്ത് ഒരാറാങ്ക്ളാസി പടിക്കുന്പം മുറി ബീഡി വലിച്ചാ ഞാൻ തൊടങ്ങിയത്. ഇപ്പം പ്രായം 84. ഈ പോക്കു പോയാ ഒരു ഒന്നു രണ്ടു കൊല്ലങ്കൂടെ പോകുകേ ചെയ്യും. ഡോക്ടറു പറഞ്ഞ ഈ കണക്കു വച്ചു നോക്കിയാ എൻ്റായുസ്സീന്ന് ഒരു പത്തു നാപ്പത്തഞ്ചു കൊല്ലം തീരാനൊള്ള ബീഡി ഇതിനോടകം പൊകഞ്ഞു തീർന്നിട്ടുണ്ട്. അങ്ങനെ വരുന്പം എന്റെ ആകെ ആയുസ്സ് 84ഉം നാപ്പത്തഞ്ചും 129.” “വലിക്കാണ്ടിരുന്നേൽ ഞാൻ 130 കൊല്ലം ജീവിക്കുവാരുന്നു എന്നാണോ ഡോക്ടറുദ്ദേശിച്ചത്?” ഡോക്ടർ നല്ല ചൂടു ചേന്പു വിഴുങ്ങിയതു പോലെ മിണ്ടാണ്ടിരിക്കുകയാണ്.
“അതു പോട്ടെ, ഡോക്ടർ ജിമ്മിൽ പോകാറുണ്ടോ?” അതുക്കും മേലേ എന്തോ വരുന്നെന്ന തിരിച്ചറിവിൽ ഡോക്ടർ ഉവ്വെന്നയർത്ഥത്തിൽ തലയാട്ടി.
“നല്ല കാര്യം. ഹോളിവുഡ്ഡിലെ ആർനോൾഡ് ഷ്വാർസെനഗറും അങ്ങനെയാണ്. രാവിലെ ജിമ്മിൽ, ഉച്ചക്കു ജിമ്മിൽ, രാത്രി ജിമ്മിൽ. ഭയങ്കര ശ്രദ്ധയാണ്. എല്ലാത്തിലും കർശന നിയന്ത്രണം.
“അറിയാം. കേട്ടിട്ടുണ്ട്.”
“അങ്ങനെ ശരീരം സൂക്ഷിക്കുന്ന ആ കക്ഷി ഒരു 150 കൊല്ലം ജീവിക്കുമോ?”. “ഇല്ല.” ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു. “125?”. സാദ്ധ്യതയില്ല. “100?”. “അറിയില്ല.”
ബോളിപ്പോൾ പൂർണ്ണമായും കറിയാച്ചന്റെ നിയന്ത്രണത്തിലാണ്. “അപ്പോ പിന്നെ അതിനൊന്നും പോകാണ്ട് ഒരിച്ചിര ആസ്വദിച്ചു ജീവിക്കുന്നതല്ലേ ഡോക്ടറെ നല്ലത്?” ഡോക്ടർക്ക് തൽക്കാലത്തേക്കു പ്രതികരണം ഒന്നുമുണ്ടായിരുന്നില്ല. 2016ന്റെ തുടക്കത്തിൽത്തന്നെ പ്രമുഖർ ഒരുപാടുപേർ ഒന്നൊന്നായി ഓർമ്മയാകുന്നതിന്റെകൂടി പിൻബലത്തിൽ സാരോപദേശത്തിന്റെ കട്ടികൂട്ടിക്കൊണ്ടിരുന്ന ഡോക്ടർ പുത്തൻ ജീവിത ദർശനം വീണുകിട്ടിയ ഭാവത്തിലായിരുന്നു.
കുടിച്ചും വലിച്ചും തോന്ന്യാസം കാട്ടിയും ജീവിതം നശിപ്പിക്കണമെന്നല്ല ഈ കഥകൊണ്ട് അർത്ഥമാക്കുന്നത്. പിറന്നാൽ ഒരിക്കലൊടുങ്ങുമെന്ന സാമാന്യ തത്വം ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചെന്നു മാത്രം. എന്തു തിന്നാലും എന്തൊക്കെ കുടിച്ചാലും സഹജീവികൾക്ക് ദോഷവും പാരയുമാകാതെ ജീവിക്കാനാണു നമ്മൾ ശ്രദ്ധ െവയ്ക്കേണ്ടത്. ആ അനിവാര്യതയാണ് വാർത്തകളിൽ നിറയുന്ന പ്രമുഖരുടെ വിടവാങ്ങലുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.