പൊറുക്കുക സുധീഷ്...

പൊറുക്കുക സുധീഷ്, ഞങ്ങൾ തിരക്കിലായിരുന്നു.
പതം പറച്ചിലിന്റെ തിരക്ക്.
പാരകളുടെ തിരക്ക്.
ഒന്നിച്ച്, ഒരേ പാത്രത്തിലുണ്ട്
ഒരു കൂരയ്ക്കു കീഴിൽ
ഒരു പായ പങ്കിട്ട്
പരസ്പരം മുഖം കാട്ടാതെ
തിരിഞ്ഞു കിടന്ന്,
ഉറക്കം നടിച്ച്
നെഞ്ചിലും കുതികാലിലും കുത്തിയിറക്കാനുള്ള
ആയുധങ്ങൾക്കു മൂർച്ചകൂട്ടുന്ന തിരക്ക്.
പകൽ വെളിച്ചത്തെ കണ്ണടച്ചിരുട്ടാക്കി,
തോളിലേറ്റിയവർക്കുള്ള
പാലെല്ലാം കുടിച്ചു വറ്റിച്ച്,
ഒടുക്കം അവശേഷിച്ച പാത്രത്തെളിവും
പൊടി പോലും ബാക്കിയാക്കാതെ
തച്ചുടച്ചും തകർത്തും
ഇല്ലാതാക്കാനുള്ള തിരക്ക്.
വോട്ടിന്റെ നോട്ടം കാണെ
ക്കോരന്റെ കണ്ണിൽപ്പൊടിയിട്ടു
നാടൊട്ടുക്കാഭാസ
നടത്തയ്ക്കുള്ള തിരക്ക്.
വെട്ടിമുറിയ്ക്കാൻ കൊടുവാളെടുത്ത
നെറികേടിന്
മാനവികതയുടെ ഉദകമൂട്ടാനുള്ള
മത്സരത്തിരക്ക്.
ക്ഷമിക്കുക സുധീഷ്,
ഞങ്ങളെല്ലാം ഇവിടെ വലിയ തിരക്കിലാണ്...
സിയാച്ചിനിൽ മഞ്ഞിന്റെ മടിത്തട്ടിൽ
നീയും നീയും നീയും കാവൽനിന്നു
കരുത്തുകൂട്ടിയ സുരക്ഷിതത്വത്തണലിൽ
നിന്നെയും നിന്നെയും മറന്ന
ന്തച്ഛിദ്രത്തിന്റെ
തേരോട്ടത്തിരക്ക്.
മരവിച്ച നിന്റെ ഓർമ്മകളുടെ
ബാക്കി ഏറ്റുവാങ്ങാൻ
ഇന്ദ്രപ്രസ്ഥത്ത് ഞങ്ങളിലാരും
എത്താതിരുന്നത്
അങ്ങനെ പല തിരക്കുകളിലും
ആയിരുന്നതുകൊണ്ടാണ്, സുധീഷ്,
സത്യം.