എത്രയെത്ര ഹനുമന്തപ്പമാർ...

ബിനോയ് എന്റെ ബാല്യകാലത്തെ അടുപ്പക്കാരിലൊരാളാണ്. എന്നെക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട്. എന്റെ അച്ഛനെപ്പോലെ ബിനോയിയുടെ അച്ഛനും പട്ടാളത്തിലായിരുന്നു. അമ്മയുടെ തറവാടു വീടിനടുത്താണ് അവരുടെ വീട്. അമ്മ പഠിപ്പിക്കുന്ന സ്കൂളിലേയ്ക്കും കങ്ങഴത്തേവരുടെ തിരുനടയിലേക്കും ഒക്കെയുള്ള വഴിയിലാണ് ആ വീട്. അതിലേ പോകുന്പോഴൊക്കെ അമ്മ ബിനോയിയുടെ അമ്മയുമായി സംസാരിക്കുന്നത് പതിവാണ്. ആ സംഭാഷണങ്ങളൊക്കെ അവസാനിക്കുന്നത് ആ ആൻ്റിയുടെ തേങ്ങലിലും അമ്മയുടെ ആശ്വാസ വചനങ്ങളിലുമായിരുന്നു. ആദ്യമൊന്നും അതിന്റെ കാരണം എനിക്കറിയില്ലായിരുന്നു. പിന്നെ അത് ബിയിയുടെ അച്ഛനെ ചൊല്ലിയാണെന്നു മനസ്സിലായി.
പട്ടാളക്കാരനായിരുന്ന എന്റെ അച്ഛൻ എല്ലാക്കൊല്ലവും വേനലവധിക്കാലത്ത് നാട്ടിലെത്താറുണ്ടായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ അച്ഛന്റെ ജോലിസ്ഥലത്തേക്കു പോകും. എന്നാൽ ബിനോയുടെ അച്ഛൻ അങ്ങനെ വന്നിരുന്നില്ല. അദ്ദേഹത്തെ കണ്ട ഒർമ്മ എനിക്കുണ്ടായിരുന്നില്ല. എന്നെക്കാൾ ഒരുവയസ്സിനിളപ്പമുള്ള ബിനോയിയുടെ അനുജനാവട്ടെ അവന്റെ അച്ഛനെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. ആൻ്റി അവനെ ഗർഭം ധരിച്ചിരുന്ന നാളുകളിലൊന്നിൽ നമ്മുടെ അയൽ രാജ്യങ്ങളിലൊന്നുമായുള്ള സംഘർഷ വേളയിൽ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നും പക്ഷേ അന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടത്താനായില്ല. അതോടെ അദ്ദേഹത്തിന്റെ കുടുംബം നിത്യ ദുഃഖത്തിന്റെ കരകാണാക്കടലിലേക്കു പതിക്കുകയായിരുന്നു. വർഷങ്ങളോളം ആ പാവം ആൻ്റി തന്റെ മക്കളുടെ അച്ഛനു വേണ്ടി വിഫലമായ കാത്തിരുപ്പു തുടർന്നു.
മൊബൈലും എന്തിന്, ടെലഫോണു പോലും പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് നീല ഇൻലൻഡിലുള്ള അച്ഛന്റെ കത്തുകൾ വൈകിയാൽ അമ്മ സങ്കടപ്പെട്ടിരുന്നത് അതുകൊണ്ടൊക്കയാണ്, പുറത്തൊന്നും ഒരിക്കലും കാട്ടിയിരുന്നില്ലെങ്കിലും വീട്ടിലെ മൂത്തയാളായ ഞാനും ഒരൽപ്പം ആശങ്കപ്പെട്ടിരുന്നതും.
ഓരോ പട്ടാളക്കാരന്റെ വീട്ടിലെയും സ്ഥിതി ഇതു തന്നെയാണ്. നിഴൽ പോലെ പിന്തുടരുന്നു അപായ സാദ്ധ്യത. മരണ ഭീതിയില്ലാത്ത മനുഷ്യർ ഏറെയില്ല. സൈനികരുടെ കാര്യവും വ്യത്യസ്ഥമല്ല. എപ്പോൾ വേണമെങ്കിലും സ്വന്തം ജീവൻ അപായപ്പെടാമെന്ന തിരിച്ചറിവ് അവർക്കെല്ലാമുണ്ട്. ഈ യാഥാർത്ഥ്യങ്ങൾ തൃണവൽഗണിച്ചും താണ്ടിയുമാണ് ഓരോ സൈനികനും സ്വന്തം മണ്ണുകാക്കാൻ സന്നദ്ധരാവുന്നത്. രാജ്യസ്നേഹത്തിന്റെ ചൂട് സ്വന്തം സിരകളിലാവഹിച്ചാണ് മഞ്ഞുറഞ്ഞ ഹിമാലയൻ മലനിരകളിൽ അവർ നമുക്കായി കാവലാളുകളാകുന്നത്. രാജ്യരക്ഷ സ്വന്തം നിയോഗമായി കരുതുന്നതിനാലാണ് ആ വീരന്മാർ പ്രതികൂലമായ അത്തരം സാഹചര്യങ്ങളെയെല്ലാം തരണം ചെയ്യുന്നത്.
ലാൻസ് നായിക് ഹനുമന്തപ്പ അവരിലൊരാളായിരുന്നു. ലോകത്തെ ഏറ്റവുമുയരത്തിലുള്ള യുദ്ധഭൂമിയിൽ ഇരുപതടി മഞ്ഞിനടിയിലും ആ വീരസൈനികന്റെ ഹൃദയം നിലയ്ക്കാതിരുന്നത് കറയറ്റ രാജ്യസ്നേഹത്തിന്റെ ചൂടേറ്റു വാങ്ങിയായിരുന്നു. പക്ഷ ഒരു നാടിന്റെയാകെ പ്രാർത്ഥനകളും വൃഥാവിലാക്കി ഹനുമന്തപ്പ ഓർമ്മയായി. ജ്വലിക്കുന്ന ഓർമ്മ. രാജ്യ സ്നേഹത്തിന്റെ പ്രോജ്ജ്വലമായ തെളിദീപം.
അവർ അതിർത്തികളിൽ ജീവൻ പണയംവച്ചു കാവലിരിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ സമാധാന ജീവിതം സാദ്ധ്യമാകുന്നത്. അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടാത്തതിനാൽ പക്ഷെ, ഭൂിയിലെ സ്വർഗ്ഗമായ ഭൂമിമലയാളത്തിൽ അധിവസിക്കുന്ന നമുക്ക് ആ സേവനത്തിന്റെയും ആത്മാർപ്പണത്തിന്റെയും മൂല്യത്തെക്കുറിച്ചു കൃത്യമായ ധാരണയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതിനാലാണ് നാടൻ കഥകളിലും സിനിമയടക്കമുള്ള കലാരൂപങ്ങളിലുമൊക്കെ പട്ടാളക്കാരൻ അപഹാസ്യ കഥാപാത്രങ്ങളാകുന്നത്. മേലനങ്ങാതെ സുഖിമാന്മാരായി അതിബുദ്ധിനാന്മാരെന്നൂറ്റം കൊള്ളുന്ന നമ്മൾ അതിർത്തികളിൽ അവർ ചെയ്യുന്ന സേവനത്തിന്റെ മൂല്യം മനസ്സിലാക്കാൻ മെനക്കെടുന്നില്ല. അത് ഒരു തരത്തിൽ രാജ്യത്തോടു തന്നെ ചെയ്യുന്ന അനാദരവാണ്. ഈ അനാദരവിന്റെ മറ്റൊരു പ്രകട രൂപമാണ് രാജ്യ ദ്രോഹികൾ ആഘോഷിക്കപ്പെടുന്നത്. രാജ്യദ്രോഹികളെ ആഘോഷിക്കുന്നവരും രാജ്യദ്രോഹികളെന്നു വിലയിരുത്തപ്പെടാനുള്ള സാദ്ധ്യത വലുതാണ്.
ഹനുമന്തപ്പമാർ ആദരിക്കപ്പെടേണ്ടിടങ്ങളിൽ രാജ്യശത്രുക്കൾ ആഘോഷിക്കപ്പെടുന്നത് നല്ല സൂചനയല്ല. നമ്മളനുഭവിക്കുന്ന സമാധാനത്തിന് നമ്മൾ ആ വീര സൈനികരോടു കടപ്പെട്ടിരിക്കുന്നു. നമ്മൾ അവരെ ആദരിക്കേണ്ടിയിരിക്കുന്നു.
നമ്മളറിഞ്ഞതും അറിയാതെ പോയവരുമായ എല്ലാ ഹനുമന്തപ്പമാരും അമരരാവട്ടെ.
ജയ് ജവാൻ...