തല മാറട്ടെ


പതിവു പോലെ പ്രൗഢവും വർ‍ണ്ണശബളവുമായ റിപ്പബ്ലിക് ദിന പരേഡ്. ചരിത്രത്തിലാദ്യമായി മുഖ്യാതിഥിയുടെ രാജ്യത്തിന്‍റെ സൈനിക സംഘത്തിന്‍ പങ്കാളിത്തം കൊണ്ടുള്ള ആദരവ്. മുന്നറിയിപ്പുകളുടെ പിൻ‍ബലത്തിൽ‍ വർ‍ദ്ധിപ്പിച്ച കരുതൽ‍ മൂലം കൈവന്ന സുരക്ഷിതത്വം. ഏതൊരിന്ത്യക്കാരനും അഭിമാന ജനകമായിരുന്നു രാജ്യത്തിന്‍റെ 67ാം റിപ്പബ്ലിക് ദിനാഘോഷവും. 67 എന്നത് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയൊരു കാലമല്ല. പ്രായം കൊണ്ട് നമ്മളത്ര പഴയ രാജ്യമല്ല. എന്നാൽ‍ ഒരു സംസ്കാരമെന്ന നിലയിലാവട്ടെ സഹസ്രാബ്ദങ്ങളുടെ പഴക്കവുമുണ്ട് നമുക്ക്. എന്നാൽ‍ ആ സംസ്കൃതിയുടെ നൂലിഴ കൊണ്ടു കൊരുത്ത നവ മാല്യമായി പുതിയൊരിന്ത്യ പിറന്നപ്പോൾ അതിനു കരുത്തായതും അതിന്‍റെ വളർ‍ച്ചക്കു പിൻ‍ബലമേകുന്നതും അതിന്‍റെ ഭരണഘടനയാണെന്നത് ആവർ‍ത്തിച്ചോർ‍മ്മിക്കാനുള്ള അവസരങ്ങളാണ് യഥാർ‍ത്ഥത്തിൽ‍ ഓരേ റിപ്പബ്ലിക് ദിനവും. 

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കുപരിയായി രാഷ്ട്ര സങ്കൽ‍പ്പത്തിനു പ്രാധാന്യം നൽ‍കിയിരുന്ന ഒരുപറ്റം നേതാക്കളുടെ ദീർ‍ഘ ദർ‍ശിത്വമാണ് വാസ്തവത്തിൽ‍ ശക്തമായൊരു ഭരണഘടനയുടെ രൂപീകരണത്തിനു വഴിവച്ചത്. രാജ്യത്തിന്‍റെ പുതിയ ഭരണ സംവിധാനത്തിനു നായകത്വം വഹിച്ച പണ്ധിറ്റ് ജവഹർ‍ലാൽ‍ നെഹ്റുവും ഭരണഘടനാ ശിൽ‍പ്പി ഡോക്ടർ‍ അംബദ്കറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പ്രശസ്തമാണ്. എന്നാൽ‍ രാജ്യത്തിനു പുതിയ ഭരണഘടന രൂപീകരിക്കേണ്ട വേളയിൽ‍ ആ അഭിപ്രായ വ്യത്യാസങ്ങൾ അതിന്‍റെ വഴി മുടക്കരുതെന്ന് ഇരുവർ‍ക്കും നിർ‍ബന്ധമുണ്ടായിരുന്നു. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള പോക്കിൽ‍ പരമപ്രധാനം അതിന്‍റെ ഭരണഘടനയുടെ ശക്തിയാണ്. ശരിക്കും പറഞ്ഞാൽ‍ രാഷ്ട്ര ശരീരത്തിന്‍റെ ശിരസ്സാണ് അതിന്‍റെ ഭരണഘടന. ഈ ശിരസ്സിന്‍റെ മികവു മൂലമാണ് ഇന്ത്യക്ക് സ്വന്തം ശിരസുയർ‍ത്തി മുന്നോട്ടു പോകാനാകുന്നത്.

നമ്മുടെ സഹോദര രാഷ്ട്രങ്ങളായി പിറന്നു വീണ ചില രാജ്യങ്ങളുടെ ഇപ്പോഴത്തെ പരിതോവസ്ഥകൾക്കു കാരണം പരിശോധിക്കുന്പോൾ ഇക്കാര്യം നമുക്കു കൂടുതൽ‍ വ്യക്തമാകുന്നു. ജനാധിപത്യത്തിന്‍റെ നിലനിൽ‍പ്പിന് നമ്മുടെ ഭരണഘടന നൽ‍കുന്ന പിന്തുണ അത്രയേറെയാണ്. സോവ്യറ്റ് യൂണിയനടക്കമുള്ള രാജ്യങ്ങൾ ചരിത്രത്തിലേക്കു മറഞ്ഞിടത്ത് ഇന്ത്യ അനുദിനം കരത്താർ‍ജ്ജിക്കുന്നത് നമ്മുടെ രാഷ്ട്ര വ്യവസ്ഥയുടെ തലയായ ഭരണഘടന തന്നെയാണ്. ഡോക്ടർ‍ അംബേദ്കർ‍ നമുക്കായി തീർ‍ത്ത ഭരണഘടന ഇന്ത്യൻ‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ച് അതു പ്രബല്യത്തിൽ‍ വന്നതിന്‍റെ 67ാം വാർ‍ഷികം ആഘോഷിക്കുന്ന വേളയിൽ‍ ആ തല ഒരു തരത്തിലും മാറ്റപ്പെടാതെ ഉയർ‍ന്നിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. രാജ്യസ്നേഹത്തിലൂന്നി തികഞ്ഞ അഭിമാനത്തോടേ ഇങ്ങനെയൊക്കെപ്പറയുന്പോഴും ഇന്നെന്നെ അത്ഭുതപ്പെടുത്തുന്നതും ഞാൻ‍ നിങ്ങളുമായി പങ്കു വെയ്ക്കാനാഗ്രഹിക്കുന്നതും മറ്റൊരു തല വിശേഷമാണ്. 

പണ്ടു ബാലരമയിൽ‍ പ്രമുഖ കാർ‍ട്ടൂണിസ്റ്റ്, ഗുരു തുല്യനായ വേണുവേട്ടന്‍റേതായി വന്നിരുന്ന ഒരു കാർ‍ട്ടൂൺ പരന്പരയുണ്ടായിരുന്നു. തല മാറട്ടെ. നായകനായ കുട്ടിക്കഥാപാത്രത്തിന്‍റെ വാക്കിനനുസരിച്ച് വ്യക്തികളുടെയും ജീവികളുടെയുമൊക്കെ തലകൾ പരസ്പരം മാറുന്ന അത്ഭുതമായിരുന്നു  തലമാറട്ടെയിലെ  രസക്കൂട്ട്. ഒരു പക്ഷേ പുരാണത്തിലെ ഗണപതി ഭഗവാന്‍റെ ജനന കഥയിൽ‍ നിന്നാവാം വേണുവേട്ടൻ‍ ആ സാഹചര്യം സൃഷ്ടിച്ചെടുത്തത്. പുരാണങ്ങളിൽ‍ കണ്ട പലതും പിൽ‍ക്കാലത്ത് യാഥാർ‍ത്ഥ്യമായപ്പോഴും മനുഷ്യന്‍റെ തല മാറുന്നതു മാത്രം ഒരിക്കലും പ്രായോഗികമെന്ന് ലോകം വിശ്വസിച്ചില്ല. എന്നാൽ‍ ഇത് യാഥാർ‍ത്ഥ്യമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഡോക്ടർ‍ സെർ‍ജിയോ കനാവെരോ. ശരീര പേശികളാക്കെത്തളർ‍ന്ന വലേറി സ്പിരിഡോവ് എന്ന റഷ്യൻ യുവാവ് ഡോക്ടറുടെ പരീക്ഷണത്തിനു വിധേയനാവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച ഏതെങ്കിലുമൊരാളുടെ ശരീരവുമായാവും സ്പിരിഡോവിന്‍റെ ശരീരം ചേർ‍ക്കുക. ഈ രംഗത്ത് സ്വതന്ത്ര ഗവേഷണം തുടരുന്ന ചൈനീസ് ഡോക്ടർ‍ റെന്നുമായി ചേർ‍ന്നാണ് (Professor Xiaoping Ren)  ഡോക്ടർ‍ കനാവെരോ സർ‍ജറി പ്ലാൻ‍ ചെയ്യുന്നത്.

സംഗതി വിജയമാകുമോയെന്ന് ഉറപ്പുള്ളവർ‍ കുറവാണ്. ഇതിനെതിരേ രംഗത്തെത്തിയിട്ടുള്ളവർ‍ കുറവുമല്ല. എന്തായാലും എവിടെയായാലും തലകൾ മാറ്റി െവയ്ക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് വഴിവച്ചേക്കാം.

You might also like

Most Viewed