നേരേ ചൊവ്വേ...
ചിലകാര്യങ്ങൾ നമ്മൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം. ശരിയെന്നു നമുക്കു നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങൾ നമ്മളുൾപ്പെടെ പലരും പലയാവർത്തി ശ്രമിച്ചിട്ടും പൊതു സമൂഹം തെറ്റായി ധരിക്കുകയും വാക്കുകൾ ആവർത്തിച്ചുപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്പോൾ വേറെ വഴിയില്ല. തിരുവനന്തപുരത്തിന്‍റെ തിലകക്കുറിയായി കേണൽ ഗോദവർമ്മരാജ ഒരു ഹോട്ടൽ സ്ഥാപിച്ചപ്പോൾ അതിനിട്ട പേർ മാസ്കറ്റ് അഥവാ മാസ്കോട്ട് (Mascot) എന്നായിരുന്നു. Mascotഎന്ന ഇംഗ്ലീഷ് പദത്തിനർത്ഥം ഭാഗ്യമുദ്ര എന്നാണ്. അനന്തപുരിയുടെ ഭാഗ്യമുദ്രയെന്ന തരത്തിലായിരുന്നു ഹോട്ടലിന്‍റെ നാമകരണം. പിന്നീട് രാഷ്ട്രീയ കേരളത്തിന്‍റെ പല നിർണ്ണായക വഴിത്തിരിവുകൾക്കും വേദിയായ മാസ്കോട്ട് ഏതോ ബുദ്ധിമാന്മാർ മസ്കറ്റ് ഹോട്ടലാക്കി. തിരുത്താൻ പലരും ശ്രമിച്ചെങ്കിലും തിരുത്തപ്പെടാൻ വഴങ്ങാതെ മാസ്കോട്ട് ഇന്നും മസ്കറ്റായി തുടരുന്നു.
LAVALIN എന്ന വാക്കാണ് ഇനിയൊന്ന്. ഭൂരിപക്ഷ മലയാളിക്കിത് ലാവ്ലിനാണ്. ഏതോ ഒരു പത്രത്തിലെ ഭാഷാ വിശാരദൻ പറഞ്ഞ അബദ്ധം ഇംഗ്ലീഷ് പരിജ്ഞാനത്തിൽ മുന്നിലുള്ള മലയാളി വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ടേയിരിക്കുന്നു. ലാവലിൻ കേസ് കത്തി നിൽക്കുന്ന കാലത്ത് അന്നു ഭാഗമായിരുന്ന ചാനൽ വാർത്തയ്ക്കായി കന്പനി ഉന്നതോദ്യോഗസ്ഥന്‍റെ പ്രതികരണമെടുക്കാൻ ടെലിഫോണിൽ ബന്ധപ്പെട്ട അവസരത്തിലായിരുന്നു ഈ തിരിച്ചറിവുണ്ടായത്. വിഷയത്തിൽ പ്രതികരിച്ച സായിപ്പിന്‍റെ “ലാവ്ലിനെന്നൊരു കന്പനിയില്ല. സംഗതി ലാവലിനാണപ്പാ” എന്ന വ്യക്തമായ വാക്കുകളുടെ പിൻബലത്തിൽ അന്നേ അതു തിരുത്തി. എന്നിട്ടും മുത്തശ്ശിപ്പത്രങ്ങൾ പോലും ആ മണ്ടത്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ ചില മാധ്യമങ്ങൾ ആ വാക്ക് ശരിയായി ഉപയോഗിച്ചു തുടങ്ങിയത് പ്രതീക്ഷ നൽകുന്നു.
ഇവ പോലെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ ആവശ്യമുണ്ട് റിപ്പബ്ലിക് ദിനത്തെക്കുറിച്ചും. അറിവുണ്ടന്നു മേനി നടിക്കുന്നവരടക്കം പലർക്കും സ്വാതന്ത്ര്യ ദിനം പോലെ തന്നെ എന്തോ ഒന്നു മാത്രമാണ് റിപ്പബ്ലിക് ദിനവും. അതുകൊണ്ടുമാത്രം ആവർത്തിച്ചോർമ്മിപ്പിക്കട്ടെ, ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനമാണ് നമ്മൾ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗീകരിച്ച പുതിയ ഭരണഘടന 1950 ജനുവരി 26നു പ്രാബല്യത്തിലാവുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നുള്ള സന്പൂർണ്ണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞൊന്നുകൊണ്ടും ഭാരതം തൃപ്തമാവില്ലെന്നു വ്യക്തമാക്കി അതിനും 20 ആണ്ടുകൾക്കുമുന്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഒരു ജനുവരി 26നായിരുന്നു.
ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഇക്കാര്യങ്ങളെല്ലാം വിസ്മരിക്കുന്ന നമ്മിൽ പലർക്കും ജനുവരി 26 മറ്റൊരു കലണ്ടർ അവധി ദിവസം മാത്രം. അതുപോര, നമ്മുടെ നാടിനെക്കുറിച്ചുള്ള അറിവ് പരമ പ്രധാനമാണ്. അതുകൊണ്ടുതന്നെ തിരുത്തപ്പെടും വരെ ഇക്കാര്യങ്ങളൊക്കെ ആവർത്തിച്ചോർമ്മപ്പെടുത്താതെ തരവുമില്ല.