വിറച്ച്... മരവിച്ച്... അമേരിക്ക


സൈനികരും ആയുധങ്ങളും ഒക്കെ ഓരോ രാജ്യത്തിന്‍റെയും കരുത്താണ്. ആഗോള ശാക്തിക മത്സരങ്ങളിൽ‍ അത് മേൽ‍ക്കൈ നൽ‍കും. ഇതര രാജ്യങ്ങൾക്കു മേൽ‍ സ്വന്തം താൽ‍പ്പര്യങ്ങൾ അടിച്ചേൽ‍പ്പിക്കാൻ‍ ഈ കരുത്തു സഹായകമാകും. അങ്ങനെയുള്ള രാജ്യം ലോകത്തെ ഏറ്റവും കരത്തന്മാരെന്ന പദവിയിലെത്തും. അവർ‍ ചെയ്യുന്നതെല്ലാം ശരികളാകും. അഥവാ അവരുടെ ശരികളെല്ലാം ലോകം ശരികളായി ധരിക്കുകയും സ്വീകരിക്കുകയും വേണം. ശാക്തികമായ ഈ മുന്നാക്കം വാസ്തവത്തിൽ‍ തികച്ചും ആപേക്ഷികമാണ്. മനുഷ്യനെ സംബന്ധിച്ചു മാത്രമാണ് ഈ കരുത്തും മേൽ‍ക്കൈയുമൊക്കെ പ്രസക്തമാകുന്നത്. പ്രകൃതിയെന്നോ പ്രപഞ്ച ശക്തിയെന്നോ ഒക്കെ നമുക്കു വിശേഷിപ്പിക്കാവുന്ന ശക്തിക്കു മുന്നിൽ‍ പക്ഷേ കേവലം കായികമായ ഈ ശക്തിയും മേൽ‍ക്കൈയുമൊക്കെ തികച്ചും അപ്രസക്തമാകുന്നു. 

ഇതിൽ‍ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള തർ‍ക്കമില്ല. ദൈവവും പിശാചുക്കളുമില്ല. സൈനിക ശക്തിയിൽ‍ ലോകത്ത് ഒന്നാമതു നിൽ‍ക്കുന്ന അമേരിക്കക്കു മേൽ‍ പ്രക‍ൃതി നടത്തുന്ന താണ്ഡവം മാത്രം. എല്ലാ തോക്കുകളും ബോംബുകളുമൊക്കെ ഇവിടെ നിഷ്പ്രയോജനങ്ങളാകുന്നു. രാഷ്ട്രീയപരമായ എല്ലാ തന്ത്രങ്ങളും ഇവിടെ അതിനിസാരമാകുന്നു. സാങ്കേതികമായി നമ്മൾ നേടിയതെന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്തതെല്ലാം ഇവിടെ അപ്രസക്തമാകുന്നു. അമേരിക്കയ്ക്ക് ജോനാസ് ഇപ്പോൾ മനസും ശരീരവും മരവിപ്പിക്കുന്ന, പേടിപ്പിക്കുന്ന പേരാണ്. ജോനാസെന്നു പേരിട്ട ചുഴലിക്കൊടുങ്കാറ്റും അനുബന്ധമായ മഞ്ഞു വീഴ്ചയും വെള്ളപ്പൊക്കവുമൊക്കെ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യത്തെ കിടുകിടാ വിറപ്പിക്കുകയാണ്. 

അമേരിക്കയുടെ കിഴക്കൻ‍ തീരമപ്പാടെ അതിശൈത്യത്തിന്‍റെ പിടിയിലാണ്. പക്ഷേ പ്രകൃ‍തി അവിടെ നിന്നും നമുക്കു നൽ‍കുന്ന കാഴ്ചകളാകട്ടെ അതി മനോഹരവുമാണ്. മഞ്ഞണിഞ്ഞ കശ്മീർ‍ താഴ്്വരയുടെ മനോഹര ദൃശ്യങ്ങൾ കണ്ടിട്ടുള്ള നമുക്കറിയാം പ്രകൃതിയെ മഞ്ഞ് എത്ര മനോഹരിയാക്കുന്നെന്ന്. ന്യൂയോർ‍ക്കു മുതൽ‍ നോർ‍ത് കരോലിന വരെയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ‍ നിന്നുള്ള ദൃശ്യങ്ങൾ അതിനു സമാനമാണ്. കലണ്ടർ‍ ചിത്രങ്ങളെ സന്പന്നമാക്കാറുള്ള മഞ്ഞിന്‍റെ നിറ സാന്നിദ്ധ്യം. 

എങ്ങോട്ടൊന്നു തിരിഞ്ഞു നോക്കിയാലും കണ്ണെത്താ ദൂരത്തോളം മഞ്ഞിന്‍റെ വെള്ള മേലാപ്പ്. ഇടയ്ക്കിടെ തലയുയർ‍ത്തി നിൽ‍ക്കുന്ന മരത്തലപ്പുകൾ. കറുത്ത കീലിട്ട പാതകളും വെളുപ്പണിഞ്ഞിരിക്കുന്നു. പാതയോരത്തു നിരനിരയായി കാണുന്ന രൂപങ്ങൾ മഞ്ഞുകൊണ്ടു മൂടിയ വാഹനങ്ങളാണ്. അവ റോഡിലിറക്കാനാവില്ല. ന്യൂയോർ‍ക്കിലടക്കം പ്രധാന പാതകളും പാലങ്ങളും സുരക്ഷാ കാരണത്താൽ‍ അടച്ചിരിക്കുകയാണ്. നോർ‍ത്ത് കരോലിനയിൽ‍ ഒന്നരലക്ഷത്തിലേറെയാൾക്കാർ‍ കനത്ത മഞ്ഞു വീഴ്ചമൂലം ദുരിതത്തിലാണ്. വൈദ്യുതി വിതരണം പൂർ‍ണ്ണമായും നിലച്ചിരിക്കുന്നു. 

ഒരു മനുഷ്യന്‍റെയാവശ്യങ്ങളെല്ലാം ഒരോ സ്വിച്ചിട്ടാൽ‍ ലഭ്യമാക്കുന്ന പുരോഗതി കൈവരിച്ച നാട്ടിൽ‍ എല്ലാ ചലനങ്ങളുടെയും ചാലകശക്തിയായ വൈദ്യുതി നിലച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. റോഡുകൾ ഗതാഗതയോഗ്യമല്ലാതായതോടെ അവശ്യസാധന ദൗർ‍ലഭ്യം ശക്തമായി. പാൽ‍ വിതരണം നിന്നിരിക്കുന്നു. ഡിപ്പാർ‍ട്ടുമെന്‍റ് സ്റ്റോറുകളിൽ‍ റായ്ക്കുകൾ കാലിയായിരിക്കുന്നു. വടക്കൻ‍ വിർ‍ജീനിയയിലും മേരീലാൻ‍ഡിലും പലയിടങ്ങലിലും മൂന്നടി വരെയാണ് മഞ്ഞു പാളികളുടെ കനം. ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയാണ് ഇത്തവണത്തേതെന്നു മാധ്യമങ്ങൾ റിപ്പോർ‍ട്ടു ചെയ്യുന്നു. ഇതിനു പക്ഷേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകേണ്ടതുണ്ട്. 

മഞ്ഞു വീഴ്ച മൂലമുള്ള ദുരിതം കടുത്തതോടേ  11 അമേരിക്കൻ‍ സംസ്ഥാനങ്ങളിൽ‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ‍ സുരക്ഷാ വിഭാഗങ്ങൾ അതീവജാഗ്രത പലർ‍ത്തുകയാണ്. എങ്കിലും അനിവാര്യമായ ദുരന്തങ്ങൾ സംഭവിച്ചുകഴിഞ്ഞു. ഇതുവരെ മഞ്ഞു വീഴ്ചയുമായി ബന്ധപ്പെട്ട് പത്തൊന്പതു മരണങ്ങളാണ് റിപ്പോർ‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനു വിമാന സർ‍വ്വീസുകൾ റദ്ദു ചെയ്തു.  ഇന്നലെയും ഇന്നുമായി ഇത് പതിനായിരത്തോളം വരും. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള മഞ്ഞു വീഴ്ചമൂലമുണ്ടായ യാത്രാ ബുദ്ധിമുട്ടിനെ തുടർ‍ന്ന വഴിയിൽ‍ കുടുങ്ങിയിരിക്കുന്നത് ആയിരങ്ങളാണ്.  ദുരന്ത സാദ്ധ്യത പരിഗണിച്ച് ന്യൂയോർ‍ക്ക് നഗരത്തിൽ‍ യാത്രാ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ‍ വേലിയേറ്റം കൂടുതൽ‍ കടുത്തത് തീര ദേശത്തുള്ളവരെ വെള്ളത്തിലാക്കി. കിഴക്കൻ‍ തീരത്തിന്‍റെ ആവാസവ്യവസ്ഥയെത്തന്നെ ഇത്തവണത്തെ പ്രകൃതിക്ഷോഭം ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ‍ വിലയിരുത്തുന്നു. കടലോരങ്ങളിലെ മണ്ണൊലിപ്പ് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. താറുമാറായ തീരങ്ങളെ പൂർ‍വ്വ സ്ഥിതിയിലാക്കാൻ‍ കഠിന പ്രയത്നം വേണ്ടിവരും. 

ചെന്നൈ പ്രളയത്തിൽ‍ സംഭവിച്ചതുപോലെ ആയിരക്കണക്കിന് ആഡംബര വാഹനങ്ങൾ ഇന്നലെയും ഇന്നുമായി അമേരിക്കയുടെ കിഴക്കൻ‍തീരത്ത് വെള്ളം കയറി ഉപയോഗ ശൂന്യമായിട്ടുണ്ട്. എന്നാൽ‍ പ്രകൃ‍തിക്ഷോഭം ഇത്ര കടുത്തതാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല എന്ന് ആരോപണമുണ്ട്. പല രംഗങ്ങളിലും ലോകത്തെ മുന്പന്മാരായ അമേരിക്ക കാലാവസ്ഥാപ്രവചന കാര്യത്തിൽ‍ ഇന്ത്യയുടെയത്ര കൃത്യത പുലർ‍ത്തുന്നില്ല എന്നൊരിക്കൽ‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ ദുരന്തം. പ്രക‍‍ൃതി ക്ഷോഭങ്ങളുണ്ടാകാൻ‍ സാദ്ധ്യതയുള്ളപ്പോഴൊക്കെ ആന്ധ്രയുടെയും തമിഴകത്തിന്‍റെയും ഒഡീഷയുടെയുമൊക്കെ തീരങ്ങളിൽ‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർ‍പ്പിക്കുന്നതിനാലാണ് ഇവിടെ ദുരന്തം മൂലമുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാൻ‍ കഴിയുന്നത്. എന്നാൽ‍ ഇത്തവണ അമേരിക്കയിൽ‍ ന്യൂജേഴ്സിയടക്കമുള്ള സ്ഥലങ്ങളിൽ‍ ഇത്തരം മുന്നറിയിപ്പുകളുണ്ടായില്ല.  നോർ‍ത് വിൽ‍വുഡ് പൂർ‍ണ്ണമായും വെള്ളത്തിനടിയിലാണ്. പ്രശസ്തമായ അറ്റ്ലാന്‍റിക് സിറ്റിയുടെ കാര്യവും വ്യത്യസ്ഥമല്ല. 

ഇന്നോടെ ജോനാസ് അമേരിക്കൻ‍ തീരം വിടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ‍ കണക്കു കൂട്ടുന്നത്. എന്നാലിത് കിഴക്കോട്ടു നീങ്ങി യൂറോപ്പിലും സമാനമായ ദുരിതം വിതച്ചേക്കാമെന്ന് ആശങ്കയുണ്ട്. എല്ലാ ആയുധങ്ങൾക്കുമപ്പുറത്തുള്ള പ്രക‍ൃതിയുടെ ശക്തി ഒരിക്കൽ‍ക്കൂടി വ്യക്തമാകുന്പോൾ അത് മറ്റിടങ്ങളിലൊന്നും കൂടുതൽ‍ നാശം വിതയ്ക്കാതിരിക്കട്ടെയെന്ന് നമുക്കും പ്രത്യാശിക്കാം.

You might also like

Most Viewed