കുടുങ്ങിയേ അടങ്ങൂ
ഫെയ്സ് ബുക്ക് ചാറ്റ്ബോക്സിൽ എലിസബത് ക്ലിഫോർഡിന്‍റെ പുതിയ മെസേജ്. "i want to invest under your control". താങ്കളുടെ നിയന്ത്രണത്തിൽ എനിക്കു നിക്ഷേപം നടത്തണം. സുന്ദരിയായ ആംഗലേയ യുവതിയുടെ പ്രൊഫൈൽ പിക്ചറുള്ള അക്കൗണ്ടിൽ നിന്നും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഇപ്പോൾ പതിവാണ്. അടുത്ത പരിചയക്കാർ പലരും പൊതു സുഹത്തുക്കളായുള്ള അക്കൗണ്ടായതിനായാൽ ഫ്രണ്ട്സ് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തതാണ്. അബദ്ധമായി. പരിചയമാകും മുന്പ് വലിയ സാന്പത്തിക പങ്കാളിത്തം വാഗ്ദാനം ചെയ്യുന്പോൾ തന്നെ അതൊരു തട്ടിപ്പാണെന്ന് സാമാന്യ ബുദ്ധിയുള്ളവനൊക്കെ മനസ്സിലാകും. അങ്ങനെയുള്ള വാഗ്ദാനങ്ങൾ നടത്തുന്നവനോടൊക്കെ ‘വിട്ടു പോ മോനേ ദിനേശാ’യെന്നു പറഞ്ഞ് ബന്ധം അവിടെ മുറിച്ചിടേണ്ടതാണ്. എന്നാൽ മാധ്യമപ്രവർത്തകന്‍റെ കൗതുകം മൂലം അതു ചെയ്യാതെ മാന്യമായ ഭാഷയിൽ ‘നിങ്ങളുദ്ദേശിക്കുന്ന ആൾ ഞാനല്ല’ എന്നു വ്യക്തമാക്കുന്ന തരത്തിൽ മറുപടി പറഞ്ഞു. എങ്കിലും മറ്റു പലർക്കും മറ്റു പല പേരുകളിലും അയയ്ക്കുന്നതിനൊപ്പം എനിക്കും എലിസബത് ക്ലിഫോർഡ് തട്ടിപ്പിന്‍റെ നുറുങ്ങു സന്ദശങ്ങൾ അയച്ചുകൊണ്ടേയിരിക്കുന്നു. ഇത് നമ്മുടെ മെയിലുകളിൽ ലഭിക്കുന്ന എണ്ണമില്ലാത്ത സ്പാം മെയിലുകൾക്ക് സമാനമാണ്. ഇതയക്കുന്നവരുടെ ബിസിനസ് നടത്തിപ്പിന്‍റെ ഭാഗമാണത്. ഒരുപാടു സന്ദേശങ്ങൾ അയച്ചാലായിരിക്കും ഒരു ഇര കുടുങ്ങുക. അതൊരു തുടർച്ചയാണ്.
ഇവിടെ പ്രസക്തമായ കാര്യം മറ്റൊന്നാണ്. നട്ടാൽ കരുക്കാത്ത പാറപ്പുറത്ത് നമ്മളാരും വിത്തിറക്കാറില്ല. അത് അസാദ്ധ്യമാണെന്നു നമ്മൾ തിരിച്ചറിയുന്നു. എന്നാലിവിടെ തട്ടിപ്പുകാർ ഓരോ ദിവസവും ഇത്തരത്തിലയക്കുന്നത് പതിനായിരക്കണക്കിനു മെയിലുകളായിരിക്കാം. അതുകൊണ്ട് ഏതെങ്കിലുമൊക്കത്തരത്തിൽ അവർക്കു ഗുണമുണ്ടാവുന്നു എന്നുറപ്പ്. അസാദ്ധ്യമെന്ന് സാമാന്യ യുക്തികൊണ്ടു മനസ്സിലാക്കാമെങ്കിലും ബിരിയാണി കൊടുത്താലോ എന്ന സിനിമാ തമാശയെ അനുസ്മരിപ്പിക്കും വിധമുള്ള മാനസികാവസ്ഥയിൽ ചിലരെങ്കിലും ഇത്തരം വലക്കെണിയിൽ കുടുങ്ങാൻ തല വെച്ചു കൊടുക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വിശാല വല തുറന്നു െവയ്ക്കുന്നത് സാദ്ധ്യതകളുടെ അത്യപാരതയാണ്. അതു തട്ടിപ്പുകാർക്കു തുറന്നു നൽകുന്നതും അത്ര തന്നെ വിശാലമായ അവസരങ്ങളാണ്. അതിൽ കുടങ്ങാൻ പലകാരണങ്ങൾകൊണ്ടും ടിക്കറ്റെടുത്തു കാത്തു നിൽക്കുന്നവരുടെ നിര വളരെ നീണ്ടതാണ്.
പണം മാത്രമല്ല മാന്യതയും സ്വസ്ഥ ജീവിതവും സ്വന്തം ജീവൻ തന്നെ പലർക്കും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇക്കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്. മെയിലുകളിലും ചാറ്റിലുമൊക്കെക്കൂടിയുള്ള ബന്ധം വഴിവിട്ടതാകുന്നതോടേ അവയിൽ പലതിനും ദുരന്താന്ത്യമാകുന്നു. ബംഗളുരുവിൽ പ്രമുഖ ഐ.ടി സ്ഥാപനമായ ഐ.ബി എമ്മിലെ ഉദ്യോഗസ്ഥയായിരുന്നു കുസും സിംഗ്ല. ഭേദപ്പെട്ട വരമാനവും സാമാന്യ ബുദ്ധിയെമൊക്കയുള്ള 31കാരി. കുസും ഇന്നു ജീവനോടെയില്ല. അവൾ കൊല്ലപ്പെട്ടതാണ്. ഐ.ടി രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ യാഹുവിലെ ഉദ്യോഗസ്ഥനായ സുഖ്ബീർ സിംഗാണ് കൊലപാതകി. ഇരുവരും പരിചയപ്പെട്ടിട്ട് കേവലം പതിനഞ്ചു ദിവസം മാത്രമേ ആയിരുന്നുള്ളൂ എന്നതാണ് കൗതുകകരമായ കാര്യം.
നെറ്റിൽ പരിചിതരായി ചാറ്റിലും ഫോൺ വിളികളിലുമൊക്കയായി വളർന്ന ബന്ധത്തിന് ആദ്യ സമാഗമ വേളയിൽ തന്നെ രക്ത പങ്കിലമായ അന്ത്യം. കുസുമിനെ കാണാൻ ബംഗളുരുവിൽ പറന്നിറങ്ങിയ സുഖ്ബീർ കൂടുതൽ സുഖം കണ്ടിരുന്നത് പണത്തിലായിരുന്നു. കുസുമിനോട് 50000 രൂപ ആവശ്യപ്പെട്ടതും കുസും ആവശ്യം നിരാകരിച്ചതുമായിരുന്നത്രേ ഇതിനു വഴി വെച്ചത്. തിരിച്ചുള്ള വിമാനയാത്രക്കൂലിയെങ്കിലും വേണമെന്ന തന്‍റെ ആവശ്യവും നിരാകരിച്ചതോടെ സുഖ്ബീർ കുസുമിനെ പൈശാചികമായി കൊലപ്പെടുത്തി. കൈയിലുണ്ടായിരുന്ന പേന കൊണ്ടു കുത്തിയും കന്പ്യൂട്ടർ കേബിൾ കഴുത്തിൽ കുരുക്കിയുമായിരുന്നു കൊല.
കുസും ചർമ്മ രോഗ ബാധിതയായിരുന്നുവെന്ന് അവരുടെ ചിത്രം വ്യക്തമാക്കുന്നു. ഒരു പക്ഷേ നെറ്റിലും ഫോണിലും താൻ കണ്ട സുന്ദരിയെയാവില്ല സുഖ്ബീർ ബംഗളുരൂവിൽ കണ്ടത്. അല്ലെങ്കിൽ പണം തട്ടാനുള്ള തന്‍റെ നീക്കം വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞത് അയാളെ വിറളി പിടിപ്പിച്ചുട്ടുണ്ടാവാം. അതെന്തായാലും അയാഥാർത്ഥ ഭൂമികയിൽ പിറവിയെടുക്കുന്ന ബന്ധങ്ങളിൽ പലതും പോലെ ആ ബന്ധവും അവസാനിച്ചു. ഐടി രംഗത്തു പ്രവർത്തിക്കുന്നവരായിരുന്നിട്ടും അതിന്‍റെ ഗുണദോഷ സാദ്ധ്യതകളെക്കുറിച്ച് കൊല്ലപ്പെട്ടയാളും കൊലപാതകിയും യാഥാർത്ഥ്യ ബോധം പുലർത്താഞ്ഞതാണ് ഇവിടെ ദുരന്തത്തിലേക്കു വഴി വെച്ചത്. അയഥാർത്ഥ ലോകത്തിൽ ചതിക്കുഴികൾ ഒരുപാടൊരുപാടാണ്. പ്രൊഫഷണൽസ് പോലും അറിയാതെ കുടുങ്ങിപ്പോകുന്ന ഇത്തരം കെണികളിൽ അറിഞ്ഞോ അറിയാതെയോ തലവച്ചു കൊടുക്കാതിരിക്കാൻ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുതിയ തലമുറ.