ചില ചെറിയ വലിയ കാര്യങ്ങൾ
അണ്വായുധ പരീക്ഷണം നിർത്തലും ഉപരോധങ്ങളും അഴിമതിയും കുറ്റാന്വേഷണവുമടക്കം സംസാരിക്കാനാണെങ്കിൽ വിഷയങ്ങൾ എണ്ണമില്ലാതോളമുണ്ട്, പക്ഷേ ഇക്കാര്യങ്ങളിലൊക്കെ നമ്മളെത്രതന്നെ ശബ്ദമുയർത്തിയിട്ടും കാര്യമായ ഫലമുണ്ടാവാറില്ല എന്നതാണു വാസ്തവം. എന്നാൽ സമൂഹത്തിന്‍റെ നാവാണ് ഓരോ മാധ്യമവും. അതുകൊണ്ട് ജനപക്ഷ ജാഗ്രത ഒഴിവാക്കാനാവുകയുമില്ല.
ആ ജാഗ്രതയുടെ ഭാഗമാണ് ഈ ചെറിയ, വലിയ കഥ. സോഷ്യൽ കണ്ണിലുടക്കിയതാണ്. കഥ അരങ്ങേറുന്നത് മുംബൈയിലെ ഒരു യാത്രാ ട്രെയ്നിലാണ്. ഒരു വലിയ കന്പനിയിലെ ഉന്നതോദ്യോഗസ്ഥനാണ് കഥ പറയുന്നത്.
ഒരുദിവസം അദ്ദേഹം യാത്ര ചെയ്തുകൊണ്ടിരുന്ന കന്പാർട്ട്മെന്‍റിലേക്ക് മുഷിഞ്ഞ വേഷം ധരിച്ചൊരാൾ ഓടിക്കയറി. കയ്യിൽ ഒരു വലിയ തട്ടുമുണ്ട്. കാര്യമായി മറ്റു യാത്രക്കാരില്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥൻ അയാളുമായി കുശലഭാഷണമാരംഭിച്ചു:−
“മുംബൈലാ ജോലി?”
“ അതേ സർ, സമോസക്കച്ചവടമാ”. മുഷിഞ്ഞ വേഷമിട്ടയാൾ ഭവ്യതയോടേ പ്രതിവചിച്ചു.
“വല്യ കഷ്ടപ്പാടാരിക്കും, അല്ലേ?”
“അതേ സർ കാലത്തു മുതൽ വൈകിട്ടു വരെ ഈ തട്ടവും പേറി സമോസ വിറ്റു തീർക്കണം.”
പാവം. പൊരി വെയിലത്തും മഴയത്തുമൊക്കെ കഷ്ടപ്പെടുന്ന അയാളെപ്പോലുള്ളവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏസി മുറിയിലിരുന്നു ഫയൽ നോക്കി സുഖിക്കുന്ന നമ്മിൽ എത്ര പേർക്കറിയാമെന്നോർത്ത് മാന്യൻ മനസാ പരിതപിച്ചു. എന്നിട്ട് സംഭാഷണം തുടർന്നു:
− “ഒരു സമോസ വിറ്റാ എന്തോ കിട്ടും?”
“ഒരു രൂപാ കിട്ടും സാർ”
“എത്ര സമോസ ഡെയ്ലി വിൽക്കും?”
“ഓരോ ദിവസം അനുസരിച്ചിരിക്കും സർ.”
അയാൾ ഒഴിഞ്ഞു മാറാൻ നോക്കും പോലെ. പാവം. അയാളുടെ തുച്ഛമായ വരുമാനത്തെക്കുറിച്ച് മറ്റൊരാളുടെയടുത്തു പറയാൻ മടിയാവും. എന്നാലും അതെക്കുറിച്ചറിയാൻ ഒരു കൗതുകവും. ചോദിക്കാതിരിക്കാനായില്ല:−
“എന്നാലും കുറഞ്ഞത് എത്രയെണ്ണം വിൽക്കാൻ പറ്റും?”
“മൂവായിരത്തിൽ കുറയില്ല സർ”
ചെറുതായൊന്നു ഞെട്ടിയെങ്കിലും പുറത്തു കാട്ടിയില്ല. എങ്കിലും അടുത്ത ചോദ്യം പെട്ടെന്നെത്തി:−
“അപ്പോ തിരക്കുള്ളപ്പോ?”
“അയ്യായിരം വരെയൊക്കെ ചെലപ്പോ പോകും?”
കണക്കിൽ ബിരുദവും എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും ജോലി പരിചയവുമൊക്കെയുള്ള മാന്യൻ കണക്കു കൂട്ടാൻ നൊടിയിട ധാരാളമായിരുന്നു. ശരാശരി വിൽക്കുന്ന സമോസയുടെ എണ്ണം 4000. ഒരു ദിവസത്തെ ശരാശരി വരുമാനം 4000. പ്രതിമാസം ശരാശരി ജോലി ചെയ്യുന്ന ദിവസങ്ങൾ 25. ശരാശരി പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപ. ശരിക്കും കണ്ണുതള്ളിപ്പോയി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. ശരിക്കും ശശിയായി നമ്മുടെ കഥാ നായകൻ. കഥയിലിപ്പോൾ നായകൻ ആരാണെന്ന കാര്യത്തിൽ നമുക്കും സംശയമായിത്തുടങ്ങുന്നു.
“എത്ര വരെ പഠിച്ചു?” മാന്യന്‍റെ ചോദ്യത്തിൽ കൗതുകവും അത്ഭുതവുമെല്ലാമുണ്ടായിരുന്നു.
“മൂന്നാം ക്ലാസുവരെ പഠിക്കാനേ പറ്റിയൊള്ളു സാർ. പിന്നെ കുടുംബ പ്രാരാബ്ധം കൊണ്ടു കച്ചോടം തൊടങ്ങി?”
പാവം. അനഭ്യസ്ഥനാണ്. ലഭിക്കുന്ന പണം സൂക്ഷിച്ചുപയോഗിക്കാനുള്ള പരിജ്ഞാനം എം.ബിയെയും നേടിയ തന്നെപ്പോലെ ഇയാൾക്ക് ഏതായാലും ഉണ്ടാവില്ല. അതുകൊണ്ടാവും മൂന്നാം ക്ലാസുതൊട്ടിങ്ങോട്ട് മടുപ്പിക്കുന്ന ഒരേ തൊഴിൽ മാത്രം ചെയ്യാൻ ഇയാൾ നിർബന്ധിതനാകുന്നത്.
“നിങ്ങളീ പണമെല്ലാം എന്തു ചെയ്യുന്നു?” ചോദ്യത്തിലിപ്പോൾ കപടമായ ഒരുതരം നിർമ്മത്വമാണ്.
“കുറച്ചു പൈസ ചെലവിനെടുക്കും സർ. ബാക്കി ചേർത്തു വെച്ച് ഭൂമി വാങ്ങും.” ചോദ്യകർത്താവിന്‍റെ ഔൽസുക്യം തിരിച്ചറിഞ്ഞ് സമോസക്കാരന്‍ മറ്റൊരു ചോദ്യമാവശ്യമില്ലെന്ന തിരിച്ചറിവിൽ തുടർന്നു:− “കുറച്ചു നാൾ മുന്പ് 8 ലക്ഷം കൊടുത്തു മുംബൈയിൽ വാങ്ങിച്ച വസ്തു കഴിഞ്ഞ കൊല്ലം 80 ലക്ഷത്തിനു വിറ്റു. അതിൽ 40 കൊടുത്തു പുതിയൊരു വസ്തു വാങ്ങിച്ചു.”
“ബാക്കിയുള്ള 40ൽ 20 മകളുടെ പേരിൽ ബാങ്കിലിട്ടു. 10 മകന്‍റെ പഠനത്തിനു വേറേ അക്കൗണ്ടിലിട്ടു. മിച്ചമുണ്ടായിരുന്ന പത്ത് ഞങ്ങടെ രണ്ടാൾടേം പേരിലാ സാറേ”. മുഖത്തും സംസാരത്തിലും തെല്ലു നാണം കലർത്തി തന്‍റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിനെ പറ്റി പരാമർശിച്ചു കൊണ്ട് അയാൾ പറഞ്ഞു നിർത്തി. അക്ഷരാർത്ഥത്തിൽ കുന്തം വിഴുങ്ങിയ പരുവത്തിലായി കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷകളെഴുതി പേരെടുത്ത കന്പനിയിലെ ശീതീകരിച്ച ക്യാബിനിലിരുന്ന് വലിയ ശന്പളം വാങ്ങി വലിയ ജോലി ചെയ്യുന്ന ആ ഉന്നതോദ്യോഗസ്ഥൻ. ടാർജറ്റ്, റവന്യൂ, ബ്രയിൻ സ്റ്റോമിംഗ്, ഡിമാന്‍റ്, പ്രൊമോഷൻ, പാര, ടെർമിനേഷൻ ഇങ്ങനെ എണ്ണമില്ലാത്ത തലവേദനകളിലൂടെയാണ് താനടക്കം പല വലിയ ആൾക്കാരും കടന്നു പോകുന്നത്. അതിനിടെ പ്രിയപ്പെട്ട ഭാര്യയും കുടുംബവുമായി ചെലവഴിക്കുന്നത് എത്ര കുറഞ്ഞ സമയമാണ്. അവിടെയുമുണ്ടാവും മൊബൈലിലും വാട്സാപ്പിലുമായി ജോലിക്കുരുക്ക്. ഈ സമോസക്കാരനാകട്ടെ ഈ കുരുക്കുകളിലൊന്നും പെടാതെ സസുഖം അതിസന്പന്നനായി ജീവിക്കുന്നു.
നമ്മളെല്ലാവർക്കും ഈ സമോസക്കാരനാകാനാവില്ല. എങ്കിലും എണ്ണ വിലയിടിവിന്‍റെയും ആളെക്കുറയ്ക്കലിന്‍റെയും വൈദ്യുത, ഇന്ധന ചാർജു വർദ്ധനവിന്‍റെയും ഒക്കെ ആകുലതകളിൽ നെഞ്ചു തിരുമ്മാൻ തുടങ്ങിയ പല ചേട്ടന്മാർക്കും ജീവിക്കാൻ ഒന്നല്ലെങ്കിൽ ഒരുപാടു വഴികൾ ഇനിയുമെണ്ടന്ന തിരിച്ചറിവു പകരാൻ ഈ കഥ ഉപകരിക്കും, ഉറപ്പ്.