മാറ്റത്തിന്‍റെ കാറ്റ് : ഇറാനെതിരെയുള്ള രാജ്യാന്തര ഉപരോധം നീക്കം ചെയ്തത് പേർഷ്യൻ ഗൾഫിൽ മാറ്റത്തിന്‍റെ കാറ്റ
ഭൂഗോളത്തിന്‍റെ ഒരറ്റത്ത് ഉത്തരകൊറിയയിൽ നിന്നുള്ള ആണവായുധ കൊടും ഭീഷണിയുടെ വർത്തമാനമായിരുന്നു കഴിഞ്ഞയാഴ്ച നമ്മൾ ചർച്ച ചെയ്തത്. എന്നാൽ ഈയാഴ്ച ലോകത്തിന്‍റെ സംഘർഷ ഭരിതമായ മറ്റൊരു കോണിൽ നിന്നും ആണവഗവേഷണവുമായി ഉയർന്നു കേൾക്കുന്നത് തികച്ചും ശുഭോദർക്കമായ വാർത്തകളാണ്. പശ്ചിമേഷ്യയിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതായുള്ള പാശ്ചാത്യശക്തികളുടെ തീരുമാനമാണ് ഈ നിരയിലെ ഏറ്റവും പുതിയ ചുവടുവെപ്പ്. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ഫെഡറിക്ക മൊഖേറിനിയാണ് ഇറാനെതിരെയുള്ള ഉപരോധങ്ങളിൽ ഇളവു വരുത്താനുള്ള തീരുമാനം ലോകത്തെ അറിയിച്ചത്. സ്വന്തം അണുവായുധ വികസന പരിപാടികൾ അവസാനിപ്പിക്കുന്നതടക്കമുള്ള ഉപാധികൾ ഇറാൻ അംഗീകരിച്ചതോടെയാണ് ഉപരോധങ്ങൾ അവസാനിപ്പിക്കാൻ വഴിതെളിഞ്ഞത്. ഇത് ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് പ്രത്യക്ഷത്തിൽ തന്നെ വഴിവെയ്ക്കും. ഗൾഫിലെ ശാക്തിക സമവാക്യങ്ങളെയും ഉപരോധ നീക്കം ബാധിക്കാൻ തന്നെയാണ് സാദ്ധ്യത. ഇറനുമായി കൂടുതൽ ചങ്ങാത്തത്തിനുള്ള പാശ്ചാത്യ ശക്തികളുടെ നീക്കം മേഖലയിലെ പ്രമുഖ ശക്തികളിലൊന്നായ ഇസ്രായേലിനെ ഇപ്പോൾ തന്നെ ചൊടിപ്പിച്ചിട്ടുണ്ട്.
മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമെന്ന ചൊല്ല് വീണ്ടുമൊരിക്കൽക്കൂടി പ്രാവർത്തികമാകുന്നു. എലിയും പൂച്ചയും എന്നും ശത്രുക്കളായിത്തന്നെ ഇരിക്കണമെന്നില്ല. ദശാബ്ദങ്ങളായി ശത്രുപക്ഷങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെയും ക്യൂബയുടെയും ശത്രുത ഇത്തരത്തിലുള്ളതായിരുന്നു. വർഗ്ഗ ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളുടെയും നായകന്മാർ പരസ്പരം ഹസ്തദാനം നടത്തുന്നതിനും ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര കാര്യാലയങ്ങൾ പുനരാരംഭിക്കുന്നതിനുമൊക്കെ 2015 സാക്ഷ്യം വഹിച്ചു. 2016 ന്‍റെ തുടക്ക മാസം തന്നെ ഇത്തരത്തിലുള്ള രണ്ടു പരന്പരാഗത ശത്രുക്കളുടെ ശത്രുതവെടിയലിനു സാക്ഷ്യംവഹിക്കുകയാണ് ലോകം. അമേരിക്കയും ഇറാനും ഇനി ശത്രുക്കളല്ല. ഇന്ന് അങ്ങനെയായിട്ടില്ലെങ്കിൽ നാളെ അത് അങ്ങനെ തന്നെയായേക്കും. രാഷ്ട്രീയത്തിൽ മാത്രമല്ല ആഗോള ബന്ധങ്ങളിലും നിത്യ ശത്രുവും നിത്യ മിത്രവുമില്ലെന്ന് വീണ്ടുമൊരിക്കൽക്കൂടി വെളിവാകുന്നു. അമേരിക്ക മാത്രമല്ല യൂറോപ്യൻ ശക്തികളുടെ സമന്വയമായ യൂറോപ്യൻ യൂണിയനും ഇറാനെതിരെയുള്ള വിരോധവും ഉപരോധവും അവസാനിപ്പിച്ചിരിക്കുകയാണ്. ഇതൊരു വലിയ കാൽ വയ്പ്പാണ്.
കഴിഞ്ഞ 7 മാസമായി നടന്ന നയതന്ത്ര നീക്കങ്ങളുടെയും ചർച്ചകളുടെയും ഫലമായാണ് ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള അഭിപ്രായ ഐക്യം സംജാതമായത്. അഞ്ചുമൊന്നും ഇറാനും (പി ഫൈവ് പ്ലസ് വൺ ആന്റ് ഇറാൻ) എന്നു വിശേഷിക്കപ്പെട്ട ഗ്രൂപ്പിന്‍റെ നിരന്തര ചർച്ചകളും നടപടികളും ഒടുവിൽ ഫലപ്രാപ്തിയിൽ എത്തുകയായിരുന്നു. സ്വിറ്റ്സർലണ്ടിലെ ലൊസെയ്നിൽ ഈ ഗ്രൂപ്പിന്‍റെ അമരക്കാർ കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനു നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇവ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമായതോടെ ഉപരോധങ്ങൾ നീക്കാനും വഴിയൊരുങ്ങി. ചൈന, റഷ്യ, ഫ്രാൻസ്, അമേരിക്ക, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളാണ് പി ഫൈവ് സംഘത്തിലെ അംഗ രാജ്യങ്ങൾ. ഇന്‍റർനാഷണൽ ആറ്റമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) യുടെ മേൽനോട്ടത്തിലുള്ള നിരീക്ഷണ നടപടികളിൽ, ഇറാൻ പി ഫൈവ് നിർദ്ദേശങ്ങൾ അംഗീകരിക്കുന്നുണ്ടന്നു വ്യക്തമായ സാഹചര്യത്തിലാണ് ഉപരോധങ്ങൾ നീക്കം ചെയ്യുന്നത്.
വർഷങ്ങളായി ആണവ പരിപാടികളുമായി മുന്നോട്ടു പോകുന്ന ഇറാന്‍റെ ആണവ സ്വപ്നങ്ങളുടെ കടയ്ക്കൽ കത്തി വെയ്ക്കുന്നതാണ് പി ഫൈവ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധികൾ. അണവോർജ്ജ വികസനത്തിനുള്ള സാങ്കതിക സംവിധാനങ്ങൾ മുഴുവനും പ്രവർത്തന രഹിതവും ഉപയോഗ ശൂന്യവുമാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇറാനിലെ അറാകിലുള്ള ഘനജല റിയാക്ടറാണ് ഇതിൽ ഏറ്റവും പ്രധാനം. റിയാക്ടറിന്‍റെ പ്രധാന ഭാഗം നീക്കം ചെയ്ത് അവിടെ കോൺക്രീറ്റ് നിറയ്ക്കും. ആയുധേതര ഉർജ്ജോൽപ്പാദനത്തിന് ഉതകും വിധം റിയാക്ടർ പൂർണ്ണമായും പുനർനിർമ്മിക്കും. രാജ്യത്തിന്‍റെ യുറേനിയം സന്പുഷ്ടീകരണ തോത് 20 ശതമാനത്തിൽ നിന്നും 3.7 ആക്കി കുറയ്ക്കും. ക്വോം നഗരത്തിനടുത്തുള്ള ഭൂഗർഭ അണവോർജ്ജോത്പാദന കേന്ദ്രമായ ഫോർദോവിലെ യുറേനിയം സന്പുഷ്ടീകരണം പൂർണ്ണമായും നിർത്തും. രാജ്യത്ത് സൂക്ഷിക്കാവുന്ന സന്പുഷ്ടീകൃത യുറേനിയത്തിന്‍റെ അളവ് 300 കിലോയാക്കി നിജപ്പെടുത്താനും ഇറാന് സമ്മതിക്കേണ്ടി വന്നു. ഈ അളവിൽ കൂടുതലുള്ളത് അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കും. ഇതു ഫലത്തിൽ പ്രമുഖ ശക്തികൾ ചുളു വിലയ്ക്ക് തട്ടിയെടുക്കുക തന്നെയാവും ചെയ്യുക. കാരണം സാധാരണ വസ്തുക്കൾ പോലെ പൊതു വിപണിയിൽ ലേലം ചെയ്തു വിൽക്കാവുന്ന വസ്തുവല്ല യുറേനിയം. അത് ആർക്ക്, എന്തു വിലയ്ക്കു വിൽക്കണമെന്നു തീരുമാനിക്കുക ഈ വൻശക്തികൾ തന്നെയാവും. ഉപരോധ നീക്കത്തിന്‍റെ ആത്യന്തിക ഫലങ്ങൾ പലതും ആത്യന്തികമായി ഇറാനേക്കാൾ ഈ ശക്തികൾക്കൊക്കെത്തന്നയാവും ഗുണം ചെയ്യുക എന്നും വിലയിരുത്തപ്പെടുന്നു. പരന്പരാഗത മിത്രമായ ഇസ്രായേലിനെപ്പോലും പിണക്കി ഇത്തരത്തിലേക്കൊരു ഉപരോധ നീക്ക തീരുമാനത്തിലേക്ക് പാശ്ചാത്യ ശക്തികളെ കൊണ്ടെത്തിച്ചതിനു പിന്നിലുള്ള പ്രധാന കാരണം അതുതന്നെയാകും. ഒപ്പം ആഗോള ശാക്തിക രാഷ്ട്രീയത്തിൽ അമേരിക്കക്കു മാത്രം പ്രാധാന്യമുള്ള ഏകധ്രുവ സാഹചര്യം അവസാനിച്ചതും റഷ്യയ്ക്കും ചൈനയ്ക്കും കൂടുതൽ കരുത്തു നേടാനായതും ഇതിന് ഊർജ്ജം പകർന്നു.
ഉപരോധങ്ങൾ ഇറാനു പുത്തരിയല്ല. പതിറ്റാണ്ടുകളായി പലതരത്തിലുള്ള ഉപരോധങ്ങളുടെ നിഴലിലാണ് ആ രാജ്യം. 1979ൽ ഷായ്ക്കെതിരെയുള്ള വിപ്ലവത്തെ തുടർന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആദ്യ ഉപരോധം. പിന്നീടിങ്ങോട്ട് പലപല കാരണങ്ങളുടെ പേരിൽ ഉപരോധങ്ങളുടെ കുരുക്കു മുറുകിക്കൊണ്ടിരുന്നു. ഒരു വശത്ത് ഉപരോധങ്ങൾ മുറുകുന്പോഴും ഇറാൻ അതിന്‍ വലിപ്പത്തിന്‍റെ പിൻബലത്തിൽ അതിജീവനത്തിന്‍റെയും പ്രതിരോധത്തിന്‍റെയും പുത്തൻ സാദ്ധ്യതകളും തേടിക്കൊണ്ടിരുന്നു.
ഒടുക്കം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിപണനം നടത്തുന്നതിനും പാശ്ചാത്യ ശക്തികളുമായുള്ള ബാങ്കിംഗ് ശൃംഘലകളിൽ കണ്ണിയാവുന്നതിനും പ്രതിരോധമടക്കമുള്ള രംഗങ്ങളിലെ സാങ്കതിക പങ്കാളിത്തങ്ങൾക്കുമൊക്കെ ഉപരോധങ്ങളായി. ആണവോർജ്ജ വികസനകാര്യത്തിനും ഉപരോധം തടസ്സമായിരുന്നു. ഇതിനെ അവഗണിച്ച് സ്വന്തം പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ആണവ പരിപാടികളുമായി അവർ മുന്നോട്ടു പോയത്. ഉപരോധങ്ങൾ കുറച്ചൊന്നുമല്ല ആ രാജ്യത്തെ ബുദ്ധിമുട്ടിച്ചത്. രാജ്യത്തിനു പുറത്തുള്ള ഇറാന്‍റെ വാണിജ്യ താൽപ്പര്യങ്ങളെല്ലാം മുടങ്ങി. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള സ്വത്തുകൾ പലരാജ്യങ്ങളിലായി കണ്ടുകെട്ടപ്പെട്ടു. അതിലേറെ കഷ്ടമായിരുന്നു ഉപരോധങ്ങളുടെ വിലക്കില്ലാത്ത ചികിൽസാ രംഗം. പക്ഷേ ഇതര മേഖലകളിലെല്ലാം ഉപരോധത്തെത്തുടർന്നുണ്ടായ മരവിപ്പ് ചികിൽസാ രംഗത്തെയും ഗുരുതരമായിത്തന്നെ ബാധിച്ചു. അവശ്യ മരുന്നുകളുടെ ദൗർലഭ്യതയും റേഡിയേഷൻ, കീമോ തെറാപ്പി ചികിൽസാ സൗകര്യങ്ങളുടെ അഭാവവുമൊക്കെ ഇതിന്‍റെ ഫലം തന്നെയായിരുന്നു. മരുന്ന്, ചികിൽസാ മേഖലയിലെ വന്പന്മാരായ പാശ്ചാത്യ കന്പനികളുടെ അഭാവം മരുന്ന് ലഭ്യത വലിയൊരളവ് ഇല്ലാതാക്കി. ഈ അവസ്ഥകളൊക്കെ ഉപരോധം ഇല്ലാതാവുന്നതോടെ മാറും. ഇതിന്‍റെ
ഗുണവും പക്ഷേ സാധാരണക്കാരെക്കാളേറെ ലഭിക്കു
ക വന്പൻ കന്പനികൾക്കു കൂടിയാകും. ഈ രംഗത്തെ കുത്തകകളൊക്കെ പാശ്ചാത്യ കന്പനികൾ തന്നെയാണ്. ഇറാനിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കു നീങ്ങുന്നതോടേ ഇവിടുത്തെ സാദ്ധ്യതകൾ മുതലെടുക്കാൻ കുത്തകകൾ മൽസരിച്ചത്തുമെന്നുറപ്പ്.
ഇറാന് അന്താരാഷ്ട്ര വിപണികളിൽ സ്വന്തമുൽപ്പന്നങ്ങൾ യഥേഷ്ടം വിപണനം നടത്താമെന്നതാണ് ഉപരോധ നീക്കത്തിന്‍റെ ഏറ്റവും വലിയ ഗുണമായി പാശ്ചാത്യ നിരീക്ഷകർ എടുത്തു കാട്ടുന്നത്. അത് ഇറാന്‍റെ വരുമാനം വർദ്ധിപ്പിക്കുമെന്നുറപ്പാണ്. എന്നാലിവിടെയും കൂടുതൽ നേട്ടം അമേരിക്കയ്ക്ക് തന്നെയാവും. ഇറാന്‍റെ എണ്ണകൂടി യഥേഷ്ടം ലഭ്യമാകുന്നതോടേ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇനിയുമിടിയും. ഏകദേശം പത്തു ശതമാനം വിയലിടിവാണ് ഇക്കാര്യത്തിൽ അന്താരാഷ്ട്ര വാണിജ്യ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഇതുവഴി അമേരിക്കയ്ക്കു മാത്രം 76 ബില്യൺ ഡോളറിന്‍റെ ലാഭമാണ് ഇക്കൊല്ലമുണ്ടാവുക.
എണ്ണപ്പണം തന്നെയാണ് അറബ്സന്പദ് വ്യവസ്ഥയുടെ കരുത്ത്. എണ്ണവിലത്തകർച്ച അതിനെ ദുർബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുയാണ്. ഇത് മൂലം അറബ് രാഷ്ട്രങ്ങൾ കൂടുതൽ ദുർബ്ബലമാകുമെന്നും ഇക്കൂട്ടർ കിനാവുകാണുന്നു. ഇതുവരെ വ്യക്തമായ അറബ് പക്ഷപാതിത്വവും ഇറാന്‍ വിരോധവും പുലർത്തിയിരുന്ന അമേരിക്ക പെട്ടെന്നു നിലപാടുകളിൽ കീഴ്മേൽ മറിഞ്ഞതിനു പിന്നിൽ ഈ സ്വാർത്ഥത തന്നെയാണ് പ്രധാന ഘടകം.
മാത്രമല്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി എണ്ണവിപണനം ശക്തമാക്കാനുള്ള ഇറാന്‍റെ തീരുമാനം ആ രാജ്യത്തെ ശാക്തീകരിക്കുമെന്നും അതു തങ്ങൾക്കെതിരായ ശാക്തിക ചേരിയിലേക്ക് ഇറാനെ കൂടുതലടുപ്പിക്കുമെന്നും അമേരിക്ക മനസ്സിലാക്കുന്നു. പാകിസ്ഥാനിലെ അസ്വസ്ഥതകളിലൂടെ ഇന്ത്യ-ഇറാൻ ഇന്ധന കൈമാറ്റത്തെ ഇനി എത്ര കാലം തടഞ്ഞിടാമെന്ന് ഉറപ്പില്ല. ജനാധിപത്യ പാകിസ്ഥാനെ തളർത്തി സൈനിക പാകിസ്ഥാനെ വളർത്തിയുള്ള കളികൾക്കും സാദ്ധ്യത മായുകയാണ്. ആത്യന്തികമായി വാണിജ്യ താൽപ്പര്യങ്ങളാണ് അമേരിക്കയെയും കൂട്ടാളികളെയും നയിക്കുന്നത്. വ്യവസായ വികസനത്തിലേറിയുള്ളതു മാത്രമാണ് സമസ്ത മേഖലകൾലെയും അവരുടെ വികസനം. അതുകൊണ്ട് സ്വന്തം രാജ്യത്തെ കുത്തകകളുടെ താൽപ്പര്യമാണ് അവർക്കെന്നും പ്രധാനം. വാണിജ്യരംഗത്തെ ചൈനയുടെ വൻ കുതിപ്പും മെയ്ക്ക് ഇൻ ഇന്ത്യയടക്കമുള്ള പദ്ധതികളിലൂടെ ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന വികസന സാദ്ധ്യതകളുമൊക്കെ അമേരിക്കൻ ചിന്താധരണിയെ സ്വാധീനിച്ചിരിക്കുമെന്നുറപ്പ്. പ്രത്യക്ഷത്തിൽ അംഗീകരിച്ചാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും വലിയ ഉപഭോഗ സമൂഹമെന്ന തലത്തിലുള്ള ഇന്ത്യയുടെ പങ്ക് ഫലത്തിൽ അമേരിക്കക്ക് അവഗണിക്കാനാവില്ല. ഇന്ത്യയിലും ചൈനയിലുമായി നഷ്ടപ്പെട്ട വിപണി സാദ്ധ്യതകൾ കുറഞ്ഞ തോതിലെങ്കിലും ഇറാന്‍റെ മണ്ണിലൂടെ തിരിച്ചു പിടിക്കാമെന്ന് അവർ കരുതിയേക്കാം. ഏതായാലും അമേരിക്കൻ കന്പനികൾ വൈകാതെ ഇറാന്‍റെ മണ്ണിൽ പ്രവർത്തനം തുടങ്ങുമെന്നുറപ്പ്.
ന്യൂയോർക്ക്, ബ്രിട്ടൺ, ലക്സംബർഗ്ഗ്, ജപ്പാൻ, കനഡ എന്നിങ്ങനെ ലോകത്തിന്‍റെ വിവിധയിടങ്ങളിലുള്ള കെട്ടിടങ്ങളടക്കം വലിയ റിയൽ എേസ്റ്ററ്റ് സ്വത്ത് ഇറാന്‍റേതായുണ്ട്. ഉപരോധങ്ങളെ തുടർന്ന് ഇവയൊക്കെത്തന്നെ ഇടപാടു വിലക്കു നേരിടുകയാണ്. വിലക്കു നീങ്ങുന്നതോടെ ഇവയുടെ ഉടമസ്ഥാവകാശം വീണ്ടെടുക്കാനും ഇടപാടുകൾ നടത്താനും ഇറാനാവും. ഇതൊക്കെ സാദ്ധ്യമാകണമെങ്കിൽ ഉടന്പടി പ്രകാരമുള്ള നിയന്ത്രണങ്ങൾ വരുന്ന 15 വർഷം ഇറാൻ പിഴവില്ലാതെ പാലിക്കണം. ഇത് പാലിക്കപ്പെടുമോ എന്നറിയാൻ കാത്തിരുന്നേ
മതിയാവൂ.
ഉപരോധ നീക്കം ഇറാനെയും സിറിയൻ നായകൻ ബാഷർ അൽ അസദിനെയും ആഗോള തീവ്രവാദത്തെയുമൊക്കെ ശാക്തീകരിക്കുമെന്ന ഇസ്രായേലിന്‍റെ ആശങ്ക തള്ളിക്കളയാനാവില്ല. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം സംജാതമാകുമെന്നും പ്രതീക്ഷിക്കാനാവില്ല. ഗുണങ്ങളും ദോഷങ്ങളും ഒരുപാടുണ്ടെങ്കിലും ഉടന്പടിയും ഉപരോധ നീക്കവും ചരിത്രപരം തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.