രക്ഷാ യാത്രകൾ
യാത്രകളിലാണ് നമ്മളെല്ലാവരും. ആ യാത്രകളുടെ ഭാഗമായാണ് നമ്മൾ പ്രവാസ ലോകത്തെത്തി വേരുറപ്പിച്ചത്. സ്വന്തം വിയർപ്പൊഴുക്കിത്തന്നെയെങ്കിലും ഇവിടുന്നുള്ള വെള്ളവും വളവും വലിച്ചെടുത്ത് നിലനിൽക്കുകയും വളരുകയും ഒക്കെ ചെയ്യുന്നതും ആ യാത്രകളുടെ ഭാഗം തന്നെ. എല്ലാ യാത്രകളിലെയും പോലെ ചിലർ സ്വപ്നം കണ്ട ലക്ഷ്യങ്ങളിലും അതിനുമപ്പുറവുമൊക്കെ എത്തിച്ചേരുന്നു. ചിലർ തളർന്നു വീഴുന്നു. അവരിൽ ചിലർക്ക് കാലം കൈത്താങ്ങാവുന്നു. ചിലർ ഒരു മുന്നറിയിപ്പും തരാതെ ഇടയ്ക്കു യാത്രയവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്നു. അങ്ങനെ ഇറങ്ങിപ്പോകുന്നവരുടെ വർത്തമാനങ്ങൾ, അവർ നമുക്കു പരിചയമുള്ളവരാണെങ്കിലും അല്ലെങ്കിലും, വേദന പകരുന്നതാണ്. ‘ഹൃദയസ്തംഭനം: മലയാളി മരിച്ചു.’
ഇടയ്ക്കെപ്പോഴെങ്കിലും അത്തരം വർത്തമാനങ്ങൾ ഇടവേളയില്ലാതെ നമ്മെത്തേടിയെത്താറുണ്ട്. നമ്മളധിവസിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ പൊതു അവസ്ഥയെക്കുറിച്ചുള്ള സൂചകങ്ങളിലൊന്നു കൂടിയാണ് ഈ വർത്തമാനം.
ഹൃദയത്തിന്‍റെ പലതരത്തിലുള്ള ദുർബ്ബലാവസ്ഥയാണ് ഇത്തരത്തിലുള്ള മരണങ്ങളിലേക്കു നയിക്കുന്നത്. ഇതാവട്ടെ ലക്കുകെട്ട ജീവിതവും ചിട്ടയില്ലാത്ത ആഹാര രീതിയുമടക്കം നിരവധി കാരണങ്ങൾ കൊണ്ടുമാകാം. പൊതുവായി പറഞ്ഞാൽ പലവിധ ആകുലതകൾ അറിഞ്ഞോ അറിയാതെയോ യാത്രയവസാനിപ്പിക്കാൻ നമ്മിൽ ചിലരെ നിർബന്ധിതരാക്കുന്നു. ഈ ആകുലതകളാകട്ടെ മനുഷ്യ കുലത്തിന്‍റെ കൂടെപ്പിറപ്പാണ്. നമ്മയൊക്കെ കർമ്മ നിരതരാക്കുന്നതും ഒരുപരിധിവരെ ഈ ആകുലതയാണ്. അതുകൊണ്ട് ഇതിനെ ഒഴിവാക്കാനാവില്ല. പൂർണ്ണമായും ഒഴിവാക്കാനാവാത്ത ശത്രുവിനെ നിയന്ത്രിക്കുക എന്നതു മാത്രമാണ് കാരണീയം. ഇതിൽ വിജയിക്കാതെ പോകുന്പോഴാണ് നമ്മുടെ സഹയാത്രികരിൽ ചിലർക്കെങ്കിലും കാലിടറുന്നത്. അവർ പ്രതീക്ഷിക്കാത്ത യാത്രകൾ പോകുന്നത്.
വെയ്ക്കുന്ന ചുവടുകൾ മാത്രമല്ല കാണുന്ന കനവുകളും യാത്രകൾ തന്നെയാണ്. സ്വപ്നങ്ങൾ സാദ്ധ്യമാകില്ലെന്നു തിരിച്ചറിയുന്നിടങ്ങളിൽ നമ്മൾ പ്രവാസികൾ തിരിച്ചു പോക്കുകൾക്കു സന്നദ്ധരാകും. “ഓ മതിയായി. ഇനി നാട്ടിൽ പോയി ശുദ്ധ വായുവും ശ്വസിച്ചു സുഖമായി ജീവിക്കാം”; എന്നു ചിലരെങ്കിലും ആശ്വാസം കൊള്ളുന്നത് തൊഴിൽ സംബന്ധമായും ‘വിസ’കാര്യത്തിലും പ്രശ്നങ്ങളുണ്ടാവുന്പോഴായിരിക്കുമെന്ന തമാശ പൊട്ടിച്ചത് ഇന്നലെ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ക്രിസ്മസ് ആഘോഷത്തനിടെയുള്ള സൗഹൃദ സംഭാഷണങ്ങൾക്കിടെ ഫ്രാറ്റ് സ്ഥാപകാംഗം കൂടിയായ ഏബ്രഹാം ജോണായിരുന്നു. അമേരിക്കയിലേക്കും കനഡയിലേക്കുമൊക്കയുള്ള മൈഗ്രേഷന്‍റെ കാര്യവും അങ്ങനെതന്നെ. അതൊക്കെ നമ്മളറിയാതെ തന്നെ നമ്മളിലൊക്കെ അന്തർലീനമായ അതിജീവന തന്ത്രത്തിന്‍റെ ഗുണ വിശേഷമാണ്. ഈ അതിജീവന ശേഷിയിൽ കുറവുള്ള ദുർബ്ബല മനസ്കർ വഴിയിൽ തളർന്നു വീഴുന്നു.
കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരായിരിക്കാൻ ശ്രമിക്കുക മാത്രമാണ് ഇവിടെ നമുക്കു ചെയ്യാനുള്ളത്. കാരണം യാഥാർത്ഥ്യ ബോധമില്ലാത്ത സ്വപ്നങ്ങളാണ് പലപ്പോഴും നമുക്കു നിരാശയുണ്ടാക്കുന്നത്. അതാണ് നമ്മുടെ ആകുലതകൾ പെരുപ്പിക്കുന്നത്. അതിനുള്ള കാരണങ്ങളാവട്ട നമുക്കുചുറ്റും ആവശ്യത്തിലേറെയുണ്ടുതാനും. അങ്ങനെ ആവശ്യത്തിലേറെ ഇനങ്ങളുള്ള ബഹ്റിൻ പ്രവാസിയുടെ ആകുലതാ പട്ടികയിലേയ്ക്ക് പുതിയ ഇനങ്ങൾ ഒന്നൊന്നായി എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദ്യുതി, വെള്ളനിരക്കുകൾ വർദ്ധിച്ചിരിക്കുന്നു. കൂടുതൽ നികുതികളും വന്നേക്കാം. പ്രവാസികളുടെ എണ്ണം പകുതിയാക്കിക്കുറയ്ക്കാൻ ഇവിടുത്തെ സർക്കാർ നയപരമായി തീരുമാനിച്ചെന്ന വർത്തമാനം വേറെ.
ഇതൊക്കെക്കണ്ട് പരിഭ്രമിച്ച് വലയുകയാണ് പ്രവാസലോകം. പക്ഷേ ഈ പരിഭ്രമം അനാവശ്യമാണ്. പ്രതിസന്ധിഘട്ടത്തിൽ അനാവശ്യമായി പരിഭ്രമിക്കാതിരിക്കുന്നതാണ് വിവേകം. ചെലവു വർദ്ധിച്ച പ്രവാസത്തെക്കാൾ ഭേദമാണോ ഭൂമിമലയാളം എന്നു താരതമ്യം ചെയ്യുക. തിരികെപ്പോകേണ്ടി വന്നാൽ തന്നെ എങ്ങനെയൊക്കെ അതിജീവിക്കാം എന്ന ആലോചനകൾ ശക്തമാക്കുക. ഒപ്പം ചെലവുകൾ ചുരുക്കേണ്ടിടങ്ങളിൽ പരമാവധി ചുരുക്കുക. കരുതലാണ് ഏറ്റവും പ്രധാനം. ഇക്കാര്യങ്ങളിൽ കേരളത്തിനെ രക്ഷിക്കാൻ വടക്കു, തെക്ക് യാത്രക്കിറങ്ങിയിരിക്കുന്ന രാഷ്ട്രീയക്കാരെ നമുക്കു മാതൃകയാക്കാം. കാസർകോടുതൊട്ട് പാറശാലവരെ സുധീരൻ തൊട്ടു മതേതര കുഞ്ഞാലിക്കുട്ടിയും കുമ്മനവും വരെയുള്ള നേതാക്കളൊക്കെ കേരളത്തെ രക്ഷിക്കാൻ യാത്ര നടത്തിക്കൊണ്ടിരിക്കുയാണ്. ഈ യാത്രകൊണ്ടൊന്നും ഭൂമിമലയാളത്തിന് രക്ഷകിട്ടില്ലെന്നു നമുക്കൊക്കെ വ്യക്തമായറിയാം. സ്വന്തം വ്യക്തിത്വങ്ങൾക്കു മുകളിലെ കറകൾ കഴുകിക്കളയാനും സ്വന്തം പാർട്ടികളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ആത്യന്തികമായി സ്വയം രക്ഷിക്കാനും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ യാത്രകളൊക്കെ.
ആത്യന്തികമായി യാത്രകളിലെ വിജയ പരാജയങ്ങളെ നിശ്ചയിക്കുന്നത് യാത്രക്കാർ തന്നെയാണ്. നമ്മുടെ തീരുമാനങ്ങളും നിശ്ചയ ദാർഢ്യവും കർമ്മകുശലതയും ഒക്കെയാണ് യാത്രകളെ ലക്ഷ്യങ്ങളിലെത്തിക്കുന്നത്. നമുക്ക് കൂടുതൽ വിവേകമുള്ളവരാകാം. കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളവരും.