പാലം കടക്കുവോളം..
പാലം കടക്കുവോളം
ആസന്നമായ തെരഞ്ഞടുപ്പിൽ കൊച്ചിയെ അലങ്കരിക്കേണ്ട നിരവധി ഫ്ളക്സ് ബോർഡുകളിൽ ഇടം പിടിക്കാനുള്ള ചിത്രമാണ് ഇത്. കൊച്ചിയിലെ പാച്ചാളം മെട്രോ ഓവർബ്രിഡ്ജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിജനങ്ങൾക്കായി തുറന്നു കൊടുത്തത് അത്യന്തം ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു. ഏറ്റവുമടുത്ത സഹപ്രവർത്തകരായ ആര്യാടനും കെ.വി.തോമസ് മാഷും ഇളം തലമുറയിലെ ഹൈബി ഈഡനും തൊട്ട് ലോക്കൽ ജനപ്രതിനിധികളും നേതാക്കന്മാരും വരെ പിഴവില്ലാതെ പരിപാടിയിൽ പങ്കെടുത്തു. 2011ൽ മുഖ്യമന്ത്രി തന്നെ പ്രവർത്തനോദ്ഘാടനം നടത്തിയ പാലം അദ്ദേഹത്തിനു തന്നെ ഉദ്ഘാടനം ചെയ്യാനായി എന്നതു തന്നെ ഗുണപരമായൊരു കാര്യമാണ്. വികസന പന്ഥാവിലൂടെ സംസ്ഥാനം കുതിക്കുകയാണെന്ന യു.ഡി.എഫ് സർക്കാരിന്‍റെ അവകാശവാദത്തിന് അടിവരയിടുന്നതു തന്നെയാണിത്.
പക്ഷേ ഉദ്ഘാടനത്തിനും ആവേശത്തിനുമപ്പുറം ഈ പദ്ധതി പൂർത്തിയാകുന്പോൾ ഏറ്റവുമധികം പ്രശംസിക്കപ്പെടേണ്ടത് ഇനിയൊരാളാണോയെന്നു സംശയം. അതിനുമപ്പുറം ഉദ്ഘാടനം എന്നതിലുപരി ഈ വാർത്തയുടെ ലീഡു തന്നെ മറ്റൊന്നല്ലേ എന്നും സംശയം. പദ്ധതിഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് പ്രമുഖ മാധ്യമങ്ങളിലൊന്നിലും അക്കാര്യത്തിന് അർഹമായ പ്രാധാന്യം നൽകിക്കാണുന്നുമില്ല. പാച്ചാളം പാലം സത്യത്തിൽ പുതിയൊരു ചരിത്രമാണ് കുറിച്ചിരിക്കുന്നത്. പാലങ്ങളും മേൽപ്പാലങ്ങളും പോലുള്ള പൊതു നിർമ്മാണ പ്രവർത്തനങ്ങളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും മടങ്ങിപ്പോകുന്നതുമൊക്കെ ഭൂമിമലയാളത്തിൽ പതിവാണ്. കൊട്ടിഘോഷിച്ചു നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച ശേഷം സ്ഥലമേറ്റെടുക്കാനുള്ള ബുദ്ധിമുട്ട്, കാലതാമസം മൂലം പദ്ധതിക്കു കൂടുതൽ തുക ആവശ്യമായി വരിക തുടങ്ങിയ കാരണങ്ങൾ മൂലമാവും പലപ്പോഴും നമ്മുടെ നാട്ടിൽ ഇത്തരം പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതും പിന്നെ മുടങ്ങുന്നതും.
നിർദ്ദിഷ്ട സമയ പരിധി അവസാനിക്കും മുന്പുതന്നെ ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) പണി പൂർത്തിയാക്കി എന്നതു മാത്രമല്ല പാച്ചാളത്തെ പ്രത്യേകത. അടങ്കൽ തുക തികയാത്തതിന്‍റെ പേരിൽ പതിറ്റാണ്ടുകളായി പദ്ധതികൾ മുടങ്ങിപ്പോയ ഒരുപാടു കഥകൾ പറയാനുള്ള കേരളത്തിൽ അടങ്കൽ തുകയിൽ കുറവു മാത്രം ചെലവിട്ടാണ് ഡി.എം.ആർ.സി പാലം പണി പൂർത്തിയാക്കിയിരിക്കുന്നത്. 57.72 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നത്. എന്നാൽ കേവലം 39.5 കോടി മാത്രം ചെലവിട്ടാണ് ഡി.എം.ആർ.സി പാലം പണി പൂർത്തിയാക്കിയിരിക്കുന്നത്. ഡി.എം.ആർ.സിയുടെ ലാഭമടക്കമുള്ള തുകയാണ് ഇത്. മിച്ചമുള്ള പതിമൂന്നു കോടിരൂപ സർക്കാരിലേക്കു തിരിച്ചടയ്ക്കുമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിലൂടെ ഒരു പുതിയ ചരിത്രമാണ് ഡി.എം.ആർ.സി കുറിച്ചിരിക്കുന്നത്.
എന്നാലിത് പുതിയൊരു കീഴ്്വഴക്കം സൃഷ്ടിക്കാനുള്ള സാദ്ധ്യത തുലോം വിരളമാണ്. അതുകൊണ്ടു തന്നെയായിരിക്കാം പ്രമുഖ മാധ്യമങ്ങൾ പലതും ആ കാര്യങ്ങൾക്ക് അർഹമായ പ്രാധാന്യം കൊടുക്കാത്തത്. സംസ്ഥാനത്തെ പരന്പരാഗത നിർമ്മാണ കരാർ സംവിധാനങ്ങളുടെയും അഴിമതി വീരന്മാരായ ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും വിരോധമുണ്ടാകാതിരി
ക്കാൻ തന്നെയാവും പദ്ധതിയടങ്കലിനെക്കാൾ പത്തുകോടിയിൽ താഴെ തുകയ്ക്കു പാലം നിർമ്മാണം പൂർത്തിയാക്കി മിച്ചമുള്ള തുക തിരിച്ചടയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള വാർത്തയുടെ ഈ തമസ്കരണം എന്നാരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
ഏതെങ്കിലുമൊരു കോൺട്രാക്ടറുടെ കീശയിൽ അധികമായി ചെന്നു ചേരേണ്ട കോടികളാണ് ഇത്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നാമെങ്കിലും നമ്മുടെ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദം പങ്കിട്ടുണ്ണേണ്ട തുകയാണ് ഇത്. ഇ.ശ്രീധരനെന്ന വേറിട്ട വ്യക്തിത്വത്തിന്‍റെ നിശ്ചയ ദാർഢ്യവും കർമ്മ കുശലതയും ധാർമ്മികതയും ഒക്കെക്കൊണ്ട് ഖജനാവിലേക്ക് ആ തുക തിരികെയെത്തുന്നു. വികസനത്തിന്‍റെ പേരു പറഞ്ഞത് അഴിമതിക്കാർ പൊതുമുതൽ കൊള്ളചെയ്യുന്നത് എങ്ങനെയെന്നുള്ളതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കൂടിയാണ് ഇതിലൂടെ അദ്ദേഹം നമ്മളെ വരച്ചു കാട്ടുന്നത്.
വെളുക്കെച്ചിരിച്ചു നാടിനെയും നാട്ടാരെയും കൊള്ളയടിച്ചു കൊഴുക്കുന്ന അഴിമതിക്കാരെക്കാൾ നാടിനാവശ്യം ഇ.ശ്രീധരനെപ്പോലെയുള്ള രാജ്യ
സ്നേഹികളെയാണ്. ആ നന്മയ്ക്കും നേരിനും ഒരു ബിഗ് സല്യൂട്ട്.