ഭീകരതയുടെ രാഷ്ട്രീയം


പുതുവർ‍ഷങ്ങൾ എപ്പോഴും പുത്തൻ‍ പ്രതീക്ഷകളുടേതു കൂടിയാണ്. എന്നാൽ‍ ആ പുതുമയും ആഹ്ലാദവുമൊന്നും പലപ്പോഴും നീണ്ടു നിൽ‍ക്കാറില്ല. കലണ്ടർ‍ കോളങ്ങളിൽ‍ നിറയുന്ന ചോരപ്പാടുകളും ദുരിതങ്ങളും വർ‍ഷാന്ത്യത്തോടെ മറക്കാൻ‍ ശ്രമിക്കുന്ന ലോകത്തിന് അസ്വസ്ഥതകളുടെ തുടർ‍ച്ച പകരുന്നതാണ് വർ‍ഷാദ്യത്തിൽ‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ‍ നിന്നുമെത്തുന്ന വാർ‍ത്തകളിൽ‍ പലതും. 2015ൽ‍ ഷാർ‍ലി എബ്ദോക്കു നേരെയുണ്ടായ ആക്രമണങ്ങളായിരുന്നു ആദ്യമെത്തിയത്. 2015 ജനുവരി 7 ന് ഷാർ‍ലി എബ്ദോ മാസികയുടെ പ്രവർ‍ത്തകരടക്കം 11 പേരെ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. ഇത്തവണ ലോക സമാധാനത്തിനെതിരെയുള്ള ആദ്യഭീഷണി ഒരു ദിവസം മുന്നെയെത്തി, ആരും അരും കൊല ചെയ്യപ്പെട്ടതിന്‍റെ വാർ‍ത്തയല്ല ഇത്. എന്നാൽ‍ ഏതു നിമിഷവും ഒരുപാടു ജീവനുകൾ ഒന്നിെച്ചടുക്കാവുന്ന അതീവ നാശശേഷിയുള്ള ആയുധങ്ങളിലൊന്നിന്‍റെ പരീക്ഷണ വർ‍ത്തമാനം ഷാർ‍ലി എബ്ദോയെക്കാൾ ഭീതി വിതക്കുന്നതു തന്നെയാണ്.  ഉത്തര കൊറിയ ഹൈഡ്രജൻ‍ ബോംബ് പരീക്ഷിച്ചിരിക്കുന്നു. 

ഉത്തികൊറിയയെന്ന ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗിൽ‍ നിന്നും 270 മൈൽ‍ കിഴക്കു പടിഞ്ഞാറ് ചോംഗ്ജിനിൽ‍ പത്തു കീലോമീറ്റർ‍ ആഴത്തിൽ‍ പരീക്ഷണം നടത്തിയെന്നാണ് കൊറിയ അവകാശപ്പെട്ടത്. ഉത്തര കൊറിയൻ‍ സർ‍വ്വാധിപൻ‍ കിം ജോംഗ് ഉൻ‍ ഇക്കാര്യം ദേശീയ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കിൽ‍ അത് അത്യന്തം ആപൽ‍ക്കരമാണെന്ന കാര്യത്തിൽ‍ തർ‍ക്കമില്ല. 

ആഗോള ആയുധപ്പന്തയത്തിന് പ്രമുഖ രാഷ്ട്രങ്ങളൊക്കെ മുന്നോട്ടു വെയ്ക്കുന്ന പ്രധാന ന്യായം സ്വയ രക്ഷയാണ്. ബാഹ്യ ശക്തികളിൽ‍ നിന്നുള്ള ഭീഷണികൾ ചെറുക്കുക എന്നത് ഏതൊരു രാഷ്ട്രത്തിന്‍റെയും നിലനിൽ‍പ്പിനും വികാസത്തിനും ഒക്കെ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. അതിശക്തരായ രാഷ്ട്രങ്ങൾ പോലും കൂടുതൽ‍ കൂടുതൽ‍ ആയുധങ്ങൾ വികസിപ്പിക്കുകയും സംഭരിക്കുകയും ഒക്കെച്ചെയ്യുന്നതിന്‍റെ കാരണവും അതു തന്നെയാണ്. ആഗോള ശാക്തിക രാഷ്ട്രീയത്തിൽ‍ അത്യന്തം വിനാശകാരികളായ ആയുധങ്ങൾ വഹിക്കുന്ന പങ്കു വലുതാണ്. കയ്യൂക്കുള്ളവൻ‍ കാര്യക്കാരനെന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നു. ആപൽ‍ക്കരമായ ആയുധങ്ങൾ കൈവശമുള്ളവനെ സാധാരണ സമൂഹം സ്വാഭാവികമായും ഭയക്കും. എന്നാൽ‍ ആഗോള ശാക്തിക ചേരികളിലെ പ്രമുഖ രാഷ്ട്രങ്ങളൊക്കെ തങ്ങളുടെ ആയുധങ്ങൾ സ്വയരക്ഷക്കും സംരക്ഷണത്തിനും മാത്രമേ ഉപയോഗിക്കൂ എന്നാണ് പൊതുവെയുള്ള വിശ്വാസം. ആയുധങ്ങൾ അവരൊക്കെ ഉത്തരവാദിത്തത്തോടേ ഉപയോഗിക്കുന്നു എന്നു സാരം. എന്നാൽ‍ ആ കരുത്തന്മാർ‍ പോലും തങ്ങളുടെ സ്വന്തം താൽ‍പ്പര്യങ്ങളുടെ സംരക്ഷണത്തിനും സ്വന്തം താൽ‍പ്പര്യങ്ങൾ ഇതര രാജ്യങ്ങൾക്കുമേൽ‍ അടിച്ചേൽ‍പ്പിക്കാനുമൊക്കെയാണ് സ്വന്തമായുധങ്ങൾ ഇപ്പോഴുപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യം. 

വിനാശകാരികളായ ആയുധങ്ങൾ ഉത്തരവാദിത്തമില്ലാത്ത ചെറുരാഷ്ട്രങ്ങളുടെ പക്കൽ‍ എത്തിയാൽ‍ അത് പലകാര്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അത് തികച്ചും അപകടകരമായ ഒരു സാദ്ധ്യത തന്നെയാണ്. പ്രത്യേകിച്ച് അധികാര പ്രമത്തരായ പട്ടാള ഭരണകൂടങ്ങൾ നിലനിൽ‍ക്കുന്ന രാജ്യങ്ങളിൽ‍. ഈയൊരു സാദ്ധ്യത ആഗോള സമൂഹത്തിൽ‍ ഭീതി വളർ‍ത്താനുള്ള ഉപാധിയാക്കി   ആഗോള ശക്തികൾ തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്ട്ര നായകന്മാരേ അമർ‍ച്ചചെയ്യാറുണ്ട്. ഇറാഖടക്കമുള്ളിടങ്ങളിൽ‍ അമേരിക്ക വിദഗ്ദ്ധമായുപയോഗിച്ചത് ഈ തന്ത്രമായിരുന്നു. എന്നാൽ‍ മറ്റു ചിലയിടങ്ങളിൽ‍ ഈ ഭീതി തികച്ചും ന്യായവുമാണ്. ഉത്തര കൊറിയയുടെ സ്ഥാനം ആ പട്ടികയിലാണ്. അ രാജ്യത്തിന്‍റെ ചരിത്രം ശരിവെയ്ക്കുന്നതും അതു തന്നെയാണ്. 

സഹസ്രാബ്ദങ്ങളുടെ സന്പന്നമായ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊറിയ. അധിനിവേശങ്ങളുടെയും വിപ്ലവകരമായ മാറ്റങ്ങളുടെയും ഏറെ കഥകൾ പറയാനുള്ള ഭൂവിഭാഗം. രണ്ടായിരം വർ‍ഷങ്ങൾക്കപ്പുറം ഗോഗുര്യോ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു ഇന്നത്തെ ഉത്തര കൊറിയയും. ഗോഗുര്യോ ചരിത്രത്തിന്‍റെ കുത്തൊഴുക്കിൽ‍ ലോപിച്ചു കൊറിയയായി. ചരിത്രത്തിന്‍റെ നാൾവഴികളിൽ‍ രാജവംശങ്ങളുടെ വാഴ്ചക്കിപ്പുറം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പാതിയിൽ‍ ജപ്പാന്‍റെ അധിനിവേശത്തിലായി കൊറിയ. രണ്ടാം ലോകയുദ്ധാവസാനം യു.എസ് − റഷ്യൻ‍ താൽ‍പ്പര്യങ്ങൾ കൊറിയൻ‍ മണ്ണിനെ രണ്ടാക്കി. കമ്യൂണിസ്റ്റ് സ്വാധീനം ശക്തമായ ഉത്തര കൊറിയയും അമേരിക്കൻ‍ താൽ‍പ്പര്യത്തിനൊത്തു നിന്ന ദക്ഷിണ കൊറിയയും അന്നുതൊട്ടിങ്ങോട്ട് കടുത്ത ശത്രുതയിലാണ്. 

റഷ്യയുടെ സഹായത്തോടെ ഉത്തരകൊറിയയിൽ‍ അധികാരത്തിലെത്തിയ ഗറില്ലാ നേതാവി കിം ഇൽ‍ സുംഗ് അധികാരങ്ങളെല്ലാം തന്നിലേക്കൊതുക്കി ഉത്തരകൊറിയയുടെ സർ‍വ്വ കാലനേതാവെന്ന പദവിയിലെത്തി. റഷ്യൻ‍ കമ്യൂണിസ്റ്റു പാർ‍ട്ടിയുടെയും ഭരണകൂടത്തിന്‍റെയും എല്ലാ ആനുകൂല്യങ്ങളും പറ്റി വളർ‍ന്ന കിം പതിയെ രാജ്യത്തെ പരന്പരാഗത കമ്യൂണിസത്തിൽ‍ നിന്നും സ്വന്തം കമ്യൂണിസത്തിലേക്കും ആത്യന്തികമായ കുടുംബ വാഴ്ചയിലേക്കും കൊണ്ടു ചെന്നെത്തിച്ചു. എതിരാളികളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടായിരുന്നു ഈ സാമ്രാജ്യ സ്ഥാപനം. ജപ്പാനിൽ‍ നിന്നുള്ള സ്വാതന്ത്ര്യ വേളയിൽ‍ ഉത്തര കൊറിയയിൽ‍ ക്രിസ്ത്യൻ‍ ദേശീയവാദി നേതാവ് ചോ മാൻ‍സിക്കിനെയായിരുന്നു റഷ്യ രാജ്യനായക സ്ഥാനത്തു കൊണ്ടു വന്നത്. വൈകാതെ റഷ്യയിൽ‍ ഗറില്ലാ പരിശീലനം സിദ്ധിച്ച കിം ആ സ്ഥാനത്തെത്തി. ചോ തൊട്ടിങ്ങോട്ട് കിമ്മിനെതിരെ അഭിപ്രായം പറഞ്ഞവർ‍ക്കൊക്കെ ജീവിതത്തിലും ചരിത്രത്തിലും നിന്നു തുടച്ചു നീക്കപ്പെടാനായിരുന്ന യോഗം. ഇതിനിടെ അമേരിക്കൻ‍ പക്ഷപാതികളായ ദക്ഷിണ കൊറിയയെക്കൂടി അതിർ‍ത്തിക്കുള്ളിലാക്കി രാഷ്ട്ര ഏകീകരണത്തിനായി 1950 മുതൽ‍ മൂന്നു വർ‍ഷക്കാലം കടുത്ത പോരാട്ടത്തിലായിരുന്നു കിം ഇൽ‍ സുംഗ്. ഉത്തരകൊറിയൻ‍ തലസ്ഥാനം വരെ പിടിച്ചങ്കിലും ഐക്യ രാഷ്ട്ര സേനക്കു മുന്നിൽ‍ പിടിച്ചു നിൽ‍ക്കാൻ‍ കിമ്മിനായില്ല. ഇടയ്ക്കു കൈവിട്ടു പോയെങ്കിലും സ്വന്തം തലസ്ഥാനം പിന്നീടു തിരിച്ചു പിടിക്കാൻ‍ അദ്ദേഹത്തിനായി. റഷ്യൻ‍ സഹായത്തോടെ അദ്ദേഹം സൃഷ്ടിച്ചെടുത്ത കര, വ്യോമ സേനാബലമാണ് ഈയവസരങ്ങളിലൊക്കെ കിമ്മിനു തുണയായത്.  ആളെണ്ണം കൊണ്ട്  അതി സന്പന്നമാണ് ഇന്നും ഉത്തര കൊറിയൻ‍ സേന. സൈനികരുടെയും അർ‍ത്ഥസൈനിക വിഭാഗക്കാരുടെയും എണ്ണം ചേർ‍ത്തു നോക്കിയാൽ‍ ആളെണ്ണത്തിൽ‍ ലോകത്തു തന്നെ ഒന്നാമത് ഉത്തര കൊറിയയാണ്. സൈനികരുടെ മാത്രം കണക്കെടുത്താലും ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കു തൊട്ടു പിന്നിലാണ് അവരുടെ സ്ഥാനം. എൺപതു ലക്ഷത്തോളമാണ് രാജ്യത്ത് സൈനിക അർ‍ത്ഥസൈനിക വിഭാഗങ്ങളിലായി ഉള്ളത്. 1000 ആൾക്കാരിൽ‍ 48 പേർ‍വീതം ഈ വിഭാഗങ്ങളിൽ‍ പെടുന്നു. ഇന്ത്യയിൽ‍ ഇത് 1000ത്തിന് ഒന്നിനടുത്തും ചൈനയിൽ‍ ആയിരത്തിന് 1.7 ഉം മാത്രമാണ്. ഈ കണക്കു തന്നെ മതി ആ രാജ്യത്തിന്‍റെ പൊതു സ്വഭാവം സംബന്ധിച്ച ഏകദേശ ചിത്രം വ്യക്തമാകാൻ‍. ആളെണ്ണം കൊണ്ട് അതി ബ്രഹത്തായ ഈ സൈന്യത്തിന്‍റെ ശക്തി അത്യപാരമായി കൂട്ടുന്നതാണ് അതിന് ഇപ്പോൾ കൈ വന്നിട്ടുണ്ട് എന്നവകാശപ്പെടുന്ന ഹൈഡ്രജൻ‍ ബോംബ്. 

ചരിത്രത്തിൽ‍ ഇതുവരെ രണ്ടു തവണയാണ് അണുബോംബ് യുദ്ധരംഗത്തുപയോഗിച്ചിരിക്കുന്നത്. രണ്ടു തവണയും ഇതുപയോഗിച്ചത് അമേരിക്കയും. 1945ൽ‍ രണ്ടാം ലോക യുദ്ധത്തിന്‍റെ അവസാനത്തലേക്കു വഴിവച്ച ഹിരോഷിമ അണുബോംബു സ്േഫാടനത്തിൽ‍ കൊല്ലപ്പെട്ടത് രണ്ടു ലക്ഷത്തിനടുത്ത് ജനങ്ങളായിരുന്നു. 13000 ടൺ ടി.എൻ‍.ടി അഥവാ ടെട്രാ നൈട്രോ ടുളുവിൻ‍ എന്ന സ്േഫാടന വസ്തു ഉപയോഗിച്ചാലുണ്ടാകാവുന്ന സ്േഫാടനമായിരുന്നു ഒരൊറ്റ അണുബോംബിലൂടെ അന്നുണ്ടായത്. അതിന്‍ പലമടങ്ങു ശേഷിയുള്ളതാണ് സാധാരണ ഹൈഡ്രജൻ‍ ബോംബ്. ഏകദേശം ക‍ൃത്യമായിപ്പറഞ്ഞാൽ‍ ഒരുകോടി ടൺ ടി.എൻ‍.ടി കൊണ്ടുണ്ടാക്കാവുന്നതിനു തുല്യമായ സ്േഫാടനം.  കിം ഇൽ‍ സുംഗിനെത്തുടർ‍ന്ന് രാഷ്ട്ര നായകനായ കിം ജോംഗ് ഇല്ലിന്‍റെ രണ്ടാമത്തെ പുത്രൻ‍ 33കാരനായ കിം ജോംഗ് ഉൻ‍ ആണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ സർ‍വ്വാധിപൻ‍. മുത്തശ്ശനും പിതാവും കടന്നു വന്ന പാതകളിലൂടെ അതേ ശൈലികളുടെയും പിന്തുടർ‍ച്ചക്കാരനായി ഭരണം തുടരുന്ന 33കാരൻ‍. 

ദക്ഷിണ കൊറിയയുമായി കടുത്ത ശത്രുതയിലാണ് കിം പരന്പരയിലെ ഈ മൂന്നാമനും. ഇരു രാജ്യങ്ങൾക്കുമിടയിൽ‍ ഒരു സൈന്യ രഹിത മേഖലയുണ്ടെങ്കിലും ആയുധങ്ങൾ അതിർ‍ത്തി ഭേദിക്കുന്നത് അപൂർ‍വ്വമല്ല. അതിർ‍ത്തിക്കപ്പുറത്തു നിന്നുള്ള പീരങ്കി വെടികൾക്കൊപ്പം ആണവശേഷി വികസിപ്പിച്ചും ഉത്തരകൊറിയ ശത്രുപക്ഷത്തെ സഹോദരന്‍റെ നെഞ്ചിൽ‍ തീപകരുന്നു.

 2005 ഫെബ്രുവരിയിലാണ് കിം ജോംഗ് ഇൽ‍ രാജ്യത്തിന്‍റെ ആണവ പദ്ധതികളെക്കുറിച്ചു പരസ്യമായി പ്രഖ്യാപിച്ചത്. 2006 ഒക്ടോബർ‍ 6ന് അവർ‍ ആദ്യ ആണവ പരീക്ഷണം നടത്തി. ലോകം അതു സ്ഥിരീകിക്കുകയും ചെയ്തു. മേഖലയിൽ‍ വർ‍ദ്ധിച്ചു വന്ന സംഘർ‍ഷത്തിന് അറുതിയാക്കാൻ‍ അമേരിക്ക, റഷ്യ, ചൈന തുടങ്ങി
യ ശക്തികളുടെ സമ്മർ‍ദ്ദത്തിനു വഴങ്ങി ആണവപരിപാടികൾ നിർ‍ത്തി വെക്കാനുള്ള ഉടന്പടിയിൽ‍ 2007ൽ‍  ഉത്തരകൊറിയ ഒപ്പുവെച്ചു. എന്നാലതു ലംഘിച്ച്  2009ൽ‍ വീണ്ടും പരീക്ഷണമാവർ‍ത്തിച്ച് കൊറിയ ലോകത്തെ ഞെട്ടിച്ചു. ഇത്തവണ ആ ഞെട്ടൽ‍ കൂടുതൽ‍ കടുത്തതാകുന്നു. എന്നാൽ‍ അതിനിടയിലും  പ്രതീക്ഷയുടെ നേർ‍ത്ത കിരണങ്ങൾ കാണുകയാണ് ലോകം. സാധാരണ ഗതിയിൽ‍ ഇത്ര വലിയ സ്േഫാടനങ്ങളുണ്ടാകുന്പോൾ ഉണ്ടാകാറുള്ളത്ര ശക്തമായ തരംഗങ്ങൾ കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തെ തുടർ‍ന്ന് ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ദ്ധർ‍ വിലയിരുത്തുന്നത്. അവകാശപ്പെട്ടതുപോലെയുള്ള ഹൈഡ്രജൻ‍ ബോംബുണ്ടാക്കാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം അവർ‍ ആർ‍ജ്ജിച്ചിട്ടുണ്ടാകാൻ‍ സാദ്ധ്യത കുറവാണെന്നും ഇക്കൂട്ടർ‍ വിലയിരുത്തുന്നു. ക‍ൃത്യമായ സാങ്കതിക വിദ്യയുപയോഗിച്ച് കുറഞ്ഞ അളവിലുള്ള സ്േഫാടനമാണ് പരീക്ഷിച്ചത് എന്നാണ് ഉത്തര കൊറിയ ഇതിനു നൽ‍കുന്ന മറുവാദം. അത് ശരിയാണോയെന്നറിയുന്നത് തികച്ചും ശ്രമകരമാണ്.

തികച്ചും അടഞ്ഞത് എന്നു വിശേഷിപ്പിക്കാവുന്ന, പൗരാവകാശങ്ങൾക്ക് വലിയ പരിമിതിയുള്ള രാജ്യമാണ് ഉത്തരകൊറിയ. ആകെയുള്ളത് നാലു ടെലിവിഷൻ‍ ചാനലുകൾ മാത്രം. അതിൽ‍ വരുന്നതിൽ‍ ഭൂരിഭാഗവും ഭരണപാർ‍ട്ടിയുടെയും സ്ഥാപകന്‍റെയും കിം കുടുംബത്തിലെ ഇളമുറക്കാരന്‍റെയുമൊക്കെ വിശേഷങ്ങളും. ഒരു അടഞ്ഞ കോട്ടയാണ് ആ രാജ്യം. തികച്ചും ഭീതിയുണർ‍ത്തുന്നതാണ്, അതുകൊണ്ടു തന്നെ ഈ പുതിയ വർ‍ത്തമാനങ്ങളും. 

തങ്ങളുടെ പക്ഷത്തുള്ള ദക്ഷിണ കൊറിയയുടെ ഭീതിയകറ്റാനും കരുത്തു കാട്ടാനുമായി അമേരിക്കയുടെ ബി− 52 ബോംബർ‍ വിമാനങ്ങൾ കൊറിയനതിർ‍ത്തിയിൽ‍ പറന്നു തുടങ്ങിയതിനു കാരണവും മറ്റൊന്നുമല്ല.  അമേരിക്കയുടെ എഫ്− 16 ദക്ഷിണ കൊറിയയുടെ എഫ്− 15 വിമാനങ്ങളും അതിന് അകന്പടിയാകുന്നു. ഭീതിയോ സംരക്ഷണമോ സ്വയരക്ഷയോ സ്വാർ‍ത്ഥമോ എന്തുമാകട്ടെ ആയുധങ്ങളുടെ സാന്നിദ്ധ്യവും പ്രയോഗവും ലോകത്തിന്‍റെ ആധി വർദ്ധിപ്പിക്കുന്നതു തന്നെയാണ്.

You might also like

Most Viewed