ഇല്ലാതാവേണ്ടത് ശത്രുത


ദേശസ്നേഹമുള്ള ഓരോ ഭാരതീയന്‍റെയും ഇടനെഞ്ചിൽ പഠാൻ‍കോട് ഒരു നെരിപ്പോടായി എരിഞ്ഞു നിൽ‍ക്കുകയാണ്. ആ പട്ടികയിൽ മലയാളക്കരയുടെ ഒരു വീരപുത്രനും ഉൾപ്പെട്ടത് ഭൂമിമലയാളത്തിന്‍റെ വേദന ഇരട്ടിപ്പിച്ചു. ധനപരവും തൊഴിൽപരവുമായ എല്ലാ സഹായങ്ങൾക്കുമപ്പുറം നിരഞ്ജനെന്ന വീര സൈനികന്‍റെ ഉറ്റവർ‍ക്കൊക്കെ വേദനയുടെ കടൽദൂരം താണ്ടാൻ‍ നിയതി കരുത്തു പകരട്ടെയെന്ന് നമുക്കു പ്രത്യാശിക്കാം.

ദേശീയത വൈകാരികത ജനിപ്പിക്കും. ഇത്തരം സാഹചര്യങ്ങൾ അതി വൈകാരികതയും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സാധാരണക്കാർ‍ക്കൊക്കെ സംയമനം നഷ്ടമാകാനും സാദ്ധ്യതയുണ്ട്. അതിദേശീയതയും അസഹിഷ്ണുതയുമൊക്കെ അതിന്‍റെ പാർ‍ശ്വ ഫലങ്ങളാണ്.  മാധ്യമങ്ങളും മാധ്യമപ്രവർ‍ത്തകരുമൊക്കെ ഈ വൈകാരികതക്കു വിധേയരാകാം. പുത്തൻ‍ മാധ്യമ ശൈലികളുടെയും തന്ത്രങ്ങളുടെയുമൊക്കകാലത്ത് അത് ബോധപൂർ‍വ്വമോ അല്ലാതെയോ ആകാം. എന്നാൽ പാകതയുള്ള എഴുത്തുകാരും പത്രാധിപ ജോലിക്കാരും ഇങ്ങനെയുള്ള അവസരങ്ങളിൽ തികഞ്ഞ സംയമനം പുലർ‍ത്തുന്നതാണ് ഉചിതം. അത് ഇടയ്ക്കൊരിടത്തു പാലിക്കപ്പെട്ടില്ല എന്ന തോന്നലിലാണ് ഇന്നലെ ഡി.സി.ബുക്സ് പുസ്തകമേളക്കിടെ കണ്ട ഒരു നല്ല സുഹൃത്ത് പാകിസ്ഥാനെക്കുറിച്ചുള്ള എന്‍റെയൊരു പരാമർ‍ശം ശ്രദ്ധയിൽ പെടുത്തിയത്. ഇന്തോ-പാക് പ്രശ്നവുമായി ബന്ധപ്പെട്ട ഒരു കുറിപ്പിൽ പാക്പരിഷകൾ എന്നെഴുതിയത് അനൗചിത്യമായി എന്നതായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ക്ഷണികമായ ഒരു അതിവൈകാരികതയിൽ പറ്റിപ്പോയതാണ്. ഭാഷാസ്നേഹവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഇത്തരം വായനക്കാർ നമുക്കു പകരുന്ന ഊർ‍ജ്ജം ചെറുതല്ല. ഗൂഢോദ്ദേശങ്ങളോ പഞ്ചാരച്ചിരിയിൽ പൊതിഞ്ഞ ഇരട്ടത്താപ്പുകാരുടെ സ്വാർ‍ത്ഥതയോ തന്ത്രങ്ങളോ അത്തരം ഇടപെടുകളിൽ ഉണ്ടാവാറില്ല. കൂടുതൽ കരുതൽ കാട്ടാൻ‍ അങ്ങനെയുള്ള ഗുണപരമായ ഇടപെടലുകൾ നമ്മെ സഹായിക്കുന്നു.

ആ കരുതലിന്‍റെ ഭാഗമായ തിരുത്തലിനായിത്തന്നെ ശ്രീകണ്ഠേശ്വരത്തിന്‍റെ ശബ്ദതാരാവലി പുനപരിശോധിക്കുന്പോൾ പരിഷക്കർ‍ത്ഥം ജനസമൂഹം എന്നാണെന്ന് കാണുന്നു. വേണമെങ്കിൽ മറ്റു ചിലരൊക്കെ ചെയ്യും പോലെ അതിൽ പിടിച്ചു തൂങ്ങുകയോ കടിച്ചു തൂങ്ങുകയോ ഒക്കെ ചെയ്യാം. പക്ഷേ നമ്മൾ ആ പ്രയോഗം നടത്തുന്നത് ആക്ഷേപാർ‍ത്ഥത്തിൽ തന്നെയാണ്. ഞാൻ‍ അത് അന്നെഴുതിയതും അതേ അർ‍ത്ഥത്തിൽ തന്നെയാണ്. അതു ശരിയായിരുന്നുമില്ല.

പഠാൻ‍കോട്ടുണ്ടായ തീവ്രവാദിയാക്രമണം ഒരുതരത്തിലും നീതീകരിക്കാനാവില്ല. ഇതുവരെ അറിവായിടത്തോളം വിവരങ്ങൾ വെച്ചു വിലയിരുത്തിയാൽ ആ ആക്രമണം നടത്തിയത് പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ തന്നെയാണ്. അതിന് പാക് സേനയുടെ സഹായവും കിട്ടിയിട്ടുണ്ടാവും. ഏതാനും നാണയത്തുട്ടുകൾക്കായി സ്വന്തം ജീവൻ‍ വിറ്റു തുലയ്ക്കാൻ‍ മടിയില്ലാത്ത ചാവേറുകളെ വെച്ച് പാക് സേന തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയതു പോലുമാകാം പഠാൻ‍കോട്ട് നടന്ന ഭീകരാക്രമണം.  അങ്ങനെയൊക്കെയാണെങ്കിൽ‍പ്പോലും ഇത്തരം സാഹചര്യങ്ങളിൽ ആ രാജ്യത്തെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത് എന്ന വലിയ തിരിച്ചറിവു പകരുന്നതു തന്നെയായിരുന്നു ഇന്നലെ ആ സുഹൃത്തു നടത്തിയ ഓർ‍മ്മപ്പെടുത്തൽ‍. എന്തൊക്കെയായാലും പാകിസ്ഥാൻ‍ ഇന്ത്യയുടെ സഹോദര രാഷ്ട്രമാണ്. ഒരേ സംസ്കൃതിയിൽ നിന്നും ആവിർ‍ഭവിച്ച ഉടപ്പിറന്നവനോ ഉടപ്പിറന്നവളോ തന്നെ. ദുർ‍ബ്ബലമായ ഭരണകൂടങ്ങൾ അടക്കമുള്ള കാരണങ്ങൾ കൊണ്ട് ആ രാജ്യം പലവിധത്തിലുള്ള അപചയങ്ങളുടെ പിടിയിലുമാണ്.  ജനഹിതത്തിന്‍റെ മൂർ‍ത്തരൂപമായ ജനാധിപത്യ ഭരണകൂടം അവിടെ അധികാര ശ്രേണിയിലെ ഒന്നാം നന്പറുകാരല്ല. സൈന്യവും സ്വാർ‍ത്ഥ താൽ‍പ്പര്യക്കാരായ പല തീവ്രവാദ സംഘങ്ങളും ചേർ‍ന്ന് ജനാധിപത്യ പാകിസ്ഥാനെ ഫലത്തിന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. ജനാധിപത്യ ചേരിയിലെന്നു നമ്മളൊക്കെ വിലയിരുത്തുന്ന ചിലർ‍ പോലും ആ രാജ്യത്ത് അന്തച്ഛിദ്രം നിലനിർ‍ത്തി സ്വാർത്ഥം കൊയ്യാൻ‍ കോപ്പു കൂട്ടുന്നു. പട്ടാളത്തിന്‍റെ സർ‍വ്വാധിപത്യത്തിനും തീവ്രവാദികളുടെ സമഗ്രാധിപത്യത്തിനുമിടയിൽ ആ രാജ്യത്തവശേഷിക്കുന്ന അതീവദുർ‍ബ്ബലമായ പ്രതിരോധത്തിനിന്ന് നവാസ് ഷെരീഫെന്ന പ്രധാനമന്ത്രിയുടെ മുഖമാണ്. ഇന്ത്യക്കെതിരെ തീവ്രവാദിയാക്രമണങ്ങളുണ്ടാകുന്പോഴൊക്കെ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോടൊന്നും സഹകരിക്കാതെ പ്രതിരോധത്തിലൂന്നി തീവ്രവാദികളെ സംരക്ഷിക്കുന്നതായിരുന്നു പാകിസ്ഥാന്‍റെ പതിവ്. ഇത്തവണ ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുക വഴി നവാസ് ഷെരീഫ് ഈ ശൈലി തിരുത്തിക്കുറിച്ചിരിക്കുന്നു. ആക്രമണത്തെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ടെലഫോൺ സംഭാഷണം നടത്തിയതും ശുഭോദർ‍ക്കമാണ്. പഠാൻ‍കോട്ട് ആക്രമണം നടത്തിയതിൽ പാകിസ്ഥാനിൽ‍ നിന്നുള്ള ചിലരുടെ പങ്കുണ്ട് എന്നുള്ളതുകൊണ്ട് ആ രാജ്യത്തെ മുഴുവൻ‍ ശത്രുക്കളായി കണ്ടു പ്രതിഷേധിക്കുകയും പ്രകോപിതരാവുകയുമല്ല നമ്മൾ ചെയ്യേണ്ടത്. മറിച്ച് ആ രാജ്യവുമായുള്ള ബന്ധം സാധാരണ നിലയിലുള്ളതാക്കാൻ‍ ആവുന്നതെല്ലാം ചെയ്യുകയാണ് വേണ്ടത്. പാകിസ്ഥാനിലുള്ള ചിലർ ഇന്ത്യയുടെ ശത്രുക്കളാവാം. എന്നാൽ അവരുടെ സ്വാർ‍ത്ഥവും സങ്കുചിതവിമായ താൽ‍പ്പര്യങ്ങൾ അതി‍‍ജീവിക്കാൻ‍ നമുക്കാവണം. അവിടുത്തെ ജനാധിപത്യശക്തികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക തന്നെയാണ് ഇതിനുള്ള ശരിയായ മാർ‍ഗ്ഗം. ഇന്ത്യ-പാക് പ്രധാന മന്ത്രിമാരുടെ കൂടിക്കാഴ്ച ഇതിനുള്ള കളമൊരുക്കലാണ്. ഈ ഗുണപരമായ സാഹചര്യം ഇല്ലാതാക്കാനുള്ള തീവ്രവാദശക്തികളുടെ നീക്കമാണ് പഠാൻ‍കോട്ട് നമ്മൾ കണ്ടത്. പെറ്റമ്മയെ ഒറ്റു കൊടുക്കുന്ന  പുത്രന്മാർ കൂടി ഉണ്ടാകുന്നതോടെ അവരുടെ തന്ത്രങ്ങൾ എളുപ്പത്തിൽ നടപ്പാക്കപ്പെടുന്നു. ഇത്തരക്കാരുടെ കുത്‍സിത തന്ത്രങ്ങൾ തകർ‍ക്കപ്പെടണം. അതിന് ആദ്യം ഇല്ലാതാവേണ്ടത് ശത്രുത തന്നെയാണ്.

You might also like

Most Viewed