ഭീകരതയുടെ മുഖങ്ങൾ
നടൻ ശ്രീനിവാസൻ ബുദ്ധിമാനാണ്. ബുദ്ധിയുള്ളവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ല ശീലമാണ്. ശ്രീനിവാസനുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒരഭിമുഖം കണ്ടത് അതുകൊണ്ടു തന്നെ നഷ്ടമായില്ല. വിജയകരമായ സിനിമാ കൃഷിക്കൊപ്പം, ഒരുപക്ഷേ അതിലും വിജയകരമായി, ശ്രീനിവാസൻ മണ്ണിൽ നടത്തിക്കൊണ്ടിരിക്കുന്ന ജൈവകൃഷിയിലൂന്നിയായിരുന്നു പുതുവർഷ പരിപാടികളുടെ ഭാഗമായ അഭിമുഖം. അദ്ദേഹത്തിന്‍റെ സിനിമകളിലേതുപോലെ തന്നെ പുതുമകൾ പലതുമുണ്ടായിരുന്നു അഭിമുഖ സംഭാഷണത്തിലും. അതിൽ പലതും നമ്മുടെ പഴമകളെ സംബന്ധിച്ച അപ്രിയ സത്യങ്ങളായിരുന്നു. പലരും പറയാനും നമ്മിൽ പലരും പലവുരു കേട്ടിട്ടും വിശ്വസിക്കാനും മടിച്ച കാര്യങ്ങളാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നത്. ആകസ്മികമായാണെങ്കിലും രാജ്യത്തെ ഗ്രസിച്ച ഭീകരതയുടെ തന്നെ ചില മുഖങ്ങളായിരുന്നു ആ അഭിമുഖത്തിൽ അദ്ദേഹം വെളിവാക്കിയത്. ഭീകരതയുടെ മുഖം പലതാണ്. ആട്ടിൻ തോലിട്ട ചെന്നായെപ്പോലയും നമ്മുടെ നാടൻ പഴങ്കഥകളിലെ മുറുക്കാൻ ചുണ്ണാന്പ് ചോദിച്ച് അതി സുന്ദരിയായ മദാലസയുടെ രൂപത്തിലെത്തുന്ന യക്ഷിയെപ്പോലെയുമൊക്കെ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും.
ഇന്നലെകളിൽ വരെ അത്യന്തം അഭിമാനത്തോടേ മലയാളി പറഞ്ഞ പേരുകളിലൊന്നായിരുന്നു ഡോക്ടർ എം.എസ് സ്വാമിനാഥന്‍റേത്. ഇന്ത്യയുടെ ഹരിതവിപ്ലവ നായകൻ. ഇന്ത്യക്കാരന്‍റെ പട്ടിണി മാറ്റിയ മങ്കൊന്പ് ശ്രീനിവാസൻ സ്വാമിനാഥൻ. രാസവള ഉപയോഗത്തിലൂടെ ഇന്ത്യയുടെ വിളവ് കുത്തനെ ഉയർത്തി അത്ഭുതമായ ശാസ്ത്രജ്ഞൻ. എന്നാലിപ്പോൾ വെളിവാകുന്ന വിഷയം സ്വതന്ത്ര ഇന്ത്യൻ കർഷകരെ വിദേശ രാസവള കുത്തകകൾക്ക് കൊള്ളയടിക്കാനും അങ്ങനെ ഇന്ത്യയുടെ മണ്ണിനെ പൂർണ്ണമായ പരാശ്രയത്വത്തിലാക്കാനുമുള്ള വലിയ പാശ്ചാത്യ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഈ രാസവള കൃഷിയെന്നാണ്. അറിഞ്ഞോ അറിയാതെയോ ഡോക്ടർ സ്വാമിനാഥനും ഈ ചൂഷണത്തിനു കൂട്ടു നിൽക്കുകയായിരുന്നു. ഒരു നാടിനെത്തന്നെ പരാശ്രയത്തിലാക്കാനും നിത്യ ദാരിദ്ര്യത്തിൽ കുടുക്കിയിടാനുമുള്ള തന്ത്രങ്ങളെല്ലാം ഭീകരത തന്നെയാണ്.
അന്നത്തെ ആ ഭീകരതക്ക് അതിനുമപ്പുറത്തൊരു ഭീകര മുഖവുമുണ്ടായിരുന്നു. കീടങ്ങളെ ഇല്ലായ്മ ചെയ്യാനെന്ന പേരിൽ വിദേശ കുത്തകകൾ നമ്മുടെ മണ്ണിൽ കലർത്തിയ രാസപദാർത്ഥങ്ങളിൽ പലതിനുമുണ്ടായിരുന്നത് യഥാർത്ഥത്തിൽ മറ്റൊരു ദൗത്യമായിരുന്നു. തലമുറകളെ രോഗഗ്രസ്ഥരാക്കുകയെന്ന ആ ദൗത്യം കുത്തക മരുന്നു കന്പനികൾക്ക് വേണ്ടി കൂടിയായിരുന്നു. ഇന്ത്യക്കാരന്‍റെ വിശപ്പടക്കാനുള്ള കാരുണ്യത്തിന്‍റെ കൈത്താങ്ങെന്ന നാട്യത്തിൽ മനുഷ്യ ശരീരത്തിനു ദോഷകരമാകുന്ന അമേരിക്കൻ മാവെന്ന ഭക്ഷണം സൗജന്യമായി വിതരണം ചെയ്തതും ഇതിന് ആക്കം കൂട്ടാൻ മാത്രമായിരുന്നു. ഇതു തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി അന്നത്തെ ദാരിദ്ര്യത്തെ അതിനിസാരമായി അതിജീവിക്കാൻ വഴി നിർദ്ദേശിച്ചു. കഴിവുള്ളവർ ഒരു നേരത്തേ ആഹാരമുപേക്ഷിച്ചാൽ രാജ്യത്തിനു പരാശ്രയം ആവശ്യമില്ല എന്നതായിരുന്നു ശാസ്ത്രജിയുടെ തിരിച്ചറിവ്. അദ്ദേഹത്തിന്‍റെ നിർദ്ദേശം ഫലം കണ്ടാൽ തങ്ങളുടെ തന്ത്രങ്ങളെല്ലാം വൃഥാവിലാവുമെന്നു മനസിലാക്കിയ കുത്തകകളുടെ തന്ത്രമായിരുന്നു തുടർന്നുണ്ടായ പാക് ആക്രമണമെന്നാണ് ഒരു വാദം. ഈ യുദ്ധത്തെ തുടർന്നാണ് താഷ്കെന്‍റ് ഉച്ചകോടിക്കായി ശാസ്ത്രിജി പോയതും ദുരൂഹതകൾ മാത്രം ബാക്കിയാക്കി അവിടെവെച്ചു മരിച്ചതും. ഇതെല്ലാം ചേർത്തു വായിക്കുന്പോൾ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞതുപോലെ തീവ്രവാദത്തിന്‍റെ മുഖങ്ങൾ എത്ര വ്യത്യസ്തവും ഭീകരവുമാണെന്നു വ്യക്തമാകുന്നു.
ശത്രുരാജ്യങ്ങൾക്കു നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതും പത്താൻകോടുണ്ടായതു പോലെ അതിർത്തിപ്പുറത്തേക്കു നുഴഞ്ഞു കയറി നമ്മുടെ പൗരന്മാരെയും സംവിധാനങ്ങളെയും ആക്രമിക്കുന്നതും ഭീകരതയാണ്. ശാസ്ത്രിജിയെയും നേതാജിയെയുമൊക്കപ്പോലും നിസ്വാർത്ഥരായി രാജ്യനന്മമാത്രം ലക്ഷ്യമിട്ടു നിലകൊണ്ട കരുത്തന്മാരെ ഇല്ലായ്മ ചെയ്യുന്നതും ഭീകരതയാണ്. നമ്മുടെ മണ്ണിനെ ഇല്ലായ്മ ചെയ്യാനും നമ്മുടെ പൗരന്മാരേ രോഗഗ്രസ്ഥരാക്കാനുമുള്ള ശ്രമങ്ങളും ഭീകരതയാണ്. നാട് പ്രതിസന്ധിയിലാവുന്പോൾ ജനത്തിനെ മുന്നിട്ടിറങ്ങി ആശ്വസിപ്പിക്കുകയും നയിക്കുകയും ചെയ്യേണ്ടവരാണ് രാഷ്ട്രീയ നേതാക്കൾ. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ജനങ്ങൾക്കൊപ്പമുണ്ടാകാൻ കഴിയാത്തത് അങ്ങനെയുള്ള നേതാക്കളുടെ വീഴ്ചയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം ഭരണ സംവിധാനങ്ങളെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതു ഭീകരതയെ സഹായിക്കുന്നതിനു തുല്യമാണ്. അഥവാ അതും ഭീകരത തന്നെയാണ്.