പത്താൻകോട് പറയുന്നത്

ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം എന്നു വിലയിരുത്തപ്പെടുന്ന അമേരിക്കൻ ഐക്യ നാടുകൾ പോലും സദാ തീവ്രവാദ ഭീഷണിയുടെ നിഴലിലാണ്. തീവ്രവാദ ശക്തികൾക്കെതിരെ കടുത്ത നിലപാടുകളെടുക്കുന്നതും സദാ തീവ്രവാദ നടപടികളെടുക്കുന്നതുമാണ് ഇതിനു കാരണം. തീവ്രവാദത്തെ സ്വന്തം താൽപ്പര്യങ്ങൾക്കായി അമേരിക്ക ഉപയോഗിക്കുന്നു എന്നത് ആ രാജ്യത്തിനെതിരെയുള്ള തീവ്രവാദ ഭീഷണി തെല്ലും കുറക്കുന്നില്ല. കൃത്യമായ പ്രതിരോധവും സദാ പുലർത്തുന്ന മുൻകരുതലുമൊക്കെയാണ് ഇതിന് ആകെയുള്ള മറുമരുന്ന്. അതവർ കഴിയുന്നിടത്തോളം പിഴവില്ലാതെ പാലിക്കുകയും ചെയ്യുന്നു. ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്. പ്രത്യേകിച്ച് പരന്പരാഗതമായ ശത്രുതകളുടെ ഭീഷണികൾ നിലനിൽക്കുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഭീഷണി കൂടുതൽ കടുത്തതാകുന്നു. ഇന്ത്യ ഇത്തരത്തിലൊരു രാഷ്ട്രമാണ്. പലതരത്തിലുള്ള ഭീഷണികളുടെ നിഴലിലാണ് നമ്മളെന്നുമുള്ളത്. അധിനിവേശങ്ങളുടെ എണ്ണം കൊണ്ട് അതിസന്പന്നവും അധിനിവേശക്കൊള്ളകൾ കൊണ്ട് ദരിദ്രവുമായ പൈതൃകം സ്വന്തമായുള്ള രാജ്യമാണ് നമ്മുടേത്. ആ ഭീഷണികളെക്കുറിച്ച് സദാ ബോധവാന്മാരായിരിക്കുകയും കഴിയുന്നിടത്തോളം ഭീഷണികൾ ഇല്ലാതാക്കാൻ ശ്രമം തുടരുകയും മാത്രമാണ് ഇതിനുള്ള പോംവഴി.
ആഭ്യന്തരമായ ഭീഷണികളെ ഒഴിച്ചുനിർത്തിയാൽ രാജ്യം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് യഥാർത്ഥത്തിൽ സഹോദര രാജ്യമായ പാകിസ്ഥാനിൽ നിന്നുതന്നെയാണ്. പരന്പരാഗത വൈരികളായാണ് ഇരു രാജ്യങ്ങളും വിലയിരുത്തപ്പെടുന്നത്. ഒരേ സംസ്കൃതിയിൽ നിന്നും മതവും സ്വാർത്ഥതയും ചേർന്ന് സൃഷ്ടിച്ചെടുത്ത വഴിപിരിഞ്ഞ സഹോദരങ്ങളാണ് ഇരു രാജ്യങ്ങളും. ആ വഴിപിരിയൽ പിന്നീട് ഇരു രാജ്യങ്ങളുടെയും വികസന പാതയിൽ വിലങ്ങുതടികളായി. കുൽസിത താൽപ്പര്യക്കാരായ പല വന്പന്മാരും ഈ ശത്രുത ഉപയോഗിക്കുന്നുണ്ട് എന്നതും ഇന്നു രഹസ്യമല്ല. ഏതെങ്കിലും രാഷ്ട്രങ്ങളും അവരുടെ ശത്രുക്കളും തമ്മിലുള്ള പോരാട്ടങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വൻകിട ആയുധ കന്പനികളാണ്. ലോകത്ത് സംഘർഷങ്ങൾ നിലനിൽക്കുകയും പുതിയ സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്യേണ്ടത് ആയുധ കന്പനികളുടെ ആവശ്യമാണ്. അതിനായി സംഘർഷങ്ങൾക്കു വഴിവയ്ക്കാനും ഉൾപ്രേരകങ്ങളാകാനും അവർ ആവുന്നതെല്ലാം ചെയ്തുകൊണ്ടേയിരിക്കും. ഈ ആയുധക്കന്പനികൾക്ക് അവർ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങളിലൊക്കെ വലിയ സ്വാധീനമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ താൽപ്പര്യ സംരക്ഷണത്തിനായി അവരൊക്കെ വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യും.
ഇന്ത്യാ-−പാക് വൈരം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പല പ്രമുഖ രാജ്യങ്ങൾക്കും ഈ വൈരം എരിതീയായി നിലനിൽക്കുന്നതിലാണ് താൽപ്പര്യം. അതിനായി അവരിൽ പലരും ആവും വിധമൊക്കെ ആ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടിരിക്കും. വലിയ സാന്പത്തിക ലാഭമാണ് ഈ ഇടപാടുകളിലൊക്കെ പങ്കാളികളാകുന്നവർക്കു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിനകത്തു നിന്നു തന്നെ ഈ ഇടപാടിന്‍റെ പങ്കു പറ്റുന്നവരുണ്ടാകുന്നു. അതിൽ അതാതു കാലത്തെ ഭരണകൂടങ്ങളിലെ പ്രമുഖർ പോലും ഉണ്ടാകുന്നു എന്നുള്ളതാണ് ഹിതകരമല്ലാത്ത വാസ്തവം. ഭരണ വ്യവസ്ഥിതിയിലെ പ്രമുഖർക്കു പോലും പങ്കാളിത്തമുണ്ടാകുന്നതോടെ രാജ്യത്തിനെതിരെയുള്ള ഈ ഭീഷണി ഇല്ലാതാക്കുകയും നിയന്ത്രിക്കുകയും ഒക്കെ അതീവശ്രമകരമാകുന്നു. രാജ്യം നേരിടുന്ന ഭീഷണികൾ ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് അവയൊക്കെ ഇല്ലായ്മ ചെയ്യാൻ ഊർജ്ജിത ശ്രമം നടത്തുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം. ഈ ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നയതന്ത്ര വൃത്തങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ സന്ദർശിച്ചതും സൗഹൃദത്തിന്‍റെ പുതിയ സാധ്യതകൾ വെട്ടിത്തുറന്നതും. ഇത് സ്വാഭാവികമായും ഇരു രാജ്യങ്ങളിലെയും കുൽസിത താൽപ്പര്യക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രതിഫലനമാണ് ഇന്നു വെളുപ്പിനു പഞ്ചാബിലെ പത്താൻകോടു കണ്ടത്. ഇന്ത്യയുടെ പോർമുനകളിലെ പ്രധാന കരുത്തുകളായ മിഗ് 21 പോർവിമാനങ്ങളുടെയും എം.ഐ 25 ആക്രമണ ഹെലിക്കോപ്റ്ററുകളുടെയും പ്രമുഖ താവളമാണ് ഇന്ത്യാ− പാക് അതിർത്തിക്കടുത്തുള്ള പത്താൻകോട്. ഈ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും തകർത്തു രാജ്യത്തിനു കനത്ത നാശനഷ്ടമുണ്ടാക്കുക എന്നതാണ് പ്രത്യക്ഷത്തിൽ തീവ്രവാദികളുടെ പ്രധാന ലക്ഷ്യം. എന്നാൽ അതിനെക്കാൾ പ്രധാനമാണ് ഇന്ത്യാ-പാക് സമാധാന പാതയിൽ പ്രധാനമന്ത്രിമാർ തുടങ്ങിവച്ച സൗഹൃദ യാത്രയുടെ വഴിമുടക്കുക എന്നത്. നുഴഞ്ഞു കയറിയ തീവ്രവാദികൾ മൂന്നു സുരക്ഷാ ഭടന്മാരുടെ ജീവനെടുത്തു. എന്നാൽ വിമാനങ്ങളും പുതിയ സൗഹൃദാന്തരീക്ഷവും തകർക്കാനുള്ള അവരുടെ നീക്കം പരാജയപ്പെട്ടിരിക്കുന്നു. ഇതൊരിക്കലും നവാസ് ഷരീഫിന്‍റെയോ പാക് അധികൃതരുടെയോ അറിവോടെയാവില്ലെന്നുറപ്പ്. അത് തിരിച്ചറിഞ്ഞാണ് ഉഭയകക്ഷി ചർച്ചകളുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. അതിനിടെ ചർച്ചകൾ വഴിമുടക്കുന്ന പ്രസ്താവനയുമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി രംഗത്തെത്തിയത് ഉചിതമായില്ല.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെയും കരുതലോടെയും പെരുമാറാൻ ശീലിക്കണം. രാജ്യനന്മക്കായി നിശ്ചയദാർഢ്യത്തോടെ നടത്തുന്ന ശ്രമങ്ങളുടെ വഴിമുടക്കാൻ തീവ്രവാദത്തിനാവില്ല. രാജ്യതാൽപ്പര്യങ്ങൾക്കുപരി സ്വാർത്ഥ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടകളിലായിരിക്കും എന്നും കാലം സാക്ഷ്യപ്പെടുത്തുന്നു.