സുപ്രീം കോടതിക്കു സ്തുതി, സർക്കാരിനും
പ്രഭാതത്തിൽ ഇന്നാദ്യം കണ്ണിലുടക്കിയ വാർത്ത വേദനിപ്പിക്കുന്നതായിരുന്നു. ഹൗറ അമൃത്സർ എക്സ്പ്രസിൽ ഒരു പതിനാലുകാരി ബലാൽക്കാരം ചെയ്യപ്പെട്ടിരിക്കുന്നു. ട്രയിനിലുണ്ടായിരുന്ന സൈനികർ പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം നൽകിയ ശേഷം കംപാർട്മെന്‍റിലെ ടോയ്ലറ്റിൽ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ മധുപൂർ റെയിൽവേ സ്റ്റേഷനിൽ പോലീസ് കണ്ടെത്തി. രാജ്യത്തെ കാത്തുരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ സൈനികരുടെ ഭാഗത്തു നിന്നുണ്ടായ ഈ ക്രൂരത തികച്ചും അപലപനീയമാണ്.
എന്നാൽ ഇത്തരമൊരു പരിതോവസ്ഥയിലേക്ക് എത്തിപ്പെട്ടതിൽ ആ പെൺകുട്ടിക്കുള്ള പങ്കും വിസ്മരിക്കാവുന്നതല്ല. വീടു വിട്ടിറങ്ങിയ ആ പെൺകുട്ടി സൈനികർക്കു മാത്രമുള്ള ആ കംപാർട്മെന്‍റിൽ സ്വയം കയറുകയായിരുന്നു. ബാഹ്യ ലോകത്തിന്‍റെ അപകടങ്ങളെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളെ ബോധവൽക്കരിക്കാൻ നമുക്കാവുന്നില്ല. ഒരുപക്ഷേ അവളുടെ വീട്ടിലെ സ്ഥിതി പുറത്തേക്കാൾ അപകടകരമായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അരക്ഷിതരായ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള സംവിധാനമൊരുക്കേണ്ടത് അധികൃതരാണ്. ഈ ദിശയിൽ ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷ പകരുന്നതാണ്. എന്നാൽ രാജ്യമെങ്ങും ഇത്തരത്തിൽ കുഞ്ഞുങ്ങൾക്കു രക്ഷയൊരുക്കുന്ന കാലം ഏറെ അകലെയാണ്. ആ കാലം വരും വരേയ്ക്കും നമ്മൾ സ്വയം കരുതിയിരിക്കുക മാത്രമാണ് കരണീയം.
ഹൗറ എക്സ്പ്രസ് സംഭവത്തിലെ മറ്റൊരു വില്ലൻ മദ്യമാണ്. സാധാരണ ഗതിയിൽ മാന്യതയും യാഥാർത്ഥ്യ ബോധവും പുലർത്തുന്ന പല പുരുഷന്മാരും മദ്യ ലഹരിയിലായാൽ ഈ മാന്യതയും യാഥാർത്ഥ്യ ബോധവും കൈമോശം വരുന്നതായി കാണാം. പ്രത്യേകിച്ച് നാളുകളായി കുടുംബങ്ങളിൽ നിന്നകന്നു കഴിയുന്ന പട്ടാളക്കാർ അത്തരം സാഹചര്യങ്ങളിൽ തികച്ചും പിശാചുക്കളായിത്തന്നെ മാറിയേക്കാം. നമ്മുടെ സ്വന്തം ഭൂമിമലയാളത്തിൽ തന്നെ ഇത്തരം എത്രയോ ഉദാഹരണങ്ങളുണ്ട് ഇത്തരത്തിൽ. മദ്യത്തെയോ മദ്യലഹരിയെയോ കണ്ണടച്ചെതിർക്കാത്തവർ പലപ്പോഴും നൽകാറുള്ള ഒരുപദേശമുണ്ട്; മദ്യം കുടിക്കുന്നതുകൊണ്ടു കുഴപ്പമില്ല, പക്ഷേ മദ്യം നമ്മളെ കുടിക്കാതെ ശ്രദ്ധിക്കണം... എന്ന്. ലഹരി ആവാം, പക്ഷേ അതിന് അടിമകളാകരുത് എന്നതാണ് ഇതിനർത്ഥം. ലഹരി ഒരു രസം തന്നെയാണ്. പക്ഷേ അമിതമായാൽ അമൃതും അപകടകരമാണ്.
നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്ന റോഡപകടങ്ങളിൽ ഏറിയ പങ്കും മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമായിരുന്നു. പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായ നമ്മുടെ പാതാള റോഡുകളിലൂടെ വണ്ടിയോടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. രണ്ടെണ്ണമടിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് ഈ ആയാസം കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ മദ്യം നമ്മുടെ പ്രതികരണ ശേഷി കുറയ്ക്കും. മുന്നും പിന്നും നോക്കാതെ ലക്കും ലഗാനുമില്ലാതെ പാഞ്ഞു വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളും ടിപ്പറുകളുമൊക്കെ നിറഞ്ഞ നമ്മുടെ റോഡുകളിൽ വൈകിയുള്ള പ്രതികരണശേഷി പലപ്പോഴും കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ അപകടങ്ങളിലായിരിക്കും. മേൽപ്പറഞ്ഞ വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിക്കുക കൂടി ചെയ്യുന്നത് കാര്യങ്ങളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കും. ഇവിടെ മദ്യപാനത്തിനു നിയന്ത്രണമേർപ്പെടുത്തുക മാത്രമാണ് ഏക പ്രശ്ന പരിഹാരം. മികച്ച പോലീസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് ഗതാഗത വകുപ്പിന്‍റെ ചുമതലക്കാരനായിരുന്നപ്പോൾ കൊണ്ടുവന്ന നിയന്ത്രണങ്ങളും നടപടികളും മദ്യപിച്ചുള്ള വണ്ടിയോടിക്കലും അതു വഴിയുള്ള അപകടങ്ങളും വലിയതോതിൽ കുറച്ചിരുന്നു.
റോഡപകടങ്ങൾക്കൊപ്പം നാട്ടിലെ കുറ്റകൃത്യങ്ങൾ കൂട്ടുന്നതിലും മദ്യം വലിയ പങ്കു വഹിക്കുന്നു. അടിസ്ഥാനപരമായി പരിധി വിട്ടുള്ള മദ്യോപഭോഗം ഏതൊരാളെയും നിലവിട്ടുള്ള സ്വഭാവ രീതികളിലേക്കു വഴിമാറ്റും. നിസാരമായ കാര്യങ്ങൾ പോലും മദ്യലഹരിയിൽ അപകടകരമായ സാഹചര്യങ്ങളുണ്ടാക്കും. വരും വരായ്കകളെക്കറിച്ചു ചിന്തിക്കാനോ വിവേകത്തോടേ പ്രവർത്തിക്കാനോ മദ്യ ലഹരിയിലുള്ള വ്യക്തിക്കു കഴിയാതെ വരുന്നു. ദിവസവും അര ലിറ്റർ വീതം മദ്യം ഉപയോഗിക്കുന്ന ഭർത്താവ് ആഴ്ചയിൽ ഒരു ലിറ്റർ വെളിച്ചണ്ണ ഉപയോഗിക്കുന്നതിനെച്ചൊല്ലി ഭാര്യയെ തല്ലാനെത്തും. വഴിവിട്ട ബന്ധങ്ങൾ പലതിലും രാസത്വരകം മദ്യം തന്നെയാണ്.
പക്ഷേ ഇതിനർത്ഥം ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മദ്യം മാത്രമാണെന്നല്ല. മദ്യം ഇല്ലാതായാലും ഈ പ്രശ്നങ്ങളിൽ പലതും നിലനിൽക്കുകയും ചെയ്യും. എന്നാൽ മദ്യ ലഭ്യത കുറയുന്നതോടെ അത്തരം ദോഷങ്ങളുടെ വ്യാപ്തി കുറയുക തന്നെ ചെയ്യും. അനുഭവങ്ങൾ അതിനു സാക്ഷ്യം പറയുന്നു. അതുകൊണ്ടു തന്നെ സർക്കാരിന്‍റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഭൂമിമലയാളത്തിന് ഗുണകരമാകും എന്ന കാര്യത്തിൽ തർക്കമില്ല. ദൈവത്തിന്‍റെ സ്വന്തം നാടിനെ ഈ തീരുമാനം കൂടുതൽ സുന്ദരമാക്കും. വൈരനിര്യാതന ബുദ്ധിയോടെ മുഖ്യമന്ത്രിയെടുത്ത തീരുമാനമാണ് കാര്യങ്ങൾ ഇവിടെവരെയെത്തിച്ചത് എന്ന് ആരോപണമുണ്ട്. സർക്കാരിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്. അരോപണങ്ങൾ അവസാനിക്കില്ല, എങ്കിലും എടുത്ത തീരുമാനത്തിൽ വെള്ളം ചേർക്കാതിരിക്കാനും കള്ളവാറ്റും മദ്യംകടത്തും പോലുള്ള കാര്യങ്ങൾ തടയാനും സർക്കാർ പ്രതിജ്ഞാബദ്ധമായാൽ അത് നാടിനു ഗുണകരമാകും എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.