വികസനത്തിന്‍റെ വഴിമുടക്കരുത്
വിശ്വാസവും ആരാധനയും ഭക്തിയുമൊക്കെ വ്യത്യസ്ത രൂപങ്ങളിൽ ഭൂമുഖത്തെ ഭൂരിപക്ഷം മനുഷ്യ സമൂഹങ്ങളിലുമുണ്ട്. ആരാധിക്കുന്നത് അരൂപികളോ ശിലാരൂപികളോ ആയ ദൈവ സങ്കൽപ്പങ്ങളെയാവാം. തങ്ങളെക്കാൾ മികവുള്ള വ്യക്തിത്വങ്ങളെയാവാം. ഏതെങ്കിലുമൊക്കെത്തരത്തിൽ തങ്ങളെ വിസ്മയിപ്പിക്കുകയോ സഹായിക്കുകയോ ചെയ്ത ആൾദൈവങ്ങളെയാവാം. തങ്ങൾക്കോ അതുമല്ലെങ്കിൽ ഒരു സമൂഹത്തിനു തന്നെയോ ഗുണകരമാകുന്ന ആശയ ഗതികളെ ആരാധിക്കുന്നവരും ഒരുപാടുണ്ട് നമുക്കു ചുറ്റം. വ്യത്യസ്ത തരങ്ങളിലും തലങ്ങളിലുമുള്ള ഈ ആരാധനകളെല്ലാം ഒരൽപ്പം അന്ധവുമായിരിക്കും. ഈ വിശ്വാസങ്ങളും ആരാധനകളുമെല്ലാം ഓരോരുത്തരുടെയും ഇഷ്ടങ്ങളുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത് എന്നതാണ് ഈ അന്ധതക്കു കാരണം. സ്വന്തം ഇഷ്ടങ്ങളോടുള്ള കടുത്ത അടുപ്പം മൂലം ഇതര വിശ്വാസങ്ങളുമെല്ലാം പലർക്കും അനിഷ്ടങ്ങളായി ഭവിക്കുന്നു. ഇതു വഴിവെയ്ക്കുന്നതാ അസഹിഷ്ണുതക്കാണ്. ഇത് മതപരമാകുന്പോൾ തികച്ചും അപകടകരമാകുന്നു. ഇതര രാജ്യങ്ങളുടെ പലതിന്‍റെയും ചരിത്രം പരിശോധിച്ചാൽ ഇതെത്ര വലുതാണെന്നു നമുക്കു മനസ്സിലാക്കാം. ഇന്ത്യ പോലെ വ്യത്യസ്ഥതകളുടെ ഭൂമിയിൽ മതേതരത്വത്തിന്‍റെയും സഹിഷ്ണുതയുടേയും നിറവിൽ ഈ അപടാവസ്ഥ സാധാരണ ഗതിയിൽ ലഘൂകരിക്കപ്പെട്ടു പോരുന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മഹത്വം വിളിച്ചോതുന്ന സ്വഭാവ വിശേഷമാണ്. അതിക്രൂരമായ അധിനിവേശങ്ങളെയും സാംസ്കാരിക തേർവാഴ്ചകളെയും ഇന്ത്യ അതിജീവിച്ചത് ഈ സഹിഷ്ണുത മൂലമാണ്.
സ്വാതന്ത്ര്യത്തിന്‍റെയും സാധ്യതകളുടെയും അപാരതയായി വിലയിരുത്തപ്പെടുന്ന അമേരിക്കൻ മണ്ണിൽപ്പോലും കറുത്തവനും വെളുത്തവനും തമ്മിൽ ഇന്നും നിലനിൽക്കുന്ന വ്യത്യാസങ്ങളും പരിഷ്കാരത്തിന്‍റെ യൂറോപ്പിലെ പലയിടങ്ങളിലും ഇന്ത്യക്കാരടക്കമുള്ളവർ ഇന്നുമനുഭവിച്ചു പോരുന്ന വിവേചനവുമൊക്കെ നമുക്കു കണ്ടില്ലെന്നു നടിക്കാനാവില്ല.
ഇവിടെയൊക്കെ നമ്മുടെ ബഹുസ്വരതയും സഹനശീലവും സഹിഷ്ണുതയുമൊക്കെ പ്രസക്തമാകുന്നു. ഇതിനൊക്കെ അപവാദമാകുന്ന സംഭവങ്ങൾ എന്നും നമ്മുടെ അസ്തിത്വത്തിനു വെല്ലുവിളി ഉയർത്താറുണ്ട്. വിശ്വാസങ്ങൾക്കും ആരാധനക്കും ആരാധനാലയങ്ങൾക്കുമൊക്കെ നേരെയുള്ള അതിക്രമങ്ങൾ നമുക്കു പുതുമയല്ല. അവയൊക്കെ അതിജീവിച്ചു എന്നതാണ് നമ്മുടെ വിജയം. വിശ്വാസം വിശ്വാസമായി നിലനിൽക്കുന്നത് മനുഷ്യ സമൂഹത്തിനു ഗുണമേ ചെയ്യൂ. പക്ഷേ അതിൽ രാഷ്ട്രീയം കലരുന്പോൾ അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു. ഇത്തരം അപകടങ്ങൾ നൂറ്റാണ്ടുകളായി അധിനിവേശ വേളകളിൽ നമ്മുടെ മണ്ണ് ആവോളം അനുഭവിച്ചിട്ടുണ്ട്. വർത്തമാന കാലത്തിനു പക്ഷേ ഇത്തരം അപകടങ്ങളെ അതിജീവിക്കാനുള്ള വിവേകമുണ്ട്. വിശ്വാസങ്ങൾക്കും ആരാധനക്കുമപ്പുറം നിലനിൽപ്പും വികസനവുമാണ് പ്രധാനം എന്ന ബോധം നമുക്കുണ്ട്. അതിനാൽ എല്ലാ വിശ്വാസങ്ങൾക്കുമപ്പുറം ഊന്നൽ വേണ്ടത് ദേശീയ താൽപ്പര്യങ്ങൾക്കും വികസനത്തിനുമായിരിക്കണം. ഇതിനു സാമൂഹ്യവും സാമുദായികവുമായ സഹവർത്തിത്വം അത്യന്താപേക്ഷിതമാണ്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുന്പോൾ തകരുന്നത് ഈ സഹവർത്തിത്വവും വികസന സങ്കൽപ്പങ്ങളുമാണ്. 1992 ൽ അയോദ്ധ്യയിലെ രാംകോട് കുന്നിലെ ബാബറി മസ്ജിദ് തച്ചു തകർക്കപ്പെട്ടപ്പോൾ സംഭവിച്ചത് അതായിരുന്നു. അതിനെ ഒരുപരിധിവരെ ഇന്ത്യ അതിജീവിച്ച് വികസന പന്ഥാവിൽ വളരെ ദൂരം, ഒരു പക്ഷെ മംഗൾയാനിലേറി ചെവ്വാ ഗ്രഹത്തോളം, നമ്മൾ മുന്നോട്ടു പോയിരിക്കുന്നു. ഈ ഘട്ടത്തിൽ അയോദ്ധ്യയിൽ നിന്നും വീണ്ടും സംഘർഷ സാദ്ധ്യതയുണർത്തുന്ന വാർത്തകളുണ്ടാകുന്നത് രാജ്യ താൽപ്പര്യങ്ങൾക്കു ഹിതകരമല്ല എന്നു തന്നെ വിലയിരുത്തേണ്ടിവരും. ഹിന്ദു മുസ്ലീം സഹോദരങ്ങളെ തമ്മിൽ തല്ലിച്ചു മുതലെടുപ്പിന് രാജ്യത്തിന്‍റെ ശത്രുക്കൾ തക്കം പാർത്തിരിക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ ക്ഷേത്ര നിർമ്മാണ നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറുകയാണ് വേണ്ടത്. 1992 ൽ മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കയ്യും കെട്ടി നോക്കി നിന്ന സർക്കാരുകളെ അനുകരിക്കാതെ ഉണർന്നു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും തയ്യാറാകണം. ഇക്കാര്യത്തിൽ അലംഭാവമുണ്ടായാൽ നിലവിലുള്ള സാഹചര്യത്തിൽ വലിയ വിലയാവും മതേതര ഇന്ത്യക്കു നൽകേണ്ടി വരിക.