ഭൂമിയെ കാക്കാൻ...
പ്രകൃതിയുടെ സംരക്ഷണത്തിനായി കടുത്ത നടപടികളെടുക്കാൻ പാരീസിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ തീരുമാനമായിരിക്കുന്നു. വാഹനങ്ങളും വ്യവസായങ്ങളും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവു കൂടുതൽ നിന്ത്രിക്കാനുള്ള ഈ തീരുമാനം ഇക്കാര്യത്തിൽ എത്രത്തോളം പുരോഗതിയുണ്ടാക്കുമെന്ന കാര്യത്തിൽ ആശങ്കകൾ ശക്തമാണ്
ഇതൊരു ചരിത്ര നിമിഷമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പാരീസ് വീണ്ടുമൊരിക്കൽകൂടി ലോക ശ്രദ്ധയിൽ നിറയുകയാണ്. ഒരുമാസത്തോളം മുന്പൊരു ദിവസം വൈകീട്ട് ലോകത്തെ മൊത്തം നടുക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ആ നഗരത്തെ വാർത്തകളിൽ നിറച്ചത്. തീവ്രവാദികളുടെ നിഷ്ഠൂരത അന്ന് ഫ്രാൻസിന്‍റെ തലസ്ഥന നഗരിയെ ചോരക്കളമാക്കുകയായിരുന്നു. ഒരു മാസം തികയും മുന്പ് ഇപ്പോഴാവട്ടെ ആഗോള താപനമുയർത്തുന്ന കൊടും ഭീതികളിൽ നിന്നും ലോകത്തെമോചിപ്പിച്ചേക്കാവുന്ന നടപടികൾക്ക് അതേ നഗരം സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത് ഫ്രാൻസിന്‍റെയും പാരീസ് നഗരത്തിന്‍റെയും ഒപ്പം ലോക മനസാക്ഷിയുടെ കൂടി അതീജീവനത്തിന്‍റെയും കുതിപ്പിന്‍റെയും വ്യക്തമായ ചിത്രമാണ് വരച്ചിടുന്നത്.
ഭൂമുഖം മനുഷ്യകുലത്തിന് അധിവാസ യോഗ്യമായിരിക്കണം എന്ന ലക്ഷ്യത്തോടെ വ്യവസായ മാലിന്യവും വാഹന പുകമലിനീകരണവും ആവുന്നിടത്തോളം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളാനാണ് പാരീസ് ഉച്ചകോടിയിൽ തീരുമാനമായിരിക്കുന്നത്. ഇതിനായി മാസങ്ങളായി നടന്ന ശ്രമങ്ങളാണ് ഇപ്പോൾ വിജയം കാണുന്നത്.
വ്യവസായ വൽക്കരണം വരുംമുന്പുണ്ടായിരുന്ന കാലത്തേതിൽ നിന്നും ആഗോള താപന നിരക്ക് 2 ഡിഗ്രി മാത്രം ഉയരും വിധത്തിൽ നിജപ്പെടുത്താനാണ് ഉച്ചകോടിയുടെ തീരുമാനം. 196 ലോക രാജ്യങ്ങൾ സംബന്ധിച്ച ഉച്ചകോടിയിൽ ചില രാജ്യങ്ങൾ ഈ നിലപാടിനോട് അതിശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങൾ ഈ എതിർപ്പു കൃത്യമായി എടുത്തു പറഞ്ഞുകൊണ്ടു തന്നെയാണ് തീരുമാനത്തെ അംഗീകരിച്ചിരിക്കുന്നത്.
കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. ചിലയിടങ്ങളിൽ തിരുത്തലും ആവശ്യമാണ്. എങ്കിലും പൊതു താൽപ്പര്യാർത്ഥം തീരുമാനങ്ങൾ അംഗീകരിക്കുകയാണ് എന്നാണ് ഉച്ചകോടിയിലെ ചൈനീസ് പ്രതിനിധി സംഘം നായകൻ സീ ഷെൻഹുവ പറഞ്ഞത്. തീരുമാനം ഐക്യ കണ്ഠേനയാണോ അംഗീകരക്കപ്പെട്ടത് എന്ന പ്രഖ്യാപനം ഫ്രഞ്ചു വിദേശകാര്യ മന്ത്രിയും ഉച്ചകോടിയുടെ പ്രസിഡണ്ടുമായ ലോറന്‍റെ ഫേബിയസ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ട് വ്യക്തമാക്കുന്നതും ഇക്കാര്യത്തിൽ ഉച്ചകോടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തന്നെയാണ്.
കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ഒക്കെ സംബന്ധിച്ച് ഈ അഭിപ്രായ വ്യത്യാസങ്ങൾ ഇന്നോ ഇന്നലെയോ പൊട്ടി മുളച്ചതല്ല. സാധാരണക്കാരനുതൊട്ട് പണ്ധിതാഗ്രേസരന്മാർക്കു വരെ ഇക്കാര്യത്തിൽ സന്ദേഹങ്ങളുണ്ട്. അവയാകട്ടെ നാൾക്കു നാൾ വർദ്ധിച്ചു വരികയുമാണ് ഇക്കാര്യത്തിൽ ദിനം പ്രതി പുറത്തു വരുന്ന പഠന റിപ്പോർട്ടുകളെച്ചൊല്ലിയും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.
ആഗോള തലത്തിൽ നിന്നൊക്കെ മാറി കുഞ്ഞുന്നാളിലെ ശാസ്ത്ര പാഠങ്ങളിലെ ചില വിവരങ്ങളിൽ തൊട്ട് കാലാവസ്ഥാ കാര്യങ്ങളിൽ അവ്യക്തതയുണ്ട് എന്നു തമാശക്കു വേണമെങ്കിൽ പറയാം. അറബിക്കടലിലെവെള്ളം സൂര്യ താപമേറ്റ് ആകാശത്തിലേക്കുയർന്നു പൊങ്ങുന്നു. അങ്ങനെയുണ്ടാകുന്ന മേഘങ്ങളെ കാറ്റ് അടിച്ചു കൊണ്ടുപോവുകയും അവയെ സഹ്യ പർവ്വത മലനിരകൾ തടഞ്ഞു നിർത്തി മഴയായി പെയ്യിക്കുന്നുവെന്നുമുള്ള പാഠം നമ്മിൽ പലരും മറന്നിട്ടുണ്ടാവില്ല. ഒരൽപ്പം കൂടി പ്രായമാകുന്പോൾ അന്നതു കാണാതെ പഠിച്ചു വിശ്വസിച്ച പലർക്കും മലയില്ലാത്തിടങ്ങളിൽ പെയ്യുന്ന മഴ ശാസ്ത്ര പാഠങ്ങളിലെ ആദ്യ കല്ലുകടിയായി. അറബിക്കടലിനടുത്തു കിടക്കുന്ന തമിഴകത്ത്, കേരളത്തിലേതു പോലെ ബംഗാൾ ഉൾക്കടലിൽ നിന്നും സൂര്യതാപമേറ്റു വെള്ളം ആവിയാവാത്തതും അവിടെ അന്നൊക്കെ മഴ ലഭിക്കാത്തതും എന്താണെന്ന് അന്നേ സംശയവും ജനിച്ചിട്ടുണ്ടാവും. അതൊക്കെ തമാശകളായി മാറ്റി നിർത്താമെങ്കിലും ആഗോള താപനം, ഹരിത ഗൃഹ വാതകം, പരിസ്ഥിതി നാശം, മഞ്ഞുരുകൽ, അന്‍റാർട്ടിക്ക എന്നിത്യാദി വിഷയങ്ങളിൽ ആഗോളതലത്തിൽ തന്നെയുള്ളത് അതിലും വലിയ കൺഫ്യൂഷനുകളാണ്. അതൊക്കെത്തന്നെയാണ് പാരീസ് ഉച്ചകോടിയിലും നമ്മൾ കണ്ടത്.
അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളാണ് ആഗോള താപനത്തിന്‍റെ പേരിൽ അന്തരീക്ഷ മലിനീകരണത്തിനെതിരായ നടപടികൾ ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടു വെയ്ക്കുന്നത്. എന്നാലിതിന്‍റെ ഉദ്ദേശശുദ്ധി ഇതിനോടകം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. ഇതര രാജ്യങ്ങളുടെ വ്യവസായ വികസനത്തെ തടയിടുകയും അതുവഴി സ്വന്തം വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിച്ചു നിർത്തുകയുമാണ് നിയന്ത്രണങ്ങളിലൂടെ വികസിത രാജ്യങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് എന്ന ആരോപണം ശക്തമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് ആഗോളതാപനമാണോ പ്രധാന കാരണമെന്നും ഒരു വിഭാഗം വിദഗ്ദ്ധർ ചോദിക്കുന്നു. ആഗോള തലത്തിൽ വ്യവയായ വാഹന മലിനീകരണം നടത്തുന്നവരിൽ മുന്പന്മാരിൽ ഒരു രാജ്യമാണ് അമേരിക്ക. ആകെ മലിനീകരണത്തിൽ 14 ശതമാനവും അവരുടെ സംഭാവനയാണ്. ആഗോള ജനസംഖ്യയിൽ 4.42 മാത്രമാണ് അമേരിക്കൻ വിഹിതം.
ലോക ജനസംഖ്യയിൽ 17.6 ശതമാനം ജീവിക്കുന്നത് ഇന്ത്യയിലാണ്. ലോക ജനസംഖ്യാ പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ നമ്മൾ ആളോഹരി മലിനീകരണതോതിൽ അമേരിക്കയ്ക്ക് ഏറെ പിന്നിലാണ്. നമ്മുടെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പുതിയ ഉടന്പടികൾ തടസം തന്നെയാവും. ഈ സാഹചര്യത്തിൽ ഇന്ത്യ ഉച്ചകോടിയിൽ ഇക്കാര്യത്തിലുള്ള അമേരിക്കൻ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിന്‍റെ വിവാദ കാർട്ടൂണിസ്റ്റ് ഹെം കിംഗ് സോംഗ് ഒരു ഇന്ത്യാ വിരുദ്ധ കാർട്ടൂണും വരച്ചിരുന്നു. ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ മംഗൾയാനെ പരിഹസിച്ച് പുലിവാൽ പിടിച്ച കക്ഷിയാണ് ഹെംഗ്. എന്നാൽ അന്നത്തേതുപോലെ തന്നെ ഒരൽപ്പം തിരുത്തിയാൽ അമേരിക്കയുടെയും കൂട്ടാളികളുടെയും ഇരട്ടത്താപ്പ് ഇതേ കാർട്ടൂൺ വരച്ചിടുന്നുണ്ട് എന്നതാണ് കൗതുകകരമായ കാര്യം.
2016 ഏപ്രിൽ മാസം മുതൽ ഒരു വർഷക്കാലമാണ് കരാർ ഒപ്പു വെയക്കാൻ നൽകിയിട്ടുള്ള സമയം. ഈ കാലയളവിനുള്ളിൽ ഇക്കാര്യത്തിലെ ഇരട്ടത്താപ്പുകൾ കുറയെങ്കിലും വെളിവാകുമെന്നും കാര്യങ്ങൾ കുറേക്കൂടി സാധാരണക്കാർക്ക് അനുകൂലമാകുമെന്നും പ്രതായാശിക്കാം.