ഉൽക്കണ്ഠയുത്‍സവം
ഫേസ്ബുക്കിലിപ്പോൾ പുതിയൊരു ഫീച്ചറുണ്ട്. യുവർ മെമ്മറീസ് ഫ്രം ലാസ്റ്റ് ഇയർ എന്നോ അതിനു മുന്പിലുള്ള ഇയർ എന്നോ ഒക്കെയുള്ള സൂചനകളുമായി പഴയ ചില ചിത്രങ്ങൾ ടൈം ലൈനിലേക്ക് തലകാട്ടും. നമ്മുടെ ഓർമ്മകളെ പിന്നോട്ട് കൊണ്ടുപോകുന്നവയാണ് ഈ ചിത്രങ്ങൾ. ഒപ്പം ചില തിരിച്ചറിവുകളുണ്ടാക്കുന്നവയും. കഴിഞ്ഞ ദിവസം ഇങ്ങനെ വീണ്ടും പ്രത്യക്ഷപ്പെട്ടവയാണ് മുകളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ. ബഹ്റിനിലേക്കുള്ള കുടിമാറ്റത്തിനു തൊട്ടു മുന്പ് ഭൂമിമലയാളത്തിന്‍റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിൽ കേരള കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച മുല്ലപ്പെരിയാർ പ്രതിഷേധ കാർട്ടൂൺ പ്രദർശനത്തിന്‍റെ ചിത്രങ്ങളാണിവ. അക്കാദമി നായകന്മാരായ പ്രസന്നൻ ആനിക്കാടും പി.വി കൃഷ്ണനും സുകുമാർ സാറും പീറ്ററും അന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഒക്കെ സംബന്ധിച്ച പരിപാടി മുല്ലപ്പെരിയാർ വിഷയത്തിലെ കേരളത്തിന്‍റെ ആശങ്ക പങ്കു വെയ്ക്കുന്നതും ജനശ്രദ്ധ പിടിച്ചു പറ്റുന്നതുമായിരുന്നു. വല്ലാത്തൊരു വികാരാവേശത്തോടെയായിരുന്നു അന്ന് ആ പരിപാടിയിൽ പങ്കടുത്തതും സംസാരിച്ചതുമൊക്കെ. അക്കാദമിയുടെ പരിപാടിക്കൊപ്പം അതേ വിഷയത്തിലുള്ള സമര പ്രതിഷേധ പരിപാടികൾ കൊണ്ടു നിറഞ്ഞിരുന്നു അന്നു സെക്രട്ടറിയേറ്റ് പരിസരം. ഏതു നിമിഷവും ഒരു ദുരന്ത വർത്തമാനം നമ്മളെ തേടിയെത്തിയേക്കാം എന്ന ആശങ്ക അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു.
വിഷയത്തിൽ കേരള തലസ്ഥാനത്തിന്‍റെ ചിന്തയെന്തെന്നു റിപ്പോർട്ടു ചെയ്യാനെത്തിയ ‘പുതിയ തലമുറൈ’ അടക്കമുള്ള തമിഴ് വാർത്താ ചാനലുകളോട് സംസാരിച്ചതിന്‍റെ ഓർമ്മകളും ഈ ചിത്രങ്ങൾ വീണ്ടും മനസിലേക്ക് എത്തിക്കുന്നു. ഇടുക്കിയിലെയും എറണാകുളത്തെയും ആലപ്പുഴയിലെയുമൊക്കെ നിരപരാധികളായ ജനലക്ഷങ്ങളുടെ ആയുസ്സിനെക്കുറിച്ചുള്ള ആശങ്കയിൽ തമിഴകത്തെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് അവരോടു കടുത്ത ഭാഷയിൽ പ്രതികരിച്ചത്. എന്നാൽ ആ ആവേശത്തെക്കുറിച്ച് ഇന്നോർക്കുന്പോൾ ഒരൽപ്പം ജാള്യത അനുഭവപ്പെടുന്നു എന്നു സമ്മതിക്കാതെ തരമില്ല. ഇപ്പോൾ പൊട്ടുമെന്നു നമ്മിൽ പലരും കർണ്ണ കഠോരമായി ആർത്തലച്ചിട്ടും മുല്ലപ്പെരിയാർ ഇന്നും പാറപോലെ ഉറച്ചു നിൽക്കുന്നു. അനാരോഗ്യത്തിന്‍റെ പരകോടിയിലുള്ള അമ്മ ഭരിക്കുന്പോഴും തമിഴകവും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് കൂടുതൽ കൂടുതൽ കടുപ്പിച്ചുകൊണ്ടുമിരിക്കുന്നു. മഴക്കാലമെത്തുന്പോൾ അവർത്തിച്ച് ആശങ്കപ്പെടാനും ഉൽക്കണ്ഠപ്പെടാനുമുള്ള ഒരു വിഷയം മാത്രമായി മുല്ലപ്പെരിയാർ അവശേഷിക്കുന്നു.
സ്വന്തം അതിർത്തിക്കുള്ളിലുള്ള 120 വർഷം പ്രായമുള്ള അതീവ ദുർബ്‍ബലമായ ഒരു അണക്കെട്ടിന്‍റെ പേരിൽ വലിയ വിഭാഗം ജനതക്കുള്ള ആശങ്ക പരിഹരിക്കാനാവാത്ത സംസ്ഥാന സർക്കാർ അക്ഷരാർത്ഥത്തിൽ നോക്കു കുത്തിയാകുന്നത് വാസ്തവത്തിൽ മുല്ലപ്പെരിയാർ പ്രശ്നത്തെക്കാളും ആശങ്കയുയർത്തുന്നതാണ്. ഗുണപരമല്ലാത്ത ഒരായിരം വിവാദങ്ങൾക്ക് പിന്നാലേ അഭിരമിച്ചു നടക്കുന്ന പൊതു സമൂഹത്തിനും ഇടക്ക് രക്തസമ്മർദ്ദം ഉയർത്തി ആസ്വദിക്കാനുള്ള ഉപാധി മാത്രമായി ചുരുങ്ങിയിരിക്കുന്നു അടിയന്തിര ശ്രദ്ധയും പരിഹാരവും വേണ്ട ഈപ്രശ്നം. ഇതര ഇടങ്ങളിലെ ജനങ്ങൾക്ക് ഒരുപാടു പ്രശ്നങ്ങളിൽ ഒന്നു മാത്രമാണ് മുല്ലപ്പെരിയാർ. അപകടമുണ്ടായാൽ ബാധിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ള ജനങ്ങൾക്കാവട്ടെ അത് സ്വന്തം ജീവിതങ്ങൾക്കുമേൽ സദാ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു ഡമോക്ലീസിന്‍റെ വാളാണ്.
ജലത്തിന്‍റെ വില നമ്മളേക്കാൾ നന്നായറിയുന്നവരാണ് തമിഴ്നാട്ടുകാർ. കന്പത്തും തേനിയിലുമൊക്കെ മലയാളിയെ ഊട്ടാനും അവർക്കു നിലനിൽക്കാനുമുള്ള പച്ചക്കറികളും പഴവുമൊക്കെ വിളയിക്കുന്നത് നമ്മുടെ മണ്ണിൽ നിന്നുള്ള വെള്ളം കൂടിയുപയോഗിച്ചാണ്. അതു നിലക്കുകയോ ആ ഒഴുക്കിനു ഭംഗം വരികയോ ഒക്കെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അവർക്കാകില്ല. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങളുടെ ആശങ്കക്ക് അവർ പുല്ലു വില നൽകുന്നതും വലിയ വിലകൾ നൽകി നമ്മുടെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയുമൊക്കെ സ്വാധീനിച്ച് തങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചു നിർത്തുന്നതും. പക്ഷേ അതൊരിക്കലും ന്യായമല്ല. ഈ പ്രശ്നം പരിഹരിക്കപ്പെട്ടേ മതിയാവൂ. നാണയങ്ങൾക്കു മുന്നിൽ നാണം കെട്ട വിധേയത്വം കാട്ടുന്ന നേതൃത്വങ്ങൾക്കും ഉദ്യോഗസ്ഥ വൃന്ദത്തിനുമപ്പുറം ജനതാൽപ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പോർമുഖങ്ങളാണ് ഇക്കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. വർഷാ വർഷമുള്ള ഈ ഉൽക്കണ്ഠയുത്‍സവവും ശാപവർഷവും അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഒരു അണക്കെട്ടും തകരാതെ തന്നെ ജലഭീഷണിയുടെ ആഘാതം അനുഭവിച്ചറിഞ്ഞ സാഹചര്യത്തിലെങ്കിലും തമിഴകവും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനത്തിനു തയ്യാറാകുമെന്നു നമുക്കും പ്രത്യാശിക്കാം.