കണ്ണീർ മഴ...
ലോക വർത്തമാനങ്ങളുടെ ഇടമായ ലോക ജാലകത്തിൽ മദിരാശിപ്പട്ടണവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ കൊടുക്കുന്നത് അനൗചിത്യമല്ലേ എന്നു സംശയിക്കുന്നവരുണ്ടാകാം. അമേരിക്കയിലും ഫിലിപ്പീൻസിലുമൊക്കെ നൂറിൽ താഴെ ജീവനുകൾ മാത്രമെടുക്കുന്ന കത്രീനയും ഫൈലീനുമൊക്കെ ബി.ബി.സിയിലും സി.എൻ.എന്നിലും ന്യൂയോർക്കറിലുമൊക്കെ ഒന്നാംപേജ് വാർത്തകളായാലുടൻ അതിനെ മഹാസംഭവമാക്കുന്നതാണ് നമ്മുടെ പല ദേശീയ മാധ്യമങ്ങളുടെയും ശൈലി. എന്നാലത് നമ്മുടെ സ്വന്തം മുറ്റത്തു നടക്കുന്പോൾ നമുക്കു പോലും പ്രധാന സംഭവമായി പരിഗണിക്കാനാവുന്നില്ല. ചെന്നൈയെ അക്ഷരാർത്ഥത്തിൽ ദുരിതക്കടലാക്കിക്കൊണ്ടു തുടരുന്ന മഴക്കെടുതിയുടെ കാര്യത്തിലും കഴിഞ്ഞ ദിവസം വരെ അതുതന്നെയായിരുന്നു ഇപ്പറഞ്ഞ ദേശീയ മാധ്യമ വന്പന്മാരുടെ സമീപനം. രാജ്യ തലസ്ഥാനമായ ഡൽഹിയിലോ വ്യാവസായിക തലസ്ഥാനമായ മുംബൈയിലോ മുട്ടറ്റം വെള്ളം പൊങ്ങിയാൽ പോലുമുണ്ടാകുന്ന മാധ്യമ ശ്രദ്ധ ചെന്നൈ മൂക്കറ്റം മുങ്ങിയിട്ടും അവർ കാട്ടിയില്ല.
ദീപാവലി ദിനത്തിനടുത്തു തുടങ്ങിയ പെരുമഴ ആരംഭിച്ചിട്ട് മാസമൊന്നാകാറാകുന്പോഴും മഴ ചെന്നൈ പട്ടണത്തോടു പൂർണ്ണമായും വിടപറയുന്നില്ല. ഇത് ആശങ്ക പകരുന്നതാണ്. വർഷങ്ങളോളം നേരിട്ടനുഭവിച്ചറിഞ്ഞതാണ് ചെന്നൈ മഴ. മഴ സാധാരണയായി ഇവിടെ വല്ലപ്പോഴും മാത്രമെത്തുന്ന വിരുന്നുകാരനാണ്. ഒന്നു വന്നാൽ ഇനിയെങ്ങും വരരുതേയെന്ന ശാപ വചനങ്ങളും വാങ്ങിയാവും തിരിച്ചു പോക്ക്. വന്നാലാവട്ടെ പെയ്യുന്നത് ദുരിതങ്ങളുമാകും. വഴികളിലെല്ലാം വെള്ളക്കെട്ടുകൾ. സീവേജ് പൈപ്പുകളിലെ മലിനജലവും കുടിവെള്ള പൈപ്പുകളിലെ ശുദ്ധജലവും പലയിടങ്ങളിലും കൈകോർത്ത് പകർച്ചവ്യാധികളെ സ്വാഗതം ചെയ്യും. പല പ്രധാന സ്ഥലങ്ങളും സമുദ്രനിരപ്പിനു താഴെയാണ് എന്നത് മഴവെള്ളം ഒഴുകി മാറുന്നതിനു തടസ്സമാണ്. ഈ വാസ്തവം മറന്നാണ് വെള്ളം ഒഴുകിപ്പോകാനുള്ള വഴികളില്ലാത്തതു മാത്രമാണ് ഇത്തരത്തിലൊരു ദുരന്തത്തിനു കാരണമെന്ന് പരിസ്ഥിതി പ്രവർത്തകരടക്കം ആരോപണങ്ങൾ ഉന്നയിക്കുന്നത്. കുട്ടനാടിനെ പോലെ സമുദ്രനിരപ്പിലും താഴ്ന്ന ഇടങ്ങളിൽ ക്രമാതീതമായ മഴ ഇത്തരം വെള്ളക്കെട്ടുകൾക്കു വഴി വെയ്ക്കും. എന്നാൽ സമുദ്രനിരപ്പിൽ നിന്നുമുയർന്ന ഇടങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതിന് സ്വാഭാവിക ജലവാഹിനികളുടെ നാശം വഴിവച്ചിട്ടുണ്ടെന്നുറപ്പാണ്. കൂവം നദി, അടൈയാർ എന്നിവ മാലിന്യക്കൂന്പാരങ്ങളുടെ ഇടങ്ങളായി അധഃപതിച്ചിരിക്കുന്നു. പൊതുജനവും അധികൃതരും ഇതിന് ഒരേപോലെ ഉത്തരവാദികളാണ്. പ്രകതിദുരന്തം വിതച്ചപ്പോൾ ഈ രണ്ടു പക്ഷങ്ങളും ഒരേപോലെ അതിന്‍റെ വില നൽകുകയും ചെയ്യുന്നു.
വന്നോരെ വളർത്തുകയും ഭരണകർത്താക്കളാക്കുകയും ഒക്കെ ചെയ്യുന്ന ചെന്നൈ വലിയ സാധ്യതകളുടെയും പ്രത്യാശകളുടെയും നഗരമാണ്. ഉടുതുണിക്കു മറുതുണി പോലുമില്ലാതെ വന്ന ഒരുപാടൊരുപാടാളുകൾ അദ്ധ്വാനവും പ്രതിഭയും ഭാഗ്യവും ഒക്കെക്കൊണ്ട് മദിരാശിയെന്നും മദ്രാസെന്നുമൊക്ക അറിയപ്പെട്ട ചെന്നൈ പട്ടണത്തിൽ മന്നന്മാരും ൈസ്റ്റൽ മന്നന്മാരുമൊക്കെയായത്. ആ സാദ്ധ്യതകളുടെ വലിയ വാതായനങ്ങളാണ് പ്രകൃതി തൽക്കാലത്തേക്കെങ്കിലും തഴുതിട്ടടച്ചിരിക്കുന്നത്. തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ നഗര ജീവിതം പൂർണ്ണമായും താളം തെറ്റിയിരിക്കുന്നു. പ്രാദേശിക വാർത്തയെന്നവഗണിച്ചു ആദ്യം ബുള്ളറ്റിനുകളുടെ പിന്നാന്പുറത്തേക്കു തള്ളിക്കളഞ്ഞ മേൽപ്പറഞ്ഞ ദേശീയ മാധ്യമന്മാർ പ്രാധാന്യം കൊടുത്തു തുടങ്ങി. എങ്കിലും പല വാർത്തകളുടെ കാര്യത്തിലുമെന്ന പോലെ അവരൊന്നും നമ്മോടു പറയാത്ത കാണാക്കോണുകൾ ഇനിയുമേറെ.
പരിസ്ഥിതി നാശത്തിനും പ്രകൃതിയുടെ താണ്ധവം എന്നതിനും ഒക്കെയപ്പുറം മനുഷ്യന്‍റെ നിസ്സാരത ഒരിക്കൽക്കൂടി അഹങ്കാരികളായ നമ്മളെ ബോദ്ധ്യപ്പെടുത്തുന്ന ഒന്നാണ് മഴ തീർത്ത ഈ ദുരിതക്കടൽ. വലിയ ബംഗ്ലാവുകളിൽ രാജകീയ ജീവിതം നയിച്ചവരും അവരുടെ അർദ്ധപ്പട്ടിണിക്കാരായ ജോലിക്കാരും അടുത്തുള്ള ചേരികളിൽ കഴിയുന്നവരും ഒരേ പോലെ വിശന്നു വലഞ്ഞ് ദുരിതാശ്വാസ പ്രവർത്തകർ കൊണ്ടുവരുന്ന റൊട്ടിക്കും ശുദ്ധജലത്തിനും ഒരേ ക്യൂവിൽ നിന്നും ഒരേപോലെ ഒഴിഞ്ഞ വയറുകളോടെ കൈകൾ നീട്ടുന്നു. ഒറ്റ നില വീടുകളിലും ബംഗ്ലാവുകളിലും ചേരികളിലും ഒക്കെ താമസിക്കുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഇന്ന് പത്രമിറങ്ങിയിട്ടില്ലെന്ന പ്രധാന വാർത്തയെക്കുറിച്ച് അറിയാത്ത, അറിയാൻ മെനക്കെടാത്ത ജനം പ്രളയജലത്തിൽ നിന്നും രക്ഷപെടാൻ വഴികൾ തേടുന്നു. ഓട്ടോറിക്ഷകളും പഴഞ്ചനന്പാസിഡർ കാറുകളും ബി.എം. ഡബ്ല്യുയൂവും ബെൻസുമൊക്കെ ഒരേപോലെ ഒഴുകി നടക്കുന്നു. അപകട സാധ്യത മുന്പിൽ കണ്ട് അധികൃതർ വൈദ്യുതി സ്വിച്ച് ഓഫ് ചെയ്തതോടേ ഇരുട്ടിൽ നിലവിളക്കുകളും മെഴുകുതിരികളും മാത്രം മിഴി തുറന്നു. വിദ്യാലയങ്ങൾ പ്രവർത്തിച്ചിട്ട് മാസം ഒന്നോളമാകുന്നു. പ്രധാന പരീക്ഷകൾ അടുത്തു വരുന്ന കാലമായതിനാൽ അങ്ങനെയുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസുകളിൽ പെയ്തിറങ്ങുന്നത് തീയാണ്.
മഴക്കെടുതികളുടെ ഭാഗമായി ഒഴുക്കിൽ പെട്ടും വൈദ്യുതി ലൈൻ പൊട്ടിവീണുമൊക്കെ മരണങ്ങൾ പതിവാണ്. ചെന്നൈയിൽ ഇതിനു തുടർച്ചയായി മഴമൂലം വൈദ്യുതി മുടങ്ങി ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെയും ഇരുപതോളം ജീവനുകൾ പൊലിഞ്ഞു. മരണങ്ങൾ എങ്ങനെയായാലും മരണാനന്തര കർമ്മങ്ങൾക്കു വലിയ മാന്യതയും പ്രാധാന്യവും നൽകുന്നവരാണു നമ്മൾ. പ്രധാന ശ്മശാനങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ വേണ്ടപ്പെട്ടവരുടെ മൃതശരീരങ്ങളുപേക്ഷിച്ച സംഭവങ്ങളും ഉണ്ടായതായി പറയപ്പെടുന്നു.
സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ ഇനിയും ഒരുപാടു ദിവസങ്ങളെടുക്കും. ഇതിനിടയിൽ പകർച്ചവ്യാധിക്കും സാധ്യതയേറെ. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ദുരിതക്കയത്തിലായ ചെന്നൈയെ രക്ഷിക്കാൻ കാരുണ്യത്തിന്‍റെ നാടിന്‍റെ വിവിധയിടങ്ങളിൽ നിന്നായി കാരുണ്യത്തിന്‍റെ കൈത്താങ്ങുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ദുരിതപർവ്വം താണ്ടാൻ ആ മഹാനഗരിക്ക് കഴിയട്ടെ. ഇതൊരു ചൂണ്ടുപലകയാണ്. ചെന്നൈയിൽ സംഭവിച്ചത് കൊച്ചിയിലും അനന്തപുരിയിലും ആവർത്തിക്കപ്പെട്ടേക്കാം. നമ്മൾ കൂടുതൽ കരുതൽ പുലർത്തേണ്ടിയിരിക്കുന്നു.