ശ്രീമാന്മാരോട് ഒരു മറു വാക്ക്


പ്രാദേശികമായ പല പദങ്ങൾക്കും പുനഃസ്വീകാര്യത ലഭിക്കുന്ന കാലത്ത് പ്രത്യേകിച്ച് നവമാധ്യമങ്ങളിൽ‍ ഏറെ പ്രയോഗ സാധ്യത ലഭിച്ച വാക്കുകളിൽ‍ ഒന്നാണ് പൊങ്കാലയിടീൽ‍. ഏതെങ്കിലുമൊരു വാക്കിന്‍റെയോ ചെയ്തിയുടെയോ പേരിൽ‍ കൂട്ടായ വിമർ‍ശനത്തിനും സൈബർ‍ ഇടത്തിലെ അധിക്ഷേപങ്ങൾക്കും പൊതുവായി പറയുന്ന പേരാണ് ഇപ്പോഴത്. നാട്ടുകാരോ സംഘാടകരോ ഒക്കെ ഒരാളുടെ പുറത്തു പൊതുയോഗം ചേരും എന്ന പഴയ പ്രയോഗത്തിന്‍റെ പുതിയ രൂപം. സച്ചിനെ അറിയില്ലെന്നു പറഞ്ഞ ടെന്നിസ് താരം ഷറപ്പോവയും മോഹൻലാലിനെ അധിക്ഷേപിച്ച ടി.വി അവതാരകൻ‍ സാബുമോനും നൗഷാദ് പ്രസ്താവനയുടെ പേരിൽ‍ സാക്ഷാൽ‍ ശ്രീമാൻ വെള്ളാപ്പള്ളിയും ബിജു രാധാകൃഷ്ണനെന്ന കൊടും കുറ്റവാളിയുടെ  ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ മാത്രം പേരിൽ‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമൊക്കെ ഇത്തരത്തിലുള്ള പൊങ്കാലയിടൽ‍ അനുഭവിച്ചവരാണ്.

ഇതിന്‍റെയൊക്കെ ആത്യന്തികമായ ഫലം എന്തെന്ന ചോദ്യത്തിനു കാര്യമായ ഉത്തരമൊന്നും നമുക്കു കണ്ടത്താനാവില്ല. ആരെയെങ്കിലുമൊക്കെ പുലഭ്യം പറയുന്പോൾ കിട്ടുന്ന ഒരുതരം സുഖം മാത്രമാകും ഇതിൽ‍ നിന്നും പൊങ്കാലയിടുന്നവർ‍ക്കു കിട്ടുന്ന ലാഭം. കണ്ടു നിൽ‍ക്കുന്നവർ‍ക്കും ഈ സുഖത്തിന്‍റെ ഒരുപങ്ക് ഉറപ്പ്. സൈബർ‍ ലോകത്തിലാണ് ഈ പൊങ്കാലയിടൽ‍ നടക്കുന്നത് എന്നതുകൊണ്ട് ആരോപണങ്ങളുന്നയിക്കുന്പോഴും പ്രമുഖരെ താറടിക്കുന്പോഴും സ്ഥിരീകരണവും ആവശ്യമില്ല. നിയമ നടപടികളും ഭയക്കേണ്ട. ഇങ്ങനെ പൊങ്കാലയിടൽ‍ നടക്കുന്നുണ്ട് എന്ന വാർ‍ത്ത നൽ‍കി പ്രമുഖ മാദ്ധ്യമങ്ങളും അതിന്‍റെ പങ്കു പറ്റുന്നു. ആത്യന്തികമായ നഷ്ടവും വേദനയും അധിക്ഷേപങ്ങളുടെ പൊങ്കാല അനുഭവിക്കാൻ വിധിക്കപ്പെട്ട പ്രമുഖർ‍ക്കു മാത്രം. 

ഇപ്പോൾ ഏറ്റവും പുതുതായി നമ്മുടെ സൈബർ‍ ഭൂമികയിൽ‍ പൊങ്കാലയിടീൽ‍ നടക്കുന്നത് പ്രമുഖ സി.പി.എം നേതാവും കണ്ണൂർ‍ എം.പിയുമായ പി.കെ ശ്രീമതി ടീച്ചറിന്‍റെ പുറത്താണ്. പാർ‍ലമെന്‍റിൽ‍ കഴിഞ്ഞ ദിവസം ടീച്ചർ‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗമാണ് ആളെണ്ണത്തിലും പോെസ്റ്റണ്ണത്തിലും ആറ്റുകാൽ‍ പൊങ്കാലയോടു മത്‍സരിക്കുന്ന സൈബർ‍ പൊങ്കാലയ്ക്കു കാരണം. ഇവർ‍ക്കു വേറേ പണിയില്ലേ, കടുകു വറ, കടുകു വറ, കടുകു വറ... തുടങ്ങിയ പ്രയോഗങ്ങൾ നിറഞ്ഞ കമന്‍റുകളുമായി പൊങ്കാ‍‍‍‍ല തുടരുകയാണ്. ലൈക് ബട്ടണിലെ ഒരൊറ്റ ക്ലിക്കിലൂടെ നമുക്കും ആ പൊങ്കാലയുടെ നിവേദ്യ രുചിയിൽ‍ പങ്കു പറ്റാം. എന്നിട്ട് ശ്രീമതിയുടെ ഒരിംഗ്ലീഷേ എന്ന് അധിക്ഷേപിച്ച് മേനി നടിക്കാം. 

പി.കെ ശ്രീമതിയുടെ ഇംഗ്ലീഷ് മോശമാണ്. കേരള സംസ്ഥാനത്തിന്‍റെ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഭൂമിമലയാളത്തിന് ഇത് ആവോളം ആഘോഷിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ‍ നിന്നുള്ള ആരോഗ്യരംഗത്തെ വിദഗ്ദ്ധരടങ്ങുന്ന പ്രതിനിധികൾക്കു മുന്നിൽ‍ പലതവണ അവർ‍ സ്വന്തം ആംഗലേയ പരിജ്ഞാനരാഹിത്യം കൊണ്ട് പരിഹാസ്യയും ആയിട്ടുണ്ട്.  അതിൽ‍ പലതും അവർ‍ക്ക് ഒഴിവാക്കാനാവുമായിരുന്നു. എന്നാൽ‍ കഴിഞ്ഞ ദിവസം പാർ‍ലമെന്‍റിൽ‍ അവർ‍ നടത്തിയ ഇംഗ്ലീഷ് സംഭാഷണത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ പൊങ്കാല ഒരൽ‍പ്പം കടന്ന കയ്യല്ലേ എന്ന് സംശയം. ചെന്നൈയിൽ‍ ഇനിയുമവസാനിക്കാത്ത പ്രളയ ദുരന്തത്തിന്‍റെ തുടർ‍ച്ചയായി പകർ‍ച്ച വ്യാധികൾ ഉണ്ടാകാനുള്ള സാധ്യതതയെക്കുറിച്ചായിരുന്നു ശ്രീമതി ടീച്ചറിന്‍റെ സംസാരം. നല്ല ശുദ്ധമലയാളത്തിലുള്ള ആ സംസാരം കുറ്റമറ്റതു തന്നെയായിരുന്നു. അതിനിടയിൽ‍ ഒരംഗം സംശയം ഉന്നയിച്ചതിനുള്ള മറുപടിമാത്രമാണ് അവർ‍ സായിപ്പിന്‍റെ ഭാഷയിൽ‍ മറുപടി പറഞ്ഞത്. അതാവട്ടെ ആരോഗ്യ മന്ത്രിയായിരുന്ന കാലത്തേതു പോലെ പരിതാപകരവും ഭീകരവും ആയിരുന്നുമില്ല. എപ്പീഡെമിക് എന്ന വാക്കിന്‍റെയർ‍ത്ഥം പകർ‍ച്ചവ്യാധി എന്നാണെന്നറിയാത്ത ഒരുപാടംഗങ്ങളുള്ള സഭയിൽ‍ ചെറിയ ഇംഗ്ലീഷ് വാചകങ്ങൾ കൊണ്ട് ടീച്ചർ‍ തന്‍റെ ആശയം വ്യക്തമാക്കുകയും ചെയ്തു. എന്നാലതൊരിക്കലും പണ്ധിതാഗ്രേസരനായ ശശി തരൂരോ മറ്റു പല പ്രമാണിമാരുമോ നടത്തുന്നതു പോലെയുള്ളതായിരുന്നില്ല. അതുകൊണ്ടു മാത്രം അവരുടെ വാക്കുകളുടെ മഹത്വം കുറയുന്നുമില്ല. പ്രമാണിമാരിൽ‍ പലരും പലപ്പോഴും വായ തുറക്കാത്തിടത്ത് സ്വന്തം അയൽ‍ക്കാരായ തമിഴകത്തോടുള്ള ഐക്യദാർ‍ഢ്യം പെട്ടെന്നു പ്രകടിപ്പിച്ച ടീച്ചറുടെ ഇടപെടൽ‍ അഭനന്ദനീയമാണ്. നാട്ടിൻ പുറത്തെ ഒരു സാധാരണ സ്കൂൾ അദ്ധ്യാപിക എന്ന നിലയിൽ‍ നിന്നും അവർ‍ രാജ്യഭരണ സിരാകേന്ദ്രമായ ലോക്സഭയിലെ പ്രതിനിധിയായി വളർ‍ന്നു എന്ന കാര്യവും പഞ്ചായത്തംഗം പോലുമാകാൻ സാമർ‍ത്ഥ്യമില്ലാത്ത ഈ പൊങ്കാലക്കാരിൽ‍ ബഹുഭൂരിപക്ഷവും വിസ്മരിക്കുന്നു.  

 നമുക്കൊരുപാട് രാഷ്ട്രീയ നേതാക്കന്മാരുണ്ടായിട്ടുണ്ട്. അതിൽ‍ മഹാരഥന്മാരെന്നു പേരെടുത്ത പലരും ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ആംഗലേയ പരിജ്ഞാനത്തിന്‍റെ കാര്യത്തിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കിയവരായിരുന്നില്ല. എപ്പോഴും എല്ലാവരും പറയുന്ന പേരുകളായ ഇ.കെ നായനാരും കെ. കരുണാകരനും തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ. അതിനുമപ്പുറത്ത് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ‍ പുടിനെയും ചൈനീസ് നേതാക്കളെയും ഒക്കെ നമുക്കുദാഹരിക്കാം. പല ഭാഷകൾ അറിയുമെങ്കിലും ഇവരൊക്കെ അന്താരാഷ്ട്ര വേദികളിലൊക്കെ ഉപയോഗിക്കുന്നത് സ്വന്തം രാജ്യങ്ങളിലെ ഭാഷകൾ തന്നെയാണ്. നേതാവാകാനോ സ്ഥാനത്തിരിക്കാനോ ആംഗലേയം അവശ്യമാണ് എന്ന ധാരണ നമ്മിൽ‍ ചിലരുടെ ഇന്നുമവശേഷിക്കുന്ന ഒരുതരം മാനസികമായ അടിമത്തത്തിന്‍റെ നിദർ‍ശനം മാത്രമാണ്. അതിനുമപ്പുറത്ത് ടീച്ചറെ കളിയാക്കാൻ കൂടിയ മാന്യന്മാരെ ഓരോരുത്തരെയായി വിളിച്ച് പരിശോധിച്ചാലറിയാം തെറിവിളിച്ചവരുടെയൊക്കെ കടുകു വറ... കടുകു വറ... കടുകു വറ...

You might also like

Most Viewed