മാൻ‍ ഹോളുകൾ


മുസ്ലീമായതുകൊണ്ടാണ് നൗഷാദിനു സർ‍ക്കാരിന്‍റെ ധനസഹായം കിട്ടിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തികച്ചും അനുചിതമായിപ്പോയി. വെള്ളാപ്പള്ളി നടേശൻ എന്ന സാധാരണക്കാരനായ വ്യക്തിക്കോ മുതലാളിക്കോ വേണമെങ്കിൽ‍ ജാതിയും മതവും ഒക്കെപ്പറയാം. നമ്മളൊക്കെ അങ്ങനെയൊക്കെ പലപ്പോഴും പറയാറുമുണ്ട്. എന്നാൽ‍ നാട്ടിൽ‍ വലിയ വിഭാഗം ജനങ്ങൾക്കുമേൽ‍ സ്വാധീനമുള്ള സാമുദായിക നേതാവും രാഷ്ട്രീയ നായകനുമായ വെള്ളാപ്പള്ളി നടേശൻ അങ്ങനെ പറയുന്നത് ശരിയല്ല. അല്ലങ്കിൽ‍ ചിലരൊക്കെ പറയുകയും പ്രവർ‍ത്തിക്കുകയും ചെയ്യുന്നതു പോലെ അതീവ രഹസ്യമായാവണം അങ്ങനെയൊക്കെ പറയുന്നത്. ആലുവയിൽ‍ സംഭവിച്ചത് അങ്ങനെയൊന്നുമല്ല. വലിയ തോതിൽ‍ ജനങ്ങൾ പങ്കെടുത്ത ഒരു പൊതു സമ്മേളനവുമായി ബന്ധപ്പെട്ടാണ് വെള്ളാപ്പള്ളി ജാതി പരാമർ‍ശ പ്രസ്താവന നടത്തിയിരിക്കുന്നത്. അതു നൽ‍കുന്നത് തെറ്റായ സൂചനകളാണ്.

സ്വന്തം ചെയ്തിക്കുള്ള ന്യായീകരണവുമായി വെള്ളാപ്പള്ളിയും ഭാവി സഖ്യ നായകനുള്ള സംരക്ഷണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ആ ന്യായീകരണങ്ങളുടെ ഗുണദോഷങ്ങളിലേക്കു കടക്കും മുന്പുതന്നെ പരിഗണിക്കേണ്ട ചില ഘടകങ്ങളും വാദങ്ങളുമുണ്ട്. എടപ്പാളിൽ‍ വാൻ മറിഞ്ഞു മരിച്ച കായിക താരങ്ങളായ കുട്ടികളെ ആശ്വസിപ്പിക്കാൻ മന്ത്രിമാരാരും എത്തിയില്ല എന്നതാണ് സർ‍ക്കാരിന്‍റെ ജാതി വിവേചനത്തിന് ഉദാഹരണമായി അദ്ദേഹം ഉയർ‍ത്തിക്കാട്ടുന്നത്.

ജന ശ്രദ്ധയും മാദ്ധ്യമ ശ്രദ്ധയും കിട്ടിയ ഏതെങ്കിലുമൊരു സംഭവത്തെ മറ്റേതെങ്കിലും ഒറ്റസംഭവവുമായി മാത്രം ചേർ‍ത്തു കെട്ടി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ‍ കാര്യമില്ല. ജന്മനാട്ടിലെ അസ്വസ്ഥതകൾ മൂലം അരക്ഷിതമായ നൗകകളിലേറി യൂറോപ്പിന്‍റെ അഭയം തേടിപ്പോകുന്നവരിൽ‍ അറ്റ്ലാന്‍റിക്കിന്‍റെ തിരകളിലും ആഴങ്ങളിലും പെട്ട് ആയുസ്സൊടുങ്ങിയവർ‍ ഒരുപാടൊരുപാടാണ്. അവരിൽ‍ നമുക്കറിയാത്ത എത്രയോ കുഞ്ഞുങ്ങളുണ്ടാകും. അതിൽ‍ ഒരേയൊരു ഐലൻ കുർ‍ദിയുടെ പേരു മാത്രമാണ് പത്രത്താളുകളിലും ഇതര മാദ്ധ്യമങ്ങളിലുമൊക്കെ ഇടം പിടിച്ചത്. അതിനർ‍ത്ഥം പലായനങ്ങളിലെഒരേയൊരു രക്തസാക്ഷിക്കുരുന്ന് ഐലനാണെന്നല്ല.

അപകടങ്ങളും രക്ഷാപ്രവർ‍ത്തനങ്ങളുമൊക്കെ ഭൂമിമലയാളത്തിലും എല്ലാ ദിവസവും ഒരുപാടുണ്ടാകും. അവയിൽ‍ പലതും നമ്മളൊന്നും അറിയുന്നുപോലുമുണ്ടാകില്ല. ചിലവ മാത്രം വാർ‍ത്താ പ്രാധാന്യം നേടുന്നു. അവ അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ഇത്തരം സംഭവങ്ങൾ വാർ‍ത്തയാകുന്നോ ഇല്ലയോ എന്നതിനെ സ്ഥലകാല സാഹചര്യങ്ങളൊക്കെ സ്വാധീനിക്കുന്നു.

അപകടങ്ങൾ കണ്ടാൽ‍ തലതിരിച്ചു നടന്നു പോകുന്നവർ‍ക്കു ഭൂരിപക്ഷമുള്ള നാടാണ് ഇപ്പോഴും നമ്മുടെ കേരളം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തന്പാനൂർ‍ ബസ്സ്റ്റാന്റിനു തൊട്ടു മുന്നിൽ‍ ഒരാൾ ചോര വാർ‍ന്നു മരിച്ച ദാരുണ സംഭവം പലരും ഇനിയും മറന്നിട്ടുണ്ടാവില്ല. പോലീസ് തുടർ‍ന്നുണ്ടാക്കിയേക്കാവുന്ന തലവേദനകളെക്കുറിച്ചൊന്നുമാശങ്കപ്പെടാതെ സ്വന്തം കാര്യങ്ങൾ മാറ്റിവച്ചെത്തുന്ന ചില സുമനസ്സുകളാണ് ഇത്തരം അപകടഘട്ടങ്ങളിൽ‍ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാറുള്ളത്. ഇത്തരം സംഭവങ്ങളും രക്ഷാപ്രവർ‍ത്തനത്തിനിറങ്ങുന്ന നല്ല മനുഷ്യരെക്കുറിച്ചുള്ള വാർ‍ത്തകൾ ഒരുപാടുപേർ‍ക്ക് പ്രചോദനമാകുന്നു. ഈ പ്രചോദനമേകൽ‍ തന്നെയാണ് ഇത്തരം സംഭവങ്ങൾക്കു വാർ‍ത്താ പ്രാധാന്യം നൽ‍കുന്നത്.

കോഴിക്കോട് മാൻ‍ഹോൾ ദുരന്ത വാർ‍ത്തയിലും സംഭവിച്ചത് അതു തന്നെയാണ്. അഴുക്കു ചാൽ‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികളെ രക്ഷിക്കാനായില്ലെങ്കിലും ഇതിനു മുന്പ് സമാനമായ ഒന്നിലേറെ സാഹചര്യങ്ങളിൽ‍ പലരുടെയും രക്ഷകനായിത്തീർ‍ന്ന വ്യക്തിയായിരുന്നു നൗഷാദ് എന്നാണറിയുന്നത്.

മൂന്നു വർ‍ഷം മുന്പ് കോഴിക്കോട് കാപ്പാടു ബീച്ചിൽ‍ കടൽ‍ത്തിരകൾ കവർ‍ന്നെടുത്ത കുട്ടിയെ ജീവന്‍റെ തീരത്തേക്കു മടക്കിക്കൊണ്ടുവന്നത് ആ യുവാവായിരുന്നു. മാവൂർ‍ റോഡ് ബസ് സ്റ്റാൻ്റിൽ‍ തീപിടുത്തമുണ്ടായ വേളയിലും രക്ഷാപ്രവർ‍ത്തനത്തിൽ‍ നൗഷാദുണ്ടായിരുന്നു. ജാതിയും മതവും ലിംഗഭേദവുമൊന്നും നോക്കിയായിരുന്നില്ല നൗഷാദ് അന്നൊന്നും ആവശ്യമുള്ള ഇടങ്ങളിലേക്കൊക്കെ മനുഷ്യ സ്നഹത്തിന്‍റെ കൈകൾ നീട്ടിയത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ‍ പുരസ്കാരങ്ങളും ധനസഹായങ്ങളുമായിരിക്കില്ല അയാൾക്കു പ്രചോദനമായത്. രാഷ്ട്രീയവും ഒരിക്കലും അതിനൊന്നും മാനദണ്ധമോ പ്രചോദനമോ ആയിരിക്കാനും സാദ്ധ്യതയില്ല.

കോഴിക്കോട് അഴുക്കുചാൽ‍ ദുരന്തത്തിനു ധനസഹായം നൽ‍കിയതുമായി ബന്ധപ്പെട്ട് ശ്രീ വെള്ളാപ്പള്ളി ഇപ്പോൾ നടത്തിയിരിക്കുന്നതാകട്ടെ തികച്ചും രാഷ്ട്രീയ പ്രസ്താവനയാണ്. ഒരു മനുഷ്യ സ്നേഹി രക്ഷാപ്രവർ‍ത്തനത്തിനിടെ ദാരുണമായി ഒർ‍മ്മയായതിന്‍റെവേദന തളം കെട്ടി നിൽ‍ക്കുന്ന അന്തരീക്ഷത്തിൽ‍ അതിനെ സ്വന്തം രാഷ്ട്രീയ പ്രസ്താവനയിൽ‍ ചേർ‍ത്തു കെട്ടിയ ചെയ്തിയെ വിവേകമില്ലായ്മയെന്നു വിളിക്കാതിരിക്കാനാവില്ല. ഈ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായത്തെ സർ‍ക്കാർ‍ സാമുദായിക പ്രീണനത്തിലൂടെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് താൻ തുറന്നു കാട്ടിയത് എന്നാണ് ഇപ്പോൾ വെള്ളാപ്പള്ളി പറയുന്നത്.

രാഷ്ട്രീയത്തിൽ‍ അങ്ങനെ പലതുമുണ്ടാവാം. പക്ഷേ സ്വന്തം വാക്പ്രയോഗത്തിന്‍റെ ഫലമായി നിയമ നടപടി നേരിടേണ്ട ദുരവസ്ഥയിലാണ് വെള്ളാപ്പള്ളിഇപ്പോളെത്തപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ഓരോ സാദ്ധ്യതകളും കൃത്യമായി ഉപയോഗിക്കാനറിയാവുന്നവരാണ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്‍റെ എതിരാളികൾ. പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിനു നായകത്വം കൊടുക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെങ്കിൽ‍ സ്വയം എതിരാളികൾ ഉപയോഗിക്കാവുന്ന അത്തരം മാൻ‍ഹോളുകളുടെ ചതിക്കുഴികളിൽ‍ വീണുപോകാതിരിക്കാനുള്ള കരുതലും വിവേകവും കൂടി വെള്ളാപ്പള്ളി കാട്ടിയേ മതിയാവൂ.

You might also like

Most Viewed