Whatstrapp ...
അനിൽ കുമാർ തൈവളപ്പിൽ എന്ന വ്യക്തിയെ എനിക്കു നേരിട്ടു പരിചയമില്ല. വെർച്വൽ ലോകത്തിലും അയാളുമായി എനിക്ക് ഇതുവരെ ചങ്ങാത്തമില്ല. പക്ഷേ അയാൾ സൗദിയിലെ ദമാമിൽ ജോലിനോക്കുന്നയാളാണെന്നും കാസർഗോഡ് ചീമേനി സ്വദേശിയാണെന്നും ഒക്കെ ഇപ്പോൾ എനിക്കറിയാം. നേരിട്ടല്ലെങ്കിലും അനിൽകുമാറിനെ ഞാൻ പരിചയപ്പെടാൻ കാരണങ്ങൾ മാധ്യമ ജാഗ്രതയും മനുഷ്യ സ്നേഹവുമാണ്. വാട്സ് ആപ്പിൽ എത്തിയ ഒരു ഫോർവേഡഡ് മെസേജിലൂടെയാണ് എനിക്ക് അനിൽ കുമാറിനെ പരിചയം.
“അനിൽ കുമാർ തൈവളപ്പിലെന്ന ഈയാൾ ഹൃദ്രോഗ ബാധിതനായി ബി.ഡി.എഫ് ആശുപത്രിയിലാണുള്ളത്. ഇദ്ദേഹത്തെ ബന്ധുക്കളെ അറിയാവുന്നവർ ആശുപത്രയുമായോ വേണ്ടപ്പെട്ടവരുമായോ ബന്ധപ്പെടുക” എന്നതായിരുന്നു ഇന്നലെ എന്‍റെയൊരു പരിചയക്കാരന്‍റെ മൊബൈലിൽ ലഭിച്ച വാട്സ് ആപ്പ് പോസ്റ്റിന്‍റെ ചുരുക്കം. വാർത്ത സ്വന്തം ഹാൻ്‍ഡ്സെറ്റിൽ കിട്ടിയതും മറ്റു പലരെയും പോലെ മനുഷ്യ സ്നേഹിയായ ആ സുഹൃത്തും അതു ഫോർവേഡു ചെയ്തു. മാത്രമല്ല ഇന്നു വൈകുന്നേരം തന്നെ ബി.ഡി.എഫ് ആശുപത്രിയിൽ നേരിട്ടു പോയി വേണ്ടതു ചെയ്യുന്നതിനെക്കുറിച്ച് സ്വന്തം സുഹൃത്തുക്കളുടെ അഭിപ്രായവും തേടി.
അപകടങ്ങളും ദുരിതങ്ങളുമൊക്കെ മാധ്യമപ്രവർത്തകനു വാർത്തയ്ക്കുള്ള വിഷങ്ങളാണ്. ഒപ്പം സാമൂഹ്യ പ്രതിബദ്ധതതയുള്ള മനുഷ്യ സ്നേഹി എന്ന നിലയിൽ അവശത അനുഭവിക്കുന്ന ആർക്കും സഹായം എത്തിക്കാൻ ആവുന്നതൊക്കെ ചെയ്യുക എന്ന രീതിയും. ഇതൊക്കെക്കൊണ്ടാണ് വാട്സ് ആപ്പിലെത്തിയ ആ സഹായാഭ്യർത്ഥന ഞാൻ വാർത്താ മുറിയിലേക്ക് ഫോർവേഡു ചെയ്തത്.
ആ വാർത്ത ശരിയാണെന്നുറപ്പിക്കാനുള്ള അന്വേഷണങ്ങളിലാണ് അനികുമാർ തൈവളപ്പിലിന്‍റെ ഫെയ്സ് ബുക്കിലെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതും അതൊരു വ്യാജവാർത്തയാണ് എന്നത് തിരിച്ചറിഞ്ഞതും. “Friends, എനിക്ക് അപകടം പറ്റി എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഞാൻ കണ്ടു. എനിക്ക് ഒന്നും പറ്റിയിട്ടില്ല. എല്ലാവരും ഇതൊരു വ്യാജ വാർത്തയാണെന്നു മനസ്സിലാക്കുക” എന്നതാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ഇതിനു പറമേ അദ്ദേഹം വാട്സാപ്പിൽ ഇതേ കാര്യം വിശദീകരിക്കുന്ന മെസേജുമെത്തി.
നവമാധ്യമങ്ങളുടെ സാദ്ധ്യതകൾ അത്യപാരങ്ങളാണ്. വിവരങ്ങൾ നിമിഷാർത്ഥങ്ങൾ കൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങലിലേക്കും എത്തിക്കുക എന്നതു തന്നെയാണ് അതിൽ പ്രധാനം. സഹായം ആവശ്യമുള്ളിടങ്ങളിൽ വളരെപ്പെട്ടന്ന് അതെത്തിക്കാൻ നവമാദ്ധ്യമങ്ങൾ ചെയ്യുന്ന സഹായം ചെറുതല്ല. സമൂഹമനസാക്ഷിയെ ഉണർത്താനുള്ള നവമാധ്യമങ്ങളുടെ ശേഷിയും അത്യപാരമാണ്. ഈ സാദ്ധ്യതകളുടെ കടയ്ക്കൽ കത്തി െവയ്ക്കുന്നതാണ് ഇത്തരം വ്യാജ വാർത്താ പ്രചരണം.
നമ്മുടെ നാട്ടിൽ റോഡപകടങ്ങളുണ്ടായാൽ അവയിൽ കൂടുതലാൾക്കാരും മരിക്കുക കൃത്യ സമയത്ത് ആവശ്യമായ ചികിൽസാ സഹായം ലഭിക്കാത്തതു കൊണ്ടാണ്. അപകടങ്ങളെത്തുടർന്നുള്ള പൊലീസ് നടപടിയിൽ ഭയന്നാണ് നമ്മിൽ പലരും ഇത്തരം അപകട രംഗങ്ങളിൽ നിന്നും അകന്നു നിന്നിരുന്നത്. എന്തിനാണ് വെറുതേ വേണ്ടാത്ത വയ്യാവേലി വലിച്ചു തലയിൽ വെയ്ക്കുന്നത് എന്ന നിലപാടിലേയ്ക്കു സാധാരണക്കാർ ഒഴിഞ്ഞു മാറി നിൽക്കാൻ ഈ പോലീസ് നടപടികൾ കാരണമായി. സർക്കാരിന്‍റെ ഇടപെടലും ബോധവൽക്കരണവുമൊക്ക കൊണ്ട് ഈ ഒഴിഞ്ഞു മാറി നിൽക്കലിന്‍റെ തോതു കുറയ്ക്കാൻ സമീപ കാലത്തായി നമുക്കു കഴിഞ്ഞിട്ടുണ്ട്. അതു വഴി ചോരവാർന്നുള്ള ഇത്തരം മരണനിരക്കുൾ കുറയ്ക്കാനും.
എന്നാൽ ഇവിടെ വില്ലനാകുന്ന പുതിയൊരു ഘടകം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രത്യേകിച്ച് സംസ്ഥാനാന്തര യാത്രാ വേളകളിൽ ചില അപകട രംഗങ്ങൾ ചിലരെ കുടുക്കിലാക്കിയ കഥയാണ് ഇത്. വിജനമായ ഇടങ്ങളിൽ അപകട ദൃശ്യങ്ങൾ കണ്ട് സഹായിക്കാനിറങ്ങിയവരാണ് വഞ്ചിക്കപ്പെട്ടത്. കൃത്രിമമായി അപകട രംഗം സൃഷ്ടിച്ചാണ് തട്ടിപ്പുകാർ അതുവഴിയെത്തുന്ന യാത്രക്കാരുടെ സഹാനുഭൂതി മുതലെടുക്കുന്നത്. വണ്ടി നിർത്തിയെത്തുന്നവരെ തട്ടിപ്പുകാർ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങൾ മൂലം യഥാർത്ഥത്തിലുള്ള അപകടങ്ങൾ കണ്ടാലും മനുഷ്യത്വമുള്ളവർ പോലും ഭയന്നകന്നു പോകുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. സമാനമാണ് അനിൽകുമാറിനെക്കുറിച്ചുള്ള വാർത്തയും സൃഷ്ടിക്കുന്നത്. സത്യസന്ധമായുള്ള വാർത്തകൾ തന്നെ ഇത്തരത്തിൽ എത്തിയാലും നമ്മിൽ പലരും ഇനി അവയോടു പ്രതികരിക്കാതെയും ഫോർവേഡു ചെയ്യാതെയും ഒഴിഞ്ഞുമാറും എന്നുറപ്പ്. ഇത്തരം കാര്യങ്ങൾ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ മനുഷ്യ സമൂഹത്തിന് ഉപയുക്തമാക്കുന്നതിന് തടയിടുന്നു. ഇവിടെ പക്ഷേ അത്തരം വാർത്തകളെ അവഗണിക്കുകയല്ല വേണ്ടത്. അവ ശരിയാണോയെന്നു പരിശോധിക്കാൻ കൂട്ടായ ശ്രമം നടത്തുകയും ശരിയാണെന്നു കണ്ടാൽ ആവുംവിധം സഹായിക്കുകയുമാണു വേണ്ടത്. ഇത്തരം വാർത്തകൾ ഫോർവേഡു ചെയ്യുന്പോൾ 100 ശതമാനം ഉറപ്പുള്ളവയല്ല എങ്കിൽ അയച്ചതാരാണെങ്കിലും ‘Please check and confirm’ എന്നൊരു മുന്നറിയിപ്പും ചേർക്കാം. അകന്നു നിൽക്കലല്ല വാർത്തകളും മനുഷ്യസ്നേഹവും ഉറപ്പാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.