ആണോട്ടവും പെണ്ണോട്ടവും


പുരുഷ കേന്ദ്രീകൃത സമൂഹം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ പ്രചുര പ്രചാരത്തിലിരിക്കുന്പോഴും മാറ്റമില്ലാത്ത ഒന്നുണ്ട്. മനുഷ്യകുലത്തിന്‍റെ സുഗമമായ മുന്നോട്ടു പോക്കിന് ആണും പെണ്ണും അനിവാര്യതയാണ്. എത്ര മിടുക്കന്മാരായാലും ആ മിടുക്കന്മാർ മാത്രമുള്ള ഒരു സമൂഹവും പൂർ‍ണ്ണമാവില്ല, മിടുക്കികൾ മാത്രവും. (സ്വവർ‍ഗ്ഗാനുരാഗികൾ തൽ‍ക്കാലം പൊറുക്കുക.) ഒരോ സംസ്കാരത്തിന്‍റെയും വികാസവും പുരോഗതിയും രേഖപ്പെടുത്തിയ ഇടങ്ങളിലൊന്നും അവയെ സ്ത്രീ സമൂഹത്തിന്‍റെ പുരോഗതിയെന്നോ പുരുഷ സമൂഹത്തിന്‍റെ വികാസമെന്നോ വേറിട്ടല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണെന്‍റെ ധാരണ. പൊതുവായ വികസനവും സംസ്കാരവും ഉണ്ടായിടങ്ങളിലൊക്കെ അത് മനുജകുലത്തിന്‍റെ സംസ്കാരവും വികസനവുമാണ്. ഇരു വിഭാഗങ്ങളും പരസ്പര പൂരകങ്ങളായി വർ‍ത്തിക്കുന്നിടത്താണ് പുരോഗതി സംജാതമാകുന്നത്. അങ്ങനെയല്ലാത്തിടങ്ങൾ പൊതുവെ പറഞ്ഞാൽ‍ അരാജകത്വത്തിന്‍റെ ഇടങ്ങളാകുന്നു. (ശാസ്ത്ര പരിണാമങ്ങൾക്കനുസരിച്ച് കൃത്രിമ ഗർ‍ഭാധാനവും ഏക രക്ഷിതാക്കളുമൊക്കെ സാധാരണമാകുന്ന കാലം വന്നാൽ‍ ഇതിനും മാറ്റം വന്നേക്കാം.)

പുരുഷന്മാർ‍ പരുഷന്മാരായും സ്ത്രീകൾ സ്ത്രീകളായും ഇരിക്കുകയും ഇരു വിഭാഗങ്ങളും മറു പക്ഷത്തെ എല്ലാ അർ‍ത്ഥത്തിലും തിരിച്ചറിഞ്ഞു മാനിക്കുകയും ചെയ്യുന്പോഴാണ് സമൂഹത്തിൽ‍ സമതുലിതാവസ്ഥ സംജാതമാകുന്നത്. ദൗർ‍ഭാഗ്യവശാൽ‍ ഇന്നത് ആരോഗ്യകരമായ അവസ്ഥയിലല്ല എന്നതാണ് സത്യം. ഇരു വിഭാഗങ്ങളും ജീവിക്കേണ്ടത് ഒരേ സമൂഹത്തിലാണ്. പെൺകുട്ടികൾക്കു മാത്രമായുള്ള സ്കൂളുകളിൽ‍ പഠിച്ച പെൺകുട്ടികൾ മിക്സഡ് കോളജുകളിലെത്തുന്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അടുത്തിടെ ഒരു ദൃശ്യമാദ്ധ്യമ ചർ‍ച്ചയിൽ‍ ഒരു പെൺകുട്ടി പ്രകടിപ്പിച്ച അഭിപ്രായം ഇക്കാര്യത്തിൽ‍ ശ്രദ്ധേയമാണ്. ഒന്നുകിൽ‍ അവർ‍ തങ്ങളിലേയ്ക്ക് കൂടുതൽ‍ ഉൾവലിയുന്നു. അല്ലെങ്കിൽ‍ ആവശ്യത്തിലധികം ഇടപഴകി കുഴപ്പത്തിലാകുന്നു. ഇരു വിഭാഗങ്ങളെന്ന വേർ‍തിരിവില്ലാതെ കുഞ്ഞുങ്ങളെ മനുഷ്യരായി, മികച്ച വ്യക്തികളായി വളർ‍ത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ‍ ചൂണ്ടുന്നത്. 

ഇവിടെയാണ് കായിക വിനോദങ്ങളുടെ പ്രസക്തി. കായിക വിനോദങ്ങൾ നമ്മുടെ വ്യക്തിത്വ വികസനത്തിനു നൽ‍കുന്ന സംഭാവനകളെക്കുറിച്ച് പ്രത്യേക പ്രസ്താവന ആവശ്യമില്ല. ആരോഗ്യമുള്ള ശരീരങ്ങൾ ആരോഗ്യമുള്ള മനസുകൾക്കും ആരോഗ്യകരമായ സാമൂഹ്യ സാഹചര്യങ്ങൾക്കും വഴിവെയ്ക്കുന്നു. മനുജ കുലത്തിനു മുന്നോട്ടുള്ള കുതിപ്പിന് ഊർ‍ജ്ജം പകരുന്നവയാണ് കായിക വിനോദ വേദികൾ. ആഗോള ശാക്തിക മത്സരങ്ങളിൽ‍ പോലും കരുത്തരരാരെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്തിക്കുന്ന ഘടകങ്ങളിലൊന്ന് എന്നും കായിക രംഗത്തെ കരുത്താണ്. ഒളിന്പിക്സ് അടക്കമുള്ള കായിക മാമാങ്ക വേദികളിൽ‍ റഷ്യയും അമേരിക്കൻ ഐക്യനാടുകളും ചൈനയുമൊക്കെ ഈ കാര്യം ആവർ‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ കായിക മാമാങ്കങ്ങളൊന്നും ആണിനെന്നോ പെണ്ണിനെന്നോ ഉള്ള വ്യത്യാസമില്ലാതെയാണ് സംഘടിപ്പിക്കപ്പെട്ടു പോരുന്നത്. ആണൊളിന്പിക്സെന്നോ പണ്ണൊളിന്പിക്സെന്നോ ഉള്ള പ്രയോഗങ്ങൾ കേട്ടു കേൾവി പോലുമില്ല. അത്തരം കായികമേളകൾ മനുഷ്യ സമൂഹത്തിന്‍റെ കൂട്ടായ്മയുടെ ഉത്സവ വേദികളാണ്. 

വാസ്തവങ്ങൾ ഇതായിരിക്കെ ഭാരതത്തിൽ‍ ദേശീയ സ്കൂൾ മീറ്റ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറേ നടത്താൻ തീരുമാനിക്കുന്നതായുള്ള വാർ‍ത്തകൾ തികച്ചും അന്പരപ്പിക്കുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളെ വേലിക്കിരുപുറവുമാക്കാനുള്ള തീരുമാനമുണ്ടായാൽ‍ അത് നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും പിന്നോട്ടടിക്കുന്നതു തന്നെയായിരിക്കും. കന്യാസുരക്ഷയെയും സ്ത്രീരക്ഷയെയും പറ്റി അധരവ്യായാമം നടത്തുന്ന കേന്ദ്ര സർ‍ക്കാരടക്കം ഇക്കാര്യത്തിൽ‍ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ‍ ഇതിനു പിന്നിൽ‍ ലിംഗ വിവേചനത്തെെക്കാളധികം ഉത്തരേന്ത്യൻ‍ ലോബിയുടെ ചില സ്വാർ‍ത്ഥ സാൽ‍പ്പര്യങ്ങളാണ് എന്നാണറിയുന്നത്. ദേശീയമീറ്റുകളിൽ‍ വർ‍ഷങ്ങളായി ചാന്പ്യൻ‍ഷിപ്പു കുത്തകയാക്കിയിരിക്കുന്ന കേരളത്തിന്‍റെ മേധാവിത്വം ഇല്ലാതാക്കാനുള്ള കുൽ‍സിത ശ്രമമാണിത് എന്ന സംശയം ശക്തമാണ്. പെൺകരുത്തിലും കുതിപ്പിലുമാണ് പലപ്പോഴും കേരളം ചാന്പ്യൻ‍ഷിപ്പുകൾ സ്വന്തമാക്കിയിട്ടുള്ളത്. ആൺ പെൺ മൽ‍സരങ്ങളായി മീറ്റിനെ പിരിച്ചാൽ‍ ആൺകുട്ടികളുടെ വിഭാഗത്തിലെങ്കിലും ഉത്തരേന്ത്യൻ‍ സംസ്ഥാനങ്ങൾക്കേതിനെങ്കിലും കിരീടം ചൂടാമെന്ന തന്ത്രം തന്നെയാണ് ഇതിനു പിന്നിൽ‍. മറ്റു പലകാര്യങ്ങളിലുമുള്ള ഉത്തരേന്ത്യൻ‍ താൽ‍പ്പര്യ സംരക്ഷണം ഇക്കാര്യത്തിലും കേരളത്തിന്‍റെ താൽ‍പ്പര്യങ്ങൾക്കു വിഘാതമാവുകയാണ്. പക്ഷേ ഇതു കേവലം കേരളത്തിന്‍റെ മാത്രം താൽ‍പ്പര്യമല്ല. തികഞ്ഞ ലിംഗ വിവേചനമാണ്. ലോകത്തെങ്ങുമില്ലാത്ത ഒരു ശൈലി ഭാരതത്തിൽ‍ നടപ്പാക്കുന്നതിനെതിരേ കേരളത്തിലെ കായിക രംഗത്തുള്ള പ്രമുഖർ‍ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ അതുകൊണ്ടായില്ല. തീരുമാനങ്ങളെടുക്കാനും എടുപ്പിക്കാനും കഴിവുള്ളത് നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കാണ്. ഉത്തരേന്ത്യൻ‍ ലോബിയുടെ ഈ  ലിംഗ വിവേചനത്തിനെതിരേ കക്ഷിഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തെത്തണം.

You might also like

Most Viewed