കാഴ്ചകളും കൺമറകളും
കാറുകൾക്കു മുന്പുള്ള കാലം മൃഗങ്ങൾ വലിക്കുന്ന വണ്ടികളുടേതായിരുന്നു. കുതിരകളും കാളകളും ഒക്കെ വലിക്കുന്ന വണ്ടികൾ. നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നു പോലും ഇത്തരം വണ്ടികൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. പക്ഷേ തമിഴകത്തും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമൊക്കെ ഇന്നും കുതിരവണ്ടികൾ കാണാം. പേരിൽ കുതിരയുണ്ടങ്കിലും ഈ വണ്ടികൾക്കായി ഉപയോഗിക്കുന്നത് കോവർ കഴുതകളെയാണ്. കുതിരയ്ക്കു കഴുതയിലുണ്ടാകുന്ന മൃഗമാണ് കോവർ കഴുത. വണ്ടികളിൽ ഉപയോഗിക്കുന്പോൾ ഈ മൃഗങ്ങളുടെ കണ്ണുകൾക്കു മുകളിൽ ഒരു മറ െവയ്ക്കാറുണ്ട്. വശങ്ങളിലേയ്ക്കു നോക്കി മൃഗത്തിന്‍റെ ശ്രദ്ധ നഷ്ടമാകാതെ വേഗത്തിൽ മുന്നോട്ടു പോകണം എന്ന് ഉദ്ദേശിച്ചാണ് ഈ മറ. ഫലത്തിൽ ഈ പാവം ജീവിക്ക് വശങ്ങളിലുള്ള കാഴ്ചകളെല്ലാം നഷ്ടമാകുന്നു. അതിന്‍റെ കാഴ്ചയും ധാരണകളുമൊക്കെ ഭാഗീകം മാത്രമാകുന്നു. ആശയങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ഒക്കെ ഭാഗമായിരിക്കുന്പോൾ നമുക്കൊക്കെ സംഭവിക്കാവുന്ന ന്യൂനതയാണ് അവയുടെയൊക്കെ മറകൾ മൂലമുള്ള ഭാഗീക കാഴ്ച. പക്ഷേ സ്വതന്ത്ര സാമൂഹിക നിരീക്ഷകർക്ക് ഈ മറയുടെ തടസ്സമില്ല. ചുറ്റും നടക്കുന്ന കാഴ്ചകളൊക്കെ അവരുടെ കണ്ണുകൾക്ക് പ്രാപ്തമാകുന്നു. ആ കാഴ്ചകൾ സത്യസന്ധമായി ചുറ്റുമുള്ള സമൂഹവുമായി പങ്കു വെയ്ക്കാനും അവനു കഴിയണം. ‘ന ബ്രുയാത്, സത്യമപ്രിയം’ എന്ന വചനം ഇവിടെ മാറ്റി വെയ്ക്കപ്പെടേണ്ടതാണ്. ‘ന ബ്രുയാത്, സത്യമപ്രിയം’ എന്നാൽ അപ്രിയ സത്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധവേണം എന്നാണർത്ഥം. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാനുള്ള ആർജ്ജവമാണ് ഇവിടെ വേണ്ടത്. രാജാവു മാത്രമല്ല പ്രജകളുടെ കാര്യത്തിലും ഇതു ബാധകമാണ്. പക്ഷെ ഭൂമിമലയാളത്തിൽ ഈ ആർജ്ജവം പുലർത്താൻ എത്ര സാമൂഹ്യ നിരീക്ഷകർക്കാവുന്നു എന്ന കാര്യം തികച്ചും സംശയകരമാണ്. സാമൂഹ്യ രാഷ്ട്രീയ നിരീക്ഷക കുപ്പായമിട്ട സാംസ്കാരിക നായകരിൽ പലരും സ്ഥാപിത താൽപര്യങ്ങളുടെ കൺമറകൾ മൂലം പല കാഴ്ചകളും കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ച് തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ മാത്രം പൊതു ശ്രദ്ധയിൽ നിർത്താൻ ശ്രദ്ധ വെയ്ക്കുന്നു. ഈ ഗതിയിലുള്ള നിലപാടുകളും നിരീക്ഷണങ്ങളും നമ്മുടെ സാമൂഹ്യ കാഴ്ചപ്പാടുകളെയും നിലപാടുകളെയും നേരിട്ടു സ്വാധീനിക്കുന്നു. നിഷ്പക്ഷവും സ്വതന്ത്രവുമായ പൊതു സമൂഹത്തിന്‍റെ കണ്ണുകൾക്കു മുകളിൽ കോവർ കഴുതകൾക്കു വെയ്ക്കുന്പോലെ കൺമറകൾ തീർക്കുന്നതിനു സമാനമാണിത്.
സമരങ്ങളും സമരാഭാസങ്ങളും ഏറെക്കണ്ട ഒരു കലണ്ടർ വർഷത്തിന്‍റെ കൂടെ അവസാന മാസത്തിലേയ്ക്കാണ് അതിവേഗം നമ്മളെത്തിക്കൊണ്ടിരിക്കുന്നത്. ഒന്നു തിരിഞ്ഞു നോക്കുന്പോൾ സമരപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നത് പോത്തുസമരവും ചുംബന സമരവും. രണ്ടിലും കൂടുതൽ പങ്കാളികളായത് നമ്മുടെ യുവസമൂഹം തന്നെയായിരുന്നു. രണ്ടിനും നമ്മുടെ പ്രബുദ്ധ സാംസ്കാരിക നായകരുടെയും പ്രതിബദ്ധത ആവശ്യത്തിലേറെയുള്ള മാധ്യമങ്ങളുടെയും സമൃദ്ധമായ പിന്തുണയും കിട്ടി. പക്ഷെ കേരളീയ സമൂഹം ഇന്നനുഭവിക്കുന്ന മറ്റുപല പ്രധാന പ്രശ്നങ്ങളും ഈ സമരങ്ങളുടെ പളപളപ്പിൽ തമസ്കരിക്കപ്പെട്ടുപോയി.
കേരളം ഏറ്റവും കൂടുതൽ അഭിമാനിക്കുന്ന കാര്യങ്ങളിൽ ഒന്ന് വിദ്യാഭ്യാസ രംഗത്തെ നമ്മുടെ പുരോഗതിയാണ്. പക്ഷേ ആ പുരോഗതി ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവങ്ങൾക്കാണ് അടുത്തിടെയായി നമ്മൾ സാക്ഷ്യം വഹിക്കുന്നത്. വിദ്യാഭ്യാസ കാലവുമായി ബന്ധപ്പെട്ട നമ്മുടെയൊക്കെ ബാല്യകാല സ്മരണകളിൽ പഴയ മലയാള പാഠാവലികളുടെ പുറം ചട്ടകളുണ്ട്. എന്നാൽ ഇത്തവണ വിദ്യാഭ്യാസ വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിയിരിക്കെയും നമ്മുടെ കുഞ്ഞുങ്ങൾക്കെല്ലാം ആവശ്യത്തിനു ടെസ്റ്റു ബുക്കുകൾ കിട്ടിയിട്ടില്ല. രണ്ടാം ഘട്ട പുസ്തകവിതരണവും പൂർത്തിയായെന്ന് അധികൃതർ അവകാശപ്പെടുന്പോഴും ഒന്നാം ഘട്ടത്തിലെ പുസ്തകങ്ങളിൽ പലതും പോലും ഇനിയും ലഭിച്ചിട്ടില്ലെന്ന് കുഞ്ഞുങ്ങൾ പരാതിപ്പെടുന്നു. ജീവിതത്തിൽ നേട്ടമുണ്ടാക്കിയാലും ഇല്ലെങ്കിലും പഠിച്ച പുസ്തകത്തെപ്പറ്റിയുള്ള നിറമുള്ള നല്ല ഓർമ്മകൾക്കുപോലുമുള്ള ഒരുതലമുറയുടെ അവകാശം പ്രബുദ്ധകേരളത്തിൽ നിഷേധിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. ഇതിനിടയിലും റാഞ്ചിയിൽ ദേശീയ ജൂനിയർ മീറ്റിനുള്ള കുഞ്ഞുങ്ങളെ വിമാനത്തിലെത്തിച്ച സർക്കാർ തീരുമാനത്തെ പ്രശംസിക്കാതിരിക്കാനുമാവില്ല. ആ മുഖങ്ങളിലെ നിറചിരി കായിക രംഗത്തിനു തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്...
കാഴ്ചകളൊരുപാടുണ്ടാകുന്പോൾ കാണേണ്ട കാഴ്ചയേതെന്ന സംശയം പൊതു സമൂഹത്തിനുണ്ടാവുക സ്വാഭാവികം. അവിടെ പ്രത്യയശാസ്ത്രതിമിരാന്ധതയുടെ കൺമറകളിൽ കുടുങ്ങാതെ വാസ്തവങ്ങളിലൂന്നി ദിശാസൂചികളാകേണ്ട ബാദ്ധ്യത മാധ്യമങ്ങൾക്കും സാമൂഹ്യ നിരീക്ഷകർക്കുമുണ്ട്. നമ്മുടെ ആവശ്യങ്ങളുടെയും സമരക്രമത്തിന്‍റെയും കാര്യത്തിലും മുൻഗണനാക്രമം നിശ്ചയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.