അമ്മയെ തല്ല്യാലും...


സത്യമാണ് പരമമായത്. കാഴ്ചപ്പാടുകളാവട്ടെ വ്യക്തിപരവും സാഹചര്യങ്ങൾക്ക് അനുസൃതവും ആയിരിക്കും. അത് കാലികവുമാണ്. അവ സാഹചര്യങ്ങൾക്കനുസരിച്ച് മാറിമറിയാം. ശരി തെറ്റുകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. സംഭവങ്ങളുടെ കാലവും രാജ്യാതിർ‍ത്തികളും അതിൽ‍ ഉൾപ്പെടുന്ന വ്യക്തികളെയുമൊക്കെ അനുസരിച്ചായിരിക്കും ഓരോ ശരി തെറ്റുകളും വ്യാഖ്യാനിക്കപ്പെടുക. അതുകൊണ്ടാണ് ശരി തെറ്റുകൾ ആപേക്ഷികമാണെന്ന് പറയുന്നത്. 

പാരീസിലുണ്ടായ തീവ്രവാദിയാക്രമണം ലോകത്തിനു വേദന പകരുന്നതാണ്. നിരപരാധികളായ ഒരുപാടുപേർ‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന്  അവിടെ കുരുതികൊടുക്കപ്പട്ടു. ഇതിനെതിരെ ലോക വ്യാപകമായ അപലപിക്കലും പ്രതിഷേധങ്ങളും തുടരുകയാണ്. മാനവികതയ്ക്കും മനുഷ്യത്വത്തിനുമെതിരായ ആക്രമണമാണിത് എന്നും വിലയിരുത്തപ്പെട്ടു. എന്നാൽ‍ ഇക്കാര്യത്തിൽ‍ ലോകം ഒറ്റക്കെട്ടാണെന്ന് കരതാനാവില്ല. സാധാരണ കണ്ടു വരുന്നതിലുമധികമാണ് ഇത്തവണ കേട്ട പ്രതിലോമ ശബ്ദങ്ങൾ. ഫ്രാൻ‍സിനു വേണ്ടി ലോകം പ്രാർ‍ത്ഥനാ നിരതമായപ്പോൾ ഞങ്ങൾക്കു നിങ്ങളുടെ പ്രാർ‍ത്ഥന ആവശ്യമില്ലെന്ന പ്രസ്താവനമുമായി രംഗത്തെത്തിയവരിൽ‍ ഒരാൾ ഫ്രഞ്ചുകാരൻ‍ തന്നെയായിരുന്നു എന്നതാണ് കൗതുകം. പാരീസ് ആക്രമണത്തിനു തൊട്ടുമുന്പ് ഫ്രാൻ‍സിലുണ്ടായ തീവ്രവാദിയാക്രമണം ഷാർ‍ലി എബ്ദോ മാസികയുമായി ബന്ധപ്പെട്ടതായിരുന്നു. അതേ ഷാർ‍ലി എബ്ദോയുടെ കാർ‍ട്ടൂണിസ്റ്റായ ജോവാൻ‍ സ്ഫാർ‍ (Joann Sfar) ആണ് ഇങ്ങനെ വ്യത്യസ്ത വീക്ഷണവുമായി രംഗത്തെത്തിയതിൽ‍ ഒരാൾ. പ്രാർ‍ത്ഥനകൾക്കു നന്ദി. പക്ഷേ ഞങ്ങൾക്കിപ്പോളാവശ്യം പ്രാർ‍ത്ഥനകളല്ല സംഗീതവും ചുംബനങ്ങളും ജീവിതവും ഷാന്പെയ്നും സന്തോഷവുമാണ് എന്നതായിരുന്നു സ്ഫാർ‍ ട്വിറ്ററിൽ‍ കുറിച്ചിട്ടത്. ഇതു തികച്ചും വേറിട്ടൊരു കാഴ്ചപ്പാടാണ്. വേദനയുടെ നിമിഷങ്ങളിൽ‍ ഐക്യദാർ‍ഢ്യം പ്രകടിപ്പിച്ചവർ‍ ഇതിനെ അനുചിതമെന്നു വിലയിരുത്തും. പക്ഷേ സ്ഫാറിനെ സംബന്ധിച്ചിടത്തോളം അത് അയാളടെ ശരിയാണ്. മതങ്ങൾക്കപ്പുറത്തേക്ക് മനുഷ്യകുലം വളരണം എന്ന നിലപാടിലൂന്നിയുള്ള കാഴ്ചപ്പാടാണ് സ്ഫാറിന്‍റേത്. മതം എന്ന വാക്കിനർ‍ത്ഥം അഭിപ്രായം എന്നാണ്. അത് വിശ്വാസവും ആരാധനയുമായും ബന്ധപ്പെട്ടിരിക്കുന്നു. അഭിപ്രായങ്ങളാവട്ട മുനുഷ്യകുലമുള്ള കാലത്തോളം വ്യത്യസ്ഥവും വ്യക്തിപരവുമായിരിക്കും. വ്യവസ്ഥാപിത മതങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയുമൊക്കെ ബാനറുകൾക്കു കീഴിൽ ‍മനുഷ്യ കുലം ആത്യന്തികമായി വ്യത്യസ്ഥ മതങ്ങളുടെ കള്ളികളിൽ‍ പെടുകയും ചെയ്തിരിക്കുന്നു. അങ്ങനെ വരുന്പോൾ അരാധനാ സ്വഭാവം വ്യത്യസ്തമാണെങ്കിലും മതം ഒരു സത്യമാണെന്ന നില സംജാതമാകുന്നു. മതാതീതം എന്ന സങ്കൽ‍പ്പം ഒരു ഉട്ടോപ്യയും.

പ്രകോപനപരമായ നിലപാടുകളിലൂടെ ഫ്രാൻ‍സ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയായിരുന്നു എന്ന ആരോപണമാണ് അടുത്തത്.  ഷാർ‍ലി എബ്ദോയുടേതടക്കമുള്ള പ്രതികരണ ശൈലി ഈ വാദത്തെ ശരിെവയ്ക്കുന്നു. എന്നാൽ‍ അതിരുകളില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ നാടാണ് തങ്ങളുടേത് എന്ന നിലപാടാണ് ഇക്കാര്യത്തിൽ‍ ഫ്രാൻ‍സ് പൊതുവേ പുലർ‍ത്തിപ്പോരുന്നത്. പക്ഷേ കരുതലില്ലാത്ത അഭിപ്രായപ്രകടനങ്ങൾ രാജ്യങ്ങൾക്ക് എത്രത്തോളം ഹിതകരമാണ് എന്നത് സംശയകരമാണ്. എല്ലാത്തരം പൗരന്മാരെയും വിശ്വാസത്തിലെടുക്കാനുള്ള ബാദ്ധ്യത ഭരിക്കുന്നവർ‍ക്കുണ്ടായിരിക്കണം. അതുകൊണ്ടു തന്നെ പ്രതിലോമമെന്നു തോന്നിക്കുന്ന ശബ്ദങ്ങളും ശ്രദ്ധിക്കാനും പരിഗണിക്കാനും സർ‍ക്കാർ‍ തയ്യാറാവുകയും വേണം. ഫ്രാൻ‍സ് തീവ്രവാദത്തെ എതിർ‍ക്കുന്ന കാര്യത്തിൽ‍ ഇരട്ടത്താപ്പു കാട്ടുന്നുവെന്ന ആരോപണവും ഇതിനോടൊപ്പം ഉയർ‍ന്നു വന്നു. മുംബൈ തീവ്രവാദിയാക്രമണ വേളയിൽ‍ അവർ‍ ആ ആക്രമണത്തെ അപലപിക്കാൻ‍ വൈകിയ കാര്യവും ഇതുമായി ബന്ധപ്പെട്ടുയർ‍ന്നു വന്നു. 

ഇന്ത്യയിൽ‍ പ്രമുഖ രാഷ്ട്രീയ നേതാവായ മണി ശങ്കർ‍ അയ്യരുടെ വിലയിരുത്തലും ഈ ദിശയിൽ‍ ഉള്ളതായിരുന്നു. ഫ്രാൻ‍സ് സ്വന്തം ചെയ്തികളുടെ വിലയാണ് നൽ‍കുന്നതെന്ന അയ്യരുടെ പ്രസ്താവന പ്രതിഷേധങ്ങളുണ്ടാക്കിയേക്കാം. പക്ഷേ അത് കോൺഗ്രസ് കക്ഷിയുടേതല്ല അദ്ദേഹത്തിന്‍റെ മാത്രം നിലപാടായി നമുക്കു വിലയിരുത്താം. അമ്മയെ തച്ചാലും രണ്ടുണ്ടു പക്ഷം. ശത്രുതയും സൗഹൃദങ്ങളും നിലപാടുകളുമൊക്ക തികച്ചും ആപേക്ഷികമാണ്. ബഹുസ്വരതയുടെ ലോകത്ത് എല്ലാ അഭിപ്രായങ്ങളും സംയമനത്തോടെ മാനിക്കുകയും ആത്യന്തികമായ സത്യങ്ങൾക്കായുള്ള അന്വേഷണങ്ങൾ തുടരുകയുമാണ് കരണീയം.

 

You might also like

Most Viewed