ചില ശിശുദിന ചിന്തകൾ
1889 നവംബർ 14 ന് അലഹബാദിൽ ജനിച്ച ഒരു ശിശു ഭാരതത്തിന്‍റെ ജനനത്തിലും അതിന്‍റെ ശൈശവത്തിൽ അതിനു കരുത്തുറ്റ അടിത്തറയിടുന്നതിലും സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിയാണ്. അധികാര രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും പലരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾക്ക് ഉടമയായ വ്യക്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. പാണ്ധിത്യം കൊണ്ടു പാശ്ചാത്യരുടെ പോലും ബഹുമാനം പിടിച്ചു വാങ്ങിയ സാക്ഷാൽ പണ്ധിറ്റ്ജി. ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടത്തൽ), ലേറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ (ഒരച്ഛൻ മകൾക്കയച്ച കത്തുകൾ) തുടങ്ങിയ പുസ്തകങ്ങളിലൂടെ ലബ്ധ പ്രതിഷ്ഠിതനായ എഴുത്തുകാരൻ, ഒരു മകളെ ഭാരതത്തിന്‍റെ ഭാവി പ്രധാനമന്ത്രിയായി വളർത്തിയെടുത്ത മാതൃകാ പിതാവ്. കാരിരുന്പിന്‍റെ കരുത്തുള്ള രാഷ്ട്രീയ എതിരാളികളെപ്പോലും അസ്തപ്രഭന്മാരാക്കി അന്ത്യ ശ്വാസം വലിക്കുവോളവും അധികാരത്തിന്‍റെ അത്യുന്നതങ്ങളിൽ പരിലസിച്ച രാഷ്ട്രതന്ത്രജ്ഞൻ. പ്രായോഗിക ജീവിതത്തിന് ഉദാത്ത മാതൃക തന്നെയാണ് പണ്ധിറ്റ്ജി അഥവാ ചാച്ചാ നെഹ്്റു.
ചാച്ചാജിയെന്ന ചെല്ലപ്പേര് ഭാരതം അദ്ദേഹത്തിനു ചാർത്തിക്കൊടുത്തത് ശിശുക്കളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും കരുതലും ഒക്കെ കൊണ്ടാണ്. ചാച്ചാ നെഹ്റുവും കുട്ടികളും ഒത്തുള്ള ചിത്രങ്ങൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. ശിശുക്കളുമായി ബന്ധപ്പെട്ട ചാച്ചാജിയുടെ അതിപ്രശസ്തമായ നിരവധി വചനങ്ങളുമുണ്ട്. സ്വന്തം ജീവിതം കൊണ്ടുതന്നെ ഇത്തരത്തിലൊക്കെ മാതൃകയായ വ്യക്തി എന്ന നിലയിലാണ് ഭാരതം ചാച്ചാ നെഹ്റുവിന്‍റെ ജന്മനാൾ ശിശുദിനമായി ആചരിച്ചു പോരുന്നത്. നെഹ്റു ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്‍റെ ആത്മസുഹൃത്ത് വി.കെ കൃഷ്ണമേനോൻ ഐക്യരാഷ്ട്രസഭയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവംബർ 20 ആണ് യു.എൻ അന്താരാഷ്ട്ര തലത്തിൽ ശിശുദിനമായി ആചരിക്കുന്നത്. 1954 തൊട്ടിങ്ങോട്ട് ശൈശവാവകാശങ്ങളും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട പല നിർണ്ണായക തീരുമാനങ്ങളും എടുക്കപ്പെട്ടതും ഈ ദിവസമാണ്. ഈ ദിനം ഇപ്പോൾ ഭാരതത്തിൽ മാത്രമാണ് ശിശുദിനമായി ആചരിച്ചു വരുന്നത്. ശിശു ദിനത്തിന്‍റെ ഭാഗമായി എല്ലാ വർഷവും പതിവുപോലെ ചാച്ചാജി അനുസ്മരണവും സെമിനാറുകളും പണ്ധിറ്റ്ജിയെപ്പോലെ അണിഞ്ഞൊരുങ്ങുന്ന കുഞ്ഞുങ്ങളുടെ പ്രച്ഛന്നവേഷ മത്സരവും ഒക്കെ നടക്കുന്നു. ഇതൊക്കെ ഒരുവശത്ത് മുടങ്ങാതെ നടക്കുന്പോൾ മറുവശത്ത് ഉണ്ണാനും ഉറങ്ങാനും ഗതിയില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ശൈശവ ബാല്യങ്ങളുടെ സംഖ്യ ഓരോ ദിനവും അധികരിക്കുന്നു. കൊടിയ പീഡനങ്ങളേറ്റു വാങ്ങേണ്ടി വരുന്ന ബാല്യങ്ങൾ വികസനത്തിന്‍റെ പളപളപ്പിൽ പൂർണ്ണമായും അവഗണിക്കപ്പെടുന്നു. പതിറ്റാണ്ടുകളുടെ ശിശുദിനാചരണം ഫലത്തിൽ ശിശുസംരക്ഷണകാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കിയോ എന്നത് സംശയകരമാണ്. ഓരോ ദിനങ്ങളും ഇത്തരത്തിൽ നമ്മൾ ആചരിക്കുന്നത് അതാതു വിഷയങ്ങൾ സമൂഹശ്രദ്ധയിൽ സജീവമാക്കി നിലനിർത്താനും സംരക്ഷണം വേണ്ട വിഭാഗങ്ങൾക്ക് അതുറപ്പാക്കാനുമൊക്കെയാണ്. ശിശുദിനാചരണത്തിലാവട്ടെ പലപ്പോഴും നടന്നു വരുന്നത് നെഹ്്റു അനുസ്മരണം മാത്രവുമാകുന്നു. ഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയുടെ അപദാനങ്ങൾ പാടി ഓരോ ശിശുദിനങ്ങളും പൂർണ്ണമാകുന്നു. ചുരുക്കത്തിൽ ഈ ദിനങ്ങൾ ഉദ്ദേശ ലക്ഷ്യങ്ങൾ പാലിക്കപ്പെടാതെ പോകുന്നു. ഉദ്ദേശവും ലക്ഷ്യവും തമ്മലുള്ള ഈ ബന്ധമില്ലായ്മ പണ്ധിറ്റ് ജവഹർ ലാൽ നെഹ്്റുവും അദ്ദേഹത്തിന്‍റെ ശൈശവ പ്രേമവും തമ്മിലും ഉണ്ടായിരുന്നോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. പണ്ധിറ്റ് ജവഹർലാൽ നെഹ്്റുവിനെ കുറിച്ചു പുറത്തുവരുന്ന ഇതുവരെ ഏറെയാരും അറിഞ്ഞിട്ടില്ലത്ത കഥകൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നു. പണ്ധിറ്റ്ജിയെക്കുറിച്ച് അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന എം.ഒ മത്തായി എഴുതിയ Reminiscences Of The Nehru Age എന്ന പുസ്തകത്തിലടക്കമുള്ള വിവരങ്ങൾ ഉദ്ധരിച്ചാണ് ഇത്തരക്കാരുടെ വാദം. ശിശുക്കളെ സംരക്ഷിക്കുന്നതിലുമധികം ശിശുക്കളെ സൃഷ്ടിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം എന്നാണ് ഇവർ പറയുന്ന തമാശ. ലേഡി മൗണ്ട് ബാറ്റൺ, സരോജനി നായിഡുവിന്‍റെ പുത്രി, ഒരു സന്യാസിനി എന്നിങ്ങനെ നിരവധി സ്ത്രീകളുമായുള്ള നെഹ്്റുവിന്‍റെ ബന്ധങ്ങളെ അത്ര മികച്ചതല്ലാത്ത തരത്തിലാണ് മത്തായിയുടെ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകം പറയുന്നതു പോലെയാണെങ്കിൽ അത്യാവശ്യം മദ്യപിക്കുകയും സാമാന്യം നന്നായി പുകവലിക്കുകയും ഒക്കെ ചെയ്തിരുന്നു ആ മഹാൻ. ഇതൊന്നും അന്നു ചെയ്യാതെ മാതൃക കാട്ടിയിരുന്ന ഒരുപാടു മഹാന്മാർ അന്നേയുണ്ടായിരുന്നു. പക്ഷേ നെഹ്്റു അങ്ങനെയായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രചാരണ വേളകളിൽ വോട്ടർമാരുടെ കുഞ്ഞുങ്ങളെ വാരിയെടുത്തു ഫോട്ടോകൾക്കു പോസുചെയ്തിരുന്ന അദ്ദേഹം കൈയും മുഖവും സോപ്പും ഡെറ്റോളുമുപയോഗിച്ചു ശുചിയാക്കാൻ ധൃതികാട്ടിയിരുന്നതായും പണ്ടേ ആരോപണമുണ്ട്. ഇതൊന്നും ശരിയായിക്കൊള്ളണമെന്നില്ല. തന്ത്രജ്ഞനായ നെഹ്്റു ഇങ്ങനെയൊക്കെ ചെയ്തിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല. അങ്ങനെ വരുന്പോൾ ഡൽഹിയിലെ പാവ മ്യൂസിയം, കുട്ടികൾക്കായുള്ള അന്താരാഷ്ട്ര പെയ്ന്‍റിംഗ് മത്സരം, ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് എന്നിങ്ങനെ കുഞ്ഞുങ്ങൾക്കായി വിലപ്പെട്ട സംഭാവനകൾ ചെയ്ത കാർട്ടൂണിസ്റ്റ് ശങ്കർ, ലോകത്തെങ്ങുമുള്ള ശൈശവങ്ങളെ സ്വാധീനിക്കുകയും ശാക്തീകരിക്കുകയും ചെയ്ത ഡോക്ടർ എ.പി.ജെ അബ്ദുൾകലാം എന്നിവരിലാരുടെയെങ്കിലും ഓർമ്മ ദിനങ്ങൾ ശിശുദിനമായി അചരിക്കുന്നതായിരിക്കും കൂടുതലുചിതം എന്ന വാദത്തെ വെറുതേ തള്ളിക്കളയാനും കഴിയുന്നില്ല.