എന്തു സുഖ ‘മാണീ’..


കിസ്ത് എന്ന മലയാള പദം ഏറെ പ്രചാരത്തിലുള്ളതല്ല. തവണ, ഗഡു, നികുതി, കരം, കപ്പം എന്നിങ്ങനെയൊക്കെയാണ് ആ പദത്തിന്‍റെ അർ‍ത്ഥം. ജന സാമാന്യത്തിന് ഏറെപ്പരിചയമില്ല എങ്കിലും നമ്മുടെ മദ്യ വ്യവസായികൾക്കും സുപരിചിതമായ പദമാണ് ഇത്. കള്ളു വ്യവസായികൾ സർ‍ക്കാരിലേക്കടക്കേണ്ട നികുതിപ്പണമാണ് കിസ്ത്. ശതകോടികളുടെ കച്ചവടം നടക്കുന്ന മദ്യവ്യവസായത്തിൽ‍ പ്രതിവർ‍ഷ കിസ്ത് ഇനത്തിൽ‍ വരുന്നത് കോടികളാണ്. ഇങ്ങനെ വർ‍ഷങ്ങൾക്കു മുന്പ് തൃശ്ശൂരിലെ ഒരു മദ്യ വ്യവസാസി കിസ്ത് ഇനത്തിൽ‍ സർ‍ക്കാരിലേയ്ക്ക് അടയ്ക്കാനുണ്ടായിരുന്നത് 20 കോടിക്കടുത്ത തുകയാണ്. കിസ്ത് അടയ്ക്കുന്നതിന് 10 മാസത്തോളം അവധി അനുവദിക്കാൻ‍ സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് അധികാരമുണ്ട്. ഇക്കാര്യം ധനകാര്യ സെക്രട്ടറിയോട് നിർ‍ദ്ദേശിക്കാൻ‍ സ്വാഭാവികമായും വകുപ്പു മന്ത്രിക്കും സൗകര്യമുണ്ടെന്ന കാര്യത്തിൽ‍ സംശയമില്ല. ഈ സൗകര്യം ഉപയോഗിക്കാത്ത മദ്യ വ്യവസായികളും മന്ത്രിമാരും ഭൂമി മലയാളത്തിൽ‍ ഉണ്ടാകില്ല. കാരണം 20 കോടിയും അതുപോലെയുള്ള തുകകളും ചെറിയ സംഖ്യയല്ല എന്നതു തന്നെ. പത്തുമാസം ഇതുപോലുള്ള തുകകൾ ഓരോ മുതലാളിക്കും കൈയിൽ‍ വെയ്ക്കാനായാൽ‍ അതുകൊണ്ടു ചെയ്യാവുന്ന ബിസിനസ് എത്രയാണെന്നറിയാൻ‍ പാഴൂർ‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല.

തുകയടയ്ക്കാനുള്ള തിയതി ഇങ്ങനെ 10 മാസക്കാലത്തേക്ക് മാറ്റിെവയ്ക്കുന്ന ഭരണ സംവിധാനങ്ങൾ അതു ചെയ്യുന്നത് കേവലം പുണ്യത്തിനായാണ് എന്നു കരുതാനാവില്ല. ഈ തുകയുടെ നിശ്ചിത ശതമാനം ധനമന്ത്രിയുടെയും സെക്രട്ടറിയുടെയുമൊക്കെ പക്കൽ‍ കൃത്യമായി എത്തിയിരിക്കും. അത് കോടികളും ശതകോടികളുമൊക്കെ വരികയും ചെയ്യും. ഇത് പൊതുസമൂഹത്തിന് ഏറെ പരിചിതമായ ഒരു അഴിമതി സാദ്ധ്യതയല്ല. നമുക്കൊക്കെ അറിവുള്ള വഴിവിട്ട വുരുമാന സാദ്ധ്യതകൾ ഇതിലും എത്രയോ വേറെയുമുണ്ട്. ഇത്തരത്തിൽ‍ ഖജനാവിലേക്കു മുതൽ‍ക്കൂട്ടാവേണ്ട വലിയ തുകകൾ പലതരത്തിൽ‍ പങ്കിട്ടെടുക്കാൻ‍ വലിയ സാദ്ധ്യതയുള്ള ഒന്നാണ് ധനമന്ത്രി പദവിയെന്നത് പരസ്യമായ രഹസ്യമാണ്. 1975 ഡിസംബറിൽ‍ ധനമന്ത്രിയായാണ് കെ.എം. മാണിയെന്ന പാവം മരങ്ങാട്ടുപള്ളിക്കാരൻ‍ ആദ്യമായി മന്ത്രിയാകുന്നത്. തുടർ‍ന്നിങ്ങോട്ട് പലതവണയായി ദിവസക്കണക്കു നോക്കിയാൽ‍ ഒരു ദശാബ്ദത്തിലേറെക്കാലമായി കേരളത്തിന്‍റെ ധനവകുപ്പിന്‍റെ ചുമതലക്കാരൻ‍ കരിങ്ങോഴക്കൽ‍ മാണി മാണിയെന്ന രാഷ്ട്രീയ കേരളത്തിന്‍റെ മാണിസാറ് തന്നെയാണ്. ധനവകുപ്പിന്‍റെ അപാര സാദ്ധ്യതകളെക്കുറിച്ച് മാണി സാറിനെപ്പോലെ അറിയാവുന്ന വേറേ ഏറെപ്പേരില്ല എന്നതാണ് വാസ്തവം. ഈ സാദ്ധ്യതകളൊന്നും മുതലെടുക്കാതെ മരങ്ങാട്ടുപള്ളിയിലെ കോൺഗ്രസ് വാർ‍ഡ്കമ്മറ്റ് അദ്ധ്യക്ഷനെന്ന നിലയിൽ‍ നിന്നും ഭൂമിമലയാളത്തിലെ എണ്ണം പറഞ്ഞ നേതാവായി അദ്ദേഹം വളരുകയുമില്ലായിരുന്നു. അരനൂറ്റാണ്ടിലേറെ നിയമസഭാ സാമാജികനായിരിക്കുക എന്നതും ചില്ലറക്കാര്യമല്ല. ഇക്കാലയളവിൽ‍ മാണിയെപ്പോലൊരു നേതാവിന്‍റെ കൈകളിലൂടെ കടന്നു പോയിരിക്കാവുന്ന തുകയും ചെറുതാവില്ല. അങ്ങനെ വരുന്പോൾ ബാർ‍ കോഴയായി കൊടുത്തെന്നു പറയപ്പെടുന്ന ഒരുകോടി എന്നത് വളരെച്ചെറിയൊരു തുക മാത്രമാണ്. പ്രത്യേകിച്ച് മാണി സാറിനെപ്പോലൊരാൾക്ക്.

ആ തുകയുടെ നിസാരത അതിനു ശേഷമുള്ള നിയമ നടപടികൾക്കായി ചെലവഴിച്ച തുകയുടെ കാര്യത്തിലും പ്രസക്തമാണ്. കോഴ ഒരു കോടിയുടേതാണ്. അതു വാങ്ങിയെന്നു പറയുന്ന മാണിയെ കാത്തുരക്ഷിക്കാനുള്ള നിയമോപദേശത്തിനായി സംസ്ഥാന സർ‍ക്കാർ‍ ചെലവഴിച്ചെന്ന് പൊതുജനങ്ങൾക്കറിയാവുന്നതു തന്നെ കോടിയിലധികം വരുന്ന തുകയാണ്. ഇന്നലെ പ്രമുഖ കോൺഗ്രസ് നേതാവും മുതിർ‍ന്ന അഭിഭാഷകനുമായ കപിൽ‍ സിബലിനു മാത്രം കൊടുക്കേണ്ടി വന്നത് നാൽ‍പ്പതു ലക്ഷത്തിനടുത്ത തുകയാണ്. ഇതിനു മുന്പൊരു നിയമോപദേശം സ്വീകരിക്കാൻ‍ കൊടുത്തതും ഇതിനു തുല്യമായ തുക തന്നെ. ഇതൊക്കെ ചെലവായത് ഖജനാവിൽ‍ നിന്നു തന്നെ. അതാവട്ടെ നികുതി ദായകന്‍റെ പോക്കറ്റിൽ‍ നിന്നുള്ള പണവും. വാങ്ങിയെന്നു പറയപ്പെടുന്ന തുകയെക്കാൾ അധികം തുക സ്ഥാനം നിലനിർ‍ത്താൻ‍ ചെലവുചെയ്യുന്പോൾ, ആ സ്ഥാനം കൊണ്ടുണ്ടാകുന്ന സാന്പത്തിക ലാഭം ശതകോടികളോ സഹസ്രകോടികളോ ആണ് എന്നതാണ് വാസ്തവം. മാത്രമല്ല മതികെട്ടാനും മൂന്നാറും അടക്കമുള്ള അഴിമതിക്കഥകൾ സത്യസമന്ധമായി പരിശോധിച്ചാൽ‍ ഇപ്പോഴത്തെ ഒരുകോടി നിസാരമാണെന്നു വിലയിരുത്തേണ്ടിത്തന്നെ വരും. നമ്മൾക്കേ അതു നിസാരമാണെങ്കിൽ‍ മാണി സാറിന് അത് അതിനിസാരമായിരിക്കുമെന്ന കാര്യത്തിൽ‍ സംശയം വേണ്ട. മാത്രമല്ല മറ്റു പല മന്ത്രി പുംഗവന്മാരെയും പോലെയല്ല മാണി സാറിന്‍റെ കാര്യം. അദ്ദേഹം വിവരവും വിദ്യാഭ്യാസവും ആവശ്യത്തിലേറെ അനുഭവ‍ജ്ഞാനവുമുള്ള തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയത്തിൽ‍ തനിക്കൊപ്പവും എതിരെയും ഉള്ള പല മാന്യന്മാരും അരക്കള്ളന്മാരും മുക്കാൽ‍ക്കള്ളന്മാരും മുഴുക്കള്ളന്മാരും ഒക്കെയാണെന്ന് അദ്ദേഹത്തിനറിയാം. അതിലുപരി സീസറിന്‍റെ ഭാര്യ മാത്രമല്ല സീസറും സംശയത്തിന് അതീതനാവണമെന്നും. എല്ലാരും കട്ടു, മാണി പെട്ടു എന്നതാണ് നിലവിലെ സ്ഥിതി. പക്ഷെ അദ്ദേഹത്തെ പെടുത്തുക അത്ര എളുപ്പമല്ലെന്ന കാര്യം ഇതിനകം വെളിവായിക്കഴിഞ്ഞു. എന്നിരിക്കിലും എന്തു സുഖ‘മാണീ’ കാഴ്ചകൾ എന്നു പറയാതിരിക്കാനാവുന്നില്ല.

You might also like

Most Viewed