ബിഹാർ നൽ‍കുന്ന പാഠങ്ങൾ


ചരിത്രമുറങ്ങുന്ന മണ്ണാണ് ബിഹാർ ദേശം. അയിരക്കണക്കിനു വർ‍ഷങ്ങളുടെ സജീവവും സചേതനവുമായ ചരിത്ര ഗാഥകൾ പറയാനുണ്ട് ഭാരതത്തിന്‍റെ ഈ വടക്ക് കിഴക്കൻ‍ സംസ്ഥാനത്തിന്. ലോകത്തെ മൊത്തം സ്വാധീനിച്ച ബുദ്ധമതത്തിന്‍റെ സ്ഥാപകനായ ഗൗതമ ബുദ്ധന്‍റെയും ജൈനാചാര്യനായ മഹാവീരന്‍റെയുമൊക്ക ജന്മഭൂമി ഇന്നത്തെ ബിഹാർ‍ സംസ്ഥാനാതിർ‍ത്തിക്കുള്ളിലാണ്. ഇതിഹാസമാനമാർ‍ന്ന മൗര്യ ഗുപ്ത രാജവംശങ്ങളുടെ ആസ്ഥാനം ഇവിടെയായിരുന്നു. ഭാരതത്തിലെ ആദ്യ സാമ്രാജ്യമായി വിലയിരുത്തപ്പെടുന്ന മൗര്യ സാമ്രാജ്യം ഇവിടെയായിരുന്നു നിലനിന്നത്.  പേരുകേട്ട ഭരണാധികാരികളായിരുന്ന ബിംബിസാരന്‍റെയും അജാതത്രുവിന്‍റെയും മണ്ണും ഇതുതന്നെ. ഹര്യങ്ക രാജവംശത്തിലെ അജാതശത്രുവായിരുന്നു പാടലീപുത്രമെന്ന വിശ്രുത നഗരിയുടെ സ്ഥാപകൻ‍. അജാതശത്രു പടയോട്ടം നടത്തി തന്റെ സാമ്രാജ്യത്തിലേക്കു കൂട്ടിച്ചേർ‍ത്ത ജനപഥങ്ങളിലൊന്നായിരുന്നു വജ്ജി. വൈശാലിയായിരുന്നു ഈ ജനപഥത്തിന്‍റെ തലസ്ഥാനം. ഏകാധിപത്യവും രാജാധിപത്യവും ഒക്കെ നിലനിന്ന കാലത്ത് സ്വന്തം ഭരണാധികാരിയെ തെരഞ്ഞെടുത്തിരുന്ന നാടായിരുന്നു വൈശാലി. 2600 വർ‍ഷങ്ങൾക്കു മുന്പുതന്നെ ഒരുപാടു രാജാക്കന്മാർ‍ ഒരുമിച്ചു ചേർ‍ന്ന് ഭരണം നടത്തിയിരുന്ന രാജ്യം. ഒരുപക്ഷേ ലോകത്തെ ഏറ്റവും പഴയ റിപ്പബ്ലിക്കെന്നു ലോകം വാഴ്ത്തുന്ന സാൻ‍ മാരിനോയ്ക്കും നൂറ്റാണ്ടുകൾക്കും മുന്നേ ജനാധിപത്യം പുഷ്പിച്ച മണ്ണ്. ആ ബിഹാറിൽ‍ മറ്റൊരു മഹാസഖ്യം വീണ്ടും അധികാരത്തിലെത്തുകയായി. ബിഹാറിന്‍റെ മണ്ണിൽ‍ പലതവണ തേരോട്ടം നടത്തി കൈക്കരുത്തും മനക്കരുത്തും തെളിയിച്ച അതിശക്തന്മാരായ രാജാക്കന്മാരുടെ നായകത്വത്തിലാണ് മഹാസഖ്യമെന്നു പേരിട്ട ഈ കൂട്ടായ്മയുടെ ചരിത്ര വിജയം. രണ്ടു തവണ നേരിട്ടും മൂന്നു തവണ പത്നിയെ മുൻ‍ നിർ‍ത്തിയും ആകെ അഞ്ചു തവണ ബിഹാർ‍ രാജ്യം വാണ യാദവകുലനാഥൻ‍ സാക്ഷാൽ‍ ശ്രീമാൻ‍ ലാലു പ്രസാദ് യാദവും നാലാമതൊരിക്കൽ‍ കൂടി ബിഹാർ‍ മുഖ്യമന്ത്രി പദം നേടുന്ന ആദ്യ നേതാവെന്ന ബഹുമതി സ്വന്തമാക്കാൻ‍ പോകുന്ന നിതീഷ് കുമാറും മുന്നിൽ‍ നിന്നു നയിച്ച മഹാ സഖ്യത്തിനുമുന്നിൽ‍ തകർ‍ന്നടിഞ്ഞത് മോഡിപ്രഭാവവും മോഡി−-അമിതഷാ തന്ത്രങ്ങളും തന്നെയാണെന്ന കാര്യത്തിൽ‍ തർ‍ക്കമില്ല.

മഹാസഖ്യ രൂപീകരണത്തോടേ നിതീഷ് − ലാലു പക്ഷം നേടിയ മേൽ‍ക്കൈക്ക് സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും ഒരു സംസ്ഥാനനേതാവിനെപ്പോലെ പ്രധാനമന്ത്രി നേരിട്ടെത്തി നടത്തിയ പ്രചാരണം ഒട്ടൊക്കെ തടയിട്ടു എന്ന തോന്നൽ‍ മാധ്യമ കേന്ദ്രങ്ങളിൽ‍ പോലും ശക്തമായിരുന്നു. ഒരുപക്ഷേ മുൻ‍ പ്രധാനമന്ത്രിമാരും കോൺഗ്രസ് നേതാക്കന്മാരുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയുമൊക്കെ കാലത്തു കണ്ടിരുന്ന പ്രചാരണ ശൈലിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ‍ ഇത്തവണ കണ്ടത്. സംസ്ഥാനത്തു നിന്ന് തന്നെ ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുയർ‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുപോലും ദേശീയ ജനാധിപത്യ സഖ്യം ആലോചിച്ചു കണ്ടില്ല. ഫലത്തിൽ‍ നരേന്ദ്ര മോഡിയും നിതീഷ് കുമാറും തമ്മിലുള്ള പോരാട്ടമായി മാറി ഇത്തവണത്തെ ബിഹാർ‍ നിയമസഭാ തെരഞ്ഞെടുപ്പ്. ബിഹാർ‍ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത തുകകളുടെ വികസന വാഗ്ദാനങ്ങൾ കൊണ്ട് ബിഹാറികളെ കൈയിലെടുക്കാമെന്നു തന്നെയായിരുന്നു പ്രധാന മന്ത്രിയുടെയും പാർ‍ട്ടി അദ്ധ്യക്ഷന്‍റെയും കണക്കു കൂട്ടൽ‍. 243 അംഗ നിയമസഭയിൽ‍ കഴിഞ്ഞ തവണ 91 സീറ്റുകൾ പാർ‍ട്ടി നേടിയിരുന്ന സാഹചര്യത്തിൽ‍ സംസ്ഥാനത്തിന്‍റെ മനസ്സ് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും പാർ‍ട്ടി നേതൃത്വം കണക്കു കൂട്ടി. എന്നാൽ‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും എണ്ണമില്ലാക്കഥകൾ അവശേഷിക്കെയും ലാലുവിനെപ്പോലെയുള്ള നേതാക്കൾക്ക് ബിഹാർ‍ ജനതക്കു മേലുള്ള സ്വാധീനത്തെക്കുറിച്ചുള്ള മോഡി−-ഷാ കൂട്ടുകെട്ടിന്‍റെ ധാരണ തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു. 

ഇവിടെ പ്രസക്തമാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഏറ്റവും പ്രധാനം ഇന്ത്യയുടെ ഫെഡറൽ‍ സ്വഭാവമാണ്. ഭരണപരമായി മാത്രമല്ല സ്വഭാവപരമായും ശൈലീപരവുമായുമൊക്കെ ഈ ഫെഡറലിസം ഏറെ പ്രസക്തമാണ്. ദേശീയത അതിപ്രധാനമാണെന്നിരിക്കിലും പ്രാദേശികത ഈ ഫെഡറലിസത്തിൽ‍ വലിയ പങ്കു വഹിക്കുന്നു എന്ന തിരിച്ചറിവ് ദേശീയ ജനാധിപത്യ സഖ്യനേതാക്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

അടുത്തത് വികസന കാര്യത്തിലെ കാഴ്ചപ്പാടുകളുടെ കാര്യമാണ്. ഇക്കാര്യമാലോചിക്കുന്പോൾ ആദ്യമോർ‍മ്മവരുന്നത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കുറിച്ചാണ്. സ്വന്തം ഭാര്യാപിതാവിനെ താഴത്തിറക്കി മുഖ്യമന്ത്രിക്കസേരയേറിയ നായിഡു ഗാരു, ആ പദവിയിൽ‍ നിന്നിറങ്ങുന്നത് ഒരു ദശാബ്ദത്തോളം കഴിഞ്ഞ് 2004 ലാണ്. ഹൈദരാബാദിനെ ഹൈട്ടെക് സിറ്റിയാക്കുന്നതടക്കം ആന്ധ്രയെ വികസനത്തിന്‍റെ വലിയൊരു കുതിപ്പിലേക്കു നയിക്കാൻ‍ ചന്ദ്രബാബു നായിഡുവിനായി. ആ  വികസനം യാഥാർ‍ത്ഥ്യമായിരുന്നു. ലോകത്തൊട്ടാകെയുള്ള വൻ‍കിട ഐ.ടി സ്ഥാപനങ്ങളും വ്യവസായികളും ആന്ധ്രയുടെ മണ്ണിലേക്ക് വലിയ നിക്ഷേപങ്ങളുമായെത്തി. വികസനത്തിന്‍റെ വിഹായസിൽ‍ പറന്നുയരുന്പോൾ പക്ഷേ അദ്ദേഹം സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കർ‍ഷകരടക്കമുള്ള സാധാരണക്കാരെ മറന്നു പോയി. ഒരുപക്ഷേ അതു മറന്നതായിരിക്കില്ല. അവർ‍ക്ക് മുഖ്യമന്ത്രിയാൽ‍ അവഗണിക്കപ്പെട്ടതായി തോന്നിയതാവാനും മതി. പക്ഷേ വോട്ടർ‍മാരിലെ ബഹുഭൂരിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുള്ള വികസനം രാഷ്ട്രീയ പരമായി ആശാസ്യമല്ല എന്ന വ്യക്തമായ സൂചനയായിരുന്നു ആന്ധ്രയുടെ വികസനവും നായിഡുവിന്‍റെ പരാജയവും നൽ‍കിയത്. വികസന പദ്ധതികൾ ആവിഷ്കരിക്കുക, നടപ്പാക്കുക എന്നതിനൊപ്പം ഒരു ജനാധിപത്യ സംവിധാനത്തിൽ‍ പരമ പ്രധാനമാണ് വികസനം നടപ്പാക്കപ്പെടുന്നു എന്ന ബോധവും തിരിച്ചറിവും ജനസാമാന്യത്തിന് ഉണ്ടാവുക എന്നത്. ഇതിനുള്ള കൃത്യമായ പ്രചാരണങ്ങളിൽ‍ പിഴവു വന്നാൽ‍ ഭരണം എത്രതന്നെ ഗുണപരമായാലും ജനവിധി എതിരു തന്നെയാവും.

ജനസാമാന്യത്തിന്‍റെ ഇഷ്ടം നേടാതെ ഒരു ജനാധിപത്യ തെരഞ്ഞെടുപ്പിൽ‍ വിജയിക്കുക സാദ്ധ്യമല്ല. ഈ ഇഷ്ടം നേടുന്നതിനെക്കാൾ എളുപ്പമാണ് അതില്ലാതാക്കുക എന്നത്. അതുകൊണ്ടു തന്നെ ജനസമൂഹങ്ങളുടെ ഇഷ്ടം നിലനിർ‍ത്താനും അതിനെതിരെയുള്ള നീക്കങ്ങളെ എതിർ‍ത്തു തോൽ‍പ്പിക്കാനും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിക്കാവണം. ആ ഇഷ്ടം നിലനിർ‍ത്താനാവുന്ന കാലത്തോളം മാത്രമേ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അധികാരത്തിൽ‍ തുടരാനാവൂ. ഈ വാസ്തവം തിരിച്ചറിയുന്നവരാണ് നമ്മുടെ രാഷ്ട്രീയ കക്ഷികളെല്ലാം. ഭരണത്തിലിരിക്കുന്ന കക്ഷിയുടെ ജനപ്രീതിയില്ലാതാക്കാൻ‍ അവരൊക്കെ ആവുംവിധമൊക്കെ ശ്രമിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. അത് രാഷ്ട്രീയമാണ്. അതിനായി നുണകളും വ്യാജസംഭവങ്ങളുമൊക്കെ ഉപയോഗിക്കപ്പെടും. അത്തരത്തിലുള്ള ഒരുപാടു പ്രതിപ്രചാരണങ്ങളുടെ വേദിയാണ് ഇന്നു ഭാരതം. അതിനെ അതിജീവിക്കാതെ ബി.ജെ.പിക്കോ എൻ‍.ഡി.എക്കോ അധികാരം നിലനിർ‍ത്താനോ കഴിയില്ല. ഇതു തിരിച്ചറിഞ്ഞ് തന്ത്രങ്ങളിലും ശൈലിയിലും കാതലായ മാറ്റം വരുത്തണമെന്ന ക‍ത്യമായ സൂചനയാണ് ബിഹാർ‍ തെരഞ്ഞെടുപ്പു ഫലം ദേശീയ ജനാധിപത്യസഖ്യ നേതൃത്തിനു നൽ‍കുന്നത്.

മറുവശത്ത് ബിഹാറിലേത് ആരുടെ ജയമാണ് എന്ന ചോദ്യവും വൈകാതെ ശക്തമാകുമെന്നുറപ്പ്. സഖ്യനേതൃത്വത്തിലുള്ള ലാസുപ്രസാദ് യാദവും നിതീഷ് കുമാറും എന്നും സൗഹൃദത്തിൽ‍ കഴിഞ്ഞ നേതാക്കളല്ല. എന്നാൽ‍ വർ‍ത്തമാനകാല രാഷ്ട്രീയത്തിൽ‍ നിത്യ ശത്രുക്കളും നിത്യബന്ധുക്കളുമില്ല എന്ന സത്യം ഈ കുറവിനെ ഇല്ലാതാക്കുന്നു. പക്ഷേ ഇരുവരുടെയും കക്ഷികളുടെ സീറ്റുനില ഭാവിയിൽ‍ മൂപ്പിളമത്തർ‍ക്കത്തിനു വഴിവെച്ചുകൂടായ്കയില്ല. സഖ്യത്തിന്‍റെ മുഖ്യമന്ത്രി നീതീഷ് തന്നെയായിരിക്കുമെന്ന ലാലുവിന്‍റെ പ്രഖ്യാപനം പ്രതീക്ഷ നൽ‍കുന്നു. പക്ഷേ നായകസ്ഥാനത്തുള്ള നിതീഷിന്‍റെ കക്ഷി ഈ തെരഞ്ഞെടുപ്പിൽ‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കിയോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. കഴിഞ്ഞ തവണ നിയമസഭയിൽ‍ 115 പ്രതിനിധികളുണ്ടായിരുന്ന ജനതാദൾ യുണൈറ്റഡിന് ഇത്തവണ ഇതെഴുതുന്ന വേളയിൽ‍ 80 സീറ്റിൽ‍ താഴെ മാത്രമാണുള്ളത്. 70ൽ‍ അധികം സീറ്റുകളാണ് നിതീഷിന്‍റെ പാർ‍ട്ടിക്കു നഷ്ടമായിരിക്കുന്നത്. അങ്ങനെ വരുന്പോൾ ഇതിനെ ഭരണത്തുടർ‍ച്ചയായോ നിതീഷ് ഭരണത്തിന് അനുകൂലമായ ജനവിധിയായോ വിലയിരുത്താനാവില്ല. മഹാസഖ്യ രൂപീകരണവേളയിൽ‍ രണ്ടാമത്തെ കക്ഷിയായിരുന്ന രാഷ്ട്രീയ ജനതാദളാവട്ടെ അന്നുണ്ടായിരുന്ന 22 ൽ‍ നിന്നും സീറ്റു നില 115 ആക്കി ഉയർ‍ത്തുകയും ചെയ്തിരിക്കുന്നു. സീറ്റു നില വെച്ചു നോക്കിയാൽ‍ മുന്നണിയിലെ ഒന്നാമനെന്ന പദവി ഇപ്പോൾ തന്നെ ലാലുവിനു സ്വന്തമാണ്. പട്നയിൽ‍ നിതീഷിനെ വാഴിച്ച് താൻ‍ ദേശീയ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ് എന്നതാണ് ലാലുവിന്‍റെ പ്രഖ്യാപിത നിലപാട്. ഇന്നത്തെ സാഹചര്യത്തിൽ‍ ദേശീയ രാഷ്ട്രീയത്തിൽ‍ ലാലുവിനെപ്പോലൊരു നേതാവിന്‍റെ പ്രസക്തി അതിനിസാരമാണ്. ബിഹാറിൽ‍ നേട്ടമുണ്ടാക്കി എങ്കിലും കാലിത്തീറ്റ കുംഭകോണമടക്കമുള്ള അഴിമതികളുടെ പ്രതിച്ഛായയിൽ‍ നിന്നും ദേശീയ തലത്തിൽ‍ ലാലുവിനു പുറത്തു കടക്കുക തികച്ചും ശ്രമകരവുമായിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ‍ കൂടുംബവാഴ്ചയുടെ പ്രതീകമായ ലാലു സ്വന്തം ഭാര്യയെയും മക്കളെയും വെച്ച് ഇനി നടത്താനിരിക്കുന്ന കരുനീക്കങ്ങൾ പരിണിത പ്രജ്ഞനായ നിതീഷ് അതിജീവിക്കുമെന്ന് തന്നെ പ്രത്യാശിക്കാം. പക്ഷേ അതൊരിക്കലും എളുപ്പമാകില്ല എന്നുറപ്പാണ്. മഹാസഖ്യത്തിലോ തുടർ‍ന്നു വരാനിരിക്കുന്ന സർ‍ക്കാരിലോ വലിയ ശക്തിയൊന്നുമില്ലാത്ത കോൺഗ്രസിനും പക്ഷേ ഈ വിജയം ആഹ്ലാദവും ആശ്വാസവും പകരുന്നതു തന്നെയാണ്. എന്നാൽ‍ ബിഹാറിൽ‍ മഹാസഖ്യം ചരിത്ര വിജയം നേടിയ സാഹചര്യത്തിൽ‍ രാഹുൽ‍ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകണം എന്ന പി.ചിദംബരത്തിന്‍റെ പ്രസ്താവന ആ പാർ‍ട്ടി ഇനിയും പാഠങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നതിന്‍റെ തെളിവായിത്തന്നെ പരിഗണിക്കാം. ഇത് ഉറപ്പായും മോഡിക്കും സംഘത്തിനും ഏറെ ആശ്വാസം പകരുമെന്നും ഉറപ്പ്.

You might also like

Most Viewed