ഗോളടിച്ചത് ജനം തന്നെ


എത്ര ഗോളടിച്ചെന്നോ എങ്ങനെയടിച്ചെന്നോ ഒക്കെയുള്ള കാര്യങ്ങൾ ഇനി പ്രസക്തമല്ല. സെമി ഫൈനൽ‍ ജയം ഇടതു ടീമിനു തന്നെയാണ്. സെമിക്കു മുന്നെ നടന്ന സെമിയായ അരുവിക്കര സൂചകം തന്നെയായിരുന്നു. പക്ഷേ അത് ജനം എന്തും സഹിക്കും എന്നതിന്‍റെ സൂചനയായിരുന്നില്ല എന്നതാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പു ഫലം നൽ‍കുന്ന സൂചന. ഒപ്പം ഒരു മുന്നണിക്കും ഭരണത്തുടർ‍ച്ച നൽ‍കാത്ത പതിവു ശൈലിയിൽ‍ നിന്നുള്ള കേരളത്തിന്‍റെ മാറ്റം എളുപ്പമല്ല എന്ന കാര്യവും ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. 

രാജ്യത്തെ മൊത്തം ജനമനസ്സുകളിലും ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ‍ നടന്ന പൊതു തെരഞ്ഞെടുപ്പിൽ‍ ഇന്ത്യ ഇന്ദിരാജിക്കു ഭരണം നിഷേധിച്ചപ്പോഴും കോൺഗ്രസിനൊപ്പം നിന്ന് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയ നാടാണു നമ്മുടെ ഭൂമിമലയാളം. രാഷ്ട്രീയ പണ്ഡിതന്മാതെപ്പോലും എന്നും ബുദ്ധിമുട്ടിലാക്കുന്നതു തന്നെയാണ് കേരളത്തിന്‍റെ രാഷ്ട്രീയ മനസ്. പലപ്പോഴും പ്രവചനാതീതം. 

ഇത്തവണയും ഈ ഫലവും നമ്മുടെ രാഷ്ട്രീയ ചേരികളും നായകന്മാരുമൊന്നും കൃത്യമായി പ്രവചിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ‍ എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങളെ മുൻ‍ നിർ‍ത്തി മുന്നേ തന്നെ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയതിട്ടുണ്ട്. പക്ഷേ ആ അവകാശവാദങ്ങളൊന്നും പൂർ‍ണ്ണമായും നിറവേറ്റപ്പെട്ടിട്ടുമില്ല. പൊതുവേ പറഞ്ഞാൽ‍ ജനഹിതം എല്ലാ കക്ഷികളെയും മുന്നണികളെയും പുനർ‍ വിചിന്തനങ്ങൾക്കു പ്രേരിപ്പിക്കുന്നതു തന്നെയാണ്. 

ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന പതിവു പ്രഖ്യാപനത്തോടേ തെരഞ്ഞടുപ്പിനെ നേരിട്ട മുഖ്യമന്ത്രി പക്ഷേ ജനവിധി മുഖവിലക്കെടുക്കാൻ‍ സാദ്ധ്യത തീരെയില്ല. മുന്നനുഭവങ്ങൾ നൽ‍കുന്ന സൂചന ഇതാണ്. പാളങ്ങൾ എത്രകുലുങ്ങിയാലും കേളൻ‍ കുലുങ്ങിയിട്ടില്ല. പിന്നല്ലേ കുഞ്ഞൂഞ്ഞ്. പക്ഷേ പാളയത്തിലെ പട നേരിടാൻ‍ അദ്ദേഹം ഇനി കുറേക്കൂടി മെനക്കെടേണ്ടിവരുമെന്നതു തന്നെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണങ്ങൾ നൽ‍കുന്ന സൂചന. മലപ്പുറത്ത് ലീഗിനേറ്റ തിരിച്ചടികൾ കൂടി കണക്കിലെടുക്കുന്പോൾ ഇതിനുള്ള സാദ്ധ്യതകൾ വളരെ ഏറെയാണ്. തെരഞ്ഞടുപ്പിന്‍റെ അവസാന ദിനങ്ങളിൽ‍ പുനരാവിർ‍ഭവിച്ച ബാർ‍ക്കോഴക്കേസും ഇക്കാര്യത്തിൽ‍ മുഖ്യമന്ത്രി കൈക്കൊണ്ട മാണിപ്രേമവും മുന്നണിയുടെ സാദ്ധ്യതകളെ ദോഷകരമായി ബാധിച്ചു എന്ന വിലയിരുത്തൽ‍ വരും ദിനങ്ങളിൽ‍ ശക്തമാകും. ഇത് രാഷ്ട്രീയ തന്ത്രങ്ങളുടെ ആശാനായ ഉമ്മൻ‍ ചാണ്ടി എങ്ങനെ നേരിടും എന്നത് നോക്കിക്കാണേണ്ട കാര്യം തന്നെയാണ്. സൗഹൃദ മത്‍സരങ്ങളും വിമതശല്യവുമൊക്കെ മൂലം പലയിടത്തും സീറ്റുകൾ നഷ്ടമായ സാഹചര്യത്തിൽ‍ സംഘടനാ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ‍ പ്രവർ‍ത്തിപ്പിക്കാൻ‍ കെ.പി.സി.സി അദ്ധ്യക്ഷനുമായി എന്നു കരുതാനാവില്ല. എങ്കിലും മുന്നണിയിലും പാർ‍ട്ടയിലും നേതൃമാറ്റമെന്ന ആവശ്യം ശക്തമാകാനുള്ള സാദ്ധ്യത തന്നെയാണ് തെളിയുന്നത്.

മറുവശത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പുള്ള ജനവിധി എന്ന നിലയിൽ‍ ഇടതുപക്ഷത്തിനു ഈ തെരഞ്ഞെടുപ്പു ഫലം മികച്ച ആത്മവിശ്വാസമാണ് പകർ‍ന്നു നൽ‍കുന്നത്. പ്രാദേശിക വിഷയങ്ങളും സ്ഥാനാർ‍ത്ഥികളുടെ വ്യക്തിത്വവുമൊക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെങ്കിലും ബാർ‍ക്കോഴയും ബീഫും അസഹിഷ്ണുതയുമൊക്കെ ഇടതുമുന്നേറ്റത്തെ കാര്യമായി സഹായിച്ചിട്ടുണ്ട്. 

ഇതുവരെ ഇരു മുന്നണികളെ മാത്രം കേന്ദ്രീകരിച്ചു തിരിഞ്ഞിരുന്ന കേരളത്തിന്‍റെ തെരഞ്ഞെടുപ്പു ചിത്രത്തിൽ‍ ബി.ജെ.പി തങ്ങളുടെ സാന്നിദ്ധ്യം വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. തിരുവനന്തപുരവും പാലക്കാടും കാസർ‍കോഡുമൊക്കെ നൽ‍കുന്ന സൂചന വരുന്ന തെരഞ്ഞെടുപ്പിൽ‍ പലമണ്ഡലങ്ങളിലെയും ഇരു മുന്നണികളുടെയും ജയസാദ്ധ്യതയെ അവർ‍ നിർ‍ണ്ണായകമായി സ്വാധീനിക്കും എന്നു മാത്രമല്ല കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ‍ വരുന്ന തെരഞ്ഞെടുപ്പിൽ‍ നിയമസഭയിലോളം അവരുടെ സാന്നിദ്ധ്യം എത്താനുള്ള സാദ്ധ്യതയും ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ മുന്നോട്ടു വെയ്ക്കുന്നു.

You might also like

Most Viewed