വാളല്ലെൻ സമരായുധം


രാജ്യത്ത് അസഹിഷ്ണുത വർ‍ദ്ധിച്ചു വരികയാണ്. പലരും ഇക്കാര്യം ആവർ‍ത്തിച്ചാവർ‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജനപ്രിയ നായകൻ ഷാരൂഖ് ഖാനും അതു തന്നെ പറഞ്ഞിരിക്കുന്നു. രാജ്യത്തെ മാധ്യമങ്ങളെല്ലാം അതു വാർ‍ത്തയുമാക്കിയിട്ടുണ്ട്. 

പറഞ്ഞത് ഷാരൂഖ് ഖാൻ ആയതുകൊണ്ടുമാത്രമല്ല ഈ അസഹിഷ്ണുതാ വാർ‍ത്ത മാധ്യമങ്ങളിൽ‍ ഇടം പിടിച്ചത്. അസഹിഷ്ണുതാ വാർ‍ത്തകളോട് രാജ്യത്തെ പല മാധ്യമങ്ങൾക്കും പ്രതിപത്തി  കൂടിയിരിക്കുകയാണ്. അസഹിഷ്ണുത എന്ന വാക്കിനർ‍ത്ഥം ആംഗലേയത്തിൽ‍intolerence എന്നാണ്. Unwillingness to accept views, beliefs, or behaviour that differ from one’s own. അഥവാ തന്‍റേതിൽ‍ നിന്നും വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടും വിശ്വാസവും സ്വഭാവവുമൊന്നും ശരിയല്ലെന്ന നിലപാട്. 

ചുരുക്കത്തിൽ‍ തന്‍റേതും തങ്ങളുടേതും മാത്രമായ ശരികളുടെ ലോകത്തു ജീവിക്കുന്നവരാണ് അസഹിഷ്ണുത ഉണ്ടാക്കുന്നത്. അർ‍ത്ഥം കൃത്യമായി പരിശോധിക്കുന്പോൾ പക്ഷെ ഈ അസഹിഷ്ണുത ഭാരതത്തിൽ‍ ഇന്നോ ഇന്നലെയോ ആണോ തുടങ്ങിയത് എന്ന സംശയമുദിക്കുക സ്വാഭാവികം. 

രാഷ്ട്രീയമായ തങ്ങളുടെ അപ്രമാദിത്വത്തിനെതിരെ ഉയരുന്ന ചെറു പ്രതികരണങ്ങളെപ്പോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്നവരെ തിരഞ്ഞ് ഭൂമിമലയാളത്തിന്‍റെ അതിർ‍ത്തിക്കപ്പുറമൊന്നും പോകേണ്ട കാര്യമില്ല, നമുക്ക്. പ്രതിപക്ഷ ബഹുമാനമുള്ളിടത്തേ ജനാധിപത്യം പുഷ്കലമാകൂവെന്ന്, കേന്ദ്രത്തിൽ‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനെച്ചൊല്ലി പരിതപിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ‍ ചിലതിന് തദ്ദേശ തിരഞ്ഞെടുപ്പിൽ‍ ചിലയിടങ്ങളിൽ‍ മത്‍സരിക്കാൻ പോലും എതിരാളികളില്ല. ഇതിനു കാരണം എതിരഭിപ്രായങ്ങൾ ഉള്ളവർ‍ അവിടങ്ങളിൽ‍ ഇല്ലാഞ്ഞിട്ടാണ് എന്നു കരുതാനാവില്ല. എതിരാളികളെ പല തരത്തിൽ‍ അടിച്ചമർ‍ത്തിത്തന്നെയാണ് ഇതു സാധ്യമാക്കുന്നതെന്ന കാര്യത്തിൽ‍ രണ്ടഭിപ്രായമില്ല. ഇവിടെ വ്യക്തമാകുന്നത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അസഹിഷ്ണുത തന്നെയാണ്. ഇത് ഇന്നലെയുണ്ടായതല്ല. 

ഇതിനെ അസഹിഷ്ണുതയുടെ പട്ടികയിൽ‍പ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. പ്രബുദ്ധ കേരളത്തിലെ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടാനോ പുരസ്കാരങ്ങൾ ത്യജിക്കാനോ ഒരു സാംസ്കാരിക നായകനും അടുത്ത കാലം വരെ മുന്നോട്ടും വന്നിട്ടില്ല. പേന ഏറ്റവും കരുത്തുറ്റ ആയുധമാണ്. പ്രമുഖ ആംഗലേയ നാടകകൃത്തും നോവലിസ്റ്റുമായ എഡ്വേഡ് ബുൾവർ‍ ലിറ്റ്ൺ (Edward Bulwer- Lytton ) 1839ൽ‍ Cardinal Richelieu എന്ന തന്‍റെ ചരിത്ര നാടകത്തിലാണ് The pen is mightier than the sword എന്ന പ്രയോഗം നടത്തിയത്. അതി ശക്തമായ ഈ സത്യം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

വാളല്ലെൻ സമരായുധം, ഝണ ഝണ നാദം മുഴക്കീടുവാ

നാളല്ലെൻ കരവാളു വിറ്റോരു മണിപ്പൊൻ‍വീണ വാങ്ങിച്ചു ഞാൻ

താളം രാഗലയശ്രുതിസ്വരമിവയ്ക്കല്ലാതൊന്നുമിന്നോളക്കുത്തുകൾ 

തീർ‍ക്കുവാൻ കഴിയുകില്ലെൻ പ്രേമ തീർ‍ത്ഥങ്ങളിൽ‍...

വിപ്ലവ കവികൂടിയായി വാഴ്ത്തപ്പെടുന്ന മലയാളത്തിന്‍റെ പ്രിയ കവി വയലാർ‍ രാമവർ‍മ്മ തന്‍റെ സർ‍ഗ്ഗ സംഗീതത്തിൽ‍ പറഞ്ഞതും ഇക്കാര്യം തന്നെ. പക്ഷേ ഈ വരികളിൽ‍ വ്യക്തമാകുന്ന ഒന്നുണ്ട്. എഴുത്തുകാരൻ തന്‍റെ സാമൂഹ്യപരമായ കടമകൾ നിർ‍വ്വഹിക്കേണ്ടതും സാമൂഹിക തിന്മകളോടുള്ള പോരാട്ടം നടത്തേണ്ടതും പേന കൊണ്ടു തന്നെയായിരിക്കണം. പക്ഷേ ഇപ്പോൾ നടക്കുന്നതാവട്ടെ,  മുന്പു തന്നെ സ്വന്തം രാഷ്ട്രീയം കൊണ്ടു കൂടി ശ്രദ്ധേയരായ ചില  സാംസ്കാരിക നായകന്മാർ‍ പേന കൈയിലുണ്ടന്ന ധൈര്യത്തിൽ‍ സ്വന്തം രാഷ്ട്രീയം കളിയ്ക്കുകയാണ് എന്നു വിലയിരുത്തേണ്ടി വരും. 

പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയപ്രചാരണത്തിനുമെതിരേ സമീപഭൂതകാലത്ത് തന്നെ കടന്നാക്രമണങ്ങളുണ്ടായപ്പോൾ ഇത്തരം ശക്തമായ പ്രതികരണങ്ങളൊന്നും ഈ വിഭാഗത്തിന്‍റെ പക്ഷത്ത് നിന്നുണ്ടായതായി പൊതുജനത്തിന് ഓർ‍മ്മയില്ല.  

പൊതു തിരഞ്ഞെടുപ്പിലൂടെ രാജ്യം വ്യക്തമാക്കിയ ജനഹിതത്തിനെതിരെയുള്ള സാഹിത്യ സാംസ്കാരിയ നായകന്മാരിലെ ഒടു വിഭാഗത്തിന്‍റെ അസഹിഷ്ണുതയായി, ഇന്നലെ വരെയുള്ള വസ്തുതകളെ മറന്നുള്ള, ഈ പുതിയ പ്രതികരണങ്ങളെ എന്തുകൊണ്ട് വിലയിരുത്തിക്കൂടാ?  അങ്ങനെ വരുന്പോൾ The pen is mightier than the sword... എന്നതിനു തുടർ‍ച്ചയായി ബുൾവർ‍ ലിറ്റ്ൺന്‍റെ കഥാപാത്രമായ കാർ‍ഡിനൽ‍ റിഷൽയൂ പറയുന്ന Take away the sword; States can be saved without it! എന്നത് Take away the PEN; States can be saved without it! എന്നു ബഹുഭൂരിപക്ഷം ജനതയും മാറ്റിച്ചിന്തിച്ചു കൂടാഴികയില്ല. അത്തരം സാഹചര്യങ്ങൾക്കു വഴിവെയ്ക്കാതിരിക്കാൻ അസഹിഷ്ണുതകൾ മാറ്റിവെച്ച് എല്ലാ വിഭാഗങ്ങളും രാഷ്ട്ര നന്മയ്ക്കായി ഒത്തു ചേർന്നു പ്രവർ‍ത്തിക്കുകയാണ് വേണ്ടത്.

You might also like

Most Viewed