അപകടങ്ങളുടെ ആകാശ പഥങ്ങൾ


പ്രധാന ലോക സംഭവങ്ങളുടെ കാര്യകാരണങ്ങളെക്കുറിച്ചെല്ലാം ലോകത്തിന് എപ്പോഴും തികച്ചും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉണ്ടാവുക. അതു യുദ്ധങ്ങളായാലും അപകടങ്ങളായാലും അങ്ങനെ തന്നെ. ഇന്നലെ ഈജിപ്തിലുണ്ടായ വിമാനാപകടത്തിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വിമാനം തകർ‍ന്നു എന്നതു മാത്രമാണ് ഉറപ്പുള്ള ഏക കാര്യം. എന്നാൽ‍ അക്കാര്യവും ഉറപ്പിച്ചങ്ങോട്ടു വിശ്വസിക്കേണ്ട എന്നു പറയുന്നവരും ഇല്ലാതില്ല. വിവര സാങ്കേതിക വിദ്യയുടെ വളർ‍ച്ചയും പ്രചാരവുമൊക്ക മൂലം ലോകം ഇന്നൊരു ആഗോള ഗ്രാമം മാത്രമാണ് എന്ന സ്ഥിതിയുണ്ട്. ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങൾ ലോകം മൊത്തമറിയയാൻ നിമിഷങ്ങളേ ഇക്കാലത്ത് ആവശ്യമുള്ളൂ. എല്ലാം എല്ലാവരും അറിയുന്ന കാലം. രഹസ്യങ്ങൾക്ക് അധികകാലം രഹസ്യങ്ങളായിരിക്കാൻ പെടാപ്പാടുള്ള കാലം. അതീവ രഹസ്യങ്ങളായി പതിറ്റാണ്ടുകൾ കാത്തു വെച്ച വിവരങ്ങൾ പോലും കന്പ്യൂട്ടർ‍ സ്ക്രീനിൽ‍ തെളിയാൻ ഒരു വിരൽ‍ സ്പർ‍ശം മാത്രം മതി. എന്നിട്ടും നമ്മൾ തീരെ ചെറുതും സുതാര്യവുമെന്നു വിശ്വസിക്കുന്ന ഇതേ ലോകത്തു നടക്കുന്ന പല സംഭവങ്ങളുടെയും നിജസ്ഥിതി എന്തെന്നറിയുക തികച്ചും ശ്രമകരമായി തുടരുകയാണ്. 

വിവര സാങ്കേതിക വിദ്യയുടെ പ്രചാരം മൂലം ലോകത്ത് ഒരു വിവര പ്രളയം തന്നെയുണ്ട്. എന്നാൽ‍ ആ പ്രളയ ബഹളത്തിൽ‍ നിന്നും ശരിയും നമുക്കു വേണ്ടതുമായ വിവരങ്ങൾ കണ്ടത്തുക എന്നതാവട്ടെ തികച്ചും ശ്രമകരവുമാണ്. ഇതേ ബുദ്ധിമുട്ടു തന്നെയാണ് ഇന്നലെ നടന്ന വിമാനാപകടകാര്യത്തിലും ഇപ്പോൾ ലോകത്തിന് അനുഭവപ്പെടുന്നത്. തുടക്കത്തിൽ‍ പറഞ്ഞതുപോലെ വിമാനം തകർ‍ന്നു എന്നതു മാത്രമാണ് ഇതുവരെ ഉറപ്പുള്ള ഏകകാര്യം. അത് എങ്ങനെ തകർ‍ന്നു എന്നതു സംബന്ധിച്ച ഒരുപാടൊരുപാടു വാദങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 

ഈജിപ്തിൽ‍ നിന്നും റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർ‍ഗ്ഗിലേക്കു പറന്നുയർ‍ന്ന വിമാനം ഈജിപ്ത് അതിർ‍ത്തിക്കുള്ളിൽ‍ തന്നെ തകർ‍ന്നു വീണു എന്നതും അപകടത്തിൽ‍ 224 വിലപ്പെട്ട ജീവനുകൾ നഷ്ടമായി എന്നതും മാത്രമാണ് നൂറു ശതമാനം ഉറപ്പുള്ള കാര്യം. യാത്രക്കാരിൽ‍ ഭുരിഭാഗവും വിനോദ സഞ്ചാരികളായിരുന്നു. റഷ്യക്കാർ‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഈജിപ്ഷ്യൻ നഗരമായ ഷാം എൽ‍ ഷെയ്ഖ്. സിനായ് ഉപദ്വീപിലെ ഷാം എൽ‍ ഷെയ്ഖിൽ‍ നിന്നും പറന്നുയർ‍ന്ന് 300 കിലോമീറ്ററോളം അകലെ ഹൗസ്നയിൽ‍ വെച്ചാണ് വിമാനം കാണാതായത്. 

സത്യം അതിന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്പോഴേയ്ക്കും നുണ ലോക സഞ്ചാരം പൂർ‍ത്തിയാക്കിക്കഴിയും എന്ന ചൊല്ല് അന്വർ‍ത്ഥമാക്കിക്കൊണ്ട് വിമാനാപകട വാർ‍ത്തയ്ക്കൊപ്പം അങ്ങനെയൊന്നു നടന്നിട്ടേയില്ല എന്ന വാദവും പ്രചരിച്ചു തുടങ്ങി. അതു പ്രചരിപ്പിക്കുന്നവർ‍ക്കാവട്ടെ അവരുടേതായ ന്യായങ്ങളും അതിനുണ്ടു താനും. ആ കഥ ഇങ്ങനെയാണ്. ഐ.എസ് അടക്കമുള്ള തീവ്രവാദികൾക്കെതിരായ റഷ്യൻ സൈനിക നടപടിയുമായി ബന്ധപ്പെട്ടതാണ് ഈ കഥ. അമേരിക്കൻ താൽ‍പ്പര്യങ്ങൾക്കു വിരുദ്ധമായ റഷ്യൻ നടപടി ഒരുമാസത്തിലേറെയായി തുടരുന്നതിൽ‍ പാശ്ചാത്യ ശക്തികൾ തികച്ചും അസ്വസ്ഥരാണ്. ഇക്കാര്യത്തിലെ മാധ്യമ പ്രചാരവേലയിലും റഷ്യ ഒരുപടി മുന്നിൽ‍ത്തന്നെയാണ്. ലോകത്തിനു മുന്നിൽ‍ റഷ്യയുടെ പ്രതിച്ഛായ മെച്ചപ്പെടുകയും അമേരിക്ക കൂടുതൽ‍ മോശക്കാരാവുകയും ചെയ്യുന്നു. ഇവിടം വരെ കഥ സത്യമാണ്. തുടർ‍ന്നു പറയുന്ന സംഭവങ്ങൾക്ക് സ്ഥിരീകരണം ഇല്ല തന്നെ. അത് ഇങ്ങനെയാണ്. അമേരിക്കയുടെ പ്രതിശ്ചായ മെച്ചപ്പെടുത്താനും റഷ്യയെ കുറ്റപ്പെടുത്താനുമായി പ്രമുഖ അമേരിക്കൻ സെനറ്റർ‍ ജോൺ മക്കൈനും പഴയ യുക്രൈൻ നായകൻ മിഖൈൽ‍ സകാഷ്്വ്ലിയും ചേർ‍ന്ന് സിറിയൻ അതിർ‍ത്തിയിൽ‍ ഒരു അമേരിക്കൻ യാത്രാ വിമാനം തകർ‍ക്കാൻ പദ്ധതിയിടുന്നു. ഇക്കാര്യം മണത്തറിഞ്ഞ റഷ്യ തങ്ങൾക്ക് വ്യക്തമായ സ്വാധീനമുള്ള സ്ഥലത്ത് സ്വന്തം വിമാനം തകർ‍ക്കപ്പെട്ടതായി ചിത്രീകരിക്കുകയായിരുന്നു എന്നതാണ് ഈ കഥയുടെ ചുരുക്കം. അപകടം നടക്കുകയോ ആരും മരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവരുടെ വാദം. ഇതു പക്ഷേ വാസ്തവമല്ല എന്ന് തുടർ‍ന്നു പുറത്തു വരുന്ന ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തിരോധാനമടക്കം പല സാഹചര്യങ്ങളിലും നടന്നു എന്നു ലോകം മുഴുവൻ ദശാബ്ദങ്ങളോളം വിശ്വസിച്ച വിമാനാപകടങ്ങൾ കെട്ടിച്ചമച്ച വാർ‍ത്തകൾ മാത്രമായിരുന്നു എന്നു തിരിച്ചറിയുന്ന കാലത്ത് അത്തരം വാദങ്ങൾക്കും സ്വീകാര്യത ലഭിക്കുക സ്വാഭാവികം. 

തൊട്ടടുത്തത് വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന ഐ.എസ് തീവ്രവാദികളുടെ അവകാശവാദമാണ്. ഇതിനു വിശ്വാസ്യത കൂടുതലാണ്. കാരണങ്ങൾ പലതും ഇതിനെ സാധൂകരിക്കുന്നു. ഒന്നാമതായി അപകടം നടന്ന സ്ഥലം ഐ.എസ് അടക്കമുള്ള തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ്. എ.എസ്സിനെതിരെയുള്ള സൈനികനടപടി നടത്തുന്ന റഷ്യയിലെ വിമാന കന്പനിയുടേതാണ് അപകടത്തിൽ‍പ്പെട്ടവിമാനം. അതിലുണ്ടായിരുന്നതിൽ‍ മൂന്ന് യുക്രൈൻ കാരൊഴിച്ചെല്ലാവരും റഷ്യക്കാരുമായിരുന്നു. സാധാരണ ഗതിയിൽ‍ തങ്ങൾ ചെയ്യാത്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കാറില്ല എന്നതും അവരുടെ വാദത്തിന് പിൻബലമേകുന്നു. എന്നാൽ‍ ഐ.എസിന്‍റെ പക്കലുള്ള ആയുധങ്ങൾ ഉപയോഗിച്ച് 33,000 അടി ഉയരത്തിൽ‍ പറക്കുകയായിരുന്ന ഒരു വിമാനത്തെ വീഴ്ത്താനാവില്ലെന്ന് ഈ രംഗത്തെ വിദഗദ്ധർ‍ പറയുന്നു. അങ്ങനെ വരുന്പോൾ ഇത് പഴയ ബഷീർ‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിന്‍റേതുപോലെ ഒരു അവകാശവാദമാകാൻ വഴിയുണ്ട്. പ്രത്യേകിച്ച് ഐ.എസ്സ് റഷ്യൻ ആക്രമണത്തിൽ‍ അടി പതറി നിൽ‍ക്കുന്ന സാഹചര്യത്തിൽ‍. തങ്ങളുടെ ശക്തിയും വീറും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കാൻ അവർ‍ ഒരിക്കലും പങ്കില്ലാത്ത ഒരു ആക്രമണത്തിന്‍റെ ഉത്തരം ഏറ്റെടുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

അതുമല്ല, ഐ.എസ് തന്നെയാണ് ആക്രമണത്തിനു പിന്നിലെങ്കിൽ‍ വലിയ രണ്ട് സാദ്ധ്യതകൾക്ക് അതു വഴിവെയ്ക്കുകയും ചെയ്യും. ഐ.എസ് തന്നെയാണ് ആക്രമണം നടത്തിയതെങ്കിൽ‍ അതിനുള്ള അതിവികസിത ആയുധങ്ങൾ അവർ‍ക്ക് എവിടെനിന്നു ലഭിച്ചു? അത് അമേരിക്കയിൽ‍ നിന്നു തന്നെയാണോ? അങ്ങനെയെങ്കിൽ‍ ഐ.എസിന്‍റെ പിറവിക്കും നിലനിൽ‍പ്പിനും പിന്നിൽ‍ അമേരിക്കയും സഖ്യ ശക്തികളുമാണ് എന്ന ആരോപണത്തിനും അതു കരുത്തേകും. കഴിഞ്ഞയാഴ്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ‍ ഇതു സംബന്ധിച്ചു നടത്തിയ കുറ്റ സമ്മതവും ഇതിനോടു ചേർ‍ത്തു വായിക്കാം. തങ്ങൾക്കേറ്റ പ്രഹരത്തിന് അമേരിക്കൻ സഹായത്തോടേ ഐ.എസ് തിരിച്ചടി നൽ‍കിയെന്നാവും ഈ വാദത്തെ പിന്‍തുണക്കുന്നവർ‍ അഭിപ്രായപ്പെടുക. അമേരിക്കൻ നിർ‍മ്മിത ആംറാം (AAMRAM- Advanced Medium Air to Air Missile) ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് വിമാനം തകർ‍ന്നതെന്ന വാദവും ഇതിനൊപ്പം ഉയരുന്നു. 

ഇത്തരത്തിലുള്ള വാർ‍ത്തകളൊന്നും ഒരുകാലത്തും കുറ്റമറ്റരീതിയിൽ‍ സ്ഥിരീകരിക്കപ്പെടില്ല. പക്ഷേ ഇതിനൊന്നുമുള്ള സാദ്ധ്യതകൾ പൂർ‍ണ്ണമായും എഴുതിത്തള്ളുക എന്നതും വർ‍ത്തമാനകാല യാഥാർ‍ത്ഥ്യങ്ങൾ പരിശോധിക്കുന്പോൾ സാധ്യമാകാതെ വരുന്നു. 

കഴിഞ്ഞ വർ‍ഷം നടന്ന മലേഷ്യൻ എയർ‍ വിമാനാപകടങ്ങളെക്കറിച്ചുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. 2014 ജൂലൈ ഏഴിന് യുക്രൈന് മുകളിൽ‍ 283 യാത്രക്കാരുമായി പോവുകയായിരുന്ന മലേഷ്യൻ വിമാനം തകർ‍ന്നത് മിസൈലേറ്റാണ്. എന്നാൽ‍ ആ മിസൈസൈൽ‍ അയച്ചത് റഷ്യയാണോ അതോ യുക്രൈൻ വിമതരാണോ എന്ന കാര്യത്തിൽ‍ തർ‍ക്കം തുടരുന്നു. 2014 മാർ‍ച്ച് എട്ടിന് 227 പേരുമായി ക്വാലാലംപൂരിൽ‍ നിന്നും പറന്നുയർ‍ന്ന മറ്റൊരു മലേഷ്യൻ എയർ‍ വിമാനം എവിടെപ്പോയെന്നോ അതിന് എന്തു പറ്റിയെന്നോ പോലും ഇന്നും പൊതു സമൂഹത്തിന് അറിവായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരുപാടു വാദങ്ങൾ ഓരോ ദിവസും പുറത്തു വന്നുകൊണ്ടുമിരിക്കുന്നു. 

അത്യന്താധുനിക വാർ‍ത്താ വിനിമയ സംവിധാനങ്ങളുടെ മൂക്കിന്‍ തുന്പിലും ഇത്തരം തിരോധാനങ്ങളുണ്ടാവുന്നതും ദുരൂഹതകൾ മറനീക്കിപ്പുറത്തു വരാതിരിക്കുന്നതിലും അസ്വാഭാവികതയുണ്ട്. ആഗോള ശാക്തിക ചേരികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അതീതമായ ഒന്നും നമ്മളറിയുന്നില്ല എന്നു പോലും വിശ്വസിക്കാൻ ഇത്തരം യാഥാർ‍ത്ഥ്യങ്ങൾ നമ്മെ നിർ‍ബന്ധിതരാക്കുന്നു. കാലം ഒരുപക്ഷേ എന്നെങ്കിലും ഇതിൽ‍ ചില ദുരൂഹതകളെങ്കിലും നീക്കിയേക്കാം. സത്യം എന്നെങ്കിലും പുറത്തു വരിക തന്നെ ചെയ്യും.

You might also like

Most Viewed