ഭാഗീക മതേതരത്വമുയർത്തുന്ന ഭീഷണികൾ
മതേതരത്വം നമ്മുടെ രാജ്യത്തിന്‍റെ മുഖമുദ്രകളിൽ ഒന്നാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പറയുന്നു. രാജ്യം മതേതരമായിരിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനുവേണ്ടി പിടിവാശി പിടിക്കുകയും ഒക്കെച്ചെയ്തതിൽ പ്രധാനി രാഷ്ട്ര പിതാവായ സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നു. എന്നാൽ 1949 നവംബർ 26ന് ഭരണഘടന സ്വീകരിക്കപ്പെട്ടപ്പോഴോ 1950 ജനുവരി 26ന് അത് പ്രാബല്യത്തിൽ വന്നപ്പോഴോ അതിന്‍റെ ആമുഖത്തിൽ രാഷ്ട്രം മതേതരമാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന കാര്യം ഇന്ന് പലർക്കും ഓർമ്മയില്ല. പക്ഷേ ഭാരതം എന്നും പുലർത്തിപ്പോന്നത് മതേതര നിലപാടുകളാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. അങ്ങനെ വന്നതും നിന്നതുമായ സകല സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് ഈ മണ്ണെന്ന കാര്യത്തിലും തർക്കമില്ല. ഹൈന്ദവ സംസ്കൃതിയെ പിൻപറ്റിയിരുന്ന ജനതയായിരുന്നു ഭൂരിപക്ഷമെങ്കിലും പിന്നീടു വന്ന മതങ്ങളെയൊക്കെ ഭാരതത്തിലെ വ്യത്യസ്ത ജനസമൂഹങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു എന്നാണ് ചരിത്രം. അധുനിക രാഷ്ട്രങ്ങളുടെയൊക്കെ ചരിത്രം പരിശോധിച്ചാൽ നമുക്കു വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അതാതു രാജ്യങ്ങളിലെ ഭൂരിപക്ഷ മതങ്ങളുടെ നിലപാടുകളാണ് ആ രാജ്യങ്ങൾ മതേതരമായിരിക്കേണമോ വേണ്ടയോ എന്ന കാര്യത്തെ സ്വാധീനിക്കുകയും അക്കാര്യത്തിലുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുക. ഇന്ത്യയിൽ ഭരണഘടനയിലടക്കം എഴുതിച്ചേർക്കപ്പെട്ട മതേതരത്വമെന്ന നന്മക്കു പിന്നിലും ഇവിടുത്തെ ഭുരിപക്ഷ സമൂഹത്തിന്‍റെ സ്വാധീനവും ഹൃദയ വിശാലതയും വ്യക്തമാണ്.
സ്വാതന്ത്ര്യകാലത്ത് ഭരണഘടനാശിൽപ്പി ഡോക്ടർ ബി.ആർ അംബേദ്കർ എഴുതിച്ചേർത്തിട്ടില്ലാത്ത മതേതരത്വം നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തപ്പെട്ടത് 1976ലാണ്. മതേതരത്വം ഭരണഘടനയുടെ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ടത് മഹത്തരമായ ഒരു കർമ്മം തന്നെയാണ്. പക്ഷേ അത് ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പൊതുവേ അറിയപ്പെടുന്ന കാലഘട്ടത്തിലായിരുന്നു എന്നതാണ് കൗതുകം. 1976 രാജ്യത്ത് അടിയന്തിരാവസ്ഥ നിലനിന്ന കാലമാണ്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസക്കാലമായിരുന്നു അടിയന്തിരാവസ്ഥ നിലനിന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഉരുക്കുവനിത സാക്ഷാൽ ഇന്ദിരാ പ്രിയദർശിനി ഓർഡിനൻസുകൾ കൊണ്ടു രാജ്യഭരണം നടത്തി കുപ്രസിദ്ധിയാർജ്ജിച്ച കാലം. വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ട് ഇന്ദിരാജി അന്നെടുത്ത തന്ത്രപരമായ തീരുമാനങ്ങളിൽ ഒന്നായിരുന്ന ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം കൂട്ടിച്ചേർക്കാനുള്ള തീരുമാനം എന്ന ആരോപണം ശക്തമാവുകയാണ്. ഇത് കേവലം ആകസ്മികമല്ല. രാജ്യത്തെ മതേതരത്വം ഭീഷണിയിലാണ് എന്ന് ഒരുവിഭാഗം മാധ്യമങ്ങളും മറ്റു ചിലരും ആവർത്തിച്ചാശങ്കപ്പടുന്നത് രാഷ്ട്രീയ മുതലെടുപ്പിനും മറ്റു ചില സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമായാണോ എന്ന് അധികൃതർക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് അന്നത്തെ സംഭവങ്ങളുടെ നേർക്കും സംശയത്തിന്‍റെ കുന്തമുന നീളുന്നത്.
രാജ്യത്ത് മതേതരത്വം ആശങ്കയിലാണ് എന്ന തോന്നൽ ശക്തമാക്കാനിടയാക്കിയ ചില സംഭവങ്ങളാണ് ഉത്തർ പ്രദേശിലെ നോയ്ഡയിൽ ദളിത് കുടുംബത്തെ പോലീസ് പരസ്യമായി തുണിയഴിച്ചാക്ഷേപിച്ച സംഭവവും ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവും ഒക്കെ. ഇതിൽ ആദ്യ വാർത്ത നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമൊക്കെ ഉണ്ടാക്കിയ കോലാഹലങ്ങൾക്കു കണക്കില്ല. വാർത്തകൾ പ്രചരിച്ചു തുടങ്ങി ഏറെക്കഴിയും മുന്പുതന്നെ കുടിപ്പക മൂലം മാന്യദളിത് കുടുംബം തെരുവിൽ തുണിയഴിച്ചു പ്രതിഷേധിച്ചതാണെന്ന സത്യം പുറത്തുവന്നു. പക്ഷേ ആദ്യ ആരോപണ വാർത്ത പുറത്തുവന്നയുടൻ മതേതര പ്രവാചകരായി പ്രതിഷേധകോലാഹലമുയർത്തി കേന്ദ്ര സർക്കാരിന്‍റെയടക്കം പുറത്ത് കുതിര കയറിയ സാംസ്കാരിക നായകന്മാരൊന്നും ഇക്കാര്യത്തിനൊരു തിരുത്തു പോലും നൽകിയില്ല. അങ്ങനെ വരുന്പോൾ ഇവർ ഉയർത്തിപ്പിടിക്കുന്ന മതേതരത്വമെന്നത് കേവലം ന്യൂനപക്ഷ പ്രീണനം മാത്രമാണ് എന്ന് വിലയിരുത്തേണ്ടി വരുന്നു. ദളിത് കുഞ്ഞുങ്ങൾ ചുട്ടുകരിക്കപ്പെട്ട സംഭവത്തിൽ തീ പടർന്നത് വീട്ടിനുള്ളിൽ നിന്നു തന്നെയാണ് എന്നതാണ് വേദനാജനകമായ ഫോറൻസിക് റിപ്പോർട്ട്. ഇതിനോടും മേൽപ്പറഞ്ഞ മതേതരന്മാരുടെ പ്രതികരണം വന്നിട്ടില്ല. നമ്മുടെ സ്വന്തം ഭൂമിമലയാളത്തിൽ മാവേലിക്കരയിൽ ഒരു വിവാഹചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഘർഷവും കൊടിയ ദളിത് പീഡനമെന്നപേരിൽ പെട്ടന്ന് തന്നെ നവമാധ്യമങ്ങളിൽ പരന്നു. ക്ഷേത്ര പരിസരം വൃത്തികേടാക്കിയതിനെ ചൊല്ലിയുള്ള തമ്മിൽ തല്ലായിരുന്നു സംഭവമെന്ന സ്ഥിരീകരണം പെട്ടെന്നു തന്നെയെത്തി. ഈ സംഭവത്തിലും ഒരു തിരുത്തിപ്പറച്ചിലിന് അതിട്ടവർ തയ്യാറായിട്ടില്ല. അങ്ങനെ വരുന്പോൾ ഇത്തരം പ്രവൃത്തികളും മതേതരത്വ പ്രേമവും തികച്ചും ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റു പറയാനാവിനല്ല. മതേതരത്വം പണ്ട് ഇന്ദിരാജിയും രാഷ്ട്രീയമായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന ആരോപണവും ഇവിടെയാണ് പ്രസക്തമാവുക.
ഭാഗീക മതേതരന്മാരുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും നമ്മുടെ മതേതരത്വത്തിന് തുരങ്കം െവയ്ക്കുന്നതു തന്നെയാണ്. ഈ അവസരവാദ ആരോപണങ്ങൾ ഭൂരിപക്ഷ സമൂഹങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഏകീകരണത്തിനും സമൂഹത്തിൽ വലിയ തോതിലുള്ള ധ്രുവീകരണങ്ങൾക്കും വഴിവയ്ക്കും. സഹിഷ്ണുതയാണ് നമ്മുടെ നാടിന്‍റെ മുഖമുദ്ര. അസഹിഷ്ണുത കൂടുതൽ അപകടകരമാവുക അതുണ്ടാക്കുന്നവർക്കു തന്നെയാകും എന്നതാണ് ചരിത്രം നൽകുന്ന പാഠം.ൊ