മായമില്ലാത്ത വസ്തുതകൾ
വാർത്തകളും വിവാദങ്ങളും കൊഴുക്കുന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ ചുഴിയിലാണ് നമ്മൾ. ഒരു വശത്ത്, കാരണങ്ങൾ എന്തൊക്കെയായാലും പീഡന പർവ്വങ്ങൾ തുടരുകയാണ്. നിഷ്ക്കളങ്കരായ കുരുന്നുകൾ നിഷ്ഠൂരമായി ചുട്ടുകരിക്കപ്പെടുന്നു. ആഹാരത്തിന്‍റെ അഭാവം മൂലം ആഫ്രിക്കൻ വൻകരയിൽ ബാല്യ കൗമാരങ്ങൾ വയറൊട്ടി പിടഞ്ഞു മരിക്കുന്നു. അതേ ആഫ്രിക്കയിൽ മറ്റൊരു വിഭാഗം തങ്ങളുടെ ആയുധങ്ങൾ വിറ്റഴിക്കാൻ അന്തച്ഛിദ്രങ്ങളുണ്ടാക്കുന്നു. അസ്വസ്ഥ ബാധിത പ്രദേശങ്ങൾക്ക് വലിയ തുക അന്താരാഷ്ര സാന്പത്തിക സംഘടനകളെക്കൊണ്ടു വലിയ പലിശയ്ക്ക് വായ്പ നൽകിച്ച് അതേതുകയ്ക്ക് തങ്ങളിൽ നിന്നു തന്നെ ആയുധങ്ങൾ വാങ്ങിപ്പിച്ച് വലിയ ലാഭം കൊയ്യുന്നു. ജീവിതമെന്തെന്നറിയാത്ത ബാല്യങ്ങൾക്ക് തോക്കും മയക്ക് മരുന്നും നൽകി മറ്റു ചിയർ തങ്ങളുടെ അധികാര സ്ഥാനങ്ങൾ നിലനിർത്താൻ അക്ഷീണം തന്ത്രം മെനയുന്നു. ആഹാരത്തിന് പകരം ആയുധങ്ങൾ കൊണ്ടു കൈകൾ കെട്ടപ്പെട്ട ബാല്യം കൊല്ലപ്പെടുന്പോൾ ഇനിയൊരു വിഭാഗം എന്തു കഴിക്കണമെന്നും കഴിക്കരുതെന്നുമുള്ള തർക്കത്തിൽ പരസ്പരം ആയുസ്സെടുത്തു തിമിർക്കുന്നു. ആശയപരമായ പോരാട്ടത്തിന് പകരം ഇനിയൊരു പക്ഷം ഈ തർക്കത്തിൽ കക്ഷി ചേർന്നിട്ട് പോലുമില്ലാത്ത മിണ്ടാപ്രാണികളുടെ കുലം മുടിച്ചാഹരിച്ച് ഉത്‍സവം നടത്തുന്നു. പ്രശ്നങ്ങളുടെ നടുമുറിയിലും ചാനൽ ചർച്ചകൾ കൊഴുക്കുന്പോൾ വലിയൊരു വിഭാഗം ആ കോഴിപ്പോരിൽ പക്ഷം പിടിച്ചും ആനന്ദം കണ്ടെത്തുന്നു.
റിമോട്ടിന്‍റെ സ്വിച്ചിൽ വിരലമരുന്പോഴും ആവർത്തനക്കാഴ്ചകൾ മാത്രം. വിരസത മടുപ്പിലേയ്ക്ക് വഴിമാറുന്പോൾ കൺമുന്നിൽ തെളിയുന്നത് മായക്കാഴ്ചകൾ മാത്രമെന്ന തോന്നൽ അതിശക്തമാകുന്നു. പ്രധാന വാർത്തകളിൽ നിറയുന്ന ഭൂകന്പക്കാഴ്ചകൾ തിരിച്ചറിവിന്‍റെ പാഠങ്ങളാകുന്നു. മരവിപ്പോടെ കണ്ണുകളടയ്ക്കുന്പോഴും കൺമുന്നിൽ ഒരായിരം ചിത്രങ്ങൾ ഒരു സ്ക്രീനിലെന്നപോലെ മിന്നി മറയുന്നു. കന്പ്യൂട്ടർ സ്ക്രീനിലേത് പോലെ കുറേ അക്കങ്ങൾ തലച്ചോറിനെ അസ്വസ്ഥമാക്കുന്നു. പച്ച യാഥാർത്ഥങ്ങളാണ് എല്ലാം. പക്ഷേ അതിൽ ചിലത് നമ്മൾ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. പക്ഷേ ടെലിവിഷൻ സ്ക്രീനിലും പത്രത്താളിലുമൊന്നും എപ്പോഴും കാണാത്ത ആ കണക്കുകൾ സ്ക്രീനിലെ മായക്കാഴ്ചകളെക്കാൾ യാഥാർത്ഥ്യമാണ്.
ഭാരതത്തിൽ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ശരാശരി ആയുസ്സ് 69 വർഷമാണ് എന്നതാണ് കണക്ക്. നീണ്ട 69 വർഷങ്ങൾ എന്ന് വെണമെങ്കിൽ കണക്കാക്കാം. പക്ഷേ ഇത് കേവലം 25,185 ദിവസങ്ങൾ മാത്രമാണ് എന്ന കാര്യം നമ്മിൽ പലരും ആലോചിച്ചിട്ടുപോലും ഉണ്ടാവില്ല. ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും കോടികളുടെയും മാത്രം കണക്കുകളിൽ അഭിരമിച്ചു നടക്കുന്നവർ ഭുരിഭാഗവും തങ്ങളുടെ ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ താളുകളുടെ എണ്ണം 25,185നടുത്ത് മാത്രമാണ് എന്ന കാര്യം ബോധപൂർവ്വം മറക്കുന്നു. പ്രതിമാസം ആയിരങ്ങൾ പോലും വരുമാനമില്ലാത്ത ലക്ഷക്കണക്കിനാൾക്കാർ ജീവിക്കുന്ന നമ്മുടെ സ്വന്തം ഭാരതത്തിൽ പിറന്നു വീഴുന്ന നാൾ മുതൽ ഒരു വ്യക്തി ആയിരം രൂപ വെച്ചു ചിലവാക്കിയാൽ ജീവിത കാലം മൊത്തം കൊണ്ട് അയാൾക്ക് ചെലവഴിക്കാനാവുക 2,51,85,000 അഥവാ രണ്ടരക്കോടി രൂപ മാത്രം. ഇത് പരിഗണിക്കുന്പോൾ സഹസ്രകോടീശ്വരന്മാരുടെ സ്വത്തിന്‍റെ നിരർത്ഥകത കുറെയൊക്കെ വ്യക്തമാകും.
69 വർഷത്തിനിടെ പ്രതിദിനം 8 മണിക്കൂർ െവച്ച് ഒരാൾ ഉറങ്ങുന്നു എന്ന് കരുതിയാൽ ആകെയുള്ള 25,185ൽ നിന്നും 8395 ദിവസങ്ങൾ കൂടി കുറയുന്നു. പിന്നെയുള്ളത് 16,790. ദിവസം ഒരു മണിക്കൂർ മാത്രം ടെലിവിഷൻ കാണുന്നയാൾക്ക് ഈപ്പറഞ്ഞ ആയുഷ് കാലത്ത് അതിന് മാത്രം 1049 ദിവസ ദൂരം വേണ്ടി വരുന്നു. മിച്ചമുള്ളത് 15,741 ദിവസങ്ങൾ. 20 വയസ് മുതൽ 60 വരെ പ്രതി ദിനം 8 മണിക്കൂർ ജോലി ചെയ്യുന്നയാൾ അതിനായി 450നടുത്ത ദിവസങ്ങൾ ആയുസ്സിന്‍റെ പുസ്തകത്തിൽ നിന്നും മാറ്റി വെയ്ക്കുന്നു.
പരാശ്രയത്തിന്‍റെ ബാല്യ, വാർദ്ധക്യങ്ങൾ കൂടി നമ്മൾ ഈ ചെറിയ സംഖ്യയിൽ നിന്നും കുറച്ചേ മതിയാവൂ. അങ്ങനെ ഓരോ കാര്യങ്ങൾക്കുമായി മാറ്റിവയ്ക്കുന്ന കാര്യങ്ങളുടെയും ദിവസങ്ങളുടെയും കണക്ക് കൂടി പരിശോധിച്ചാൽ കഷ്ടിച്ച് അയ്യായിരത്തിനടുത്ത് ദിനങ്ങൾ മാത്രമാണ് ഒരു മനുഷ്യായുസ്സിൽ ക്രിയാത്മകമായി ആസ്വദിച്ചു ജീവിക്കാൻ നമുക്കോരോരുത്തർക്കും ലഭിക്കുന്നതെന്ന് കാണാം. വിലപ്പെട്ട മനുഷ്യായുസ്സിലെ അമൂല്യമായ ആ സമയമാണ് അക്രമത്തിന്‍റെയും സ്വാർത്ഥതയുടെയും പേരിൽ പോരടിച്ച് നമ്മളോരോരുത്തരം ഇല്ലാതാക്കുന്നത്. ഈ തിരിച്ചറിവ് ഉണ്ടാകാത്തതാണ് നമ്മുടെ ഓരോരുത്തരുടെയും യഥാർത്ഥ പ്രശ്നം. പക്ഷേ ഇതൊക്കെ മറന്നോ മറന്നെന്ന് നടിച്ചോ പോരടിച്ചും പുലഭ്യം പറഞ്ഞും ചോരപ്പുഴകളൊഴുക്കിയും ലക്ഷ്യങ്ങളില്ലാതെ ജീവിക്കുക എന്നത് പൊതു സമൂഹങ്ങളുടെ പതിവു ശൈലിയായിരിക്കുന്നു. ചേരയെത്തിന്നുന്നിടങ്ങളിൽ നടുക്കണ്ടത്തിനായി പോരടിക്കാതെ തരമില്ല. പക്ഷേ അപ്പോഴും ഈ കണക്കുകളെല്ലാം പച്ചപ്പരമാർത്ഥങ്ങളായിത്തന്നെ നിലനിൽക്കുന്നു.