കാലിടറുന്ന യു.എസ് സാമ്രാജ്യത്വം
സമീപകാല ചരിത്രം കണ്ടിട്ടില്ലാത്തൊരു ശാക്തിക മലക്കം മറിച്ചിലിനാണ് സിറിയൻ മണ്ണും ആകാശവും സാക്ഷ്യം വഹിക്കുന്നത്. ഈ മാസമാദ്യമാരംഭിച്ച സൈനിക നടപടിയുമായി റഷ്യ മുന്നോട്ടു പോകുന്പോൾ സിറിയൻ പ്രശ്നത്തിൽ ഇനിയെന്തെന്ന ആശങ്കയിലാണ് അമേരിക്ക. സൈനിക നടപടി ഓരോ ദിവസവും പുരോഗമിക്കുന്പോൾ അതിനെ കൃത്യമായി തടയാനോ പ്രതിരോധിക്കാനോ പോലും ലോകപോലീസായ അമേരിക്കയ്ക്കോ സഖ്യങ്ങൾക്കോ കഴിയുന്നില്ല. ആക്രമണത്തിനെതിരെയുള്ള അമേരിക്കൻ പ്രചാര വേലകളും കാര്യമായ പ്രയോജനം അവർക്കുണ്ടാക്കിക്കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. മറുപക്ഷത്ത് റഷ്യൻ പോർ വിമാനങ്ങൾ സിറിയൻ മണ്ണിൽ നിന്നും ഐ.എസ് അടക്കമുള്ള അസദ് വിരുദ്ധരെ അടിച്ചമർത്തുന്ന നടപടി അനസ്യൂതം തുടരുകയുമാണ്. ഇ ആക്രമണത്തിന്‍റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് പാശ്ചാത്യ ലോകം സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടങ്കിലും ആ ആരോപണങ്ങളൊന്നും യുക്തിസഹമല്ല എന്നതാണ് വാസ്തവം.
ലോക സമാധാനത്തിനുള്ള പുത്തൻ ഭീഷണിയായ ഐ.എസ്സിനെതിരെയുള്ള അമേരിക്കൻ സൈനിക നടപടിയെക്കറിച്ച് ആഗോളതലത്തിൽ തന്നെ സംശയങ്ങളുയരുന്നതിനിടെയായിരുന്നു സിറിയയിലെ ഐ.എസ് താവളങ്ങൾക്കെതിരായ റഷ്യൻ സൈനിക നടപടിക്കു തുടക്കം. ഐ.എസ്സിന്‍റെ സൃഷ്ടിക്കും പരിപാലനത്തിനും പിന്നിൽ അമേരിക്ക തന്നെയാണ് എന്ന ആരോപണം ഇതിനിടെ അതിശക്തമാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയ്ക്ക് താരതമ്യേന പുതിയ സൈനിക സംഘടനയായ ഐ.എസിനെ അടിച്ചമർത്താൻ കഴിയാതെ പോകുന്നതിലെ ദുരൂഹത മൂലമായിരുന്നു അമേരിക്കക്കെതിരായി ഇക്കാര്യത്തിൽ സംശയമുയരാൻ കാരണം. ഇതിനിടെ കുറഞ്ഞത് സിറിയൻ മണ്ണിലെങ്കിലും ഐ.എസ്സിനോട് അമേരിക്ക മൃദു സമീപനം കൈക്കൊള്ളുന്ന കാര്യം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രധാന ശത്രവായ സിറിയൻ നായകൻ ബാഷർ അൽ അസദിനെ സ്ഥാനഭൃഷ്ടനാക്കാനുള്ള ഉദ്യമത്തിനെ ഐ.എസും പിന്തുണക്കുന്നു എന്നതിനാലായിരുന്നു ഈ മൃദു സമീപനം. എന്നാൽ ഏറ്റവും വലിയ ആഗോള ഭീഷണിയെന്ന തലത്തിലുള്ള ഐ.എസ്സിന്‍റെ വളർച്ചക്ക് ഈ മൃദു സമീപനം കുറച്ചൊന്നുമല്ല സഹായിച്ചത്. ഇറാഖിൽ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന സംഘടനയെ സിറിയയിൽ സഹായിക്കുക എന്ന ഇരട്ടത്താപ്പായിരുന്നു പരോക്ഷമായി അമേരിക്ക ചെയ്തു പോന്നത്. ഫലത്തിൽ തീവ്രവാദ സംഘടനയെ വളർത്തുന്ന നിലപാടാണ് ഇതെന്നു തിരിച്ചറിയാൻ വലിയ സൈനിക ജ്ഞാനത്തിന്‍റെയൊന്നും ആവശ്യമില്ല. എന്നാൽ ലോകത്തെ ഏറ്റവും കരുത്തരായ സൈനിക ശക്തിയെന്നും ആഗോള രാഷ്ട്രീയത്തിലെ ഒന്നാം സ്ഥാനക്കാർ എന്നുമൊക്കയുള്ള അമേരിക്കയുടെ എതിരില്ലാത്ത പദവിമൂലം അവരുടെ താൽപ്പര്യങ്ങൾക്കെതിരായ നീക്കങ്ങൾ നടത്തുക എന്നത് അടുത്തകാലം വരെ അചിന്തനീയമായിരുന്നു. പ്രത്യേകിച്ച് അമേരിക്കയും പഴയ യു.എസ്.എസ്സാറും ഇരുപക്ഷത്തും നിലയുറപ്പിച്ചുകൊണ്ടുള്ള ശീതയുദ്ധകാലം അവസാനിച്ചതു മുതലിങ്ങോട്ടുള്ള ഏകധ്രുവലോകത്തിന്‍റെ കാലത്ത്. അവിടെ അമേരിക്കൻ അപ്രമാദിത്വം ഒരു യാഥാർത്ഥ്യം തന്നെയായിരുന്നുവല്ലോ. ആ ഏകധ്രുവ ലോകത്തിന്‍റെ ആണിക്കല്ലാണ് സിറിയയിലെ ഏകപക്ഷീയമായ സൈനിക നടപടിയോടെ ഇളകിത്തെറിച്ചിരിക്കുന്നത്. സിറിയയിലെ റഷ്യൻ സൈനിക നടപടിക്കെതിരേ അതിശക്തമായി അപലപിക്കുകയല്ലാതെ ഒരു ചെറുവിരലനക്കാൻ അമേരിക്കയ്ക്കോ സഖ്യശക്തികൾക്കോ ആയിട്ടില്ല. അതും സിറിയക്കെതിരായ ഏകപക്ഷീയമായ നടപടികൾക്കുള്ള അമേരിക്കൻ പക്ഷത്തിന്‍റെ നീക്കങ്ങളെ ഐക്യരാഷ്ട്ര സഭയിൽ നാലുതവണ വിലക്കിയ രാജ്യമായ റഷ്യ തന്നെ അവരുടെ താൽപ്പര്യങ്ങൾക്കെതിരായ സൈനിക നടപടിയുമായി മുന്നിട്ടിറങ്ങിയിട്ടും.
സൈനിക നടപടിയുടെ തുടക്കത്തിൽതന്നെ ആലപ്പോയിലും ഇദ്ലിബിലുമൊക്കെ അസദ് വിരുദ്ധർക്ക് റഷ്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയപ്പോൾ അമേരിക്ക നിലപാടുകളിലും പ്രസ്താവനകളിലും പതറുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. തീവ്രവാദികളെ ആക്രമിച്ചപ്പോൾ അമേരിക്കക്കു പൊള്ളാനുണ്ടായ കാരണം പ്രത്യേകിച്ചെങ്ങും അന്വേഷിക്കേണ്ടി വന്നില്ല. എങ്ങനെയും അസദിനെപുറത്താക്കുക എന്ന ലക്ഷ്യം സാധിക്കാനായി അസദ് വിരുദ്ധർക്ക് അമേരിക്ക സകലവിധ സഹായങ്ങളും ചെയ്തുപോരുന്ന കാര്യം പകൽ പോലെ വ്യക്തമായി. അസദ് വിരുദ്ധർക്കുള്ള സൈനിക സഹായവുമായി സി.ഐ.എയുടെയും അമേരിക്കൻ സൈന്യത്തിന്‍റെയും പ്രതിനിധികൾ തന്നെ സിറിയൻ മണ്ണിലുണ്ടെന്നും പരോക്ഷമായി അവർക്ക് അംഗീകരിക്കേണ്ടിവന്നു. സൈനിക നടപടി സാധാരണക്കാർക്കെതിരാണ് എന്ന തരത്തിലുള്ള പതിവ് ആരോപണങ്ങളുമായി റഷ്യയെ നിയന്ത്രിക്കാനുള്ള ശ്രമവും തുടക്കത്തിലേ പാളി. അമേരിക്കൻ അധിനിവേശ ഭൂമിയായ അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ആക്രമണത്തിൽ ഡോക്ടേഴ്സ് സാൻസ് ഫ്രണ്ടിയറിലെ ഡോക്ടർമാരടക്കം നിരവധി സന്നദ്ധ സേവകർ കൊല്ലപ്പെട്ട സംഭവം അവരെ കൂടുതൽ പ്രതിരോധത്തിലുമാക്കി. അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ നടന്ന സംഭവത്തെ ന്യായീകരിക്കാന്‍പോഴും ബുദ്ധിമുട്ടുന്നതിനിടെ സിറിയയിൽ റഷ്യയെ പ്രതിസ്ഥാനത്തു നിർത്താൻ അവർ ശ്രമിച്ചെങ്കിലും അക്കാര്യത്തിൽ വിജയിക്കാനായില്ല. തുടക്കത്തിൽ നേടാനായ വിജയത്തോടേ റഷ്യൻ സൈനിക നീക്കം കൂടുതൽ ശക്തമാവുകയും ചെയ്തു. പ്രസിഡണ്ട് പുടിൻ തന്നെ ഇക്കാര്യത്തിലുള്ള അമേരിക്കൻ നിലപാടിനെക്കുറിച്ചു ലോകത്തിനു വ്യക്തമായ സൂചന നൽകുന്ന പരസ്യപ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതൊന്നും ഫലപ്രദമായി പ്രതിരോധിക്കാൻ അമേരിക്കയ്ക്കോ സഖ്യശക്തികൾക്കോ ഒട്ടു കഴിഞ്ഞതുമില്ല. സിറിയൻ മണ്ണിലെ അമേരിക്കയുടെ അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തു വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ഐ.എസ് അടക്കമുള്ള സകല വിദ്ധ്വംസക ശക്തികൾക്കുമെതിരായാണ് തങ്ങളുടെ നടപടിയെന്ന് അർത്ഥശങ്കയില്ലാത്തവണ്ണം പ്രഖ്യാപിച്ചുകൊണ്ട് റഷ്യയാകട്ടെ അതിശക്തമായ ആക്രമണം തുടരുകയുമാണ്. റഷ്യൻ ആക്രമണത്തെക്കാളുപരി ലോകത്തിനു മുന്നിൽ സ്വന്തം മുഖം രക്ഷിക്കേണ്ട ഗതികേടിലാണ് അമേരിക്ക. അതിനിടെ അവിടെ അസദ് വിരുദ്ധ സൈനിക നടപടിയിൽ ഏർപ്പട്ടിരിക്കുന്ന സ്വന്തമാൾക്കാരെ രക്ഷിക്കേണ്ട ഗതികേടിലുമാണ് ഇരട്ടത്താപ്പിന്‍റെ പ്രത്യക്ഷോപാസകരായ അവർ.
ഇക്കാര്യത്തിൽ വ്യക്തമായ ആസൂത്രണത്തിലൂടെ മാധ്യമ പ്രചാര വേലകളിലും റഷ്യ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്. അസമയത്തുള്ള കുന്ദൂസ് ആക്രമണത്തിലൂടെ നിയതി തന്നെ അമേരിക്കയെ കുഴപ്പത്തിലാക്കുകയും ചെയ്തു. ഏതായാലും കഴിഞ്ഞ ദിവസം സിവിലിയൻ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണമുണ്ടായെന്ന ആരോപണവുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതും സ്ഥിരീകരിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ശക്തമായ ആക്രമണമുണ്ടായതോടെ വിമത പക്ഷം ആശുപത്രികളടക്കം സുരക്ഷാതാവളങ്ങളാക്കിയതായി റഷ്യൻ പക്ഷം ആരോപിക്കുന്നുണ്ട്. ഇദ്ലിബിൽ ഒരു ആശുപത്രിക്കു നേരേ ആക്രമണമുണ്ടായെന്നാണ് വിമത പോരാളികളായ സിറിയൻ സിവിൽ ഡിഫൻസ് ആന്‍റ് ഹ്യുമാനിറ്റേറിയൻ സംഘടനയുടെയും അമേരിക്കയുടെയും ആരോപണം. ഇവിടെ 12 പേർ കൊല്ലപ്പെട്ടെന്നും ഇവർ പറയുന്നു. എന്നാൽ ഇക്കാര്യവും സംശയരഹിതമായി സ്ഥിരീകരിക്കാൻ അവർക്കായിട്ടില്ല. സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയെന്ന സന്നദ്ധസംഘടനയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സന്നദ്ധ സേവനത്തിനപ്പുറം സിറിയയിലെ അമേരിക്കൻ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്ന് റഷ്യ ആരോപിക്കുന്നു. മാത്രമല്ല സിറിയൻ സിവിൽ ഡിഫൻസ് ആന്‍റ് ഹ്യുമാനിറ്റേറിയൻ സംഘടന അവർ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരം നൽകിയാൽ അവരെ രക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാമെന്ന നിർദ്ദേശവും റഷ്യ മുന്നോട്ടു വെയ്ക്കുന്നു. ഇതു പക്ഷേ തീവ്രവാദികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഒളിവിടങ്ങൾകൂടി പരസ്യമാക്കിയാൽ അത് റഷ്യൻ നടപടി എളുപ്പമാക്കുമെന്ന് അവർക്ക് വ്യക്തമായറിയാം. ഇത് അമേരിക്കയെതന്നെയാണ് കൂടുതൽ വിഷമ വൃത്തത്തിലാക്കുന്നത്. ഇതിനിടെ റഷ്യ− സിറിയ ബന്ധത്തെക്കുറിച്ചു ലോകത്തിനു കൂടുതൽ വ്യക്തമായ ധാരണ പകർന്നു നൽകുന്നരീതിയിൽ സിറിയൻ നായകൻ ബാഷർ അൽ അസദ് റഷ്യയിൽ സന്ദർശനം നടത്തുകയും ചെയ്തു. 2011 നുശേഷം അസദ് നടത്തുന്ന ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ബാഷറിന്‍റെ പിതാവ് ഹാഫേസ് അൽ അസദും സോവ്യറ്റ് റഷ്യയുമുണ്ടായിരുന്ന കാലംതൊട്ടുള്ള റഷ്യ-സിറിയ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന നടപടിയായിരുന്നു ഇത്. ഇതിനൊപ്പം മേഖലയിലെ അതിശക്തന്മാരായ ഇസ്രായേലുമായും ഇവരുണ്ടാക്കിയ പുതിയ സഖ്യവും അമേരിക്കയെയും പരന്പരാഗത സഖ്യ ശക്തികളെയും വെള്ളം കുടിപ്പിക്കുന്നതാണ്. റഷ്യയും ഇസ്രായേലുമായുള്ള ഹോട് ലൈൻ ബന്ധം ഈ സഖ്യത്തിന്‍റെ ശക്തി വ്യക്തമാക്കുന്നു. മേഖലയിലെ റഷ്യൻ കരുത്തു വർദ്ധിപ്പിക്കുന്നതാണ് ഇതൊക്കെ. ഇറാഖിൽ നിന്നുമുള്ള വാർത്തകളും അമേരിക്കയ്ക്ക് പ്രതീക്ഷ നൽകുന്നതല്ല.
പ്രദേശത്തെ തീവ്രവാദ വിരുദ്ധ നടപടികളിലുള്ള അമേരിക്കൻ നിലപാടു വ്യക്തമായതോടെ പ്രതിരോധ, സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ റഷ്യൻ സഹായം തേടാൻ ഇറാഖി പാർലമെന്‍റിന്‍റെ പ്രതിരോധ സമിതി തീരുമാനിച്ച കാര്യവും ഇതിനോടു ചേർത്തു വായിക്കാം. ബാഗ്ദാദിലെ ഗ്രീൻ സോണിൽ റഷ്യ-ഇറാഖ്- ഇസ്രായേൽ--സിറിയ സംയുക്ത രഹസ്യാന്വേഷണ, സൈനിക കാര്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചതായും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ആഗോള ഊർജ്ജ വിതരണത്തിലെ അതീവ നിർണ്ണായകമായ പേർഷ്യൻ ഗൾഫിൽ നങ്കൂരമിടാൻ റഷ്യൻ പടക്കപ്പലുകൾക്ക് ഇനിയാരുടെയും അനുവാദത്തിനു കാത്തു നിൽക്കേണ്ടി വരില്ല. അത് മേഖലയിലെ റഷ്യൻ കരുത്തിന് ആക്കം കൂട്ടും.
കാര്യങ്ങൾ ഇത്രത്തോളമെത്തിയതോടേ അമേരിക്ക പ്രതിരോധത്തിലേക്കു പിൻവാങ്ങുന്നതിന്‍റെ സൂചനകളാണ് കണ്ടുതുടങ്ങുന്നത്. ദേശീയ താൽപ്പര്യങ്ങളും മതതീവ്രതയും നിയമ വാഴ്ച ഇല്ലാതാക്കുന്നുവെന്ന അമേരിക്കണൻ േസ്റ്ററ്റ് സെക്രട്ടറി ജോൺ കെറിയുടെ പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നു. പൊതുതാൽപ്പര്യങ്ങൾക്കായി അമേരിക്കയും റഷ്യയും ഒന്നു ചേർന്നു പ്രവർത്തിക്കണമെന്ന അവരുടെ നിലപാട് ഈ പ്രതിരോധത്തിന്‍റെ ഭാഗം തന്നെയാണ്. ഒപ്പം ദൗർബല്യത്തിന്‍റെയും. നിയന്ത്രണം ഉറപ്പാക്കാൻ അസദിനെ പുറത്താക്കി സിറിയയെയും ഇറാഖിനെയും വിവിധ രാഷ്ട്രങ്ങളായി വിഭജിക്കണമെന്നുമുള്ള നിർദ്ദേശവും സ്വന്തം വിദഗ്ദ്ധന്മാർ വഴി അമേരിക്ക മുന്നോട്ടു വെയ്ക്കുന്നുണ്ട്. പക്ഷേ പുതിയ ശാക്തിക സമവാക്യങ്ങൾ പരിഗണിക്കുന്പോൾ അതിനുള്ള സാദ്ധ്യത വളരെക്കുറവാണ്. ആഗോള ശാക്തിക രാഷ്ട്രീയത്തിലെ അമേരിക്കൻ അപ്രമാദിത്വവും ഐ.എസ് ഭീഷണിയും ഒരുമിച്ചു ദുർബ്ബലമാകാനുള്ള സാദ്ധ്യതയാണ് നിലവിലുള്ള സാഹചര്യങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്.