അസഹിഷ്ണുതയുടെ പുഷ്കലകാലം
എല്ലാം സഹിഷ്ണുതയോടെ സ്വീകരിക്കുകയും നല്ലതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്‍റെ രീതി. സഹസ്രാബ്ദങ്ങളായി ഈ ഭൂപ്രദേശത്തേക്ക് അധിനിവേശത്തിലൂടെയും അതിക്രമത്തിലൂടെയും അല്ലാതെയും ഒക്കെ കടന്നു വന്ന എല്ലാവരെയും എല്ലാത്തിനെയും സ്വന്തമാക്കിയ മണ്ണാണ് ഇത്. അങ്ങനെ കടന്നു വന്നവയിലെ നന്മകളെല്ലാം ഈ സംസ്കൃതിയുടെ ഭാഗമായി. അതുമായി ചേരാത്തതാകട്ടെ ഭാരതം എന്നും പുലർത്തിപ്പോന്ന ബഹുസ്വരതയുടെ കണ്ണിലെ കരടുകളാവുകയും ചെയ്തു. ജാതിമത സംജ്ഞകളെ സംസ്കൃതിക്കു പകരം വെച്ച വർത്തമാനകാലം നമ്മുടെ മണ്ണിന്‍റെ സംസ്കാരത്തെയും അതേ കുരുക്കാൻ തന്ത്രജ്ഞതയും കൗശലതയും കാട്ടുകയും അതിൽ ഏകദേശം പൂർണ്ണമായിത്തന്നെ വിജയിക്കുകയും ചെയ്തു. രാഷ്ട്രവും രാഷ്ട്രീയവും മതവും ജാതിയും സ്വാർത്ഥതയും കൂട്ടിക്കുഴഞ്ഞ് ഒരു പരുവമായതോടെ മുതലെടുപ്പുകളുകൾക്ക് വളക്കൂറുള്ള മണ്ണായി ഭാരതം മാറി. ഈ മണ്ണിന്‍റെ സന്പന്നമായ ചരിത്രത്തെ മിത്തുകളുടെ പട്ടികയിൽ ഒതുക്കി നിർത്തി നമ്മളെ ചരിത്രവും ചരിത്ര ബോധവുമില്ലാത്ത ജനതയായി ചിത്രീകരിക്കുന്നതിൽക്കൂടി അധിനിവേശ ശക്തികൾ വിജയിച്ചതോടെ സ്വന്തം അസ്തിത്വത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചു തന്നെയും ഉറപ്പും ആത്മവിശ്വാസവുമില്ലാത്തവരായി മാറി നമ്മൾ.
അങ്ങനെയുള്ള പരിതോവസ്ഥകളിൽ നിന്നും തിരിച്ചറിവുകളിലേക്കുള്ള സമൂഹത്തിന്‍റെ മാറ്റം ചരിത്രത്തിൽ ഏറെ രേഖപ്പെടുത്തപ്പെട്ടില്ല. അഥവാ രേഖപ്പെടുത്തിയ ചരിത്രങ്ങളിലൊന്നും അങ്ങനെയൊന്ന് നമ്മൾ കണ്ടിട്ടില്ല. കാരണം പാശ്ചാത്യന്‍റെ കാഴച്ചപ്പാടിലും വീക്ഷണ കോണിലുമുള്ള രചനകൾ മാത്രമാണ് ചരിത്രം എന്ന പട്ടികയിൽ നമ്മൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പക്ഷേ നമ്മുടെ സംസ്കൃതി ആഴത്തിൽ പരിശോധിച്ചാൽ വെളിവാകുന്ന ചില കാര്യങ്ങളുണ്ട്. ഇന്ന് പരിഷ്കൃതമെന്നും വികസിതമെന്നും വിളിക്കുന്ന സംസ്കൃതികളിൽ പലതും പ്രാകൃതാവസ്ഥയിലുണ്ടായിരുന്ന കാലത്തു തന്നെ വികസിതവും പരിഷ്കൃതവുമായ ഒരു സാംസ്കാരിക സന്പന്നതയുടെ വിള നിലമായിരുന്നു ഇവിടം. അതിനർത്ഥം ഇവിടെയുണ്ടായിരുന്നതു മാത്രമാണ് ഒരേയൊരു പുരാതന സംസ്കൃതി എന്നർത്ഥമില്ല.
ഇതിനൊപ്പം ഭൂഗോളത്തിന്‍റെ എത്രയോ കോണുകളിൽ എത്രയെത്ര സംസ്കതികൾ രൂപം കൊണ്ടിട്ടുണ്ട്, പുഷ്കലമായിട്ടുണ്ട്. അവയുടെയൊക്കെ തിരുശേഷിപ്പുകൾ ഭൂഗോളത്തിന്‍റെ പലഭാഗങ്ങളിലും ലഭ്യവുമാണ്. പക്ഷേ സഹസ്രാബ്ദങ്ങളുടെ പരീക്ഷണത്തെ അതിൽ പലതും അതിജീവിച്ചില്ല. അതേ സമയം നമ്മുടേതെന്ന് എന്നു നാനാജാതി മതസ്ഥർക്ക് സധൈര്യം ഒരേപോലെ അവകാശപ്പെടാവുന്ന, സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും സധൈര്യം സ്വാതന്ത്ര്യത്തോടെ ആചരിക്കാവുന്ന സ്വന്തം ഭരണ ഘടനയോടു പോലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പ്രകടിപ്പിക്കാവുന്ന നമ്മുടെ മണ്ണും അവിടെ സകലരും പുലർത്തിപ്പോരുന്ന എല്ലാ നന്മകളെയും സ്വാംശീകരിക്കുന്ന സംസ്കൃതി സഹസ്രാബ്ദങ്ങളുടെ പരീക്ഷണത്തെ അതിജീവിക്കുന്നു എന്നത് ശ്രദ്ധ അർഹിക്കുന്നു.
അതിനു കാരണം മനുഷ്യകുലത്തിന് ആ ജീവിത രീതി മൂലമുള്ള ഗുണങ്ങൾ തന്നെയാണ്. മനുഷ്യ ശരീരത്തെയും മനുഷ്യ മനസിനെയും സ്വാധീനിക്കാനുള്ള അതിന്‍റെ കഴിവാണ്. അതിജീവന ശേഷിയാണ്. ഈ അതിജീവന ശേഷി തന്നെയാണ് ആഗോള തലത്തിൽ തന്നെയുള്ള അതിന്‍റെ പുനസ്വീകാര്യതക്കും കാരണം. മതവും ജാതിയും രാഷ്ട്രീയവും ഇഴകലരുന്ന ഇന്ത്യൻ ഭൂമികയിൽ പക്ഷേ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെയും തിരിച്ചറിഞ്ഞില്ലെന്നു നടിച്ചും അനിവാര്യമായ ഈ പുനരുദ്ധാനത്തിനെതിരെയും ഒറ്റപ്പെട്ട എതിർപ്പുകളുയരുക സ്വാഭാവികമാണ്.
പ്രതിപക്ഷ ബഹുമാനമില്ലാത്ത ജനാധിപത്യങ്ങൾ പൂർണ്ണമാവില്ല. പക്ഷേ ഇത്തരം എതിർപ്പുകളുടെ ഉദ്ദേശശുദ്ധി നഷ്ടമാകുന്പോൾ ആപ്രതിപക്ഷ ശബ്ദങ്ങൾ പ്രതിലോമ ശക്തികളും ദേശവിരുദ്ധരും ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഇത് അപകടകരമാണ്. ഇതു നിയന്ത്രിച്ചേ മതിയാകൂ. പക്ഷേ ഇവിടെ പാലിക്കേണ്ട മറ്റെരു കാര്യവുമുണ്ട്. ഇത്തരം പ്രതിലോമ ഗൂഢ താൽപ്പര്യക്കാർ ലോകത്തൊരിടത്തും പ്രാവർത്തികമായിട്ടില്ലാത്ത, ഒരിടത്തും പ്രാവർത്തികമാകാത്ത ഊട്ടോപ്യകൾ ഇന്ത്യയിൽ നടപ്പാക്കിക്കിട്ടണമെന്നു പിടിവാശി പിടിക്കുന്പോൾ ഭീരതത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ പ്രതിജ്ഞാ ബദ്ധരെന്ന് അവകാശപ്പെടുന്നവർ കൂടുതൽ ശ്രദ്ധയോടെയും മാന്യതയോടെയും കരുതലോടെയും പ്രവർത്തിക്കാനും ശ്രദ്ധിക്കണം.
അല്ലെങ്കിൽ ഈ സാഹചര്യം സങ്കുചിത താൽപ്പര്യക്കാർ മുതലെടുക്കാനും ഈ മണ്ണിൽ അരാജകത്വം സൃഷ്ടിക്കാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പറച്ചിലും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത ഇരട്ടത്താപ്പുകാർക്കെതിരേ നമ്മളോരോരുത്തരും ജാഗരൂകരായിരുന്നേ മതിയാവൂ.