ജോയിച്ചേട്ടന് അനുജന്‍റെ അക്ഷരോദകം


കഴിഞ്ഞ അവധിക്കാലത്താണ് ഞാനീ ചിത്രം പകർ‍ത്തിയത്. ആ തൂലികകൾ ഇനി അനാഥങ്ങളാണ്. അവയുടെ നാഥൻ‍, മലയാളിയുടെ പ്രിയ കാർ‍ട്ടൂണിസ്റ്റുകളിലൊരാളായ ശ്രീ ജോയി കുളനട ഓർ‍മ്മയായിരിക്കുന്നു. കേരള കാർ‍ട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം ജോയിച്ചേട്ടനു നൽ‍കുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഞങ്ങൾ കുളനടയിലെത്തിയത്. കാർ‍ട്ടൂൺ അക്കാദമി ചെയർ‍മാൻ‍ പ്രസന്നൻ‍ ആനിക്കാടിന്‍റെ നായകത്വത്തിൽ‍ മുൻ‍ വൈസ് ചെയർ‍മാന്മാരായ പീറ്റർ‍, അനിൽ‍ എന്നിവരും ഞാനുമടങ്ങുന്ന സംഘം കുളനടയിലെ വീട്ടിലെത്തുന്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി ചാക്കോയും ഒപ്പം ചേർ‍ന്നു. ഞങ്ങൾ ചെല്ലുന്പോൾ ജോയിച്ചട്ടൻ‍ ഉറക്കത്തിലായിരുന്നു. രോഗം തളർ‍ത്തിയ അവസ്ഥയാണെങ്കിലും എത്തിയത് ഞങ്ങളാണെന്നറിഞ്ഞതും വൈകാതെ അദ്ദേഹമെത്തി. ഉപചാരം കൈമാറുന്പോൾ പെട്ടെന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധ എന്നിലേക്കെത്തി.

“വന്നെന്നു ഫെയ്സ്ബുക്കീന്നറിഞ്ഞു. പ്രവാസം എങ്ങനെയുണ്ട്”− ഒരു മുൻ‍ പ്രവാസിയുടെ കരുതലും മനസ്സുമായിരുന്നു ആ കുശലാന്വേഷണത്തിൽ‍ നിഴലിച്ചത്. ഒപ്പം അനാരോഗ്യം വരുത്തിയ തളർ‍ച്ചയിലും തളർ‍ച്ച ബാധിക്കാത്ത മനസ്സിന്‍റെ സജീവതയും. രോഗം പകരുന്ന കടുത്ത വേദനയുടെ പിടിയിൽ‍ അമരുന്പോഴും വരയിലും നവമാദ്ധ്യമങ്ങളിലുമെല്ലാം അദ്ദേഹം സജീവമായിരുന്നു.

തുടർ‍ന്ന് കുളനടയിൽ‍ നടന്ന പൊതു ചടങ്ങിൽ‍ അർ‍ബുദ രോഗ വിദഗ്ദ്ധൻ‍ ഡോ. ഗംഗാധരൻ‍, മനോരമ ന്യൂസ് ഡയറക്ടർ‍ തോമസ് ജേക്കബ് സാർ‍, സ്ഥലം എം.എൽ‍.എ ശിവദാസൻ‍ നായർ‍, കാർ‍ട്ടൂൺ അക്കാദമി പേട്രൺ കാർ‍ട്ടൂണിസ്റ്റ് സുകുമാർ‍ തുടങ്ങിയവർ‍ സംബന്ധിച്ച ചടങ്ങിൽ‍ മുഖ്യമന്ത്രി ഉമ്മൻ‍ചാണ്ടിയാണ് ജോയിച്ചേട്ടന് വിശിഷ്ടാംഗത്വം സമ്മാനിച്ചത്. ചടങ്ങിനു ദിവസങ്ങൾക്കു മുന്പ് താൻ‍ കാർ‍ട്ടൂൺ വര നിർ‍ത്തിയെന്നു പ്രഖ്യാപിച്ച അദ്ദേഹം ചടങ്ങിൽ‍ ഡോക്ടർ‍ ഗംഗാധരൻ‍ അടക്കമുള്ളവരുടെ സ്നേഹനിർ‍ബന്ധങ്ങൾക്കു വഴങ്ങി വര പുനരാരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തു. ആ തുടർ‍വര ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനുള്ള പിടിവള്ളിയാകുമെന്ന് അദ്ദേഹവും ഞങ്ങളും ഒരേപോലെ പ്രത്യാശിച്ചു. അദ്ദേഹത്തിന്‍റെ ചികിൽ‍സാ ചെലവുകൾ സർ‍ക്കാർ‍ വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രതീക്ഷ പകരുന്നതായിരുന്നു.

ചടങ്ങുകൾക്കു ശേഷമുള്ള യാത്ര പറച്ചിൽ‍ വേളയിൽ‍ ഞങ്ങളൊരുമിച്ചു നിൽ‍ക്കുന്പോൾ അക്കാദമി ചെയർ‍മാൻ‍ പ്രസന്നൻ‍ ആനിക്കാടിനോടായി അദ്ദേഹം പറഞ്ഞു: “എനിക്കു കഴിയാതെ പോയത് ചെയ്യാൻ‍ സത്യയ്ക്കായിരുന്നു നിയോഗം”. പ്രവാസ ലോകത്തിന്‍റെ ആദ്യ കാർ‍ട്ടൂൺ പ്രതിനിധി പ്രവാസ്യൂട്ടനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർ‍ശം. ഒരു പ്രവാസിയായിരുന്ന കാലത്തു വരച്ച നൂറുകണക്കിനു ഗൾഫ് കോർ‍ണർ‍ കാർ‍ട്ടൂണുകളിലൂടെ പ്രവാസത്തിന്‍റെ കാണാപ്പുറങ്ങൾ സാധാരണ മലയാളിക്കു പരിചിതമാക്കിയ കാർ‍ട്ടൂണിസ്റ്റിന്‍റെ ആ വാക്കുകൾ സത്യത്തിൽ‍ ഹൃദയത്തെ തൊടുന്നവയായിരുന്നു. ജോയിച്ചേട്ടൻ‍ വര തുടർ‍ന്നെങ്കിലും നിയതി വൈകാതെ അദ്ദേഹത്തെ തിരികെ വിളിച്ചു. നവമാധ്യമങ്ങളിലും യഥാർ‍ത്ഥ ജീവിതത്തിലും ഒരേ ആർ‍ജ്ജവത്തോടെ ഇടപഴകാൻ‍ ശ്രദ്ധിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ചെയ്ത തൊഴിലുകളോടെല്ലാം ഒരേപോലെ കൂറുപുലർ‍ത്താനും സാമൂഹ്യ പ്രതിബദ്ധത പുലർ‍ത്താനും കഴിഞ്ഞ വ്യക്തിയും കലാകാരനുമായിരുന്നു ശ്രീ ജോയി കുളനട. മലയാളിക്ക് മികച്ചൊരു കാർ‍ട്ടൂണിസ്റ്റിനെയും കാർ‍ട്ടൂൺ കുടുംബത്തിനു കരുതലുള്ളൊരു വലിയേട്ടനെയുമാണ് ആ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

You might also like

Most Viewed