പേടിക്കേണ്ടതു പെണ്ണല്ല
ഭാരതത്തിൽ ഇതു ദുർഗ്ഗാ പൂജക്കാലമാണ്. ഭാരതത്തിനു വെളിയിലും ഹൈന്ദവർ സ്വാതന്ത്ര്യമുള്ളിടങ്ങളിലെല്ലാം മഹാനവമിയും വിജയ ദശമിയുമൊക്കെ ആഘോഷിക്കുകയാണ്. ഭാരതീയമായ ആരാധനകളിൽ അതി പ്രധാനമാണ് മഹാനവമിയും ദുർഗ്ഗാ സങ്കൽപ്പവും. ദുർഗ്ഗം എന്ന പദത്തിൽ നിന്നാണ് ദുർഗ്ഗ എന്ന പേരിന്‍റെ ആവിർഭാവം. ദുർഗ്ഗം എന്നാൽ കോട്ട എന്നർത്ഥം. കോട്ട സംരക്ഷിക്കുന്നതാണ്. ലോകത്തെ സംരക്ഷിക്കുന്നവൾ ദുർഗ്ഗ ആകുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം സംരക്ഷണത്തിന്‍റെ സൗകര്യം പ്രഥമമായി ലഭിക്കുന്നത് അമ്മയിൽ നിന്നാണ്. ഭ്രൂണാവസ്ഥയിൽ അമ്മയുടെ ഗർഭപാത്രത്തിൽ തുടങ്ങുന്നതാണ് ആ സംരക്ഷണം. തുടർന്നങ്ങോട്ട് സാധാരണഗതിയിൽ ശൈശവ ബാല്യ കൗമാരങ്ങളിലൊക്കെ ആ സംരക്ഷണം അനിവാര്യതയായി നമുക്കൊക്കെ ലഭ്യമാകുന്നു. മക്കൾ എത്ര വളർന്നാലും അമ്മയുടെ അവസാന ശ്വാസം വരേയ്ക്കും ആ സംരക്ഷണം തുടരുന്നു. എല്ലാ അപകടങ്ങളിൽ നിന്നുമുള്ള കരുതലിന്‍റെ കൈത്താങ്ങായി മാതൃസ്നേഹത്തിന്‍റെ കോട്ട നമ്മളെ കാക്കുന്നു. അമ്മ ദുർഗ്ഗയാണ്. ഉദാത്തമായ മാതൃസങ്കൽപ്പമാണ് ദുർഗ്ഗ. ഊർവ്വരത (fertility)യുടെയും ശക്തിയുടെയും ഒക്കെ പ്രതീകവുമാണ് അവൾ. പൂർണ്ണമായ സൃഷ്ടി അവളിലൂടെ സാദ്ധ്യമാകുന്നു. അവൾ സ്നേഹത്തിന്‍റെയും ദയയുടെയും ഒക്കെക്കൂടി ഇരിപ്പിടവുമാകുന്നു. പ്രകൃതിയുടെ പൂർണ്ണതയാണ് ദുർഗ്ഗാ സങ്കൽപ്പം. എന്തൊക്കെ ദുർ വ്യാഖ്യാനങ്ങളുണ്ടായാലും ഭാരതീയ സംസ്കൃതിയിലെ സ്ത്രൈണതയുടെ സ്ഥാനവും മഹത്വവും വ്യക്തമാക്കുന്നതുമാണ് ദുർഗ്ഗാ സങ്കൽപ്പം.
ദുർഗ്ഗയെ പരാശക്തിയായി ആരാധിക്കുന്ന ജന ലകഷങ്ങളുടെ ഭാരത ഭൂമിയിൽ നിന്നും മഹാനവമി നാളുകളിൽ വരുന്ന വാർത്തകൾ പക്ഷേ ഈ സങ്കൽപ്പങ്ങളുടെ കടയ്ക്കൽ കത്തി െവയ്ക്കുന്നതാണ്. ദൽഹിയിലെ 89 ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും നിന്നുള്ള ജനന നിരക്കു റിപ്പോർട്ടാണ് ഈ ആശങ്കയുയർത്തുന്നത്. ഭരണ സിരാകേന്ദ്രമായ ദൽഹിയിലെ ശിശുജനന രജിസ്റ്ററുകളിലെ സ്ത്രീപുരുഷാനുപാതക്കണക്കനുസരിച്ച് പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറമാണുണ്ടായിരിക്കുന്നത്. 2012 ലെ ജനസംഖ്യാ കണക്കു പ്രകാരം 1000 പുരുഷന്മാർക്ക് 857 പുരുഷന്മാർ എന്നതായിരുന്നു ദൽഹിയിലെ സ്ഥിതി. ഇതിപ്പോൾ 1000 ആൺകുഞ്ഞുങ്ങൾ ജനിക്കുന്പോൾ ആകെ ജനിക്കുന്നത് എണ്ണൂറിലും താഴെ പെൺകുട്ടികൾ എന്ന നിലയിലേക്കു കൂപ്പു കുത്തിയിരിക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ ലഭിച്ചതോടേ ഈ ആശുപത്രികളോടു വിശദീകരണം ചോദിച്ചിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. ചില പ്രമുഖ ആശുപത്രികളിൽ ഈ നിരക്ക് 1000 ആൺകുട്ടികൾക്കു 300 പെൺകുട്ടികൾ എന്ന നിലയിലാണെന്നും പറയുന്നു. ദൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ ഈ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതി ഭയപ്പെടുത്തുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. ആശുപത്രികൾ നടത്തുന്ന പ്രസവപൂർവ്വ ലിംഗ നിർണ്ണയ പരിശോധനകളെക്കുറിച്ചും അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകളിലൂടെ, ജനിക്കാൻ പോകുന്ന കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാൽ ഗർഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണവും ഏറുകയാണെന്നും അധികൃതർക്കു സംശയമുണ്ട്. ഇതിനെക്കുറിച്ചും വിശദീകരണം നൽകണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ആശുപത്രികളോടു നിർദ്ദേശിച്ചിട്ടുണ്ട്.
ആശങ്കയുടെ ഈ കാർമേഘ ജാലത്തിനിടയിലും ഭൂമിമലയാളത്തിന്‍റെ യശസ്സുയർന്നു നിൽക്കുന്നു എന്നത് നമുക്കഭിമാനം പകരുന്നു. 2012 ലെ കണക്കനുസരിച്ച് സ്ത്രീപുരുഷാനുപാതത്തിൽ സ്ത്രീകൾക്കു മേൽക്കയ്യുള്ള ഭാരതത്തിലെ ഏക സംസ്ഥാനം ദൈവത്തിന്‍റെ സ്വന്തം നാടാണ്. പക്ഷേ പീഡനങ്ങൾ കയ്യകലത്തുള്ള ദൽഹിയിൽ പെൺകുഞ്ഞുങ്ങൾ ജനിക്കാതിരിക്കാൻ എന്തു വഴിയും തേടുന്ന ദന്പതികളെ പൂർണ്ണമായും കുറ്റപ്പെടുത്താനാവില്ല. എങ്കിലും ഇക്കാര്യത്തിൽ പ്രകൃതി തന്നെ സജ്ജീകരിച്ചിരിക്കുന്ന സന്തുലിതാവസ്ഥ മനപൂർവ്വം തകർക്കാനുള്ള മുനുഷ്യന്‍റെ ശ്രമം നമ്മുടെ സാമൂഹ്യ സന്തുലിതാവസ്ഥ കൂടുതൽ അപകടത്തിലാക്കും. ഉപഭോഗ വസ്തു എന്ന തലത്തിലേക്കുള്ള പെണ്ണിന്‍റെ പതനത്തിന് അത് ആക്കം കൂട്ടും. ഭ്രൂണാവസ്ഥയിലും പിന്നീടും ഇല്ലാതാവുന്ന പെൺ ജീവനുകളെക്കാൾ അത്തരമൊരു സമൂഹത്തിൽ കൂടുതൽ പരിതാപകരം നിർബന്ധിത നിത്യബ്രഹ്മചര്യത്തിലേക്കു തളയ്ക്കപ്പെടുന്ന പുരുഷജന്മങ്ങളുടെ അവസ്ഥയായിരിക്കും. പുരുഷന്മാർ മാത്രമുള്ള വികൃതസമൂഹത്തിന്‍റെ സൃഷ്ടി അധികം അകലത്തല്ല. അതുകൊണ്ടുതന്നെ പെൺഭ്രൂണ ഹത്യപോലുള്ള പ്രാകൃതകർമ്മങ്ങൾക്കെതിരെ കൂടുതൽ ജാഗരൂകരാകേണ്ടത് പുരുഷ സമൂഹം തന്നെയാണ്.