ബഹളക്കാലം കാണാതെ പോകുന്നവ


വർ‍ഗ്ഗീയതയുടെ വിപത്ത് അതി ഭീകരമാണ്. അതുകൊണ്ടു വർ‍ഗ്ഗീയതയടക്കം എല്ലാവിധ വിധ്വംസക പ്രവർ‍ത്തനങ്ങളെയും എതിർ‍ക്കുക എന്നത് ഭരണകൂടങ്ങളുടെ മാത്രമല്ല രാജ്യത്തെ ഓരോ വ്യക്തികളുടെയും ബാദ്ധ്യതയാണ്. രാജ്യ സങ്കൽ‍പ്പങ്ങളെ തകിടം മറിക്കും വിധം സമൂഹത്തെ നെടുകയും കുറുകെയും വിഭജിക്കും വിധം ജനമനസ്സുകളിൽ‍ പലതരത്തിലും വിഷം കുത്തിവെച്ചു മലീമസമാക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തുമുണ്ട്.  ഇതിനെ ഫലപ്രദമായി ചെറുത്തു തോൽ‍പ്പിക്കുന്നിടങ്ങളിലാണ് യഥാർ‍ത്ഥ വളർ‍ച്ച സാദ്ധ്യമാകുന്നത്. ഇതു തിരിച്ചറിയാതെ പോകുന്ന സമൂഹങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ‍ ബുദ്ധിമാന്മാർ‍ക്ക് എളുപ്പത്തിൽ‍ കഴിയുന്നു. അങ്ങനെയുള്ള ബ്രിട്ടീഷ് തന്ത്രത്തിന്‍റെ ഫലമായുള്ള കയ്പ്പുനീർ‍ ആവോളം കുടിച്ചു നശിച്ച രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെ ഇത്തരം ഭിന്നിക്കലിനെതിരെ ജാഗരൂകരായിരിക്കാൻ‍ നമുക്കു കഴിയണം. 

എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് ഭാരതീയത. എങ്കിലും ജാതിമത ചിന്തകൾക്ക് ഈ മണ്ണിൽ‍ ആഴത്തിൽ‍ വേരോട്ടമുണ്ട്. അക്കാരണത്താൽ‍ തന്നെ നമ്മുടെ രാജ്യത്ത് അസ്വസ്ഥതകളുണ്ടാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വിഷയം എന്ന സ്ഥാനവുമുണ്ട് ജാതീയതക്ക്. വേനൽ‍ക്കാലത്ത് ഒണങ്ങിപ്പരുവമായിക്കിടക്കുന്ന വൈക്കോൽ‍ക്കൂനയ്ക്കു മേൽ‍ വീഴുന്ന തീപ്പൊരിളാണ് ഇത്തരത്തിലുള്ള ഓരോ വാർ‍ത്തകളും. പല സംഭവങ്ങളുടെയും യഥാർ‍ത്ഥ്യം അറിയും മുന്പും അറിയാൻ‍ ശ്രമിക്കാതെയും ഒക്കെയാവും നവമാദ്ധ്യമങ്ങളിലടക്കം പൊതു സമൂഹത്തിന്‍റെ പ്രതികരണം. 

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഉത്തർ‍പ്രദേശിലെ ഗ്രേറ്റർ‍ നോയ്ഡ പോലീസ് േസ്റ്റഷനിൽ‍ കഴിഞ്ഞ ബുധനാഴ്ച അരങ്ങേറി സമൂഹ മാധ്യമങ്ങളിൽ‍ വൈറലായ ദളിത് പീഡനം. ഉത്തർ‍പ്രദേശ് പോലീസ് ഒരു ദളിത് കുടുംബത്തെ നഗ്നരാക്കി േസ്റ്റഷനിലേക്കു വലിച്ചിഴച്ചു എന്ന തരത്തിലാണ് നവമാധ്യമങ്ങൾ ആഘോഷിക്കുന്ന വാർ‍ത്ത. ഇതിന്‍റെ വീഡിയോയും നെറ്റിൽ‍ ലഭ്യമാണ്. അതേസമയം വാസ്തവം ഇതല്ലെന്ന് ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങൾ ഇന്നു റിപ്പോർ‍ട്ടു ചെയ്തിരിക്കുന്നു. യു.പിയിലെ ഗൗതം ബുദ്ധ നഗർ‍ സ്വദേശി സുനിൽ‍ ഗൗതമും ഭാര്യയും ബന്ധുക്കളുമാണ് ഈ സംഭവത്തിൽ‍ ഉൾപ്പെട്ടിരിക്കുന്നത്. അയൽ‍ക്കാരനായ മഹാവീറിനെതിരെ താൻ‍ കൊടുത്ത ഭവനഭേദനക്കേസിൽ‍ അയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സുനിൽ‍ ഗൗതമും ഭാര്യയും ബന്ധുക്കളും േസ്റ്റഷനിലെത്തി ബഹളം വച്ചെന്നും ആവശ്യം അംഗീകരിക്കാതായതിനെ തുടർ‍ന്ന് ഇവർ‍ ഡങ്കൗർ‍ േസ്റ്റഷനു വെളിയിൽ‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചു എന്നുമാണ് പുതിയ വാർ‍ത്ത. സംഭവത്തിന്‍റേതായി പുറത്തു വന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ വാർ‍ത്തകൾക്കു പിൻ‍ബലമേകുന്നവയുമാണ്. 

https://www.facebook.com/gaurav.pandhi/videos/10153793252920921/ എന്ന വിലാസത്തിൽ‍ ഉള്ള വീഡിയോയുടെ തുടക്കത്തിൽ‍ നമുക്കു കാണാൻ‍ കഴിയുന്നത് പർ‍പ്പിൾ കളർ‍ ഷർ‍ട്ടിട്ട ഒരാൾ ഓടിയെത്തി ഒന്നിലധികം സ്ത്രീകളുള്ള ഒരു സംഘത്തിന്‍റെ വസ്ത്രങ്ങൾ വലിച്ചഴിക്കാൻ‍ ശ്രമിക്കുന്നതാണ്. കേസിലെ നായകനായ സുനിൽ‍ ഗൗതമാണിതെന്ന് ഇതു സംബന്ധിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചാൽ‍ വ്യക്തമാകും. ഈ ദൃശ്യങ്ങളിലേക്കു പോലീസ് കടന്നു വരുന്നത് പിന്നീടാണ്. തുണിയുരിയൽ‍ പ്രതിഷേധം തടയാൻ പൊലീസ് ശ്രമിച്ചന്നും തുടർ‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി  പൊതു സ്ഥലത്തെ പ്രകോപനപരമായ നഗ്നതയുടെ പേരിൽ‍ ഇവരെ കസ്റ്റഡിയിലെടുത്തെന്നും ഇന്നത്തെ റിപ്പോർ‍ട്ടുകൾ പറയുന്നു. വിവാദത്തിന്‍റെതായി പുറത്തു വന്ന ചിത്രം നൽ‍കുന്ന സൂചനകളും ഇതൊക്കെത്തന്നെയാണ്. 

സംഭവം നടക്കുന്പോൾ ഇവർ‍ക്കു ചുറ്റും ജനങ്ങളുടെ വലിയ കൂട്ടമുണ്ട്. അവർ‍ക്കു മുന്പിൽ‍ അങ്ങനെയൊരു സംഭവം നടക്കാനുള്ള സാദ്ധ്യത എത്രത്തോളമുണ്ടെന്നതും സംശയകരം. ക്രൂരമായി മർ‍ദ്ദിച്ചു പോലീസ് വലിച്ചിഴച്ചു എന്നു പറയപ്പെടുന്നവരുടെ വസ്ത്രങ്ങളുടെ സ്ഥാനം കണ്ടാലും അവ അഴിച്ചിട്ടതു തന്നെയെന്ന തോന്നലാണ് ഉണ്ടാവുന്നത്. പോലീസ് വലിച്ചു പറിച്ചു എന്നു പറയുന്ന സുനിലിന്‍റെ കറുത്ത പാന്‍റ് ഒപ്പമുള്ള പച്ച ഷർ‍ട്ടുകാരൻ‍ പയ്യൻ‍ ഭദ്രമായി മടക്കിപ്പിടിച്ചിട്ടുമുണ്ട്. ഒരുപക്ഷേ ഇന്ത്യ ടുഡേയ്ക്കും ഇന്ത്യൻ‍ എക്സപ്രസിനുമെല്ലാം തെറ്റു പറ്റാം. ഇതിനെല്ലാം മറുവാദങ്ങളുമുണ്ടാകാം. പക്ഷേ കാളപെറ്റെന്നു കേട്ടാലുടൻ‍ കയറെടുക്കുന്നത് തികച്ചും അപകടകരമാണ്. 

You might also like

Most Viewed