പഞ്ഞമില്ലാത്ത തമാശകൾ


തമാശ പറയാനും ആസ്വദിക്കാനുമാവില്ലായിരുന്നെങ്കിൽ‍ പണ്ടേ താൻ‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. നമ്മുടെ രാഷ്ട്രീയക്കാരെല്ലാം ഇതു നന്നായറിഞ്ഞവരാണ്. നിസ്വാർ‍ത്ഥ രാഷ്ട്ര സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന തങ്ങളുടെ ജീവൻ‍ ആത്മഹത്യകളിലൂടെ അപകടത്തിൽ‍പ്പെടാതെ കാക്കേണ്ടതിന്‍റെ പ്രാധാന്യം അവർ‍ക്കറിയാം. അതുകൊണ്ടാണ് അവരിൽ‍ ഏറെപ്പേരും തമാശയെ എന്നും നെഞ്ചിലേറ്റുന്നത്. ഭൂരിപക്ഷം രാഷ്ട്രീയക്കാരും നല്ല തമാശക്കാരാണ്. അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയ ഭൂമികയിൽ‍ തമാശയ്ക്ക് പഞ്ഞമില്ല. ഇക്കാര്യത്തിൽ‍ ഇടതു വലതു താമര ഭേദവുമില്ല. എണ്ണ

ത്തിൽ‍ പഞ്ഞമില്ലാത്ത ഈ തമാശകളിലൂടെ കടന്നു പോകുന്പോൾ ഉണ്ടാകുന്ന ഒരു തിരിച്ചറിവ് ഇത്തരം രാഷ്ട്രീയ തമാശകളിൽ‍ പ്രകടമായ യുക്തി രാഹിത്യമാണ്. അപ്പം കണ്ടവനെ അപ്പനെന്നു വിളിക്കുക, വെടക്കാക്കി തനിക്കാക്കുക, നട്ടാൽ‍ കുരുക്കാത്ത നുണ പറയുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ തമാശകളുടെ പൊതു ചേരുവകളാണ്. ബീഫ് ഫെസ്റ്റിവൽ‍, ഗോവധ നിരോധനം എന്നീ പ്രയോഗങ്ങൾ ഭാരതത്തിൽ‍ ഇന്ന് തൊട്ടാൽ‍ പൊള്ളുന്ന വാക്കുകളാണ്. പക്ഷേ അതിലും ചിരിക്കാനുള്ള വകയൊപ്പിച്ച് നമ്മെ ആനന്ദതുന്തിലരാക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ‍ ഗോവധ നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ പാവം പോത്തിനെക്കൊന്നു സദ്യ നടത്തിയാണ് നമ്മൾ അതിനെതിരേ അതി ശക്തമായി പ്രതികരിച്ചത്. എന്തുകാര്യത്തിനും പ്രതികരണം ശീലമാക്കിയ മലയാളി പക്ഷെ അതൊരു വലിയ കുറവായി കണ്ടില്ല. പോത്തിന്‍റെ ആംഗലേയ പദം ബഫലോ എന്നാണെന്നും അതിന്‍റെ ഇറച്ചിക്ക് ആ ഭാഷയിൽ‍ പറയുന്നത് ബഫാലോ മീറ്റന്നോ കാരാബീഫ് എന്നാണെന്നോ ഒന്നും നമ്മൾ അറിയുന്നുമില്ല. അതുകൊണ്ടൊന്നുമല്ല നമ്മൾ നേരത്തേ പറഞ്ഞ ഗാന്ധിവചനം അനുസരിക്കുന്നതുകൊണ്ടു മാത്രമാണ് കേരളത്തിലെ കോൺഗ്രസുകാരിലെ തിളക്കുന്ന രക്തമായ വി.ടി. ബൽ‍റാം ആശയപരവും ആമാശയപരവുമായി ഒക്കെ എതിരാളികളായ എസ്.എഫ്.ഐക്കാർ‍ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലുകൾക്കു പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. അതെങ്ങനെയാണ് ചിരിക്കു വക നൽ‍കുന്നതെന്നകാര്യം മനസ്സിലായത് ഗോവധത്തെക്കുറിച്ച് അങ്ങു കേന്ദ്രത്തിൽ‍ നിന്നും കോൺഗ്രസിന്‍റെ മുതിർ‍ന്ന നേതാവ് ദ്വിഗ്വിജയ് സിംഗിന്‍റെ പ്രസ്ഥാവന വന്നപ്പോഴാണ്. ഗോവധ നിരോധനത്തിന്‍റെ ക്രഡിറ്റ് ബി.ജെ.പി ചുളുവിൽ‍ അടിച്ചോണ്ടു പോകണ്ടെന്നതാണ് സിംഗിന്‍റെ നിലപാട്. രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ‍ ഭൂരിപക്ഷത്തിലും കോൺഗ്രസ് സർ‍ക്കാരുകളാണ് ഗോവധം നിരോധിച്ചതെന്നും രാജ്യത്ത് ഗോവധം നിരോധിക്കാൻ‍ നിയമം കൊണ്ടുവന്നാൽ‍ അതിനെ പിന്തുണക്കുമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം പറയുന്പോൾ ബലരാമൻ‍ മാത്രമാണോ ശശിയായതെന്ന ചോദ്യം ബാക്കിയാവുന്നു. എങ്കിലും അവർ‍ നമ്മളെ ചിരിപ്പിക്കാൻ ബദ്ധശ്രദ്ധരാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.

ദിഗ്്വിജയ സിംഹൻ മാത്രമല്ല അദ്ദേഹത്തിന്‍റെ നേതാവായ മുൻ‍പ്രധാനമന്ത്രി ഡോക്ടർ‍ മന്‍മോഹൻ ‍സിംഗും ഇക്കാര്യത്തിൽ‍ പിന്നോട്ടല്ല. പതിനായിരക്കണക്കിനു കോടികളുടെ അഴിമതി നടന്ന താലാബാര കൽ‍ക്കരിപ്പാ
ടം അനുവദിച്ചത് വകുപ്പു സെക്രട്ടറിയുടെ ഉപദേശപ്രകാരമായിരുന്നു എന്നാണ് ഡോക്ടർ‍ സിംഗിന്‍റെ പുതിയ മൊഴി. ലോകമറിയുന്ന സാന്പത്തിക വിദഗ്ദ്ധനായ സിംഹം ഇടപാടിലെ അഴിമതിയെക്കുറിച്ച് ഒന്നുമറിയാതെ സംഗതി ഒപ്പുവെയ്ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചു സോണിയാജിക്ക് ഒന്നുമറിയില്ല എന്നുമാത്രം സിംഹം മൊഴി നൽ‍കിയില്ല. ഭാഗ്യം.

അരിവാൾ ചുറ്റിക അടയാളമുള്ള ചുവന്ന ളോഹയുമിട്ട് കെട്ടു നിറച്ച് കാൽ‍ നടയായി ശബരിമലക്കു പോകുന്ന ഒരു അയ്യപ്പ ഭക്തന്‍റെ ചിത്രമായിരുന്നു അടുത്തിടെ കണ്ട ഫെയ്സ് ബുക്ക്പോസ്റ്റുകളിലൊന്ന്.കമ്യൂണിസ്റ്റുകാരുടെ സ്വാമി വിരോധം മാറാൻ‍ അയ്യപ്പൻ തന്നെ തുണയ്ക്കണം എന്ന പ്രാർ‍ത്ഥനയോടെയായിരുന്നത്രേ തിരുവനന്തപുരത്തു നിന്നുള്ള അദ്ദേഹം കാൽ‍ നടയായി മല ചവിട്ടിയത്. ആ പ്രാർ‍ത്ഥനയുടെ ഫലമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞാൽ‍ കമ്യൂണിസ്റ്റുകാർ‍ക്കു ഹാലിളകും. എങ്കിലും സംഭവം നമ്മൾ കാണാതെ പോകരുതല്ലോ. ശ്രീകൃഷ്ണ− ജയന്തി ഓണാഘോഷത്തിന്‍റെ തളർ‍ച്ചക്കു ശേഷവും പാർ‍ട്ടി അദ്ധ്യാത്മികതയുടെ പാത വിടുന്നില്ല. അടുത്ത സീസണിൽ‍ ശബരിമല തീർ‍ത്ഥാടകർ‍ക്കായി ഹെൽ‍പ്പ് ഡെസ്കുകൾ ഏർ‍പ്പെടുത്താനാണ് പാർ‍ട്ടി കണ്ണൂർ‍ ഘടകത്തിന്‍റെ തീരുമാനം. സഖാവു പി. ജയരാജനാണു പരിപാടിയുടെ രക്ഷാധികാരി. പണ്ടു സഖാവു പി. ഗോവിന്ദപ്പിള്ള കെട്ടും കെട്ടി ശബരീശനെക്കാണാൻ പോയതിനു പാർ‍ട്ടിയുണ്ടാക്കിയ പുകിലുകൾ ഇന്നും പലരുടെയും മനസ്സിലുണ്ട്. കുറഞ്ഞ പക്ഷം ഏഷ്യാനെറ്റിന്‍റെ വാർ‍ത്താ വിഭാഗം നായകനും പഴയ പി സഖാവിന്‍റെ മകനായ സഖാവ് എം. ജി. രാധാകൃഷ്ണനെങ്കിലും ഇതൊന്നും മറക്കാനിടയില്ല. സഖാവു സ്വാമി തന്നെ ശരണം. അവർ‍ നമ്മളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു നാടൻ കഥകൂടി പറയാതെ ഈ കുറിപ്പു പൂർ‍ണ്ണമാകില്ല. കഥ ഈ സംഭാഷണത്തിലൊതുങ്ങുന്നു.

അച്ചന്‍ മത്തായിയോട്: മത്തായീ നിനക്കു രണ്ടു കാറുണ്ടന്നു കരുതുക. അതിലൊന്ന് നീ തൊമ്മിക്കു കൊടുക്കുമോ?

തൊമ്മി: കൊടുക്കുമച്ചോ.

അച്ചൻ: മത്തായീ നിനക്കു രണ്ടു എേസ്റ്ററ്റുണ്ടന്നു കരുതുക. അതിലൊന്ന് നീ തൊമ്മിക്കു കൊടുക്കുമോ?

തൊമ്മി: കൊടുക്കുമച്ചോ.

അച്ചൻ: മത്തായീ നിനക്കു രണ്ടു വീടുണ്ടന്നു കരുതുക. അതിലൊന്ന് നീ തൊമ്മിക്കു കൊടുക്കുമോ?

തൊമ്മി: ഇല്ലച്ചോ എനിക്കു രണ്ടു വീടുണ്ടച്ചോ.

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർ‍ത്ഥിയാക്കുന്നതിൽ‍ തെറ്റില്ലെന്ന വി.മുരളീധരന്‍റെ പ്രസ്താവനയുമായി ഇതിനെ ചേർ‍ത്തു വായിക്കാൻ‍ കഴിയുന്നവരെ തെറ്റു പറയരുത്. ഗാന്ധിജി പറഞ്ഞതുപോലെ ഹ്യൂമൻ‍ സെൻ‍സുള്ള അവർ ഭാഗ്യവാന്മാർ...

 

You might also like

Most Viewed