രാഹുലിനെ വിട്ടേക്കൂ


ഭാരതത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിൽ‍ സന്ദർ‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്‍റെ പ്രധാന പ്രതിപക്ഷകക്ഷിയായ ഇന്ത്യൻ നാഷണൽ‍ കോൺഗ്രസിന്‍റെ യുവരാജാവ് സാക്ഷാൽ‍ ശ്രീമാൻ രാഹുൽ‍ ഗാന്ധിയും അമേരിക്കയിലാണ്. മോഡി പോയതുകൊണ്ട് രാഹുൽ‍ അമേരിക്കയിൽ‍ പോകരുത് എന്നില്ല. മോഡി ജപ്പാൻ പ്രധാന മന്ത്രി തൊട്ട് അമേരിക്കൻ പ്രസിഡണ്ടു വരെയുള്ളവരുമായി ലോകകാര്യങ്ങൾ കൂലങ്കുഷമായി ചർ‍ച്ച ചെയ്യുകയും സെൽ‍ഫിയെടുക്കുകയും ഒക്കെച്ചെയ്തുകൊണ്ടിരിക്കുകയാണ്.

ലോകനേതാക്കളോടൊന്നും അത്ര പ്രതിപത്തിയില്ലാത്തതുകൊണ്ടോ അവരൊന്നും വിളിക്കാത്തതുകൊണ്ടോ രാഹുൽ‍ അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കിയിട്ടില്ല. സെൽ‍ഫിയെടുപ്പിലും ആൾക്കത്ര കന്പം പോരാ. അതുകൊണ്ടുതന്നെ തനിക്കു ചേരുന്ന മറ്റിടങ്ങളിൽ‍ സ്വൈര്യസഞ്ചാരം നടത്താനും തനിക്കിഷ്ടമുള്ളതും ഇണങ്ങുന്നതുമായ കാര്യങ്ങൾ ചെയ്യാനും അദ്ദേഹത്തിന് അവകാശവുമുണ്ട്. അക്കാര്യങ്ങളിൽ‍ ഇടപെടുന്നത് ന്യായവുമല്ല. അത് ഒരുവശം. ഇതിനൊരു മറുവശവുമുണ്ട്. അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രീയ കക്ഷിയുടെ യുവരാജാവാണ്. പാർ‍ട്ടിയിലെ പരമ പദത്തിലേക്ക് ഇനി ഒരുപടി കൂടി മാത്രം. ഒരേയൊരുപടി. 

അങ്ങനെ ഒരുപാടുപേരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്ന യുവ നേതാവാണ് രാഹുൽ‍ ഗാന്ധി. അതിലുപരി ഒരുപാടൊരുപാടുപേർ‍ക്ക് ഒരു രാജ്യത്തിന്‍റെ തന്നെ പ്രതീക്ഷയുമാണ് 45 കാരനായ ഈ നവയുവനായകൻ. പലരും പറയുന്നതുപോലെ ഈ മഹാ നേതാവിനും പല പാശ്ചാത്യ നേതാക്കന്മാരെയുംപോലെ തിരക്കുള്ള രാഷ്ട്രീയ ജീവിതത്തിന് ഒരിടവേള നൽ‍കി ഇടയ്ക്കൊരു അവധിയെടുക്കുന്നതിനോ വിനോദ സഞ്ചാരം നടത്തുന്നതിനോ വിലക്കൊന്നുമില്ലതാനും. മുഴുവൻ നേരവും തുടർ‍ച്ചയായി ജോലി തന്നെ ചെയ്തുകൊണ്ടിരുന്നാൽ‍ ഒരാളുടെ ക്രിയാത്മക ശേഷി പതിയെ പതിയെ നഷ്ടമാകുമെന്ന കാര്യം ആർ‍ക്കാണറിവില്ലാത്തത്.

പ്രത്യേകിച്ച് ഭാവിഭാരതത്തിന്‍റെ സ്വപ്നങ്ങൾക്ക് ഊടും പാവും നൽ‍കാൻ അനവരതം യത്നിച്ചുകൊണ്ടിരിക്കുന്ന രാഹുലിനെപ്പോലൊരാൾ. ആശയങ്ങളുടെ അക്ഷയ ഖനിയാണ് ആ മനസ്സെന്ന കാര്യം അങ്ങ് അമേരിക്കൻ വൻ‍കര വരെ അംഗീകരിച്ചു എന്നതാണ് കോൺഗ്രസ് വൃത്തങ്ങൾ നൽ‍കുന്ന സൂചന. അക്കാര്യം പറയുന്നത് കോൺഗ്രസ് പാർ‍ട്ടിയുടെ ഔദ്യോഗിക വക്താവു തന്നെ ആയതിനാൽ‍ ഇക്കാര്യം അവിശ്വസിക്കേണ്ട കാര്യവുമില്ല. പാർ‍ട്ടി മാധ്യമ വിഭാഗം തലവനും മുഖ്യ വക്താവും ഒക്കെയായ രൺദീപ് സുർ‍ജേവാല പറഞ്ഞതനുസരിച്ചാണെങ്കിൽ‍ രാഹുൽ‍ ഗാന്ധി അമേരിക്കയിലെ ആസ്പനിൽ‍ നടക്കുന്ന ഒരു മഹാസമ്മേളനത്തിൽ‍ സംബന്ധിക്കാനാണ് പോയിരിക്കുന്നത്. ബിഹാർ‍ തിരഞ്ഞെടുപ്പു വേളയിൽ‍ രാഹുലിന്‍റെ സാന്നിധ്യം മുന്നണിക്കു ദോഷം ചെയ്യുമെന്നതിനാൽ‍ കോൺഗ്രസ് പാർ‍ട്ടി രാഹുലിന് നിർ‍ബന്ധിത അവധി നൽ‍കി വിനോദസഞ്ചാരത്തിനയച്ചു എന്ന ബി.ജെ.പിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു സുർ‍ജേവാല. വീക്കെൻഡ് വിത് ചാർ‍ലി റോസ് എന്ന പരിപാടിയെക്കുറിച്ച് നമ്മിൽ‍ പലർ‍ക്കും കേട്ടുകേൾവി പോലുമില്ലെങ്കിലും സംഗതി ഒരു മഹാസംഭവം തന്നെയാണ്. അമേരിക്കയിലെ ജനപ്രിയ അവതാരകരിൽ‍ ഒരാളാണ് ചാർ‍ലീ പീറ്റ് റോസ്. ലോക ഗതി മാറ്റിമറിച്ചവരും മാറ്റാൻ ശേഷിയുള്ളവരുമായ നിരവധി നേതാക്കൾ ചാർ‍ലീ റോസിന്‍റെ പരിപാടികളിൽ‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള ചാർ‍ലീ റോസിന്‍റെ പരിപാടിയിൽ‍ പങ്കെടുക്കുന്നത് രാഹുൽ‍ജിക്കു മാത്രമല്ല കോൺഗ്രസിനും ഭാരതത്തിനും തന്നെ അഭിമാനകരമാണ്. അതിലും അഭിമാനകരമായ കാര്യം ഭാരതത്തിന്‍റെ ആരാധ്യനായ പ്രധാനമന്ത്രി ഒരുവശത്ത് തന്റെ ഔദ്യോഗിക പരിപാടികളിലൂടെ രാജ്യത്തിന്‍റെ യശസ്സുയർ‍ത്തുന്പോൾ പ്രതിപക്ഷ പ്രതീക്ഷയുടെ ആണിക്കല്ലായ രാഹുൽ‍ ഒരു സുപ്രധാന ഷോയിൽ‍ പങ്കാളിത്തം കൊണ്ട് ആദരിക്കപ്പെടുകയാണ്. അത് പൊതുവിൽ‍ രാജ്യത്തിന് അഭിമാനത്തിന്‍റെ ഇരട്ടത്തിളക്കമാകുന്നു. അങ്ങനെ ഞെളിഞ്ഞിരിക്കുന്പോഴാണ് അറിയാതെ ശ്രദ്ധ അമേരിക്കയിൽ‍ നിന്നുള്ള ദ അമേരിക്കൻ‍ ബസാറെന്ന പ്രസിദ്ധീകരണത്തിലെ ഒരു വാർ‍ത്ത ശ്രദ്ധയിൽ‍ പെട്ടത്.

രാഹുൽ‍ജിയുടെ സന്ദർ‍ശനം സംബന്ധിച്ച കൂടുതൽ‍ വിശേഷങ്ങളായിരുന്നു ആ വാർ‍ത്തയിൽ‍. വീക്കെൻ‍ഡ് വിത് ചാർ‍ലീ റോസ് പരിപാടിയുടെ രജിസ്ട്രാറും കോൺഫറൻസ് മാനേജരുമായ കാരൻ പീറ്റേഴ്സണെ ഉദ്ധരിച്ചാണ് അമേരിക്കൻ ബസാർ‍ വാർ‍ത്ത നൽ‍കിയിരിക്കുന്നത്. അതിൽ‍ കൗതുകകരമായ ഒന്നിലേറെക്കാര്യങ്ങളുണ്ട്. അതിൽ‍ ഏറ്റവും പ്രധാനം കഴിഞ്ഞ ദിവസം രാഹുൽ‍ പങ്കെടുക്കാൻ പോയി എന്നു പറയുന്ന മഹത്തായ കോൺഫറൻ‍സ് കഴിഞ്ഞ ജൂലൈ ആദ്യവാരം തന്നെ അവസാനിച്ചിരുന്നു എന്നതാണ്. 2012നു ശേഷം ഒരിക്കൽ‍ പോലും സാക്ഷാൽ‍ ശ്രീമാൻ ചാർ‍ലീ റോസ് ഇ പരിപാടിയിൽ‍ പങ്കെടുത്തിട്ടില്ല എന്നതാണ് രണ്ടാമത്തേത്. ചുരുക്കത്തിൽ‍ മാസങ്ങൾക്കു മുന്പു പൂർ‍ത്തിയായ സമ്മേളനത്തിൽ‍ പങ്കടുക്കാത്ത അവതാരകനുമായുള്ള അഭിമുഖത്തിനായിരുന്നു കോൺഗ്രസ് യുവരാജാവു യാത്ര തിരിച്ചിരിക്കുന്നത്.

ഇതൊന്നും പക്ഷേ തെറ്റായി കാണേണ്ട കാര്യമില്ല. സമ്മേളനം നടക്കുന്നു എന്നു കോൺഗ്രസ് വക്താവു നമ്മളോടു പറഞ്ഞ ആസ്പെൻ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. നമ്മുടെ തായ്ലാന്‍റിനു സമാനം എന്നൊന്നും പറയാനാവില്ല എന്നു മാത്രം. എങ്കിലും മോശം വരാൻ വഴിയില്ല.

രാഹുലെന്ന അവിവാഹിതനായ 45 കാരൻ ഇടക്കങ്ങിനെ അവധിയെടുത്ത് വിനോദ സഞ്ചാരങ്ങൾക്കു പോകുന്നതിനെ കുറ്റപ്പെടുത്തുന്നത് മനുഷ്യത്വ രഹിതമാണ്. അതു പാപമാണ്. പക്ഷേ രാഹുലിനെ പോലെയല്ല മഹത്തായ കോൺഗ്രസ് പാർ‍ട്ടി. അതിന്‍റെ മുഖ്യവക്താവ് നാവെടുത്താൽ‍ നുണമാത്രം പറയുന്ന അവസ്ഥ നാടിന് തന്നെ നാണക്കേടാണ്. രാഹുലിനെപ്പോലൊരു എടുക്കാച്ചരക്കിനായി  ആകുന്പോൾ അതു ചെയ്യുന്നത് തികച്ചും അനാവശ്യവും.

You might also like

Most Viewed